പ്രവാചകനും അനുചരന്മാരും പള്ളിയില്‍ ഇരിക്കുകയായിരുന്നു. ഒരാള്‍ വളരെ ധൃതിയില്‍ ചടുലതയോടെ നടന്നുപോകുന്നത് അവരുടെ ശ്രദ്ധയില്‍ പെട്ടു. അപ്പോള്‍ കൂട്ടത്തിലൊരാള്‍ പറഞ്ഞു: ‘അയാള്‍ ഇത്ര ധൃതിയില്‍ ഉന്മേഷത്തോടെ പോകുന്നത് ദൈവമാര്‍ഗത്തിലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!’
മതത്തെ സംബന്ധിച്ച വികലധാരണയാണ് ഈ പ്രസ്താവത്തിനു കാരണമെന്ന് ബോധ്യമായ പ്രവാചകന്‍ അയാളെ തിരുത്തി. അവിടുന്ന് അരുള്‍ചെയ്തു: ‘അയാള്‍ തന്റെ വൃദ്ധരായ മാതാപിതാക്കള്‍ക്ക് ആഹാരസമ്പാദനത്തിനുവേണടി അധ്വാനിക്കാനാണ് പോകുന്നതെങ്കില്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലാണ്. തന്റെ ഭാര്യയുടെയും കുട്ടികളുടെയും ആവശ്യനിര്‍വഹണത്തിന് ജോലിയെടുക്കാനാണ് പോകുന്നതെങ്കിലും അല്ലാഹുവിന്റെ പാതയില്‍തന്നെ. തന്റെ ജീവിതാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പണിയെടുക്കാനാണ് ധൃതിയില്‍ പോകുന്നതെങ്കിലും അങ്ങനെത്തന്നെ. മറിച്ച്, തന്റെ പ്രൌഢി പ്രകടിപ്പിക്കാന്‍ പൊങ്ങച്ചത്തോടെയാണ് പോകുന്നതെങ്കില്‍ പിശാചിന്റെ പാതയിലാണ്.’
മറ്റൊരിക്കല്‍ പ്രവാചകന്‍ തന്റെ ഒരനുയായിയുമായി ഹസ്തദാനം ചെയ്തു. അയാളുടെ കൈകള്‍ വല്ലാതെ പരുപരുത്തതായിരുന്നു. അതിനാല്‍ അവിടുന്ന് ചോദിച്ചു: ‘എന്തുപറ്റി, താങ്കളുടെ കൈകള്‍ക്ക്?’
‘അധ്വാനത്തിന്റെ തഴമ്പുകളാണ്’ അയാള്‍ അറിയിച്ചു. അപ്പോള്‍ പ്രവാചകന്‍ അയാളുടെ രണടു കൈകളും ചുംബിച്ചു. എന്നിട്ട് അവ രണടും ഉയര്‍ത്തിപ്പിടിച്ച് അന്തരീക്ഷത്തില്‍ വീശിക്കാണിച്ചു. പതാക പറത്തുംപോലെ. തുടര്‍ന്ന് എല്ലാവരും കേള്‍ക്കെ പറഞ്ഞു: ‘അല്ലാഹുവിനും അവന്റെ പ്രവാചകനും ഏറ്റവും ഇഷ്ടപ്പെട്ട കൈകള്‍ നിങ്ങള്‍ക്ക് കാണണമെങ്കില്‍ ഇതാ, ഈ കൈകള്‍ കണടുകൊള്ളൂ!’
മതം മനുഷ്യനെ മടിയനും മുടിയനുമാക്കാനുള്ളതല്ലെന്നും നിരന്തര കര്‍മത്തിനാണത് പ്രേരണ നല്‍കുന്നതെന്നും പഠിപ്പിക്കുകയായിരുന്നു ഇതിലൂടെ പ്രവാചകന്‍. പാടുപെട്ട് പണിയെടുത്തതിന്റെ പാടുകളുള്ള കൈകളാണ് ഏറ്റം ശ്രേഷ്ഠമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയും.