കഥ & കവിത

അപവാദപ്രചാരകര്‍ക്കും മാപ്പ്

Spread the love

ബനുല്‍ മുസ്ത്വലഖ് യുദ്ധാനന്തരം പ്രവാചകനും അനുചരന്മാരും അതിവേഗം മടങ്ങുകയായിരുന്നു. യാത്രാമധ്യേ വിശ്രമിക്കാനായി അവര്‍ മദീനക്കടുത്തുള്ള ഒരിടത്ത് താവളമടിച്ചു. പ്രവാചകപത്‌നി ആഇശ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനായി അല്‍പം ദൂരെ പോയി. തിരിച്ചുവരവെ തനിക്കേറെ പ്രിയപ്പെട്ട കല്ലുമാല വീണുപോയതറിഞ്ഞു. അവര്‍ അതന്വേഷിച്ച് തിരിച്ചുനടന്നു. അത് പരതുന്നതിനിടയില്‍ സമയം പോയതറിഞ്ഞില്ല. അവര്‍ മടങ്ങിയെത്തിയപ്പോഴേക്കും യാത്രാസംഘം സ്ഥലംവിട്ടിരുന്നു. പ്രവാചക പത്‌നി യാത്രയില്‍ സഞ്ചരിക്കാറുള്ള പല്ലക്കില്‍ അവരുണടാകുമെന്ന് കരുതി അത് വാഹനപ്പുറത്ത് കയറ്റിവെച്ചാണ് സംഘം യാത്രയായത്. കൃശഗാത്രയായ അവരതിലില്ലാത്തത് എടുത്തുവെച്ചവര്‍ അറിഞ്ഞില്ല.
സഹയാത്രികരെല്ലാം സ്ഥലംവിട്ടതിനാല്‍ എല്ലാം അല്ലാഹുവില്‍ സമര്‍പ്പിച്ച് അവരവിടെത്തന്നെ വിശ്രമിച്ചു. ഏറെക്കഴിയുംമുമ്പെ അവര്‍ മയക്കത്തിലാണടു. അപ്പോഴാണ് സ്വഫ്വാനുബ്‌നു മുഅത്ത്വല്‍ അവിടെ എത്തിയത്. സൈന്യത്തിന്റെ സുരക്ഷ ലക്ഷ്യംവെച്ച് യാത്രാസംഘത്തിന് പിറകെ സഞ്ചരിക്കാന്‍ പ്രവാചകന്‍ ചുമതലപ്പെടുത്തിയതായിരുന്നു അദ്ദേഹത്തെ. ആഇശയെ തിരിച്ചറിഞ്ഞ സഫ്വാന്‍ അവരെ വാഹനപ്പുറത്തു കയറ്റി അതിവേഗം യാത്രാസംഘത്തോടൊപ്പമെത്തി.
ഈ സംഭവം ചില അപഥ ധാരണകള്‍ക്കിടവരുത്തി. കപടവിശ്വാസികളായ ചിലര്‍ ആഇശക്കെതിരെ അപവാദപ്രചാരണങ്ങളിലേര്‍പ്പെട്ടു. അതില്‍ പങ്കുവഹിച്ചവരിലൊരാളായിരുന്നു മിസ്ത്വഹ്. അദ്ദേഹം ആഇശയുടെ പിതാവ് അബൂബക്കര്‍ സദ്ദീഖിന്റെ ബന്ധുവായിരുന്നു. ദരിദ്രനായ മിസ്വ്ത്വഹിന് സിദ്ദീഖായിരുന്നു ജീവനാംശം നല്‍കിവന്നത്.
അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ ആഇശയുടെ നിരപരാധിത്വം വിളംബരം ചെയ്യുകയും അപവാദാരോപണത്തില്‍ മുഴുകിയവരെ കുറ്റപ്പെടുത്തുകയും ചെയ്തതോടെ അബൂബക്കര്‍ സിദ്ദീഖ് തന്റെ ബന്ധുവായ മിസ്ത്വഹിന് നല്‍കിവന്നിരുന്ന സഹായം നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. മകളെ സംബന്ധിച്ച് അപവാദം പ്രചരിപ്പിച്ചതിലുള്ള മനോവിഷമമായിരുന്നു അത്തരമൊരു തീരുമാനത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എന്നാല്‍, ഈ സമീപനം പ്രവാചകന് ഒട്ടും ഇഷ്ടപ്പെട്ടില്ല. അല്ലാഹുവിനും അത് സ്വീകാര്യമായിരുന്നില്ല. അതുകൊണടുതന്നെ ഈ നടപടിയെ വിലക്കുന്ന വിശുദ്ധ വചനം അവതീര്‍ണമായി: ‘നിങ്ങളില്‍ ദൈവാനുഗ്രഹവും സാമ്പത്തിക കഴിവുമുള്ളവര്‍ തങ്ങളുടെ കുടുംബക്കാര്‍ക്കും അഗതികള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നാടുവെടിഞ്ഞ് പലായനം ചെയ്‌തെത്തിയവര്‍ക്കും സഹായം ചെയ്യുകയില്ലെന്ന് ശപഥമെടുക്കരുത്. അവര്‍ മാപ്പു നല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമ കാരുണികനുമാണ്.”(24:22)
ഈ ഖുര്‍ആന്‍ സൂക്തം അവതീര്‍ണമായതോടെ അബൂബക്കര്‍ സിദ്ദീഖ് പ്രവാചകനെ സമീപിച്ച് അറിയിച്ചു: ‘ദൈവദൂതരേ, അല്ലാഹു പൊറുത്തുതരണമെന്ന് തീര്‍ച്ചയായും ഞങ്ങളാഗ്രഹിക്കുന്നു.’
തുടര്‍ന്ന് തന്റെ ശപഥത്തില്‍ പശ്ചാത്തപിച്ചും അല്ലാഹുവോട് മാപ്പപേക്ഷിച്ചും മിസ്ത്വഹിനോട് വിട്ടുവീഴ്ച കാണിച്ചു. നിര്‍ത്തലാക്കിയ സഹായം പുനരാരംഭിക്കുകയും ചെയ്തു. അതോടെ പ്രവാചകന്‍ ഏറെ സന്തുഷ്ടനാവുകയും അബൂബക്കര്‍ സിദ്ദീഖിനെ അനുമോദിക്കുകയും ചെയ്തു. സ്വന്തം സഹധര്‍മിണിക്കെതിരെ അപവാദം പ്രചരിപ്പിച്ചവരോടുപോലും ഉദാരത ഉപേക്ഷിക്കരുതെന്നതായിരുന്നു പ്രവാചകന്റെ നിലപാട്. ഖുര്‍ആന്‍ അതിന് പിന്‍ബലമേകുകയും ചെയ്തു.
 

You may also like