
മരുഭൂമിയിലെ നീരുറവയാണ് മുഹമ്മദ്. അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതാന്‍ ധൈര്യപ്പെട്ടവര്‍ ഓരോരുത്തരും ഓരോ സിദ്ധാന്തത്തിന്റെ ജനയിതാക്കളാണ്. ഒരു ബാധോപദ്രവക്കാരനായും സാമൂഹിക പരിഷ്കര്‍ത്താവായും ഋഷിയായും മന്ത്രവാദിയായും മുഹമ്മദ് ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഈ വ്യാഖ്യാനങ്ങളെല്ലാം കഴിച്ചാലും അദ്ദേഹത്തിന്റെ ജീവിത വിജയത്തെപ്പറ്റിയുള്ള അത്ഭുതരഹസ്യം ബാക്കിയാവുന്നു. അനാചാരങ്ങളുടെ നേര്‍ക്കുള്ള ഒരെതിര്‍പ്പാണ് മുഹമ്മദ് കൊണ്ടുവന്ന മതമെന്ന് ഒരു കോണില്‍ കൂടി നോക്കിയാല്‍ കാണാം. അദ്ദേഹത്തിന്റെ ആവേശഭരിതമായ ദിവ്യഭാഷണങ്ങളില്‍ പലതിലും പുതിയൊരു സാമൂഹിക നീതി എത്തിപ്പിടിക്കാനുള്ള വെമ്പല്‍ പ്രകടമായിരുന്നു. പക്ഷേ, ഒന്നുണ്ട്, അതൊരു വിപ്ലവാഹ്വാനത്തിന്റെ വഴിക്കല്ല, മതപരമായ മാര്‍ഗത്തിലാണ് തിരിഞ്ഞത്. ജൂത മതത്തിലെ സെമിറ്റിക് പ്രവാചകന്മാരുടെ പ്രചോദനം കൊണ്ടാവാം, ചില മൗലികബോധങ്ങള്‍ അദ്ദേഹത്തില്‍ കടന്നുകൂടിയിരുന്നു. ദൈവനീതിയിലും താന്‍ ദൈവത്തിന്റെ തെരഞ്ഞെടുത്ത ദൂതനാണെന്നുള്ള ഉറച്ച വിശ്വാസത്തിലും അധിഷ്ഠിതമായ ഒരു പരിഷ്കരണ പ്രസ്ഥാനമായിരുന്നു മുഹമ്മദിന്റേത്. ഹൃദയപരിവര്‍ത്തനവും ക്ഷമാ യാചനവും അദ്ദേഹത്തിന്റെ കണ്ണില്‍ ഒരു നവജീവിതത്തിന്റെ നാന്ദിയായി.
ക്രിസ്തുമത ചരിത്രത്തില്‍ ആത്മീയവും രാഷ്ട്രീയവും പരസ്പരാശ്രയമുണ്ടെങ്കിലും രണ്ട് വ്യത്യസ്ത ഘടകങ്ങളായിട്ടാണ് ആദ്യം മുതല്ക്കേ നിലനിന്നത്. ഒരു പുതിയ സാമൂഹികആത്മീയരാഷ്ട്രീയ വ്യവസ്ഥയുടെ മുഴുരൂപമാണ് മുഹമ്മദ് മദീനയില്‍ അവതരിപ്പിച്ചത്. അതിലദ്ദേഹം നിയമനിര്‍മാതാവും സൈനിക തലവനുമായി.
അദ്ദേഹം തന്റെ പഞ്ചശീലങ്ങള്‍ എല്ലാ അറേബ്യക്കാര്‍ക്കുമായി വിളംബരപ്പെടുത്തി: അല്ലാഹുവിലും അവന്റെ പ്രവാചകനായ മുഹമ്മദിലും വിശ്വസിക്കുക. അഞ്ചുതവണ പ്രാര്‍ഥിക്കുക. സാധുക്കളോട് അലിവുണ്ടായി ധര്‍മം കൊടുക്കുക. നോമ്പു കാലങ്ങളില്‍ അതാചരിക്കുക. വര്‍ഷത്തിലൊരിക്കല്‍ വിശുദ്ധ പട്ടണമായ മക്കയിലേക്ക് തീര്‍ഥ യാത്ര ചെയ്യുക.”ഈ അവസാന നിയമം അദ്ദേഹത്തിന്റെ സാമുദായിക ദീര്‍ഘ ദര്‍ശിത്വത്തിനും പ്രായോഗിക ബുദ്ധിക്കും ഉത്തമോദാഹരണമാണ്. ഇന്നും ഭൂമുഖത്തിന്റെ പല ഭാഗത്തും ചിതറിക്കിടക്കുന്ന മുസ്ലിം സഹോദരങ്ങളെ അടുപ്പിച്ചു നിര്‍ത്തുന്ന ഒരദൃശ്യവലയത്തിന്റെ കേന്ദ്രം മക്കയാണല്ലോ.
(പ്രമുഖ ചരിത്രകാരനും ഗവേഷകനും പ്രഭാഷകനും)