വലീദുബ്‌നു മുഗീറ ഖുറൈശികളുടെ പ്രമുഖ നേതാവായിരുന്നു. മക്കയിലെ സമുന്നത നേതാവും. അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കും വാക്കുകള്‍ക്കും സമൂഹത്തില്‍ വലിയ സ്വാധീനമുണടായിരുന്നു. അതുകൊണടുതന്നെ വലീദ് സന്മാര്‍ഗം സ്വീകരിച്ചെങ്കിലെന്ന് പ്രവാചകന്‍ അതിയായാഗ്രഹിച്ചു. എങ്കിലത് മക്കയില്‍ ഇസ്ലാമിന് വളരെയേറെ കരുത്ത് പകരും. എതിര്‍പ്പുകള്‍ ഗണ്യമായി കുറയും. അക്രമ മര്‍ദനങ്ങള്‍ക്കും ശമനമുണടാകും. ഇക്കാരണങ്ങളാലെല്ലാമാണ് നബിതിരുമേനി അദ്ദേഹത്തെ ക്ഷണിച്ചുവരുത്തിയത്. അവിടുന്ന് വലീദുമായി ശ്രദ്ധാപൂര്‍വം സംസാരിച്ചുകൊണടിരിക്കുകയാണ്. അപ്പോഴാണ് അന്ധനായ അബ്ദുല്ലാഹിബ്‌നു ഉമ്മു മക്തൂം അവിടെ കടന്നുവന്നത്. അദ്ദേഹം പ്രവാചകനോട് ഖുര്‍ആന്‍ വാക്യങ്ങള്‍ പാരായണം ചെയ്തുകൊടുക്കാന്‍ ആവശ്യപ്പെട്ടു. ഏറെ പ്രതീക്ഷയോടെയും ജാഗ്രതയോടെയും വലീദുമായി സംസാരിച്ചുകൊണടിരുന്ന പ്രവാചകന്‍ അദ്ദേഹത്തിന്റെ അഭ്യര്‍ഥന ശ്രദ്ധിച്ചില്ല. അതിനാല്‍, അന്ധനായ അബ്ദുല്ല തന്റെ ആവശ്യം ആവര്‍ത്തിച്ചു. എങ്കിലും പ്രവാചകനത് പരിഗണിച്ചില്ല. മുഖത്ത് നീരസം പ്രകടമാവുകയും ചെയ്തു. ഇതൊന്നും ആ അന്ധന്‍ അറിഞ്ഞിരിക്കില്ല. അറിഞ്ഞാലും ഗൌരവത്തിലെടുക്കാനും ഇടയില്ല. പ്രവാചകന്‍ തിരക്കിലായതിനാലായിരിക്കാമെന്ന് കരുതി സമാധാനിച്ചേക്കാം. എന്നാലും അന്ത്യദൂതനും ലോകഗുരുവും വിശുദ്ധിയുടെ വിശ്വരൂപവുമായ നബിതിരുമേനിയില്‍നിന്ന് ഇങ്ങനെയൊന്നുണടാവുന്നത് അല്ലാഹുവിന് അംഗീകരിക്കാന്‍ സാധിക്കുമായിരുന്നില്ല. അന്ധനായ അടിമ അവഗണിക്കപ്പെടുന്നതും അവ്വിധം തന്നെ. അതിനാല്‍, പ്രവാചകന്റെ നാവിലൂടെ അവതീര്‍ണമായ വിശുദ്ധ ഖുര്‍ആന്‍ വാക്യങ്ങളിലൂടെ തന്നെ അദ്ദേഹം നിശിതമായി നിരൂപണം ചെയ്യപ്പെട്ടു. അല്ലാഹു അറിയിച്ചു:
‘അദ്ദേഹം നെറ്റിചുളിച്ചു; മുഖം തിരിച്ചു; കുരുടന്റെ വരവുകാരണം. നിനക്കെന്തറിയാം? ഒരുവേള അവന്‍ വിശുദ്ധിവരിച്ചെങ്കിലോ? അഥവാ, ഉപദേശം ശ്രദ്ധിക്കുകയും ആ ഉപദേശം അയാള്‍ക്ക് ഉപകരിക്കുകയും ചെയ്‌തേക്കാമല്ലോ. എന്നാല്‍, താന്‍ പോരിമ നടിച്ചവനോ; അവന്റെ നേരെ നീ ശ്രദ്ധതിരിച്ചു. അവന്‍ നന്നായില്ലെങ്കില്‍ നിനക്കെന്ത്? എന്നാല്‍ നിന്നെത്തേടി ഓടിവന്നവനോ? അവന്‍ ദൈവഭക്തിയുള്ളവനാണ്. എന്നിട്ടും നീ അവന്റെ നേരെ അശ്രദ്ധകാണിച്ചു. അറിയുക: ഇതൊരുദ്‌ബോധനമാണ്. അതിനാല്‍ മനസ്സുള്ളവര്‍ ഇതോര്‍ക്കട്ടെ, ആദരണീയമായ ഏടുകളിലാണിതുള്ളത്. ഉന്നതങ്ങളും വിശുദ്ധങ്ങളുമായ ഏടുകളില്‍.'(ഖുര്‍ആന്‍: 80: 114)
ഇവിടെ ഖുര്‍ആന്‍ വാദിച്ചത് കണ്ണുപൊട്ടനുവേണടിയാണ്. ഗുണദോഷിച്ചത് പ്രവാചകനെയും. അതും പ്രവാചകന്റെ നാവിലൂടെ ദൈവിക ഗ്രന്ഥത്തില്‍. അങ്ങനെ അന്ധനായ അബ്ദുല്ല ചരിത്രത്തില്‍ അനശ്വരനായി. അദ്ദേഹത്തെപ്പോലുള്ളവരെ അവഗണിക്കുന്നവര്‍ക്ക് താക്കീതും.
കഥ & കവിത