
നബി തിരുമേനിയുടെ നാവിലൂടെ പുറത്തുവന്ന ദിവ്യവചനങ്ങള്‍ സമൂഹത്തെ സാരമായി സ്വാധീനിച്ചുകൊണടിരുന്നു. ഇത് ഇസ്ലാമിന്റെ ശത്രുക്കള്‍ക്ക് സഹിക്കാന്‍ സാധിച്ചില്ല. അക്രമ മര്‍ദനങ്ങള്‍ക്കോ പ്രലോഭനങ്ങള്‍ക്കോ പ്രവാചകനെയും അനുചരന്മാരെയും പിന്തിരിപ്പിക്കാനായില്ല. മുഹമ്മദ് മാരണക്കാരനും കവിയും ജ്യോത്സ്യനും ഭ്രാന്തനുമൊക്കെയാണെന്ന അവരുടെ പ്രചാരണവും ഫലിച്ചില്ല. എതിരാളികള്‍ എത്ര ശ്രമിച്ചിട്ടും വിശ്വാസികളുടെ എണ്ണം വര്‍ധിച്ചു കൊണടിരുന്നു. അതിനാല്‍ എന്തു ചെയ്യണമെന്ന ചിന്ത ഖുറൈശിക്കൂട്ടത്തെ അലോസരപ്പെടുത്തി. എല്ലാം പരാജയപ്പെട്ട സാഹചര്യത്തില്‍ ഹാരിസിന്റെ മകന്‍ നള്‌റിനെ ഉപയോഗപ്പെടുത്താമെന്ന നിര്‍ദേശം എല്ലാവര്‍ക്കും സ്വീകാര്യമായിത്തോന്നി. ഖുറൈശികളിലെ അറിയപ്പെടുന്ന തന്ത്രശാലിയായിരുന്നു അയാള്‍. ദീര്‍ഘകാലം ഹീറയിലായിരുന്നു താമസം. അക്കാലത്ത് പേര്‍ഷ്യക്കാരുടെ പുരാണേതിഹാസങ്ങള്‍ പഠിക്കാന്‍ അവസരം ലഭിച്ചിരുന്നു. പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാരുടെ ചരിത്രവും കഥകളും നള്‌റിന് നന്നായറിയാമായിരുന്നു. അതോടൊപ്പം അവരുടെ ആരാധനാരീതികളും ആചാരക്രമങ്ങളും വശമാക്കിയിരുന്നു. ഇതെല്ലാമുപയോഗിച്ച് ഖുര്‍ആനെ നേരിടാമെന്നാണ് അവര്‍ കണക്കുകൂട്ടിയത്. അതിനാല്‍ ഖുറൈശികള്‍ പ്രവാചകന്റെ പിന്നാലെ നള്‌റിനെ അയച്ചു. നബി തിരുമേനി ഖുര്‍ആന്‍ പാരായണം ചെയ്താല്‍ അയാള്‍ തനിക്കറിയാവുന്ന പേര്‍ഷ്യന്‍ കഥകളും ചരിത്രവും ഏറ്റവും നല്ല ഭാഷയിലും ശൈലിയിലും വിവരിക്കാന്‍ തുടങ്ങും. പ്രവാചകന്റെ വ്യക്തിസംഭാഷണങ്ങളെയും കൊച്ചു സംഘങ്ങളോടുള്ള ഹ്രസ്വഭാഷണങ്ങളെയും ഇവ്വിധം പരാജയപ്പെടുത്താന്‍ നള്‍്ര പരമാവധി ശ്രമിച്ചുകൊണടിരുന്നു. തന്റെ കഥപറച്ചിലും സംഭവവിവരണങ്ങളും കഴിഞ്ഞാല്‍ അയാള്‍ ചോദിക്കുമായിരുന്നു; ‘ഏതു കാര്യത്തിലാണ് മുഹമ്മദിന്റെ വാക്കുകള്‍ എന്റേതിനെക്കാള്‍ നന്നായത്? ഞാന്‍ പറയുന്നതുപോലുള്ള കഥകള്‍ തന്നെയല്ലേ അയാളും പറയുന്നത്?’
എന്നാല്‍ ജനം നള്‌റിന്റെ വാക്കുകള്‍ കേട്ടിരുന്നത് ഖുറൈശിക്കൂട്ടത്തെ ഭയന്നാണ്. പ്രവാചകനില്‍നിന്ന് ഖുര്‍ആന്‍ കേട്ടിരുന്നതും അങ്ങനെത്തന്നെ. പക്ഷേ, നള്‌റിന്റേത് കേള്‍ക്കാതിരുന്നാലുള്ള ഭവിഷ്യത്തുകളെയും ഖുര്‍ആന്‍ കേട്ടാലുള്ള മര്‍ദനങ്ങളെയുമാണ് അവര്‍ ഭയപ്പെട്ടിരുന്നത്. അതുകൊണടുതന്നെ പേര്‍ഷ്യന്‍ പുരാണങ്ങളും രാജാക്കന്മാരുടെ ചരിത്രകഥകളും ആരെയും അല്‍പവും സ്വാധീനിച്ചില്ല. പ്രവാചകന്‍ പാരായണം ചെയ്ത ഖുര്‍ആന്‍ സൂക്തങ്ങള്‍ എതിരാളികളില്‍ പോലും താല്‍പര്യമുണര്‍ത്തുകയും ചെയ്തു.