മുഹമ്മദ് നബി മരുഭൂമിയെ പുഷ്പവാടിയാക്കാന്‍ വന്നു. അത് എല്ലാ മഹാചാര്യന്‍മാരുടെയും കടമയാണ്. അവര്‍ക്കെല്ലാം ദിവ്യപരിവര്‍ത്തന ലക്ഷ്യമായ ഒരു ‘ അറേബ്യ’ ഉണ്ടായിരിക്കും. അതിനാല്‍ തനിക്ക് ബൈബിളിലൂടെ പരിചിതമായ പ്രവാചകന്മാരെ-അബ്രഹാം, ഇസ്മായില്‍, ഇസ്ഹാഖ്, യാക്കോബ്, മോശ, യേശു എന്നിവരെയെല്ലാം- ഒരേ തരത്തില്‍ നബിതിരുമേനി വിശ്വാസപാത്രങ്ങളായി കാണുന്നു. ദൈവത്തിന്റെ മറ്റ് പ്രവാചകന്മാരേയും ഇതേമട്ടില്‍ വിശ്വാസമര്‍പ്പിക്കേണ്ടവരായി അദ്ദേഹം കരുതുന്നു. അതുകൊണ്ട് പ്രവാചകരെ ചൊല്ലി അധിക്ഷേപം മുഴക്കരുത്, കലഹിക്കരുത്-അത് ദൈവ നിയോഗമാണ്. ഇല്ലെങ്കില്‍ എല്ലാ ജനവിഭാഗങ്ങളും അന്യോന്യം വിരോധംമൂലം അതത് ദൈവങ്ങളെ നിന്ദിക്കുന്ന സ്ഥിതി ലോകത്ത് വന്നുചേരും. അതും പാടില്ല.
ഇസ്‌ലാം ഭൗതിക സാമ്രാജ്യസ്ഥാപനത്തിന്റെ മതമാണെന്ന് മറ്റൊരു ധാരണയുണ്ട്. ചെങ്കിസ്ഖാന്‍ തൊട്ട് സദ്ദാം ഹുസൈന്‍ വരെയുള്ള ഭീകരചിത്രങ്ങള്‍ ഈ ധാരണയെ ശക്തിപ്പെടുത്തിയേക്കാം. പക്ഷെ, ഇസ്‌ലാമിനെ അന്വേഷിച്ചു പോകുന്നവര്‍ അവരിലേക്കല്ല പോകേണ്ടത്, മുഹമ്മദിലേക്കാണ്. അവിടെ നിന്ന് നിഫാരിയിലേക്കും, അല്‍ ഗസ്സാലിയിലേക്കും, റൂമിയിലേക്കും. അറബിക്കാറ്റ് ധീരവിശുദ്ധിയോടെ അവിടങ്ങളിലാണ്, ദിവ്യതരംഗങ്ങള്‍ ഇളക്കിവീശിക്കൊണ്ടിരിക്കുന്നത്. ആ കാറ്റ് ഇന്നത്തെ ഭീതികള്‍ക്കും ആശങ്കകള്‍ക്കും അപ്പുറത്ത്, ഒരു നവപ്രഭാതത്തെ ഇവിടെ തെളിയിച്ചു തരാന്‍ ലോകത്തോട് കടപ്പെട്ടിരിക്കുന്നു. മുഹമ്മദ് ഈ പ്രഭാതത്തിന്റെ പ്രതിപുരുഷനാണ്, മഹാ കവി വെള്ളത്തോള്‍ അതാണ് പാടിയത്:
‘ അഹര്‍മുഖപ്പൊന്‍കതിര്‍പോലെ പോന്നവന്‍
മുഹമ്മ,ദപ്പേരിനിതാ, നമശ്ശതം! ‘
( പ്രമുഖ സാഹിത്യവിമര്‍ശകനും പ്രഭാഷകനും)
കഥ & കവിത