
നബി തിരുമേനിയും അനുചരന്മാരും ഒന്നിച്ചിരിക്കെ അപരിചിതനായ ഗ്രാമീണന്‍ കടന്നുവന്ന് വല്ലതും നല്‍കണമെന്നാവശ്യപ്പെട്ടു. അവിടുന്ന് അയാള്‍ക്കെന്തോ കൊടുത്തു. എന്നിട്ട് ചോദിച്ചു: ‘ഞാന്‍ തന്നത് തൃപ്തിയായില്ലേ? ഞാന്‍ താങ്കളോട് ഉദാരമായി പെരുമാറിയില്ലേ?’ ‘ഇല്ല. നിങ്ങള്‍ വേണടവിധം ചെയ്തില്ല’അയാള്‍ പറഞ്ഞു. ഇതുകേട്ട പ്രവാചക ശിഷ്യന്മാര്‍ക്ക് അയാളോട് അരിശം തോന്നി. അവര്‍ അയാളെ പിടിച്ചു പുറത്താക്കാനൊരുങ്ങി. എന്നാല്‍, നബിതിരുമേനി അതിനനുവദിച്ചില്ല. അദ്ദേഹം അവരോട് ആംഗ്യത്തിലൂടെ അടങ്ങിയിരിക്കാനാവശ്യപ്പെട്ടു. അനന്തരം അവിടുന്ന് അയാളെ തന്റെ കൂടെക്കൂട്ടി. വീട്ടിനകത്തു കടന്ന് കുറേക്കൂടി കൊണടുവന്നുകൊടുക്കുകയും ചെയ്തു. എന്നിട്ട് ചോദിച്ചു: ‘ഇപ്പോള്‍ സന്തോഷമായില്ലേ? ഞാന്‍ ഉദാരമായി പെരുമാറിയില്ലേ?’
‘തീര്‍ച്ചയായും. അല്ലാഹു താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ’ഗ്രാമീണന്‍ നന്ദി പ്രകടിപ്പിച്ചു.
അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ‘താങ്കളുടെ പരുഷമായ സംസാരം എന്റെ അനുയായികളുടെ മനസ്സില്‍ അല്‍പം അലോസരമുണടാക്കിയിട്ടുണട്. അതിനാല്‍ താങ്കള്‍ക്ക് തടസ്സമില്ലെങ്കില്‍ ഇപ്പോള്‍ പറഞ്ഞ വാക്കുകള്‍ അവരുടെ സാന്നിധ്യത്തില്‍ ആവര്‍ത്തിച്ചാല്‍ നന്നായിരുന്നു. അവരുടെ മനസ്സിലെ നീരസം നീങ്ങിക്കിട്ടുമല്ലോ.’
‘അതെ, അങ്ങനെയാവട്ടെ’ഗ്രാമീണന്‍ പറഞ്ഞു. അതനുസരിച്ച് നബി തിരുമേനിയും അനുചരന്മാരും ഒന്നിച്ചിരിക്കെ അയാള്‍ അവിടെ വന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘ഇദ്ദേഹം എന്തൊക്കെയോ പറഞ്ഞു. എങ്കിലും വീണടും ഞാനദ്ദേഹത്തിന് കുറച്ചുകൂടി കൊടുത്തു. അതില്‍ അദ്ദേഹം സംതൃപ്തനായി.’ തുടര്‍ന്ന് ഗ്രാമീണന്റെ നേരെ തിരിഞ്ഞു ചോദിച്ചു: ‘ശരിയല്ലേ?’
‘അതെ, അല്ലാഹു താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.’
ഇതുകേട്ട നബി തിരുമേനി പറഞ്ഞു: ‘എന്റെയും ഈ ഗ്രാമീണന്റെയും ഉപമ കൈവിട്ടുപോയ ഒട്ടകത്തിന്റെ ഉടമയുടേതുപോലെയാണ്. ജനം ആ ഒട്ടകത്തിന്റെ പിന്നാലെക്കൂടി. അതോടെ ഒട്ടകം പേടിച്ചരണടു. കൂടുതല്‍ വേഗത്തില്‍ ഓടിയകന്നു. അതുകണട ഉടമ അവരെ വിളിച്ചു പറഞ്ഞു: ‘ദയവായി ഒട്ടകത്തെ അതിന്റെ പാട്ടിനു വിട്ടേക്കൂ. അതിന്റെ കാര്യം ഞാന്‍ നോക്കാം. അതിനോട് ഏറ്റം കരുണയുള്ളവന്‍ ഞാനാണല്ലോ. അതിനെ അടുത്തറിയുന്നവനും ഞാന്‍ തന്നെ.’ തുടര്‍ന്ന് ഒട്ടകത്തിന്റെ ഉടമ അതിന്റെ നേരെ ചെന്നു. കൈയില്‍ അല്‍പം പുല്ലെടുത്തുപിടിച്ച് അതിനെ വിളിച്ചു. മെല്ലെ, മെല്ലെ അതിനോടടുത്തു. അവസാനം ഒട്ടകം അയാളുടെ മുമ്പില്‍ വന്നു മുട്ടുകുത്തി.”