
‘നീ എന്താണ് ചൊല്ലിക്കൊണടിരിക്കുന്നത്?’ ഉമയ്യത്തിന്റെ ചോദ്യം ഒരലര്‍ച്ചയായിരുന്നു. അയാളുടെ കണ്ണുകള്‍ കോപത്താല്‍ കത്തിജ്ജ്വലിച്ചിരിക്കുന്നു. മുഖഭാവം ഭീകരത വിളംബരം ചെയ്തിരുന്നു.
മക്കയിലെ പ്രമുഖ പണക്കാരിലൊരാളാണ് ഉമയ്യത്ത്. അയാളുടെ പന്ത്രണട് അടിമകളിലൊരാളാണ് ബിലാല്‍. അദ്ദേഹത്തിന്റെ ഇസ്ലാം സ്വീകരണമാണ് ഉമയ്യത്തിനെ പ്രകോപിതനാക്കിയത്. ‘ദാറുന്നദ്വ’യില്‍ വെച്ചാണ് അയാളതറിഞ്ഞത്. അവിടെയാണ് പ്രവാചകനെതിരെ ഗൂഢാലോചന നടത്താന്‍ ഖുറൈശിക്കൂട്ടം ഒത്തുകൂടിയിരുന്നത്. ബിലാലിന്റെ ഇസ്ലാം സ്വീകരണം സ്ഥിരീകരിക്കപ്പെട്ടതോടെ ഉമയ്യത്ത് പ്രഖ്യാപിച്ചു: ‘ആ നീചന്റെ ഇസ്ലാം അവസാനിപ്പിച്ചിട്ടല്ലാതെ ഇന്ന് സൂര്യനസ്തമിക്കുകയില്ല.’
‘ദൈവവചനങ്ങളാണ് ഞാന്‍ ചൊല്ലിക്കൊണടിരിക്കുന്നത്.’ ബിലാല്‍ ശാന്തസ്വരത്തില്‍ പറഞ്ഞു.
‘ഏതാണെടാ നിന്റെ ഈ ദൈവം? എപ്പോഴാണവന്‍ സംസാരിക്കാന്‍ തുടങ്ങിയത്?’ ഉമയ്യത്ത് ഗര്‍ജിച്ചു.
‘ദൈവം തന്റെ ദാസനും ദൂതനുമായ മുഹമ്മദിന് അവതരിപ്പിച്ച ഗ്രന്ഥത്തിലുള്ളതാണവ.’ ബിലാല്‍ നിസ്സങ്കോചം അറിയിച്ചു.
‘ഭ്രാന്ത് പറയാതിരിക്കൂ.’
‘സത്യമായും അവനാണെന്റെ രക്ഷിതാവ്.’ താഴ്ന്നതെങ്കിലും സുദൃഢ സ്വരത്തില്‍ ബിലാല്‍ പറഞ്ഞു.
‘ഏതാണ് നിന്റെ ഈ രക്ഷിതാവ്?’
‘ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും സൃഷ്ടിച്ചവന്‍.’
‘നീ ഞങ്ങളുടെ ദൈവങ്ങളെ ഒഴിവാക്കുകയാണോ? ആ മാരണക്കാരനെ പിന്‍പറ്റുകയും?’ ഉമയ്യത്ത് ക്ഷോഭിച്ചു.
‘അല്ലാഹു എന്നെ നേര്‍വഴിയിലാക്കിയിരിക്കുന്നു.’ ബിലാല്‍ പറഞ്ഞുതീര്‍ന്നപ്പോഴേക്കും ഉമയ്യത്തിന്റെ ചാട്ടവാര്‍ ഉയര്‍ന്നുതാണു. അത് അനേക തവണ ബിലാലിന്റെ ശരീരത്തില്‍ പതിച്ചു. അദ്ദേഹത്തിന്റെ മുഖത്തും ചുമലിലും പുറത്തും ചോര പൊടിഞ്ഞു.
‘അടിമക്ക് തന്നിഷ്ടം കാണിക്കാനധികാരമില്ലെന്ന് നിനക്കറിഞ്ഞുകൂടേ? യജമാനന്റേതല്ലാത്ത മതം പിന്തുടരാന്‍ അവന്നവകാശമില്ല. നീ എന്റെ അടിമയാണ്. എന്റെ ദൈവങ്ങള്‍ തന്നെയാണ് നിന്റെയും ദൈവങ്ങള്‍. എനിക്കില്ലാത്ത ഒരു ദൈവം നിനക്കുണടായിക്കൂടാ. ഞാനാഗ്രഹിക്കുന്നതാണ് നിന്നെക്കൊണട് ഞാന്‍ ചെയ്യിക്കുക. നീ പ്രവര്‍ത്തിക്കേണടത് എന്റെ ഇഷ്ടപ്രകാരമാണ്. വിശ്വസിക്കേണടത് ഞാന്‍ പറയുന്നതും.’ ഉമയ്യത്ത് പ്രഖ്യാപിച്ചു.
‘ഞാന്‍ നിങ്ങളുടെ അടിമ തന്നെ; സംശയമില്ല. നിങ്ങള്‍ക്കിഷ്ടമുള്ളതാണ് നിങ്ങളെന്നെക്കൊണട് ചെയ്യിക്കുകയെന്നും നിങ്ങള്‍ കല്‍പിക്കുന്നതാണ് ഞാന്‍ പ്രവര്‍ത്തിക്കേണടതെന്നും എനിക്കറിയാം. എന്നാല്‍ നിങ്ങള്‍ക്കെന്റെ ശരീരത്തിന്റെ മേല്‍ മാത്രമേ അവകാശമുള്ളൂ. മനസ്സിന്റെയും ആത്മാവിന്റെയും മേലില്ല. അവിടെ എന്ത് സൂക്ഷിക്കണമെന്നും വിശ്വസിക്കണമെന്നും തീരുമാനിക്കാനുള്ള അവകാശം എനിക്കാണ്; മറ്റാര്‍ക്കുമല്ല. എന്തെങ്കിലും വിശ്വാസം എന്റെ മേല്‍ അടിച്ചേല്‍പിക്കാന്‍ ആര്‍ക്കും അധികാരമില്ല.’
‘മടങ്ങുന്നതാണ് നിനക്കുത്തമം. ഇല്ലെങ്കില്‍ മുഹമ്മദ് മലിനമാക്കിയ നിന്റെ ആത്മാവ് നിനക്കു നഷ്ടപ്പെടും.’ ഉമയ്യത്ത് ഭീഷണിപ്പെടുത്തി.
‘മുഹമ്മദ് അത് മലിനമാക്കുകയല്ല; സംസ്‌കരിക്കുകയാണ് ചെയ്തത്.’
‘നീ ധിക്കാരം തുടരുകയാണോ? എന്റെ കല്‍പന ലംഘിക്കുകയും”
‘അല്ലാഹുവിനെ അനുസരിക്കാന്‍, അനിവാര്യമെങ്കില്‍ നിങ്ങളുടെ കല്‍പനകളും ലംഘിക്കേണടിവരും.’
‘അധികപ്രസംഗം നിര്‍ത്തെടാ; നിന്റെ പുതിയ മതമുപേക്ഷിച്ചില്ലെങ്കില്‍…’
‘നിങ്ങളെന്നെ അരിഞ്ഞരിഞ്ഞു കൊല്ലുമായിരിക്കും. എന്നാലും ഞാന്‍ സത്യമതമുപേക്ഷിക്കില്ല. സന്മാര്‍ഗം സ്വീകരിച്ചശേഷം ദുര്‍മാര്‍ഗം പിന്‍പറ്റുകയില്ല.’ ബിലാല്‍ തറപ്പിച്ചുപറഞ്ഞു.
പിന്നീട് കൊടിയ മര്‍ദനമായിരുന്നു. നട്ടുച്ച നേരത്ത് ചുട്ടുപഴുത്ത മണലില്‍ മലര്‍ത്തിക്കിടത്തി നെഞ്ചില്‍ കരിങ്കല്ല് കയറ്റിവെച്ച് കഴുത്തില്‍ കയറുകെട്ടി വലിച്ചിഴച്ചു; പട്ടിയുടെ ശവം പൊട്ടക്കിണറ്റില്‍ വലിച്ചെറിയാനെന്നപോലെ. ചാട്ടവാറടിയുടെ പാടുകളും മുള്ളുകള്‍ തറച്ച മുറിവുകളുമുള്ള ബിലാലിന്റെ ശരീരം ചതഞ്ഞരയുകയായിരുന്നു. അപ്പോഴും അദ്ദേഹം ഉരുവിട്ടുകൊണടിരുന്നു: ‘ദൈവം ഏകന്‍, ദൈവം ഏകന്‍!’
ഉമയ്യത്തും കൂട്ടുകാരും ബിലാലിനെ തങ്ങള്‍ക്കാവുന്ന എല്ലാ വിധ പീഡനങ്ങളും ഏല്‍പിച്ചു. സത്യപാത ഉപേക്ഷിക്കാന്‍ നിരന്തരം പ്രേരിപ്പിക്കുകയും ചെയ്തു. എന്നാല്‍ എല്ലാം പരാജയപ്പെടുകയായിരുന്നു. ബിലാല്‍ എല്ലാം ധീരമായി നേരിട്ടു. അത്യസാധാരണമായ ക്ഷമയവലംബിച്ചു. അബൂബക്കര്‍ സിദ്ദീഖ് അദ്ദേഹത്തെ വാങ്ങി സ്വതന്ത്രനാക്കുവോളം ഈ അവസ്ഥ തുടര്‍ന്നു. ഏതു കൊടിയ പീഡനങ്ങളെയും പ്രതിസന്ധികളെയും ഇവ്വിധം ധീരമായി നേരിടാന്‍ കെല്‍പും കരുത്തുമുള്ള നിരവധി ധീരന്മാരെ വാര്‍ത്തു വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞുവെന്നതാണ് പ്രവാചകന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. പ്രവാചക വിപ്‌ളവത്തെ വിജയത്തിലെത്തിച്ചതും ഇതുതന്നെ.