കഥ & കവിത

ഉചിതമായ തെരഞ്ഞെടുപ്പ്

Spread the love

മക്കാവിജയം അതുല്യമാണ്. മനുഷ്യ ചരിത്രത്തിലതിന് സമാനതയില്ല. അതിനാല്‍ കാലവും ലോകവും കേള്‍ക്കെ അതിന്റെ വിളംബരം നടത്തണം. ആരാണ് അതിനേറ്റം അനുയോജ്യന്‍? പ്രവാചകന് വളരെയൊന്നും ആലോചിക്കേണടതുണടായിരുന്നില്ല. ഇത് വീര ജേതാവിന്റെ ജോലിയാണ്. സര്‍വസൈന്യാധിപനായ ഭരണാധികാരിയാണിത് നിര്‍വഹിക്കേണടത്. ആ നിലക്ക് പ്രവാചകന്‍ തന്നെ സ്വയമത് ചെയ്യണം. എന്നാല്‍, കാലത്തെ തലോടി ലോകാവസാനം വരെ അനുസ്മരിക്കപ്പെടുന്ന ഈ അനശ്വര കൃത്യത്തിന് അവിടുന്ന് തെരഞ്ഞെടുത്തത്, വിജയം പ്രഖ്യാപിക്കപ്പെടുന്ന വിപ്‌ളവത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളുടെ യഥാര്‍ഥ പ്രതിനിധിയെയാണ്; ബിലാലുബ്‌നു റബാഹിനെ. അദ്ദേഹം എത്യോപ്യന്‍ നീഗ്രോ അടിമയായിരുന്നു. കരിക്കട്ടപോലെ കറുത്തവനും.
ദൈവത്തിന്റെ മഹത്വം പ്രഖ്യാപനം ചെയ്യാന്‍, അവന്റെ ഏകത്വം പ്രഖ്യാപിച്ചതിന്റെ പേരില്‍ യജമാനവര്‍ഗത്തിന്റെ കൊടിയ പീഡനങ്ങളേറ്റുവാങ്ങിയ ബിലാലിനെക്കാള്‍ അര്‍ഹനായി ആരുണട്! ചരിത്രം എക്കാലവും ചതച്ചരക്കാന്‍ ശ്രമിച്ച അടിമ തന്നെയാണല്ലോ അവന്റെ മോചനം പ്രഖ്യാപിക്കേണടത്. സമൂഹം ആട്ടും തുപ്പും തൊഴിയും മാത്രം വിധിച്ച കറുത്തവന്‍തന്നെ തന്റെ വര്‍ഗത്തിന്റെ വിജയവും മഹത്വവും സമത്വവും സാക്ഷാത്കരിക്കപ്പെട്ട വിപ്‌ളവത്തിന്റെ വിജയം പ്രഖ്യാപിക്കട്ടെ എന്നായിരുന്നു പ്രവാചകന്റെ തീരുമാനം.
അങ്ങനെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ നിമിഷത്തില്‍ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ആ വിശുദ്ധ ദേവാലയത്തിന്റെ മുകളില്‍ കയറി യുഗാന്തരങ്ങളിലെ കോടാനുകോടി മനുഷ്യരുടെ വിജയപ്രഖ്യാപനം നടത്താന്‍ അതിനെ പൊതിഞ്ഞ കില്ലപോലെ കറുത്തവനായ ബിലാലിന് അവസരം ലഭിച്ചു. പുരുഷാന്തരങ്ങളനുഭവിച്ച പീഡനങ്ങളുടെ പാടുകള്‍ പേറിവന്ന ബിലാലിന്; മുഖത്ത് അടിമത്തത്തിന്റെ അടയാളങ്ങളും പുറത്ത് യജമാനന്റെ ചാട്ടവാറടിയുടെ ചിഹ്നങ്ങളുമായി എഴുന്നേറ്റുനിന്ന എത്യോപ്യന്‍ നീഗ്രോവിന്.
മക്കയുടെ ചുറ്റുമുള്ള മലനിരകളെയും നട്ടുച്ചനേരത്ത് തന്റെ പുറംകരിച്ച ചുട്ടുപഴുത്ത മണല്‍തരികളെയും യജമാനനായിരുന്ന ഉമയ്യത്തിന്റെ ആട്ടിന്‍പറ്റങ്ങളെ തെളിച്ചുനടന്ന ‘ബത്വഹാഅ്’ താഴ്വരയെയും തന്നെപ്പോലെ അടിമയും കറുത്തവളുമായിരുന്ന ഹാജറയുടെ കണ്ണീര്‍തുള്ളികളും കാല്‍പ്പാടുകളും പതിഞ്ഞ മര്‍വാ കുന്നിനെയും അവരുടെ മകന്‍ ഇസ്മാഈലിന്റെ പാദം തട്ടി പൊട്ടിയൊഴുകിയ നിത്യകാരുണ്യത്തിന്റെ നീരുറവ സംസമിനെയും വിജയ മുഹൂര്‍ത്തത്തിന് കളമൊരുക്കിയ പതിനായിരങ്ങളെയും സര്‍വോപരി സര്‍വശക്തനായ അല്ലാഹുവെയും സാക്ഷിനിര്‍ത്തി ബിലാല്‍ ബാങ്കുവിളിച്ചു. ശ്രവണമധുരമായ സുന്ദര സ്വരത്തില്‍ മക്കയിലെങ്ങും പ്രതിധ്വനിച്ച ചരിത്രപ്രധാനമായ ബാങ്ക്. നേരിയ ഇലയനക്കം പോലും അറിയാവുന്ന, നിറഞ്ഞുനില്‍ക്കുന്ന നിശ്ശബ്ദതയെ ഭഞ്ജിച്ചുകൊണട് മുഴങ്ങിക്കേട്ട ആ വിജയപ്രഖ്യാപനത്തെ അവിടെ കൂടിയ പതിനായിരങ്ങള്‍ ആഹ്‌ളാദം അലയടിക്കുന്ന ഹൃദയത്തോടെയും കൃതജ്ഞതയാല്‍ കുനിയുന്ന ശിരസ്സുകളോടെയും ഏറ്റുവാങ്ങി.
നൂറ്റാണടുകള്‍ക്കുശേഷം ജനകോടികളുടെ മനസ്സുകളിലിന്നും കഅ്ബയുടെ മുകളിലേക്ക് ചാടിക്കയറുന്ന കറുത്തവനായ ബിലാലിന്റെ ചിത്രം മങ്ങാതെ, മായാതെ നില്‍ക്കുന്നു. അവരുടെ കാതുകളില്‍ സ്വരമാധുര്യമൂറുന്ന അദ്ദേഹത്തിന്റെ ബാങ്കും. അകത്തളങ്ങളില്‍ ഈ മഹദ്കൃത്യത്തിന് ഏറ്റവും അനുയോജ്യനായ വ്യക്തിയെത്തന്നെ തെരഞ്ഞെടുത്ത പ്രവാചകന്റെ ഉചിതമായ നിലപാടിനോടുള്ള നന്ദിപൂര്‍വകമായ സ്മരണയും.

You may also like