കഥ & കവിത

അനുസരണക്കേട് വരുത്തിയ വിന

Spread the love

ബദ്‌റിലുണടായ പരാജയം ഖുറൈശി പ്രമുഖരെ പ്രതികാര മൂര്‍ത്തികളാക്കി. പുരുഷന്മാര്‍ക്ക് പോരാട്ട വീര്യം പകര്‍ന്നുകൊടുത്തിരുന്നത് സ്ത്രീകളായിരുന്നു. യുദ്ധത്തിന് പുറപ്പെടാന്‍ അറച്ചു നിന്നവരെ അപഹസിച്ചും ആക്ഷേപിച്ചും അവര്‍ രംഗത്തിറക്കി.
ഇങ്ങനെ ഖുറൈശിക്കൂട്ടം കൊട്ടും കുരവയുമായി മദീനയെ ആക്രമിക്കാന്‍ ഇറങ്ങിത്തിരിച്ചു. വമ്പിച്ച സൈന്യവും ആയുധ സന്നാഹങ്ങളുമായാണ് അവര്‍ പോരാട്ടത്തിന് പുറപ്പെട്ടത്. കൂടെ ഹിന്ദിന്റെ നേതൃത്വത്തില്‍ പെണ്‍പടയുമുണടായിരുന്നു.
വിവരമറിഞ്ഞ പ്രവാചകന്‍ അനുചരന്മാരുമായി കൂടിയാലോചിച്ച് ശത്രുക്കളെ നേരിടാനൊരുങ്ങി. മദീനാ നഗരിക്കു പുറത്തു വെച്ച് എതിരാളികളെ തടയാമെന്നായിരുന്നു തീരുമാനം. അതനുസരിച്ച് ഉഹ്ദിലെത്തിയ ഇസ്ലാമിക സമൂഹം അവിടെ തമ്പടിച്ചു. സൈനിക വിന്യാസത്തിന്റെ ഭാഗമായി പ്രവാചകന്‍ അബ്ദുല്ലാഹിബ്‌നു ജുബൈറിന്റെ നേതൃത്വത്തില്‍ അമ്പത് വില്ലാളിവീരന്മാരെ ഉഹുദ് മലയുടെ മുകളില്‍ നിര്‍ത്തി. തുടര്‍ന്ന് അവരോട് നിര്‍ദേശിച്ചു:
‘നമ്മുടെ പിന്‍വശത്തുള്ള ഈ ഭാഗം നിങ്ങള്‍ സംരക്ഷിക്കണം. ഈ ഭാഗത്തിലൂടെ അവര്‍ നമ്മുടെ മേല്‍ ചാടിവീണേക്കും. അതിനാല്‍ നിങ്ങള്‍ ഇവിടെത്തന്നെ ഉണടാവണം. ഇവിടെനിന്ന് ഒരു കാരണവശാലും അനങ്ങിപ്പോകരുത്. എതിരാളികളെ പരാജയപ്പെടുത്തി, അവരുടെ മേഖലയില്‍ ഞങ്ങള്‍ കടന്നുകയറുന്നത് കണടാലും നിങ്ങള്‍ സ്ഥലം വിടരുത്. ഞങ്ങള്‍ കൊല്ലപ്പെടുന്നത് കണടാല്‍ പോലും ഞങ്ങളെ രക്ഷപ്പെടുത്താനായി ശത്രുക്കളോട് ഏറ്റുമുട്ടാന്‍ നിങ്ങളിറങ്ങിത്തിരിക്കരുത്. അവരുടെ കുതിരകളുടെ നേരെ അമ്പെയ്താല്‍ മാത്രം മതി. അമ്പുകള്‍ ചെല്ലുന്നത് കണടാല്‍ അവ മുന്നോട്ട് വരില്ല.’

പ്രവാചകനും അനുചരന്മാരും ശത്രുക്കളെ പരാജയപ്പെടുത്തി, പടക്കളം കീഴ്‌പ്പെടുത്തുന്നത് മലമുകളില്‍നിന്ന് നോക്കിക്കണട ഈ സംഘം നബി തിരുമേനിയുടെ നിര്‍ദേശം മറന്നു. അവര്‍ ഗ്രൂപ്പ് ലീഡറുടെ വിലക്ക് വകവെക്കാതെ പടക്കളത്തിലേക്ക് ഓടിയിറങ്ങി. പിന്തിരിഞ്ഞോടിക്കൊണടിരുന്ന ശത്രുക്കള്‍ ഇത് ശ്രദ്ധിച്ചു. അവര്‍ ആ മലയുടെ മുകളിലൂടെ തിരിച്ചുവന്ന് പ്രവാചകനെയും അനുചരന്മാരെയും പിന്നില്‍നിന്ന് ആക്രമിച്ചു. ഇതാണ് ഉഹുദ് യുദ്ധത്തില്‍ മുസ്ലിംകള്‍ക്ക് രണടാം ഘട്ടത്തില്‍ വമ്പിച്ച വിപത്തുകള്‍ വരുത്തിയത്. എന്നിട്ടും തന്റെ നിര്‍ദേശം ലംഘിച്ച് തനിക്കും കൂടെയുള്ളവര്‍ക്കും കൊടിയ നാശത്തിന് കാരണക്കാരായവര്‍ക്ക് നബി തിരുമേനി മാപ്പേകുകയാണുണടായത്.

You may also like