കഥ & കവിത

ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക്

Spread the love

പ്രവാചകപുത്രി സൈനബിന്റെ ഭര്‍ത്താവ് അബുല്‍ ആസ്വ് ബദ്ര്! യുദ്ധത്തില്‍ ബന്ദിയായി പിടിക്കപ്പെട്ടു. മറ്റു ബന്ദികളോടൊപ്പം അദ്ദേഹവും മോചിതനായി. ഭാര്യ സൈനബിനെ നബി തിരുമേനിയുടെ അടുത്തേക്ക് സുരക്ഷിതയായി അയക്കാമെന്ന വ്യവസ്ഥയിലായിരുന്നു അദ്ദേഹത്തിന്റെ മോചനം. മക്കയില്‍നിന്ന് രക്ഷപ്പെട്ടുവരുന്ന മകളെ കൂട്ടിക്കൊണടുവരാന്‍ നബി തിരുമേനി സൈദുബ്‌നു ഹാരിസയെയും മറ്റൊരാളെയുംകൂടി തന്‍ഈമിന് അടുത്തുള്ള യഅ്ജജ് താഴ്വരയിലേക്കയച്ചു.
സൈനബ് യാത്രക്കു തയ്യാറെടുത്തുകൊണടിരിക്കെ ഉത്ബയുടെ പുത്രി ഹിന്‍ദ് സാമ്പത്തിക സഹായങ്ങളും യാത്രാ സാധനങ്ങളും വാഗ്ദാനം ചെയ്തുവെങ്കിലും അവരത് നിരാകരിക്കുകയാണുണടായത്. നിശ്ചിതസമയമായപ്പോള്‍ അവര്‍ ഭര്‍തൃസഹോദരന്‍ കിനാനയുടെ കൂടെ യാത്ര പുറപ്പെട്ടു. സൈനബ് ഒട്ടകപ്പുറത്ത് തന്റെ കൂടാരത്തിലായിരുന്നു. എങ്കിലും ഖുറൈശി പ്രമുഖര്‍ അവരുടെ യാത്രാവിവരമറിഞ്ഞു. അവരെ ശത്രുക്കള്‍ വഴിയില്‍വെച്ച് പിടികൂടി. അവരെ തടയാന്‍ ആദ്യമവിടെയെത്തിയത് ഹബ്ബാറുബ്‌നുല്‍ അസ്വദായിരുന്നു. അയാള്‍ അവരെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഹബ്ബാറ് സൈനബിനെ ശാരീരികമായി ഉപദ്രവിക്കുമെന്ന അവസ്ഥയെത്തിയപ്പോഴേക്കും അബൂസുഫ്യാന്റെ നേതൃത്വത്തില്‍ ഒരുസംഘം ഖുറൈശി നേതാക്കള്‍ അവിടെയെത്തി. അബൂസുഫ്യാന്‍ സൈനബിന്റെ ഭര്‍തൃസഹോദരന്‍ കിനാനയോട് പറഞ്ഞു: ‘നമുക്കു സംഭവിച്ച വിപത്തിനെയും നാശത്തെയും സംബന്ധിച്ച് താങ്കള്‍ക്ക് നന്നായറിയാമല്ലോ. എന്നിട്ടും മുഹമ്മദിന്റെ മകളെ പകല്‍വെളിച്ചത്തില്‍ പരസ്യമായി രക്ഷപ്പെടുത്താനാണോ താങ്കളുടെ ശ്രമം? ഇത് അനുവദിക്കാനാവില്ല. കാരണം, ഇത് ഞങ്ങളെ നിന്ദിക്കുന്നതിനും പരിഹസിക്കുന്നതിനും തുല്യമാണ്. എന്നാല്‍, ഞങ്ങള്‍ ഇവളെ ദ്രോഹിക്കാനോ ബന്ദിയാക്കാനോ ഉദ്ദേശിക്കുന്നില്ല. പ്രതികാരം ചെയ്യലും ഞങ്ങളുടെ ലക്ഷ്യമല്ല. അതിനാല്‍ അവളെ വീട്ടിലേക്കുതന്നെ തിരിച്ചുകൊണടുപോവുക. നിര്‍ബന്ധമാണെങ്കില്‍ ഞങ്ങള്‍ തടഞ്ഞുവെച്ച വിവരം നാട്ടില്‍ പാട്ടായശേഷം രാത്രി ആരുമറിയാതെ രക്ഷപ്പെടുത്തിക്കൊള്ളുക.’
കിനാനക്ക് അബൂസുഫ്യാനെ അനുസരിക്കുകയേ നിര്‍വാഹമുണടായിരുന്നുള്ളൂ. അങ്ങനെ അവര്‍ യാത്ര ഉപേക്ഷിച്ച് മടങ്ങി. പിന്നീട് രാത്രിയായി ബഹളമെല്ലാം അടങ്ങിയശേഷമാണ് അയാള്‍ സഹോദര ഭാര്യ സൈനബിനെ രക്ഷപ്പെടുത്തി സൈദുബ്‌നു ഹാരിസയുടെയും കൂട്ടുകാരന്റെയും അടുത്തെത്തിച്ചത്. സൈനബിനെ സംബന്ധിച്ചിടത്തോളം ഭര്‍ത്താവുമായി പിരിയുകയെന്നത് ഏറെ പ്രയാസകരമായിരുന്നുവെങ്കിലും സത്യത്തോടും സന്മാര്‍ഗത്തോടുമുള്ള സ്‌നേഹവും കൂറും മറ്റെന്തിനേക്കാളും വലുതായിരുന്നു. അതിനാല്‍ അവരുടെ യാത്ര ഭര്‍ത്താവില്‍നിന്ന് പിതാവിലേക്കെന്നതിലുപരി ദുര്‍മാര്‍ഗത്തില്‍നിന്ന് സന്മാര്‍ഗത്തിലേക്കും ഇരുളില്‍നിന്ന് വെളിച്ചത്തിലേക്കുമുള്ള പ്രയാണമായിരുന്നു. സത്യത്തോടുള്ള പ്രതിബദ്ധത മറ്റെല്ലാ വികാരങ്ങളെയും പരാജയപ്പെടുത്താന്‍ പര്യാപ്തമാണെന്നു തെളിയിച്ച പ്രയാണം!1

1. പില്‍ക്കാലത്ത് ഇസ്ലാം സ്വീകരിച്ചു മദീനയിലെത്തിയ ഭര്‍ത്താവ് അബുല്‍ ആസിന് പ്രവാചകന്‍ പുത്രി സൈനബിനെ പുനര്‍ വിവാഹം കൂടാതെ തിരികെ നല്‍കി.

You may also like