കഥ & കവിത

അബൂജന്‍ദലിന്റെ കഥ

Spread the love

ഹിജ്‌റ ആറാം വര്‍ഷം. ഹുദൈബിയ്യയില്‍വെച്ച് മുസ്ലിംകളും മക്കയിലെ അവരുടെ എതിരാളികളും തമ്മില്‍ സന്ധിസംഭാഷണം നടന്നുകൊണടിരിക്കുകയാണ്. മുസ്ലിംകളുടെ ഭാഗത്തുനിന്ന് സംഭാഷണത്തിന് നേതൃത്വം നല്‍കുന്നത് നബി തിരുമേനിതന്നെ. പ്രതിയോഗികളെ പ്രതിനിധീകരിക്കുന്നത് സുഹൈലുബ്‌നു അംറാണ്. ചര്‍ച്ചകള്‍ക്കൊടുവില്‍ കരാര്‍വ്യവസ്ഥകള്‍ പൂര്‍ത്തിയായി. നബിതിരുമേനി നിര്‍ദേശിച്ചതനുസരിച്ച് അലി അവ രേഖപ്പെടുത്തുകയും ചെയ്തു. പ്രത്യക്ഷത്തിലവ മുസ്ലിംകള്‍ക്ക് പ്രതികൂലമായിരുന്നു. അംഗീകരിക്കാന്‍ ഏറെ പ്രയാസമുള്ളവയും. പ്രത്യേകിച്ചും നാലാമത്തെയും അഞ്ചാമത്തെയും വ്യവസ്ഥകള്‍: ‘അടുത്ത വര്‍ഷം മക്കയില്‍ വന്ന് തിരിച്ചുപോവുമ്പോള്‍ അവിടെ അവശേഷിക്കുന്ന മുസ്ലിംകളെ കൂടെ കൊണടുപോവരുത്. മുസ്ലിംകളാരെങ്കിലും മക്കയിലേക്ക് തിരിച്ചുവരാനാഗ്രഹിക്കുകയാണെങ്കില്‍ അവരെ തടയുകയുമരുത്. മുസ്ലിംകളിലോ അമുസ്ലിംകളിലോ പെട്ട ആരെങ്കിലും മദീനയിലേക്കുപോയാല്‍ അവരെ തിരിച്ചയക്കണം. എന്നാല്‍ മുസ്ലിംകളിലാരെങ്കിലും മക്കയിലേക്കുവന്നാല്‍ അവരെ തിരിച്ചയക്കുന്നതല്ല.’
കരാര്‍പത്രം തയ്യാറാക്കിക്കൊണടിരിക്കെ സുഹൈലിന്റെ മകന്‍ അബൂജന്‍ദല്‍ എങ്ങനെയോ അവിടെയെത്തി. കാല്‍ച്ചങ്ങലയും വലിച്ച് മുസ്ലിംകളുടെ മുന്നില്‍ വന്നുവീണു.
യഥാര്‍ഥത്തില്‍ ഹിജ്‌റക്ക് മുമ്പുതന്നെ അദ്ദേഹം ഇസ്ലാമില്‍ ആകൃഷ്ടനായിരുന്നു. പ്രവാചകന്റെ വ്യക്തിത്വവും ജീവിതവിശുദ്ധിയും ബാലനായ അബൂജന്‍ദലിനെ അഗാധമായി സ്വാധീനിച്ചു. നബി തിരുമേനിയുടെ ക്ഷണം ദൈവിക സന്മാര്‍ഗത്തിലേക്കാണെന്നതില്‍ അവനൊട്ടും സംശയമുണടായിരുന്നില്ല. എങ്കിലും ധാര്‍ഷ്ട്യവും ദുര്‍വാശിയുമായിക്കഴിഞ്ഞ പിതാവ് സുഹൈലിനെ ഭയന്ന് എല്ലാം ഉള്ളിലൊതുക്കി കഴിയുകയായിരുന്നു.
നബി തിരുമേനിയുടെയും അനുചരന്മാരുടെയും ഹിജ്‌റക്കുശേഷം അബൂജന്‍ദല്‍ തീവ്രമായ മനോവേദനയും അന്തഃസംഘര്‍ഷവുമായി മക്കയില്‍ തന്നെ കഴിച്ചുകൂട്ടി. ആകപ്പാടെ സദാ ഒരുതരം വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടു.
ആയിടെയാണ് ബദ്ര്! യുദ്ധത്തിനുള്ള ആഹ്വാനമുണടായത്. അബൂജഹ്ലിന്റെ നേതൃത്വത്തില്‍ പുറപ്പെട്ട മക്കക്കാരോടൊപ്പം അബൂജന്‍ദലും ചേര്‍ന്നു. തനിക്കു ലഭിച്ച അപൂര്‍വാവസരമായി അദ്ദേഹമത് കണക്കാക്കി.
ബദ്‌റില്‍വെച്ച് മുസ്ലിംകളും ശത്രുക്കളും തമ്മിലേറ്റുമുട്ടി. പോരാട്ടം രൂക്ഷമായ ഘട്ടത്തില്‍ അബൂജന്‍ദല്‍ മുസ്ലിംകളോടൊപ്പം ചേര്‍ന്നു.
യുദ്ധത്തില്‍ ഖുറൈശികള്‍ അതിദയനീയമായി പരാജയപ്പെട്ടെങ്കിലും അബൂജന്‍ദല്‍ അവരുടെ പിടിയില്‍പെട്ടു. അതോടെ അദ്ദേഹത്തിന്റെ കൈകാലുകളില്‍ ചങ്ങല വീണു. മക്കയില്‍ കൊണടുവന്ന് അവരദ്ദേഹത്തെ തടവിലിട്ടു. ഇരുമ്പുചങ്ങലകളില്‍ ബന്ധിതനായിക്കഴിഞ്ഞ അദ്ദേഹത്തെ പിതാവും കൂട്ടാളികളും പട്ടിണിക്കിട്ടു. ചാട്ടവാര്‍കൊണട് കഠിനമായി പ്രഹരിച്ചു. ചുട്ടുപഴുത്ത ഇരുമ്പുകമ്പികൊണട് ചൂടുവെച്ചു. ശകാരവും പരിഹാസവുംകൊണട് പൊറുതിമുട്ടിച്ചു. എങ്കിലും അദ്ദേഹമൊട്ടും പതറിയില്ല. പാറപോലെ സത്യത്തിലുറച്ചുനിന്നു.
അങ്ങനെ അസഹ്യമായ വേദനയും ദുഃഖവും സഹിച്ച് തടവില്‍കഴിയവെയാണ് നബി തിരുമേനിയുടെയും അനുചരന്മാരുടെയും ആഗമനവാര്‍ത്തയറിഞ്ഞത്. അബൂജന്‍ദല്‍ എങ്ങനെയോ തടവില്‍നിന്ന് രക്ഷപ്പെട്ട് ഹുദൈബിയ്യയിലെത്തിച്ചേര്‍ന്നു.
ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ താന്‍ അനുഭവിച്ച ക്രൂരതകളും കഷ്ടപ്പാടുകളും ഒന്നൊന്നായി വിവരിച്ചു. കേട്ടുനിന്നവരുടെയൊക്കെ കണ്ണുകള്‍ നനഞ്ഞു. അവസാനം അദ്ദേഹം ആവശ്യപ്പെട്ടു: ‘അല്ലാഹുവിന്റെ ദൂതരേ, എന്നെ അവിശ്വാസികളുടെ പിടിയില്‍നിന്ന് കൂടെ കൂട്ടിയാലും.’
ഖുറൈശികളുടെ പ്രതിനിധി സുഹൈലും ഇതു കേട്ടുകൊണടിരുന്നു. അപ്പോള്‍ മകന്‍ അബൂജന്‍ദലിനോടുള്ള കോപം അയാളില്‍ ആളിക്കത്തുകയായിരുന്നു. സുഹൈല്‍ പ്രവാചകനോട് പറഞ്ഞു: ‘സന്ധിവ്യവസ്ഥകള്‍ പൂര്‍ത്തീകരിക്കേണട ആദ്യത്തെ അവസരമാണിത്.’ കരാര്‍വ്യവസ്ഥയനുസരിച്ച് നബി തിരുമേനിക്ക് അബൂജന്‍ദലിനെ കൂടെകൊണടുപോവാന്‍ അനുവാദമുണടായിരുന്നില്ല.
പ്രവാചകന്‍ കടുത്ത പ്രതിസന്ധിയിലകപ്പെട്ടു. ഒരുവശത്ത് കരാര്‍ പാലിക്കേണടതിന്റെ അനിവാര്യത. മറുഭാഗത്ത് നിസ്സഹായനും മര്‍ദിതനുമായ മുസ്ലിംസഹോദരനോടുള്ള പ്രതിബദ്ധത. അവിടുന്ന് അതിശക്തമായ അന്തഃസംഘര്‍ഷത്തിനടിപ്പെട്ടു. അബൂജന്‍ദല്‍ അപ്പോഴും ആരിലും സഹതാപമുണര്‍ത്തുമാറ് ദയനീയമായി അഭ്യര്‍ഥിച്ചുകൊണടിരുന്നു:
‘എന്നെ അവിശ്വാസികളുടെ കൈകളില്‍ തിരിച്ചേല്‍പ്പിക്കരുതേ.’
ഈ രംഗത്തിനു സാക്ഷ്യംവഹിച്ച മുസ്ലിംകളൊക്കെയും നന്നേക്‌ളേശിച്ചു. അവരുടെ മുഖം മ്‌ളാനമായി. ഹൃദയം തേങ്ങി. കണ്ണുകള്‍ ഈറനണിഞ്ഞു. ഉമറുല്‍ ഫാറൂഖ് വേദന സഹിക്കാനാവാതെ നബിതിരുമേനിയോടിങ്ങനെ ചോദിച്ചു: ‘അങ്ങ് അല്ലാഹുവിന്റെ യഥാര്‍ഥ ദൂതനാണെങ്കില്‍ എന്തിനു നാമീ അപമാനം സഹിക്കണം?’
കരാര്‍പത്രത്തിലെ വ്യവസ്ഥയനുസരിച്ച് അബൂജന്‍ദലിനെ ശത്രുക്കളോടൊത്ത് അയയ്ക്കാന്‍ മാത്രമേ നബിക്ക് നിര്‍വാഹമുണടായിരുന്നുളളൂ. അവിടുന്ന് അതുതന്നെ ചെയ്തു. ഇതിലൂടെ അബൂജന്‍ദല്‍ പരീക്ഷിക്കപ്പെടുകയായിരുന്നു. മനസ്സില്‍ എന്തെങ്കിലും ദൌര്‍ബല്യമുണെടങ്കില്‍ അദ്ദേഹം സത്യമതത്തില്‍നിന്ന് പിന്തിരിയുമായിരുന്നു. നബി തിരുമേനിയുടെ നീതിബോധവുമിവിടെ മാറ്റുരയ്ക്കപ്പെട്ടു. വ്യവസ്ഥകള്‍ എഴുതി പൂര്‍ത്തിയായിട്ടില്ലെന്ന ന്യായം പറഞ്ഞ് ഒഴിഞ്ഞുമാറാമായിരുന്നു. പക്ഷേ, അതു പ്രവാചകനു പറ്റിയതല്ല. വ്യവസ്ഥകള്‍ നിശ്ചയിക്കപ്പെട്ടതിനാല്‍ സാങ്കേതികത്വം പറഞ്ഞ് ന്യായങ്ങള്‍ ചമയ്ക്കാന്‍ അവിടുത്തെ നീതിനിഷ്ഠയും മൂല്യബോധവും അനുവദിച്ചില്ല. കടുത്ത മനോവേദനയോടെയാണെങ്കിലും വ്യവസ്ഥ പാലിച്ചു.
ഇത് ഏറ്റവുംകൂടുതല്‍ പരീക്ഷണമായത് നബി തിരുമേനിയുടെ കൂടെയുള്ളവര്‍ക്കാണ്. അവിടുത്തോടുള്ള അനുസരണത്തിന്റെ തീവ്രമായ പരീക്ഷണം. പ്രത്യക്ഷത്തില്‍ തങ്ങള്‍ക്ക് അസഹ്യമായ അബൂജന്‍ദലിന്റെ അവസ്ഥയോട്, പ്രവാചകനോടുള്ള നിഷ്‌കളങ്കവും ത്യാഗപൂര്‍ണവുമായ അനുസരണത്തിന്റെ പേരില്‍ അവര്‍ പൊരുത്തപ്പെട്ടു.
യാത്രയയക്കവേ അവിടുന്ന് അബൂജന്‍ദലിനെ ആശ്വസിപ്പിച്ചു: ‘ക്ഷമിക്കുക. സ്ഥൈര്യം കൈവിടാതിരിക്കുക. അല്ലാഹു താങ്കള്‍ക്കും മറ്റു മര്‍ദിതര്‍ക്കും എന്തെങ്കിലും മോചന മാര്‍ഗം തുറന്നുതരാതിരിക്കില്ല. ഇപ്പോള്‍ സന്ധിവ്യവസ്ഥകള്‍ നിശ്ചയിക്കപ്പെട്ടതിനാല്‍ കരാര്‍ലംഘനം നടത്താന്‍ നിര്‍വാഹമില്ല.’

അബൂജന്‍ദല്‍ കാല്‍ച്ചങ്ങലയും വലിച്ചുപോകുന്നത് നബി തിരുമേനിയും അനുചരന്മാരും നിറകണ്ണുകളോടെ നോക്കിനിന്നു.

You may also like