കഥ & കവിത

ഉദാഹരണമില്ലാത്ത ഉദാരത

Spread the love

മദീന ആസ്ഥാനമായി പ്രവാചകന്‍ സ്ഥാപിച്ച ഇസ്ലാമിക രാഷ്ട്രം അനുദിനം വികസിച്ചുകൊണടിരുന്നു. പരിസരവാസികള്‍ കൂട്ടത്തോടെ സന്മാര്‍ഗം സ്വീകരിച്ചുകൊണടിരുന്നതാണ് ഇതിനു കാരണം. ഇത് ഹാതിമുത്ത്വാഇയുടെ മകന്‍ അദിയ്യിനെ പരിഭ്രാന്തനാക്കി. താന്‍ വാഴുന്ന നജ്ദും ഇസ്ലാമികരാഷ്ട്രത്തിന്റെ ഭാഗമാകുമോയെന്ന് അയാള്‍ ആശങ്കിച്ചു. അതിനാല്‍ കുടുംബാംഗങ്ങളെയും കൂട്ടി അയല്‍രാജ്യമായ സിറിയയിലേക്ക് പോയി. പക്ഷേ, പെട്ടെന്നുള്ള യാത്രയില്‍ സഹോദരിയെ കൂടെ കൂട്ടാന്‍ മറന്നു. പിന്നീട് ഓര്‍മവന്നപ്പോള്‍ മടങ്ങിവന്ന് സഹോദരിയെ കൊണടുപോകാന്‍ മനസ്സനുവദിച്ചതുമില്ല. അങ്ങനെ നജ്ദില്‍ അദിയ്യിന്റെ സഹോദരി തനിച്ചായി. അപ്പോള്‍ അവരുടെ സങ്കടം സഹിക്കാവുന്നതിലപ്പുറമായിരുന്നു. അവരുടെ അവസ്ഥ നന്നായി മനസ്സിലാക്കിയ പ്രവാചക ശിഷ്യന്മാര്‍ അവരെ മദീനയിലേക്ക് കൂട്ടിക്കൊണടുവന്നു. പ്രവാചകനെ കണടപ്പോള്‍ അവര്‍ പൊട്ടിക്കരയുകയും തന്റെ ദയനീയാവസ്ഥ തുറന്നുപറയുകയും ചെയ്തു: ‘അല്ലാഹുവിന്റെ ദൂതരേ, എനിക്കു പിതാവില്ല. ഏക അവലംബം സഹോദരനായിരുന്നു. അവന്‍ കുടുംബത്തോടൊപ്പം നാടും വീടും വിട്ടുപോയിരിക്കുന്നു. അതിനാല്‍ അങ്ങ് എന്നോട് ദയ കാണിക്കണം.’
‘ആരാണ് നിന്റെ സഹോദരന്‍?’ നബി തിരുമേനി അന്വേഷിച്ചു.
‘ഹാതിമുത്ത്വാഇയുടെ മകന്‍ അദിയ്യ്.’
ഒരു നിമിഷം വിസ്മയത്തോടെ അവരെ നോക്കിനിന്ന നബിതിരുമേനി ആത്മഗതം ചെയ്തു: ‘അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ശത്രു. സത്യത്തെ പേടിച്ചോടിയവന്‍!’
ഇതുകേട്ട അദിയ്യിന്റെ സഹോദരി പ്രവാചകനില്‍നിന്ന് കാരുണ്യമൊട്ടും കിട്ടുകയില്ലെന്നു കരുതി. നിരാശയും ദുഃഖിതയുമായ അവര്‍ പൊട്ടിക്കരയാന്‍ തുടങ്ങി. പ്രവാചകന്‍ അവളെ ആശ്വസിപ്പിച്ചുകൊണട് ചോദിച്ചു: ‘നിന്നോട് എനിക്ക് സഹതാപമുണട്. നിനക്കുവേണടി ഞാനെന്ത് ചെയ്യണം?’
‘എന്റെ സഹോദരനും കുടുംബക്കാരും സിറിയയിലുണട്. എന്നെ അവരുടെ അടുത്തെത്തിച്ചു തന്നാലും.’ അവര്‍ കേണപേക്ഷിച്ചു.
‘ശരി, വിരോധമില്ല. പക്ഷേ, ധിറുതി കൂട്ടരുത്. നിന്നെ സുരക്ഷിതമായി അവിടെ എത്തിക്കുമെന്ന് ഉറപ്പുള്ള പരിചിതനായ ആരെയെങ്കിലും കണെടത്തിയാല്‍ വിവരമറിയിക്കുക. അതുവരെ നിന്നെ ഞാന്‍ സംരക്ഷിച്ചുകൊള്ളാം.’
ഏതാനും ദിവസങ്ങള്‍ക്കുശേഷം തനിക്കു പരിചയമുള്ള ചിലരുള്‍പ്പെടുന്ന ഒരു കച്ചവടസംഘം മദീനയിലെത്തിയപ്പോള്‍ ആ യുവതി പ്രവാചകനെ സമീപിച്ച് വിവരമറിയിച്ചു. ഉടനെത്തന്നെ നബി തിരുമേനി ആ കച്ചവടസംഘത്തെ സംബന്ധിച്ച വിവരം ശേഖരിച്ചു. അവര്‍ വിശ്വസ്തരാണെന്ന് ബോധ്യമായതോടെ യുവതിയെ അവരോടൊപ്പമയച്ചു. യാത്രക്കാവശ്യമായ വാഹനവും വസ്ത്രങ്ങളും ചെലവിനുവേണട സംഖ്യയും നല്‍കി. അങ്ങനെ പ്രവാചകന്‍ തന്റെ കടുത്ത എതിരാളിയുടെ ആ സഹോദരിയെ അയാളുടെ അടുത്തേക്ക് സ്‌നേഹപൂര്‍വം യാത്രയയച്ചു. നബി തിരുമേനിയുടെ ഈ മാന്യതയും ഉദാരതയും അവരുടെ എല്ലാ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമായിരുന്നു. സാധാരണ മനുഷ്യരുടെ സകല സങ്കല്‍പങ്ങള്‍ക്കും അതീതവും.

You may also like