കഥ & കവിത

അബൂ അയ്യൂബിന്റെ വീട്ടില്‍

Spread the love

മദീനയിലെത്തിയ പ്രവാചകനെ അവിടത്തെ വിശ്വാസികളോരോരുത്തരും തങ്ങളുടെ അതിഥിയായി വീട്ടില്‍ താമസിക്കാന്‍ സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചുകൊണടിരുന്നു. അതുകൊണടുതന്നെ നബി തിരുമേനി അതില്‍ സ്വന്തമായൊരു തീരുമാനമെടുത്തില്ല. അത് ദൈവവിധിക്കു വിട്ടുകൊടുത്തു. ഒട്ടകം മുട്ടുകുത്തുന്നത് ആരുടെ വീടിനടുത്താണോ അവിടെ തങ്ങാമെന്ന് തീരുമാനിച്ചു.
അവസാനം ആ സൌഭാഗ്യം സിദ്ധിച്ചത് അബൂഅയ്യൂബുല്‍ അന്‍സ്വാരിക്കാണ്. വീടിന്റെ മുകള്‍ത്തട്ടിനു പകരം അടിഭാഗത്ത് താമസിക്കാനാണ് പ്രവാചകന്‍ ഇഷ്ടപ്പെട്ടത്. അത് അബൂഅയ്യൂബിയെ വല്ലാതെ പ്രയാസപ്പെടുത്തി. പ്രവാചകന്റെ മുകളില്‍ താനും കുടുംബവുമാകുമല്ലോ എന്നതായിരുന്നു അദ്ദേഹത്തിന്റെ ആകുലത. അക്കാര്യം നബി തിരുമേനിയോട് തുറന്നുപറയുകയും ചെയ്തു. എന്നാല്‍ ജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കൂടുതല്‍ സൌകര്യം താഴെതന്നെയായതിനാല്‍ തിരുമേനി അവിടം തന്നെ തെരഞ്ഞെടുക്കുകയാണുണടായത്.
ഒരു രാത്രി അബൂഅയ്യൂബിന്റെ പാത്രം വീണുടഞ്ഞ് വെള്ളം നിലത്തൊഴുകി. അത് ഒലിച്ചിറങ്ങി പ്രവാചകന്റെ ശരീരത്തില്‍ ഇറ്റി വീഴുമോയെന്ന ചിന്ത അദ്ദേഹത്തെയും സഹധര്‍മിണിയെയും അത്യധികം അലോസരപ്പെടുത്തി. മറ്റൊന്നും ചിന്തിക്കാതെ അവര്‍ തങ്ങളുടെ വശമുണടായിരുന്ന പുതപ്പുകൊണട് ആ വെള്ളമൊക്കെയും ഒപ്പിയെടുത്തു. നല്ല തണുപ്പുള്ള ആ രാത്രി അവര്‍ പുതപ്പില്ലാതെ കഴിച്ചുകൂട്ടുകയും ചെയ്തു.
 

You may also like