‘അല്ലാഹുവാണ് സത്യം! ഉമറേ, താങ്കള്‍ സ്വയം വഞ്ചിതനായിരിക്കുന്നു. മുഹമ്മദിന്റെ കഥ കഴിച്ചശേഷം ഈ ഭൂമിയില്‍ നിലനില്‍ക്കാന്‍ അബ്ദുമനാഫ് കുടുംബം താങ്കളെ അനുവദിക്കുമെന്ന് കരുതുന്നുണേടാ? താങ്കളെന്താണ് സ്വന്തം വീട്ടുകാരുടെ കാര്യം നേരെയാക്കാത്തത്? അതിനാല്‍ ആദ്യം അതാവട്ടെ! അവിടേക്ക് ചെല്ല്.” നുഐമുബ്‌നു അബ്ദില്ല ഉമറുബ്‌നുല്‍ ഖത്താബിനോട് പറഞ്ഞു. പ്രവാചകനെ വധിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതായിരുന്നു അദ്ദേഹം. നബി തിരുമേനിയും അനുയായികളും ഒരുമിച്ചുകൂടാറുണടായിരുന്ന ദാറുല്‍അര്‍ഖമായിരുന്നു ലക്ഷ്യം. വഴിയില്‍ വെച്ചാണ് നുഐം അയാളെ കണടുമുട്ടിയത്.
ഉമര്‍ തന്റെ സഹോദരി ഫാത്വിമയും ഭര്‍ത്താവ് സൈദും ഇസ്ലാം സ്വീകരിച്ച വിവരം അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ നുഐം അതറിയിച്ചിരിക്കുന്നു. അതിനാല്‍ ആദ്യം നേരെയാക്കേണടത് അവരെയാണ്. അങ്ങനെ സഹോദരിയുടെ വീട്ടിലേക്ക് പുറപ്പെട്ടു. അവിടെയെത്തിയപ്പോള്‍ അവരിരുവരും ഖുര്‍ആന്‍ പാരായണം ചെയ്യുകയായിരുന്നു. കൂടെ ഖബ്ബാബുമുണടായിരുന്നു. ഉമറിന്റെ ആഗമനവിവരമറിഞ്ഞ ഖബ്ബാബ് ഓടിയൊളിച്ചു.
‘ഞാനിവിടെനിന്ന് കേട്ട ശബ്ദമെന്താണ്?’ ഉമറിന്റെ ചോദ്യം ഒരു ഗര്‍ജനമായിരുന്നു. കലിയടക്കാനാവാതെ അയാള്‍ കൊലവിളിനടത്തി.
‘ഒന്നുമില്ല, തോന്നിയതായിരിക്കാം.’ ഖുര്‍ആന്‍ എഴുതിയ ഏട് ഒളിപ്പിച്ചുവെച്ച് ഫാത്വിമ പറഞ്ഞു.
‘നിങ്ങള്‍ മുഹമ്മദിന്റെ മതം സ്വീകരിച്ചതായി കേട്ടു. ശരിയാണോ?’ ഉമര്‍ ഉറക്കെ ചോദിച്ചു. ഉത്തരം കിട്ടുന്നതിനുമുമ്പെ സഹോദരീഭര്‍ത്താവിനെ മര്‍ദിക്കാന്‍ തുടങ്ങി. പ്രിയതമന്റെ രക്ഷക്കെത്തിയ ഫാത്വിമക്കും കിട്ടി തല്ല്. അവരുടെ തലക്കു മുറിവേറ്റു. രക്തം ഒലിച്ചുകൊണടിരിക്കെ ധൈര്യമവലംബിച്ച് അവര്‍ പ്രഖ്യാപിച്ചു: ‘അതെ, ഞങ്ങള്‍ ഇസ്ലാം സ്വീകരിച്ചിരിക്കുന്നു. നിനക്കിഷ്ടമുള്ളത് ചെയ്തുകൊള്ളുക.’
സഹോദരിയുടെ ഈ ധൈര്യവും സ്വരത്തിലെ ദൃഢതയും ഉമറിനെ അഗാധമായി സ്വാധീനിച്ചു. അതോടെ കോപം കെട്ടടങ്ങി. ശാന്തസ്വരത്തില്‍ സഹോദരിയോട് അവര്‍ പാരായണം ചെയ്തിരുന്ന ഏട് ആവശ്യപ്പെട്ടു. ഫാത്വിമ അദ്ദേഹത്തോട് കുളിച്ചുവരാന്‍ നിര്‍ദേശിച്ചു. ചോദ്യം ആത്മാര്‍ഥതയോടെയാണോ എന്നറിയലായിരുന്നു മുഖ്യ ഉദ്ദേശ്യം. കൂടെ കോപമടങ്ങാനുള്ള ഏറ്റം നല്ല മാര്‍ഗവും.
ഉമര്‍ കൊച്ചു കുട്ടിയെപ്പോലെ സഹോദരിയെ അനുസരിച്ചു. അതോടെ അവര്‍ തങ്ങള്‍ പാരായണം ചെയ്തുകൊണടിരുന്ന ഖുര്‍ആന്‍ ലിഖിതം അദ്ദേഹത്തിനു നല്‍കി. ‘ത്വാഹാ’ അധ്യായത്തിലെ ആദ്യ സൂക്തങ്ങളാണ് അതിലുണടായിരുന്നത്. അവയുടെ ആശയ ഗാംഭീര്യവും സ്വരമാധുരിയും ശൈലീഭംഗിയും അദ്ദേഹത്തെ അഗാധമായി സ്വാധീനിച്ചു. പാരായണത്തിനിടെ ഉമര്‍ ആത്മഗതം ചെയ്തു: ‘എന്തൊരു സൌന്ദര്യം! എത്ര ചാരുതയാര്‍ന്ന വചനങ്ങള്‍.’
അതോടെ അത്രയും സമയം ഒളിച്ചിരുന്ന ഖബ്ബാബും രംഗത്തെത്തി. ഉമറിന്റെ മനംമാറ്റത്തില്‍ സംതൃപ്തി രേഖപ്പെടുത്തിക്കൊണടു പറഞ്ഞു: ‘പ്രവാചകന്‍ സദാ പ്രാര്‍ഥിക്കാറുണടായിരുന്നു. ‘എന്റെ നാഥാ! അബുല്‍ഹകമി1നാലോ ഉമറുബ്‌നുല്‍ ഖത്താബിനാലോ നീ ഇസ്ലാമിന് കരുത്ത് പകരേണമേ!’ എന്ന്.
താങ്കളുടെ കാര്യത്തിലാണ് തിരുമേനിയുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചിരിക്കുന്നതെന്ന് തോന്നുന്നു. അതിനാല്‍, ഉമറേ വരൂ! അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് വരൂ!” അപ്പോള്‍ അദ്ദേഹം അവര്‍ പറയുന്നതെന്തും അനുസരിക്കാന്‍ സന്നദ്ധനായിരുന്നു. ഖുര്‍ആന്‍ സൂക്തങ്ങള്‍ അദ്ദേഹത്തെ അത്തരമൊരു മാനസികാവസ്ഥയിലേക്കാണ് എത്തിച്ചത്!
ഖബ്ബാബ് ഉമറിനെയും കൂട്ടി ദാറുല്‍അര്‍ഖമിലേക്ക് പുറപ്പെട്ടു. അവരെ ദൂരെനിന്ന് കാണാനിടയായ ഒരാള്‍ നബി തിരുമേനിയെ വിവരമറിയിച്ചു. ഇതു കേട്ട പ്രവാചകന്റെ പിതൃവ്യന്‍ ഹംസ പറഞ്ഞു: ‘ഉമര്‍ വരട്ടെ, സദുദ്ദേശ്യത്തോടെയാണ് വരവെങ്കില്‍ നാം സ്വാഗതം ചെയ്യും. ദുരുദ്ദേശ്യത്തോടെയാണെങ്കില്‍ ഉമറിന്റെ വാളുകൊണടുതന്നെ ഞാനയാളുടെ കഥകഴിക്കും.’
ദാറുല്‍അര്‍ഖമില്‍ പ്രവേശിച്ച ഉമറിനെ നബി തിരുമേനിതന്നെ സ്വീകരിച്ചു. അവിടുന്ന് ചോദിച്ചു: ‘ഖത്താബിന്റെ മകനേ, എന്ത് ഉദ്ദേശ്യത്തോടെയാണ് താങ്കളുടെ വരവ്?’
‘ദൈവദൂതരേ, അല്ലാഹുവിലും അവന്റെ പ്രവാചകനിലും അദ്ദേഹത്തിലൂടെ അവതീര്‍ണമായ സത്യത്തിലും ഞാനിതാ വിശ്വസിച്ചിരിക്കുന്നു.’ ഉമര്‍ തന്റെ ഇസ്ലാം സ്വീകരണം പ്രഖ്യാപിച്ചു.
1. അബൂജഹല്‍