കഥ & കവിത

ഥുമാമ സന്മാര്‍ഗത്തിലേക്ക്

Spread the love

ഥുമാമതുബ്‌നു അഥാല്‍ യമാമക്കാരുടെ നേതാവാണ്. അവിടത്തെ ഭരണാധികാരിയും. പരിസര പ്രദേശങ്ങളിലെ ശ്രദ്ധേയരായ വ്യക്തികളെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണട് നബി തിരുമേനി കത്തെഴുതിയവരുടെ കൂട്ടത്തില്‍ അദ്ദേഹവുമുള്‍പ്പെട്ടിരുന്നു. എന്നാല്‍ ഥുമാമ വളരെ ധിക്കാരപരമായാണ് അതിനോട് പ്രതികരിച്ചത്. അദ്ദേഹം ക്ഷണം നിരസിച്ചു. ഒപ്പം നബി തിരുമേനിയെ വധിക്കാന്‍ ഗൂഢാലോചനയും നടത്തി. അതിനായി ഒരു പദ്ധതിയിട്ടു. അത് നടപ്പാക്കുന്നതില്‍നിന്ന് ഥുമാമയെ തടഞ്ഞത് അയാളുടെ പിതൃവ്യനാണ്.
ഥുമാമ മുസ്ലിംകളെ കഠിനമായി ദ്രോഹിച്ചുകൊണടിരുന്നു. ഒന്നിലേറെ പ്രവാചകശിഷ്യരെ അയാള്‍ ക്രൂരമായി കൊലപ്പെടുത്തി. അതിനാല്‍, അദ്ദേഹത്തെ എവിടെ കണടുമുട്ടിയാലും പിടികൂടാന്‍ നബി തിരുമേനി കല്‍പനകൊടുത്തു.
അതിനിടെ ഥുമാമ ഉംറ നിര്‍വഹിക്കാന്‍ മക്കയിലേക്ക് പുറപ്പെട്ടു. വഴിയില്‍ മദീനയുടെ പരിസരത്തെത്തിയപ്പോള്‍ ഒരപകടത്തില്‍ പെട്ടു. നബി തിരുമേനി അതിര്‍ത്തിസംരക്ഷണത്തിന് നിയോഗിച്ചിരുന്നവര്‍ അദ്ദേഹത്തെ പിടികൂടി പ്രവാചകസന്നിധിയില്‍ ഹാജരാക്കി. അത് ആരാണെന്ന് അവര്‍ക്കറിയില്ലായിരുന്നു. എങ്കിലും പ്രവാചകന്‍ പെട്ടെന്ന് ആളെ തിരിച്ചറിഞ്ഞു. അതിനാല്‍, വളരെ മാന്യമായി മാത്രമേ അദ്ദേഹത്തോട് പെരുമാറാവൂവെന്ന് അവിടുന്ന് തന്റെ അനുയായികളോട് നിര്‍ദേശിച്ചു.
നബി തിരുമേനി വീട്ടില്‍ ചെന്ന് അവിടെയുണടായിരുന്ന ആഹാരം ഥുമാമക്ക് കൊടുത്തയച്ചു. സ്വന്തം ഒട്ടകത്തിന്റെ പാല്‍ കറന്നെടുത്ത് അതും എത്തിക്കാന്‍ ഏര്‍പ്പാട്‌ചെയ്തു. പിന്നീട് സാവകാശം അദ്ദേഹത്തെ സമീപിച്ചു ചോദിച്ചു: ‘താങ്കളെന്തു പറയുന്നു, ഥുമാമ?’
‘നല്ലത്, താങ്കളെന്നെ വധിക്കാന്‍ വിധിക്കുന്നുവെങ്കില്‍ അത് ന്യായം തന്നെ. ഞാന്‍ വധിക്കപ്പെടാന്‍ അര്‍ഹനാണ്. എന്നാല്‍, എനിക്ക് മാപ്പ് നല്‍കുന്നുവെങ്കില്‍ നിശ്ചയമായും ഞാന്‍ നന്ദിയുള്ളവനായിരിക്കും. അഥവാ പ്രതിഫലമായി താങ്കള്‍ക്ക് പണം വേണമെങ്കില്‍ അത് തരാനും ഞാനൊരുക്കമാണ്.’
രണടുമൂന്നു ദിവസം നബി തിരുമേനി അദ്ദേഹത്തിന്റെ അടുത്തുചെന്നില്ല. അതോടൊപ്പം ഭക്ഷണവും പാലും കൊടുത്തയച്ചുകൊണടിരുന്നു. അടുത്ത ദിവസം അദ്ദേഹത്തെ സമീപിച്ച് പഴയ ചോദ്യം ആവര്‍ത്തിച്ചു. ഥുമാമ പഴയ മറുപടിയും പറഞ്ഞു. അന്നും പ്രവാചകന്‍ പ്രത്യേകിച്ചൊന്നും പറയാതെ തിരിച്ചുപോന്നു. പിറ്റേന്ന് വീണടും ചെന്ന് ആദ്യചോദ്യം ആവര്‍ത്തിച്ചു. ഥുമാമയുടെ മറുപടി പഴയതു തന്നെയായിരുന്നു. അപ്പോള്‍ അവിടുന്ന് തന്റെ അനുചരന്മാരോട് ആജ്ഞാപിച്ചു: ‘നിങ്ങള്‍ ഥുമാമയെ മോചിപ്പിക്കുക.’
സ്വതന്ത്രനായ ഥുമാമ അവിടെനിന്നിറങ്ങിപ്പോയി. അല്‍പസമയം കഴിഞ്ഞ് തിരിച്ചെത്തുകയും ചെയ്തു. അല്‍പം അകലെയുള്ള അരുവിയില്‍ ശരീരശുദ്ധി വരുത്താന്‍ പോയതായിരുന്നു അദ്ദേഹം. പ്രവാചകസന്നിധിയില്‍ മടങ്ങിയെത്തിയ ഥുമാമ ആ നിമിഷംതന്നെ ഇസ്ലാം ആശ്‌ളേഷിച്ചു. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, അല്ലാഹുവാണെ, ഈ ഭൂമുഖത്ത് താങ്കളോടുള്ളത്ര വെറുപ്പ് മറ്റൊരാളോടും എനിക്കുണടായിരുന്നില്ല. ഇപ്പോഴോ, താങ്കളെപ്പോലെ പ്രിയങ്കരനായി മറ്റൊരാളില്ല. താങ്കളുടെ മതത്തെപ്പോലെ വെറുക്കപ്പെട്ട മതം മറ്റൊന്നുണടായിരുന്നില്ല. ഇപ്പോഴെനിക്കേറ്റം ഇഷ്ടപ്പെട്ടതും അതുതന്നെ. എനിക്കേറെ വെറുപ്പ് തോന്നിയിരുന്ന ഈ നാടിന്റെ സ്ഥിതിയും ഭിന്നമല്ല. അഥവാ, ഞാനിപ്പോള്‍ അങ്ങയെയും അങ്ങയുടെ മതത്തെയും നാടിനെയും മറ്റെന്തിനെക്കാളും സ്‌നേഹിക്കുന്നു.’
പിന്നീട് ഥുമാമ പതിഞ്ഞസ്വരത്തില്‍ പറഞ്ഞു: ‘ഞാന്‍ അങ്ങയുടെ ചില അനുയായികളെ വധിച്ചിട്ടുണടല്ലോ. അതിന്റെ വിധി അറിയിച്ചാലും.’
‘താങ്കള്‍ കുറ്റക്കാരനല്ല. ഇസ്ലാം പൂര്‍വപാപങ്ങളെയൊക്കെ മായ്ച്ചിരിക്കുന്നു’പ്രവാചകന്‍ പ്രതിവചിച്ചു.
 

You may also like