പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം മക്കയിലെത്തിയ യഥ്രിബ് നിവാസികളായ ഖസ്റജ് ഗോത്രക്കാരുടെ മുമ്പില്‍ നബി തിരുമേനി ഇസ്ലാമിനെ സമര്‍പ്പിച്ചു. അവര്‍ ആറു പേരായിരുന്നു. യഹൂദര്‍ക്കിടയില്‍ കഴിഞ്ഞിരുന്ന അവര്‍ വരാനിരിക്കുന്ന ഒരു പ്രവാചകനെ സംബന്ധിച്ച് ധാരാളമായി കേട്ടിരുന്നു. യഹൂദര്‍ ഒരു പ്രവാചകന്റെ ആഗമനം പ്രതീക്ഷിക്കുന്നവരും അദ്ദേഹത്തിലൂടെ തങ്ങളുടെ മേധാവിത്വം സ്വപ്നം കാണുന്നവരുമായിരുന്നു. ഇക്കാര്യം നന്നായറിയാമായിരുന്ന ഖസ്റജ് ഗോത്രക്കാര്‍ക്ക് മുഹമ്മദ് നബിയുടെ പ്രവാചകത്വം അംഗീകരിക്കാന്‍ അല്പം പോലും ചിന്തിക്കേണടിയിരുന്നില്ല.
പില്ക്കാലത്ത് മദീനയായിമാറിയ യഥ്രിബില്‍ അവരിലൂടെ ഇസ്ലാം പ്രചരിച്ചു. അങ്ങനെ സന്മാര്ഗം സ്വീകരിച്ച പന്ത്രണടു പേര് അടുത്ത വര്‍ഷം മക്കയുടെ അടുത്തുള്ള അഖബയില്‍ വെച്ച് പ്രവാചകനുമായി സന്ധിച്ചു. അവര്‍ നബി തിരുമേനിയുമായി സന്ധിയിലേര്‍പ്പെട്ടു. ‘അല്ലാഹുവില്‍ ആരെയും പങ്കുചേര്‍ക്കാതിരിക്കുക, മോഷ്ടിക്കാതിരിക്കുക, വ്യഭിചരിക്കാതിരിക്കുക, കുട്ടികളെ കൊല്ലാതിരിക്കുക, വ്യഭിചാരാരോപണം നടത്താതിരിക്കുക, സല്ക്കാര്യങ്ങളിലെല്ലാം പ്രവാചകനെ അനുസരിക്കുക’ ഇവയൊക്കെയായിരുന്നു സന്ധി വ്യവസ്ഥകള്‍. ഇത് പാലിക്കുകയാണെങ്കില്‍ സ്വര്‍ഗം ലഭിക്കുമെന്ന് പ്രവാചകന് അവരോട് വാഗ്ദാനം ചെയ്തു. വഞ്ചന കാണിച്ചാല്‍ പിന്നെ അല്ലാഹു പൊറുത്തുതരികയോ ശിക്ഷിക്കുകയോ ചെയ്തേക്കാമെന്ന് അവരെ അറിയിക്കുകയും ചെയ്തു. ഈ കരാര്‍ ഒന്നാം അഖബാ ഉടമ്പടി എന്ന പേരില്‍ അറിയപ്പെടുന്നു.
കഥ & കവിത