എട്ടുദിക്കും ഞെട്ടുമാറുച്ചത്തി
ലട്ടഹസിച്ചു പിശാചുക്കളാര്‍ക്കും
ഘനശ്യാമയാമ-
മനന്തമായ് വാഴ്‌കെ
ഭീകരമൗന വിഷാദഭയാദിക-
ളഖിലാണ്ഡങ്ങളിലാകെ-
ക്കരിനിഴലിട്ടു നിശീഥ
സ്തന്യവുമുണ്ടു തടിച്ചുകൊഴുക്കെ,
ഭീഷണ ഫൂല്‍ക്കാരോഗ്രഫണം നീര്‍-
ത്തൂഷര മാനുഷഗൃഹത്തില്‍ മരുവിടൂ-
മുഗ്രതമസ്സിന്‍ ദംശനമേല്‍ക്കെ,
ക്കാല-
മൊരാതുര വന്ധ്യത പേരി-
ക്കാതരമൊരു കനവുള്ളിലൊതുക്കി-
ക്കണ്ണീര്‍ക്കടലില്‍ മൂര്‍ഛിച്ചമരവെ,
വാസന്താഗമ കാഹളമൂതും
വശ്യമനോഹര പിക ഗാനം പോല്‍
കാരുണ്യാമൃതവര്‍ഷോല്‍സവമായ്
പാരിന്നൊരു പുതുപുളകച്ചാര്‍ത്തായ്
ഇരുളിന്‍ വന്ധ്യമഹാമരുഭൂവില്‍
കരളില്‍ മൃതിവിഷമേറ്റു മയങ്ങും
നരവര്‍ഗത്തിന്നമൃതസരിത്തായ്
ഹിറയില്‍നിന്നുമുയര്‍ന്നൂ സുന്ദര
ധീരോജ്വലമൊരനശ്വരഗാനം.
ഘോരമതസ്സിന്‍ കോട്ടകള്‍ ഞെട്ടി
വിറച്ചു പതിച്ചിടുമിടിനാദം പോല്‍
അടിമക്കമര സ്ഥാനാരോഹണ
സമയമുണര്‍ത്തും മണിനാദംപോല്‍
സുന്ദര നരകുല സ്വാതന്ത്ര്യത്തെയു-
മദ്ധ്വാനത്തെയുമാരുകവര്‍, ന്നവ
നേകുമൊരന്തിമ ശാസനപോല്‍
ഉയരും ദിവ്യമനോഹര സ്വരസുധ-
യുയിരേകിടവെ, ക്കാലം
കാതോര്‍ത്തുണരുന്നൂ.
‘പാടുവതാരീ പുതിയൊരു
പുനരുജ്ജീവന ഗാനം?’
കാലവുമഖില ചരാചരവൃന്ദവു-
മടിമുടി ഹര്‍ഷരസത്തില്‍ മുങ്ങി-
ക്കാതോര്‍ത്തിടവേ, ക്കണിശമൊരുജ്ജ്വല
സൂര്യനതേ പടി നരവടി-
വാര്‍ന്നതു പോലൊരു പൂരുഷ
നുണ്ടൊരു ദിവ്യ നവോജ്വലഗാനം
കൊണ്ടിരുള്‍ ഭൂതഗണങ്ങളെയഖിലവു-
മഗ്‌നിയിലേക്കു നയിക്കുന്നൂ.
കാലം തന്നുടെ കനവു പുലര്‍ന്നതു
കോള്‍മയിരാര്‍ന്നേ കാണ്‍കവെ,
വിജിഗിഷുപോലപ്പൂരുഷ-
നുജ്വല മോചന ഗാനത്താലേ
കാലത്തെ തന്‍ പിന്നില്‍
ചാലെ നയിക്കുന്നൂ.
ചരിതത്തെത്തന്‍ കയ്യിലൊതുക്കി-
ച്ചെറുവിരലാകെ കറക്കിവസിപ്പവ-
നാരിത്? ഇതുതാ-
നേറെയുഗങ്ങളിലൂടെ-
ക്കഠിനതപം ചെയ്തൂഴി സധീരം
നേടിയ വരമാം സൂര്യസുതന്‍.
ഇതുതാനുജ്വലമോചനഗാനവു-
മോതിപ്പുതുയുഗ
സൂര്യനുണര്‍ത്തിയ കര്‍മഭടന്‍.
ഇതുതാനേകവിമോചനസരണി
യുദാര മനശ്വര ശോഭചൊരിഞ്ഞു
പ്രശോഭിതമാക്കിയ ധര്‍മാര്‍ക്കന്‍.
ഇതുതാനന്ധമനസ്സിന്‍ നെറുകയി-
ലുദയം ചെയ്‌തൊരനശ്വരവശ്യവിഭാതം.
പൊലിയാന്‍ നേരത്താദിയുഷസ്സീ
കാലത്തോടുര ചെയ്‌തൊരു സാന്ത്വന-
മത്തിരുപിറവിരഹസ്യം താന്‍.
മമഹൃദയാംബരമധ്യേ വിളങ്ങിടു-
മണയാ പൗര്‍ണമിയാകുമിയുന്നത
പൂരുഷനല്ലേ,
പൊലിയും വരെയിനി
യുലകിലെ ജീവിത
കലാലയത്തിലെ പ്രഥമാചാര്യന്‍.
കഥ & കവിത