കഥ & കവിത

ജനങ്ങളിലൊരുവന്‍

Spread the love

നബി തിരുമേനിയും അനുചരന്മാരും യാത്രയിലായിരിക്കെ വിശ്രമത്തിനും ഭക്ഷണത്തിനുമായി ഒരിടത്ത് തമ്പടിച്ചു. കൂടിയാലോചനക്കുശേഷം അവര്‍ ഒരാടിനെ അറുത്ത് പാകം ചെയ്യാന്‍ തീരുമാനിച്ചു. അപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു: ‘അറവ് ഞാന്‍ നടത്തിക്കൊള്ളാം.’ ‘തൊലി ഉരിക്കുന്നത് ഞാന്‍’മറ്റൊരാള്‍ പറഞ്ഞു. ‘പാകം ചെയ്യുന്നത് ഞാനാവട്ടെ’മൂന്നാമന്‍ പറഞ്ഞു. അങ്ങനെ അവര്‍ ഓരോ ജോലിയും ഭാഗിച്ചെടുത്തു. ഉടനെ നബി തിരുമേനി അറിയിച്ചു: ‘വിറക് ശേഖരിച്ചുകൊണടുവരുന്നത് എന്റെ ചുമതലയായിരിക്കും.’ ‘വേണടാ, അതും ഞങ്ങള്‍ ചെയ്തുകൊള്ളാം’അനുചരന്മാര്‍ പറഞ്ഞു. പക്ഷേ, പ്രവാചകന്‍ അതംഗീകരിച്ചില്ല. അവിടുന്ന് അരുള്‍ചെയ്തു: ‘നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിയുമെന്നും നിങ്ങളത് നിഷ്പ്രയാസം ചെയ്യുമെന്നും എനിക്കറിയാം. എന്നാല്‍, ഞാന്‍ എന്നെ നിങ്ങളെക്കാള്‍ ഉയര്‍ന്നവനായി കാണുന്നില്ല. നിങ്ങളങ്ങനെ കാണുന്നത് എനിക്കിഷ്ടവുമില്ല. തന്റെ കൂട്ടുകാരെക്കാള്‍ തന്നെ ഉന്നതനായി ഗണിക്കുന്നവനെ അല്ലാഹു തൃപ്തിപ്പെടുകയില്ല.’ തുടര്‍ന്ന് ഭക്ഷണം പാകം ചെയ്യാനാവശ്യമായ വിറക് നബിതിരുമേനി തന്നെ ശേഖരിച്ചുകൊണടുവരുകയും ചെയ്തു.
പണിയായുധങ്ങളെടുത്ത് നിലം കിളച്ച് കുഴിവെട്ടുന്നതും കിടങ്ങുകീറുന്നതും തന്റെ മഹിതമായ പദവിക്ക് പറ്റിയതല്ലെന്ന തോന്നല്‍ പ്രവാചകനുണടായിരുന്നില്ല. ഹിജ്‌റാബ്ദം അഞ്ചിലുണടായ അഹ്‌സാബ് യുദ്ധവേളയില്‍ മുവ്വായിരം അനുയായികളോടൊന്നിച്ച് കിടങ്ങുകുഴിക്കുന്നതില്‍ ഇരുപതു ദിവസം നബി തിരുമേനി വ്യാപൃതനാവുകയുണ്ടായി.
 

You may also like