
അബൂബസ്വീര് എങ്ങനെയോ ബന്ധനത്തില്‍നിന്ന് രക്ഷപ്പെട്ടു. ശത്രുക്കളുടെ കൊടിയ മര്‍ദനങ്ങള്‍ അദ്ദേഹത്തെ തീര്‍ത്തും അവശനാക്കിയിരുന്നു. എന്നിട്ടും, അദ്ദേഹം മദീനയിലേക്ക് കാല്‍നടയായി യാത്രയാരംഭിച്ചു. പ്രവാചകനോടും അനുചരന്മാരോടുമൊപ്പം ചെന്നുചേരാനുള്ള അദമ്യമായ അഭിനിവേശം അദ്ദേഹത്തെ മുന്നോട്ടുനയിച്ചു. നീണട ഏഴു ദിവസത്തെ നിരന്തര യാത്രയ്ക്കുശേഷം ലക്ഷ്യസ്ഥാനത്തെത്തി.
അപ്പോഴേക്കും വിവരമറിഞ്ഞ് ശത്രുക്കളും അവിടെ എത്തിയിരുന്നു. അവര്‍ നബി തിരുമേനിയെ സമീപിച്ചു.
അബൂബസ്വീര് താനനുഭവിച്ച പീഡാനുഭവങ്ങള്‍ ഒന്നൊന്നായി വിവരിച്ചു. കേട്ടുനിന്നവരൊക്കെ കണ്ണീര്‍വാര്‍ത്തു. തന്റെ വിഷമങ്ങള്‍ക്കൊക്കെ വിരാമമായെന്ന വിശ്വാസത്തോടെയാണ് അദ്ദേഹം അത്രയും വിശദീകരിച്ചത്. ശത്രുക്കളുടെ ക്രൂരകൃത്യങ്ങള്‍ സഹിക്കാനാവാതെ ആശ്വാസം തേടി അഭയാര്‍ഥിയായെത്തിയ തന്നെ ആ അക്രമികള്‍ക്ക് തിരിച്ചേല്‍പ്പിക്കുമെന്ന് അദ്ദേഹം സങ്കല്പിക്കുക പോലും ചെയ്തില്ല.
എന്നാല്‍, ഖുറൈശികളെ പ്രതിനിധീകരിച്ചെത്തിയവര്‍ ഹുദൈബിയ്യാ സന്ധിവ്യവസ്ഥകള്‍ ഓര്‍മിപ്പിച്ചു. അബൂബസ്വീറിനെ വിട്ടുകൊടുക്കാനവര് ആശ്യപ്പെട്ടു. ഇത് അദ്ദേഹത്തില്‍ അതിയായ അമ്പരപ്പും വിഭ്രാന്തിയും സൃഷ്ടിച്ചു. ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ അദ്ദേഹം നബി തിരുമേനിയോട് ചോദിച്ചു: ‘ദൈവദൂതരേ, സത്യവിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ കഠിന പീഡനങ്ങള്‍ക്കിരയാക്കുന്ന നിഷ്കരുണരായ അക്രമികള്‍ക്ക് അങ്ങ് എന്നെ ഇനിയും വിട്ടുകൊടുക്കുകയാണോ?’
‘അബൂബസ്വീര്, അവരുമായി നാം ചെയ്ത കരാറിനെക്കുറിച്ച് താങ്കള്‍ക്കറിയാമല്ലോ. അതു ലംഘിക്കുന്നത് വഞ്ചനയാണെന്നും, വാഗ്ദത്തലംഘനം വന്‍ പാപമാണെന്നും ഇസ്ലാം നമ്മെ പഠിപ്പിക്കുന്നു. അതിനാല്‍, താങ്കള്‍ പോകൂ. അല്ലാഹു താങ്കള്‍ക്കും കൂട്ടുകാര്‍ക്കും ആശ്വാസവും മോചനവും പ്രദാനം ചെയ്യട്ടെ’പ്രവാചകന് പറഞ്ഞു.
‘അങ്ങ് എന്നെ അവര്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കുകയാണോ?’ അബൂബസ്വീര് പൊട്ടിക്കരയുകയായിരുന്നു.
‘പോകൂ, അബൂബസ്വീര്. അല്ലാഹു താങ്കളെ രക്ഷപ്പെടുത്താതിരിക്കില്ല.’നബി തിരുമേനി അദ്ദേഹത്തെ സമാധാനിപ്പിച്ചു. കണ്ണീര് തുള്ളികളും ചുടുനിശ്വാസങ്ങളും അദ്ദേഹത്തെ യാത്രയയച്ചു.