കഥ & കവിത

ചിതലുകളുടെ സേവനം

Spread the love

പ്രവാചകന്നും കുടുംബാംഗങ്ങള്‍ക്കുമെതിരെ ശത്രുക്കള്‍ ബഹിഷ്‌കരണവും ഉപരോധവും ഏര്‍പ്പെടുത്തി. അബൂജഹ്ലാണ് ഇതിന് നേതൃത്വം നല്‍കിയത്. മുസ്ലിംകള്‍ കടുത്ത ദാരിദ്യ്രത്തിലും കൊടിയ കഷ്ടപ്പാടുകളിലുമകപ്പെട്ടു. പച്ചിലകള്‍ ഭക്ഷിച്ചുപോലും കഴിയേണടിവന്നു. എന്നാല്‍, ഈ ദുരിത ദിനങ്ങളിലും ചില സുമനസ്സുകള്‍ വളരെ രഹസ്യമായി ആഹാരപദാര്‍ഥങ്ങള്‍ എത്തിച്ചുകൊടുത്തിരുന്നു. ഹിശാമുബ്‌നു അംറ് അവരില്‍ ഏറെ പ്രമുഖനാണ്.
തുല്യതയില്ലാത്ത കഷ്ടപ്പാടുകളുടെ ഈ നാളുകളിലും പ്രവാചകനും അനുചരന്മാരും അദ്ഭുതകരമായ ക്ഷമ പാലിച്ചു. അവരുടെ അതുല്യമായ ഈ ത്യാഗം പലരിലും മതിപ്പുളവാക്കി. അവരില്‍ ചിലരെങ്കിലും വിശ്വാസികളോട് അകമറിഞ്ഞ സഹതാപം പ്രകടിപ്പിച്ചു. അപൂര്‍വം ചിലര്‍ സന്മാര്‍ഗം സ്വീകരിക്കാനും ഇതു കാരണമായി.
ബഹിഷ്‌കരണം മൂന്നുകൊല്ലം പിന്നിട്ടതോടെ ചില നല്ല മനുഷ്യര്‍ രംഗത്തുവന്നു. ഹിശാമുബ്‌നു അംറ്, സുഹൈറുബ്‌നു അബീ ഉമയ്യ പോലുള്ളവര്‍ ഉപരോധത്തിനും ബഹിഷ്‌കരണത്തിനുമെതിരെ രംഗത്തുവന്നു. ഖുറൈശി പ്രമുഖരോട് സുഹൈര്‍ പ്രഖ്യാപിച്ചു: ‘മക്കാനിവാസികളേ, നാം സുഭിക്ഷമായി ജീവിക്കുന്നു. തിന്നുകയും കുടിക്കുകയും ധരിക്കുകയും ചെയ്യുന്നു. നമ്മുടെ ബന്ധുക്കളായ ഹാശിംമുത്ത്വലിബ് കുടുംബാംഗങ്ങള്‍ ആ മലഞ്ചെരുവില്‍ കിടന്നു പൊറുതിമുട്ടുന്നു. അന്യായമായ ഈ ബഹിഷ്‌കരണ കരാര്‍ പത്രിക കീറിനശിപ്പിച്ചാലല്ലാതെ ഇനി വിശ്രമമില്ലെന്ന് ഞാനിതാ പ്രതിജ്ഞ ചെയ്യുന്നു.’
ഇതു കേട്ട് കോപാകുലനായ അബൂജഹ്ല്! പറഞ്ഞു: ‘ഈ കരാര്‍ ലംഘിക്കാനുള്ളതല്ല. ആര്‍ക്കും അത് റദ്ദാക്കാനാവില്ല.’
എന്നാല്‍, ഹിശാമും കൂട്ടുകാരും വിട്ടുകൊടുത്തില്ല. കരാര്‍ റദ്ദാക്കിയേ അടങ്ങൂ എന്നവര്‍ തീരുമാനിച്ചു. കഅ്ബയില്‍ പതിച്ചിരുന്ന കരാര്‍ പരസ്യമായി കീറിക്കളയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെ കരാര്‍ പത്രിക കീറാനായി ചെന്നു. അപ്പോള്‍ ‘അല്ലാഹുവിന്റെ നാമത്തില്‍’ എന്നെഴുതിയ ആദ്യഭാഗമൊഴിച്ചുള്ളതെല്ലാം ചിതല്‍ തിന്ന് നശിപ്പിച്ചിരുന്നു. അങ്ങനെ ‘അബൂത്വാലിബ് താഴ്വര’യില്‍ ഉപരോധിക്കപ്പെട്ട പ്രവാചകന്റെയും അനുചരന്മാരുടെയും മോചനത്തില്‍ ചിതലുകളും അവയുടേതായ പങ്കുവഹിച്ചു.
 

You may also like