പ്രവാചകന്റെ പ്രധാന പ്രതിയോഗികളില്‍ ഒരാളായിരുന്നു അബൂസുഫ്യാന്‍. മക്കയില്‍ നബി തിരുമേനിക്കും അനുചരന്മാര്‍ക്കുമെതിരെ നടന്ന മിക്ക അതിക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയവരില്‍ അദ്ദേഹവുമുണട്. മൂന്നുവര്‍ഷം നീണടുനിന്ന സാമൂഹിക ബഹിഷ്‌കരണം ആസൂത്രണം ചെയ്തതിലും നടപ്പാക്കിയതിലും അബൂസുഫ്യാന്റെ പങ്ക് അനല്‍പമാണ്. പ്രവാചകനും അനുയായികളും മക്കയില്‍നിന്ന് മദീനയിലേക്ക് നാടുവിടേണടിവന്നതിലും അയാളുടെ ശത്രുതക്ക് അനിഷേധ്യമായ പങ്കുണട്. ഹിജ്‌റക്കുശേഷം മദീനക്കെതിരെ നടന്ന യുദ്ധങ്ങളിലേറെയും സംഘടിപ്പിച്ചത് അദ്ദേഹവും കൂട്ടാളികളുമാണ്. സത്യപ്രബോധനം ആരംഭിച്ചതുമുതല്‍ അന്നോളം അബൂസുഫ്യാന്‍ അല്‍പവും സ്വൈരം നല്‍കിയിരുന്നില്ല.
നബി തിരുമേനിയുടെ പിതൃസഹോദരീ പുത്രന്‍ അബ്ദുല്ലാ ഹിബ്‌നു ഉമയ്യയുടെ സമീപനവും വ്യത്യസ്തമായിരുന്നില്ല. അദ്ദേഹത്തിന്റെ മുഴുശ്രദ്ധയും പ്രവാചകനെതിരെയുള്ള അപവാദപ്രചാരണത്തിലായിരുന്നു.
ഇപ്പോള്‍ പ്രവാചകനും അനുയായികളും ജന്മനാടായ മക്കയിലേക്ക് പോവുകയാണ്; ജേതാക്കളും ഭരണാധികാരികളുമായി. നേരിയ എതിര്‍പ്പുപോലും അവര്‍ക്ക് നേരിടേണടിവരില്ലെന്നുറപ്പ്. മക്കാ നിവാസികള്‍ നബി തിരുമേനിയുടെ കൂടെ ചേരാന്‍ തീരുമാനിച്ചിരിക്കുന്നു. അദ്ദേഹം മക്കയുടെ മണ്ണില്‍ കാലുകുത്തിയിട്ടില്ലെന്നേയുള്ളൂ.
പ്രവാചകനും അനുചരന്മാരും ദഹ്‌റാനിലെത്തി. മക്കയില്‍ നിന്ന് ഏഴു കിലോമീറ്ററില്‍ കുറഞ്ഞ ദൂരമേ അവിടേക്കുള്ളൂ. വിവരമറിഞ്ഞ അബൂസുഫ്യാനും അബ്ദുല്ലാഹിബ്‌നു ഉമയ്യയും അവിടേക്ക് പുറപ്പെട്ടു. ‘നിവില്‍ ഉഖാബ’ എന്ന സ്ഥലത്തുവെച്ച് അവര്‍ ഇസ്ലാമിക സേനയുമായി സന്ധിച്ചു. പ്രവാചകനുമായി കൂടിക്കാഴ്ചക്ക് അവരിരുവരും അനുവാദമാരാഞ്ഞു. എങ്കിലും അന്നോളമുള്ള തിക്താനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അവിടുന്ന് അനുവാദം നല്‍കിയില്ല. പ്രവാചകപത്‌നി ഉമ്മുസലമ അവര്‍ക്കുവേണടി ശിപാര്‍ശ പറഞ്ഞു. നബി തിരുമേനി അതും അംഗീകരിച്ചില്ല. അദ്ദേഹം പറഞ്ഞു: ‘അബൂസുഫ്യാനില്‍നിന്ന് ഞാന്‍ വളരെയേറെ ദ്രോഹം സഹിച്ചു. എന്റെ സ്യാലനും പിതൃവ്യപുത്രനുമായ അബ്ദുല്ലാഹിബ്‌നു ഉമയ്യ എനിക്കെതിരെ മക്കയിലുടനീളം അപവാദം പ്രചരിപ്പിക്കുകയും ചെയ്തു.’
വിവരമറിഞ്ഞ അബൂസുഫ്യാന്‍ പറഞ്ഞു: ‘അദ്ദേഹം എനിക്ക് അഭയം നല്‍കുന്നില്ലെങ്കില്‍ ഞാനെന്റെ കൊച്ചു കുഞ്ഞിനെയും കൂട്ടി മരുഭൂമിയില്‍ അലഞ്ഞുനടക്കും. ദാഹിച്ചും വിശന്നും ഞങ്ങള്‍ മരിക്കും.’
ഇതുകേട്ട പ്രവാചകന്റെ മനമലിഞ്ഞു. ഹൃദയം ആര്‍ദ്രമായി. അവിടുന്ന് ഇരുവര്‍ക്കും അഭയം നല്‍കി.
കഥ & കവിത