ആഢംബര ജീവിതത്തിന് ഒട്ടും താല്‍പര്യമില്ലാതത്ത മഹാത്മാവായിരുന്നു നബിതിരുമേനി. മണ്ണുകൊണ്ടുണ്ടാക്കിയ ഒരു ചെറിയ വീട്ടിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. വിഭവങ്ങള്‍ കുറഞ്ഞ ലഘുഭക്ഷണമാണ് ഇഷ്ടപ്പെട്ടിരുന്നത്. കിടന്നിരുന്നത് വെറും പായയില്‍ ആയിരുന്നു. എങ്കിലും മനുഷ്യന്‍ സകല സുഖങ്ങളും സൗകര്യങ്ങളും ത്യജിച്ച് സന്ന്യാസ ജീവിതം നയിക്കണമെന്ന അഭിപ്രായം അവിടേക്കുണ്ടായിരുന്നില്ല. അനുവദനീയമായ എല്ലാ സുഖങ്ങളും അനുഭവിക്കാന്‍ മനുഷ്യന് അര്‍ഹതയുണ്ട് എന്നാണ് നബിയുടെ അഭിപ്രായം. ലൗകികമായ ബന്ധങ്ങള്‍ ഉപേക്ഷിക്കാതെ തന്നെ ദൈവവിചാരത്തിലും ദൈവാരാധനയിലും ജീവിതം നയിക്കുവാന്‍ സാധിക്കുന്നതാണെന്ന് നബി ജനങ്ങളെ പഠിപ്പിച്ചു. അന്യമതങ്ങളേയും തനിക്ക് മുമ്പ് ജീവിച്ചിരുന്ന മതാചാര്യന്‍മാരെയും നബി ഒരിക്കലും തള്ളിപ്പറഞ്ഞില്ല. മാത്രമല്ല, അന്യമതങ്ങളെ ആദരിക്കേണ്ടത് മുസ്‌ലിംകളുടെ കടമയാണെന്ന് കൂടി അദ്ദേഹം തന്റെ അനുയായികളെ ഉല്‍ബോധിപ്പിച്ചു. അവശരുടെയും അനാഥരുടെയും വിധവകളുടെയും ആശ്രയ കേന്ദ്രമായിരുന്നു നബി തിരുമേനി. തന്റെ ജീവിത കാലത്ത് തന്നെ അച്ചടക്കത്തിലും , വിദ്യാഭ്യാസത്തിലും സംസ്‌കാരത്തിലും ഉന്നത മാനദണ്ഡം പുലര്‍ത്തിയ ഒരു ജനതയെ വാര്‍ത്തെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
(ഇന്ത്യന്‍ സ്വാതന്ത്ര്യ സമരസേനാനി, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍)