കഥ & കവിത

എല്ലാവര്‍ക്കും മാപ്പ്

Spread the love

ക്രിസ്ത്വബ്ദം 631. ലോകചരിത്രത്തില്‍ തുല്യതയില്ലാത്ത കൊല്ലമാണത്. അന്നാണ് മക്കയില്‍ അതിമഹത്തായൊരു വിപ്‌ളവം അരങ്ങേറിയത്. ദിവ്യവെളിപാടുകളുടെ വെളളിവെളിച്ചത്തിലൂടെ സന്മാര്‍ഗത്തിലേക്ക് സമൂഹത്തെ ക്ഷണിച്ചതിന്റെ പേരില്‍ വീടും നാടും വിടേണടിവന്ന പ്രവാചകനും അനുചരന്മാരും അവിടെ വിജയികളായി മടങ്ങിയെത്തി. അങ്ങനെ പരമമായ സത്യം പൂര്‍ണമായി പുലര്‍ന്നു. അസത്യമഖിലം അപ്രത്യക്ഷമായി. നീതി നിലവില്‍വന്നു. അനീതി അസ്തമിച്ചു. വിശ്വസാഹോദര്യത്തിന്റെ വെന്നിക്കൊടി വിഹായസ്സിലുയര്‍ന്നു. കാട്ടാളത്തത്തിന്റെ കോട്ടകൊത്തളങ്ങള്‍ തകര്‍ന്നടിഞ്ഞു. സ്‌നേഹത്തിന്റെ പുതുയുഗം പിറന്നു. അക്രമത്തിന്റെ ആധിപത്യം അവസാനിച്ചു. സമത്വമെന്തെന്ന് സമൂഹം അനുഭവിച്ചറിഞ്ഞു. അസമത്വത്തിന്റെ അന്ധതയ്ക്കറുതിയുണടായി. സമൂഹത്തെ അടക്കിഭരിച്ചിരുന്ന ‘കൈയൂക്കുള്ളവന്‍ കാര്യക്കാരനെ’ന്ന കിരാത നിയമം വേരോടെ പിഴുതുമാറ്റപ്പെട്ടു. പകരം കാരുണ്യം സമൂഹത്തെ കൂട്ടിയിണക്കുന്ന കണ്ണിയായി മാറി. മുഷ്‌കും മുഷ്ടിയും മേധാവിത്വം പുലര്‍ത്തിയിരുന്ന, പകയുടെയും പാരുഷ്യത്തിന്റെയും പ്രാകൃതലോകം ചരിത്രത്തിന്റെ ഭാഗമായി. മനുഷ്യത്വം മാനിക്കപ്പെടുന്ന മൂല്യനിഷ്ഠമായ സമൂഹം സ്വാധീനം നേടുകയും ചെയ്തു. ഈ മാറ്റത്തിനൊക്കെയും നിദാനമായി വര്‍ത്തിച്ചത് അനശ്വരമായ വിശുദ്ധ വാക്യമാണ്. അതിന്റെ അടിവേരുകള്‍ സമൂഹഗാത്രത്തിന്റെ ആഴങ്ങളില്‍ ആണടിറങ്ങി. ചില്ലകളും ശിഖരങ്ങളും പടര്‍ന്നു പന്തലിച്ചു. അവ സദ്ഫലങ്ങള്‍ ലോകസമക്ഷം സമര്‍പ്പിച്ചു. അതോടെ ബഹുദൈവത്വത്തിന്റെ മുള്ളുവള്ളികള്‍ വാടിക്കരിഞ്ഞു. സത്യനിഷേധത്തിന്റെ കൊടുംകാടുകള്‍ തൂത്തുമാറ്റപ്പെട്ടു.
മക്കയിലെ വിശുദ്ധ മന്ദിരം, നൂറ്റാണടുകളായി ശിരസ്സില്‍ വഹിച്ചിരുന്ന അസത്യത്തിന്റെ ശിലാപ്രതിമകളും അധര്‍മത്തിന്റെ പ്രതിഷ്ഠകളും തച്ചുടക്കപ്പെട്ടതില്‍ സംതൃപ്തി പൂണടു. മുവ്വായിരം വര്‍ഷങ്ങള്‍ക്കപ്പുറമുണടായിരുന്ന വിശുദ്ധി വീണടുകിട്ടിയതില്‍ നിര്‍വൃതിയടഞ്ഞു. മഹാനായ ഇബ്‌റാഹീം പ്രവാചകന്റെ കരസ്പര്‍ശങ്ങളാല്‍ പവിത്രമായിത്തീര്‍ന്ന കഅ്ബയില്‍ കുത്തിനാട്ടപ്പെട്ട കരിങ്കല്‍ വിഗ്രഹങ്ങള്‍ വീണുടയുന്നത് തദ്ദേശവാസികള്‍ കണ്‍കുളിര്‍ക്കെ നോക്കിക്കണടു. അങ്ങനെ സത്യപ്രസ്ഥാനം ഒരിക്കല്‍കൂടി ഭൂമിയില്‍ ആധിപത്യം സ്ഥാപിച്ചു. സത്യം, സമത്വം, സാഹോദര്യം, സൌഹാര്‍ദം, നീതി, മര്യാദ, മാന്യത, സത്യവിശ്വാസം, ദൈവഭക്തി, മരണാനന്തര ചിന്ത, പ്രവാചകസ്‌നേഹംഇവയുടെയെല്ലാം പൂര്‍ണമായ പ്രകടനങ്ങള്‍ക്കവിടം സാക്ഷ്യം വഹിച്ചു.
എല്ലാം നടന്നിട്ടും നബി തിരുമേനിയിലൊരു മാറ്റവും സംഭവിച്ചില്ല. ഭാവവ്യത്യാസങ്ങള്‍ പ്രത്യക്ഷപ്പെട്ടില്ല. മുന്നേറ്റത്തില്‍ മതിമറന്നില്ല. വിജയത്തില്‍ വികാരാധീനനായില്ല. എല്ലാം ശാന്തചിത്തനും വിനയാന്വിതനുമായി നോക്കിനിന്നു. അല്ലാഹുവോട് അളവറ്റ നന്ദി പ്രകടിപ്പിച്ചു.
അദ്ദേഹം തന്റെ മുമ്പിലുള്ള യുദ്ധത്തടവുകാരെ സൂക്ഷിച്ചുനോക്കി. ആരെല്ലാമാണവര്‍? തന്റെ കഴുത്തില്‍ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍മാല കൊണടിട്ടവര്‍, സാമൂഹിക ബഹിഷ്‌കരണത്തിന് വിധേയരാക്കിയവര്‍, പല പ്രാവശ്യം തന്റെ കഥകഴിക്കാന്‍ കിണഞ്ഞു ശ്രമിച്ചവര്‍, നാടുകടത്തിയവര്‍, നിര്‍ദയം മര്‍ദിച്ചവര്‍, പരദേശത്തും സ്വൈരമായി പാര്‍ക്കാനനുവദിക്കാതെ പടയോട്ടം നടത്തിയവര്‍, അമ്പെയ്ത് പല്ല് പൊട്ടിച്ചവര്‍എല്ലാവരും അക്കൂട്ടത്തിലുണട്. അവരുടെയൊക്കെ ശിരസ്സുകള്‍ താണിരിക്കുന്നു. കവിളുകള്‍ കദനഭാരത്താല്‍ കരുവാളിച്ചിട്ടുണട്. എങ്ങനെയാണവരുടെ പാദം പതറാതിരിക്കുക? ചിന്ത ചിതറാതിരിക്കുക? ഒരുവേള അവരും പിന്നോട്ടു തിരിഞ്ഞുനോക്കിയിരിക്കും. നിമിഷനേരമെങ്കിലും കഴിഞ്ഞകാല ജീവിതത്തിലേക്ക് കണ്ണോടിച്ചാല്‍ ദുഃഖഭാരത്താല്‍ അവരുടെ തല ഉയരുകയില്ല. ആ നിമിഷം വരെ പ്രവാചകനും അനുചരന്മാര്‍ക്കും അവരൊരു സ്വൈരവും കൊടുത്തിട്ടില്ല. സ്വാസ്ഥ്യം കെടുത്തിയിട്ടേയുള്ളൂ. സ്വദേശം വെടിഞ്ഞിട്ടും അവരെ വെറുതെ വിട്ടില്ല. അവരില്‍ പലരെയും പിരടിക്കു പിടിച്ചു പരലോകത്തേക്ക് തള്ളി. കാലുകള്‍ കൊത്തിനുറുക്കി. കൈകള്‍ വെട്ടിമുറിച്ചു. നട്ടുച്ച നേരത്ത് ചുട്ടുപഴുത്ത മണലാരണ്യത്തിലൂടെ വലിച്ചിഴച്ചു. നെഞ്ചില്‍ കരിങ്കല്ല് കയറ്റിവെച്ചു. ചമ്മട്ടികൊണടടിച്ചുകൊന്നു; ചിലരെ ചുടുവെള്ളത്തില്‍ മുക്കി വേവിച്ചും.
എന്നാല്‍ ഇന്നോ? എട്ടു കൊല്ലം മുമ്പ് തങ്ങള്‍ ആട്ടിയോടിച്ച മുഹമ്മദ് നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു. തനിച്ചല്ല; പതിനായിരങ്ങളോടൊത്ത്. ബന്ധനസ്ഥനായല്ല; ജനലക്ഷങ്ങളുടെ നേതാവായി. ഇന്ന് അദ്ദേഹം നാടിന്റെ നായകനാണ്. അറേബ്യയുടെ ഭരണാധികാരി. സമൂഹത്തിന്റെ നേതാവും സൈന്യത്തിന്റെ മേധാവിയുമാണ്. ഒപ്പം മതാധ്യക്ഷനും. ആജ്ഞകളനുസരിക്കാന്‍ സദാ സന്നദ്ധരായി അനേകായിരങ്ങള്‍ അരികിലുണട്. തങ്ങളാണെങ്കില്‍ ബന്ധനസ്ഥര്‍. വധശിക്ഷയും പ്രതീക്ഷിച്ചു കഴിയുന്നവര്‍. കൊലവിധികൊണടുമാത്രം മുഹമ്മദ് തൃപ്തനാവുമോയെന്ന് സംശയം. ഓരോ അംഗവും അരിഞ്ഞരിഞ്ഞ് ഇഞ്ചിഞ്ചായി കൊന്നാലേ തങ്ങള്‍ പ്രവര്‍ത്തിച്ചതിന് പരിഹാരമാവുകയുള്ളൂ.
‘നിങ്ങളെന്താണ് എന്നില്‍നിന്ന് പ്രതീക്ഷിക്കുന്നത്?’ നബി തിരുമേനിയുടെ ഗൌരവം സ്ഫുരിക്കുന്ന ഈ ചോദ്യമാണ് അവരെ ചിന്തയില്‍നിന്നുണര്‍ത്തിയത്. അല്‍പനേരത്തെ മൌനത്തിനുശേഷം തികഞ്ഞ ആശങ്കയോടെയെങ്കിലും അവര്‍ പറഞ്ഞൊപ്പിച്ചു: ‘താങ്കള്‍ മാന്യനായ സഹോദരന്റെ മാന്യനായ മകനാണ്. നന്മയല്ലാതെ ഞങ്ങള്‍ അങ്ങയില്‍നിന്നൊന്നും പ്രതീക്ഷിക്കുന്നില്ല.’
അവരുടെ പ്രതീക്ഷ അസ്ഥാനത്തായിരുന്നില്ല. കാരണം, അവിടെ വിധികര്‍ത്താവ് വിട്ടുവീഴ്ചയുടെ വിശ്വരൂപമായിരുന്നു. സ്‌നേഹസ്വരൂപം. അതിനാല്‍, ഫ്രഞ്ച് വിപ്‌ളവാനന്തരം വിജയികള്‍ പരാജിതരെ അരിഞ്ഞുനുറുക്കിയതുപോലെ നബി തിരുമേനി എതിരാളികളെ കൊന്നൊടുക്കിയില്ല. റഷ്യന്‍ വിപ്‌ളവാനന്തരം കമ്യൂണിസ്‌റുകള്‍ സാര്‍ കുടുംബത്തെയും അനുകൂലികളെയും ചെയ്തതുപോലെ കൂട്ടക്കശാപ്പു നടത്തിയില്ല. പകരം മുന്നില്‍ അണിനിരന്ന ബന്ധനസ്ഥരെ നോക്കി പ്രവാചക പുംഗവന്‍ പ്രഖ്യാപിച്ചു: ‘ഇന്ന് നിങ്ങള്‍ക്കെതിരെ ഒരു പ്രതികാരവുമില്ല. നിങ്ങള്‍ പോകൂ! നിങ്ങളെല്ലാം സ്വതന്ത്രരാണ്.’

You may also like