കഥ & കവിത

അന്‍സ്വാറുകളുടെ സംതൃപ്തി

Spread the love

ഹുനൈന്‍ യുദ്ധത്തില്‍ ലഭിച്ച സമ്പത്ത് നബി തിരുമേനി വിതരണം ചെയ്തത് പുതുതായി ഇസ്ലാം ആശ്‌ളേഷിച്ചവര്‍ക്കിടയിലായിരുന്നു. ലക്ഷ്യം ഇസ്ലാമിന്റെ നേട്ടവും മുസ്ലിം സമുദായത്തിന്റെ സുരക്ഷിതത്വവും തന്നെ. അതിനാല്‍, അന്‍സ്വാറുകള്‍ക്ക് അതില്‍നിന്നൊന്നും ലഭിച്ചില്ല. ഇത് അവരില്‍ ചിലരെ അസംതൃപ്തരാക്കി. അവരതിങ്ങനെ പ്രകടിപ്പിക്കുകയും ചെയ്തു: ‘പ്രവാചകന് പടച്ചതമ്പുരാന്‍ പൊറുത്തുകൊടുക്കട്ടെ. അദ്ദേഹം എല്ലാം കൊടുത്തത് ഖുറൈശികള്‍ക്കാണ്. നമ്മെ അവഗണിച്ചിരിക്കുന്നു. അതേസമയം യുദ്ധവിജയത്തിന് വഴിയൊരുക്കിയത് നമ്മുടെ ആയുധങ്ങളാണ്.’
അന്‍സ്വാറുകളുടെ ഈ പ്രതിഷേധത്തെപ്പറ്റി പ്രവാചകനും കേട്ടറിഞ്ഞു. അതിനാല്‍, അവിടുന്ന് അവരെയൊക്കെ വിളിച്ചുവരുത്തി. എല്ലാവരും ഒത്തുകൂടിയപ്പോള്‍ അവരുടെ പരാതിയെസ്സംബന്ധിച്ച് അന്വേഷിച്ചു. അപ്പോഴവര്‍ പറഞ്ഞു: ‘ചില ചെറുപ്പക്കാരാണ് അവ്വിധം പരാതിപ്പെട്ടത്. മുതിര്‍ന്നവരും നേതാക്കളുമൊന്നും അതിലിടപെട്ടിട്ടില്ല.’
സന്ദര്‍ഭത്തിന്റെ താല്‍പര്യം പരിഗണിച്ച് നബി തിരുമേനി ചെറുപ്രഭാഷണം നിര്‍വഹിച്ചു. അവിടുന്ന് അരുള്‍ചെയ്തു: ‘അന്‍സാറുകളേ, സമരാര്‍ജിതസമ്പത്തിന്റെ വിതരണത്തില്‍ നിങ്ങള്‍ അസംതൃപ്തരാണെന്നറിയാന്‍ കഴിഞ്ഞു. നിങ്ങള്‍ അധര്‍മത്തിലാണടുകിടന്ന ഘട്ടത്തിലാണ് ഞാന്‍ വന്നത്. അങ്ങനെ അല്ലാഹു എന്നിലൂടെ നിങ്ങളെ സന്മാര്‍ഗത്തിലാക്കിയില്ലേ? ദരിദ്രരായിരുന്ന നിങ്ങളെ അവന്‍ സമ്പന്നരാക്കിയില്ലേ? പരസ്പരം പകയും പോരുമായി കഴിഞ്ഞുകൂടിയിരുന്ന നിങ്ങള്‍ക്കിടയില്‍ ഞാന്‍ വഴി അല്ലാഹു ഐക്യവും മമതയും സൌഹാര്‍ദവും സാഹോദര്യവും വളര്‍ത്തിയില്ലേ?’
‘തീര്‍ച്ചയായും! അല്ലാഹുവും അവന്റെ ദൂതനും ചെയ്ത ഔദാര്യത്തിന് ഞങ്ങളെന്നും കടപ്പെട്ടവര്‍തന്നെ’അന്‍സ്വാറുകള്‍ പ്രതിവചിച്ചു.
അല്‍പസമയത്തെ മൌനത്തിനുശേഷം നബി തിരുമേനി അവരോട് ചോദിച്ചു: ‘നിങ്ങള്‍ എന്തുകൊണടിങ്ങനെ തിരിച്ചുചോദിക്കുന്നില്ല: അല്ലയോ മുഹമ്മദ്! സ്വന്തം ജനത അവിശ്വസിച്ച് ആട്ടിയോടിച്ചപ്പോള്‍ നീ ഞങ്ങളുടെയടുത്തുവന്നു. ഞങ്ങള്‍ നിനക്കഭയം നല്‍കിയില്ലേ? നിന്നില്‍ വിശ്വാസമര്‍പ്പിച്ചില്ലേ? നിനക്കാരും സഹായികളില്ലാതിരുന്നപ്പോള്‍ ഞങ്ങള്‍ സര്‍വതും സമര്‍പ്പിച്ച് സഹായിച്ചില്ലേ? സ്വന്തം വീട്ടില്‍നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ നിനക്ക് വീട് നല്‍കിയില്ലേ? നിനക്ക് സംരക്ഷണമാവശ്യമായിവന്നപ്പോള്‍ സ്വയം അത് തന്നില്ലേ?’
തുടര്‍ന്ന് അവിടുന്ന് സംശയങ്ങള്‍ക്ക് നിവാരണം വരുത്തിക്കൊണടിങ്ങനെ പറഞ്ഞു: ‘ജനങ്ങള്‍ ആടുമാടുകളുമായി പോകുമ്പോള്‍ നിങ്ങള്‍ അല്ലാഹുവിന്റെ ദൂതനുമായി തിരിച്ചുപോകുന്നത് നിങ്ങള്‍ക്കിഷ്ടമല്ലേ? മുഴുവനാളുകള്‍ക്കും കിട്ടിയതിനെക്കാള്‍ ഉത്തമമായതാണ് നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്; തീര്‍ച്ച.’
‘അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ പൂര്‍ണ സംതൃപ്തരാണ്’അന്‍സ്വാറുകള്‍ ഏകസ്വരത്തില്‍ പ്രതിവചിച്ചു.
 

You may also like