
കടംവാങ്ങിയ ഈത്തപ്പഴം ഉടനെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് ഒരാള്‍ നബി തിരുമേനിയെ വല്ലാതെ ശല്യപ്പെടുത്തി. അപ്പോള്‍ അവിടുന്ന് അയാളോട് പറഞ്ഞു: ‘ഇപ്പോള്‍ എന്റെ വശം ഒന്നുമില്ല, അല്പം സാവകാശം തരൂ. കിട്ടിയാല്‍ ഉടനെ എത്തിച്ചുതരാം.’ എന്നാല്‍, ഒരുവിധ വിട്ടുവീഴ്ചക്കും അയാള്‍ തയ്യാറായിരുന്നില്ല. നബിയെ കഠിനമായി വിമര്‍ശിക്കുകയും ചീത്തപറയുകയും ചെയ്തു. ഉമറുല്‍ ഫാറൂഖിന് ഇത് സഹിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം കോപാകുലനായി അയാളുടെ നേരെ തിരിഞ്ഞു. ഉടനെ പ്രവാചകന് ഉമറിനെ തടഞ്ഞു. അവിടുന്ന് അരുള്‍ചെയ്തു: ‘ഉമറേ, അയാളെ വെറുതെ വിടുക. അവകാശി അങ്ങനെയൊക്കെ സംസാരിച്ചേക്കും.’
പിന്നീട് ഹകീമിന്റെ പുത്രി ഖല്വതിന്റെ വീട്ടില്‍നിന്ന് ഈത്തപ്പഴം വരുത്തിയാണ് തിരുമേനി അയാളുടെ കടം വീട്ടിയത്.