
മനുഷ്യചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ യുദ്ധമാണ് ബദ്ര്‍. ആരംഭിച്ച ഏതാനും മണിക്കൂറുകള്‍ക്കകം അതവസാനിച്ചു. ബദ്‌റില്‍ കൊല്ലപ്പെട്ടത് ഇരുപക്ഷത്തുനിന്നുംകൂടി നൂറില്‍താഴെ പേര്‍ മാത്രം. എന്നിട്ടും അത് ചരിത്രഗതിയെ മാറ്റിമറിച്ചു. മദീനയില്‍ സ്ഥാപിതമായ ഇസ്ലാമിക രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷ ഉറപ്പുവരുത്തിയത് അതാണ്. അങ്ങനെ ലോകഭൂപടത്തില്‍ ഇസ്ലാമിനും ഇസ്ലാമിക സമൂഹത്തിനും സംസ്‌കാരത്തിനും നാഗരികതക്കും ഇടംനേടിക്കൊടുക്കാന്‍ ബദ്ര്! യുദ്ധം കാരണമായി. കഴിഞ്ഞ പതിനാല് നൂറ്റാണടിലേറെയായി അത് ജനകോടികളെ അഗാധമായി സ്വാധീനിച്ചുകൊണടിരിക്കുന്നു. ഇരുഭാഗത്തുനിന്നുമായി ആയിരത്തിനാനൂറില്‍ താഴെ പേര്‍ മാത്രം പങ്കെടുത്ത ആ യുദ്ധം ലോകചരിത്രത്തിലെ മഹാ വിസ്മയമായി മാറുകയായിരുന്നു. സത്യപാതയില്‍ നിലയുറപ്പിച്ച പ്രവാചകനും അനുയായികള്‍ക്കും മൂന്നിരട്ടി വരുന്ന ആക്രമണകാരികളെ പരാജയപ്പെടുത്താന്‍ കഴിഞ്ഞതിലൂടെയാണ് ഇത് സാധിതമായത്.
നബി തിരുമേനി സൈന്യത്തെ അണിനിരത്തുകയായിരുന്നു. സമരമുന്നണിയുടെ വിടവും വളവും നികത്തുന്നതില്‍ അവിടുന്ന് തികഞ്ഞ ജാഗ്രത പുലര്‍ത്തി. വല്ല പോരായ്മയും സംഭവിച്ചിട്ടുണേടാ എന്ന് പരിശോധിക്കുന്നതിനിടയില്‍ ഒരാള്‍ അല്‍പം മുന്നോട്ടു തള്ളിനില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടു. സവാദുബ്‌നു ഗസിയ്യ എന്ന സൈനികനായിരുന്നു അത്. അപ്പോള്‍ നബി തിരുമേനി തന്റെ കൈവശമുണടായിരുന്ന ഈന്തപ്പന മടല്‍കൊണട് അദ്ദേഹത്തെ തട്ടിമാറ്റി. അവിടുന്ന് പറഞ്ഞു: ‘നേരെ നില്‍ക്കൂ സവാദേ.’
പ്രവാചകന്റെ ഈ പ്രവൃത്തിയില്‍ പരിഭവം തോന്നിയ സവാദ് പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, അങ്ങ് എന്നെ വേദനിപ്പിച്ചിരിക്കുന്നു. സത്യവും നീതിയും നടത്താന്‍ നിയുക്തനായ വ്യക്തിയാണല്ലോ താങ്കള്‍. എന്നാല്‍ എന്നോട് അങ്ങ് ചെയ്തത് അനീതിയാണ്. അതിനാലെനിക്ക് പ്രതികാരം ചെയ്യണം.’
യുദ്ധരംഗത്ത് ഇത്തരം നിസ്സാര കാര്യങ്ങളെപ്പറ്റി പരാതിപറയാന്‍ പാടില്ലെന്നും അഥവാ പറഞ്ഞാല്‍തന്നെ പരിഗണിക്കേണടതില്ലെന്നും തീരുമാനിച്ച് നബി തിരുമേനിക്ക് അത് അവഗണിക്കാമായിരുന്നു. എന്നാല്‍ അവിടുന്ന് സ്വീകരിച്ചത് തീര്‍ത്തും വ്യത്യസ്തമായ സമീപനമായിരുന്നു. തന്റെ നഗ്‌നമായ വയര്‍ കാണിച്ചുകൊടുത്ത് പ്രവാചകന്‍ പറഞ്ഞു: ‘പ്രതികാരം ചെയ്യൂ സവാദേ, ഞാന്‍ നിന്നെ വേദനിപ്പിച്ചപോലെ നീ എന്നെയും അടിക്കൂ.’
നബി തിരുമേനി തന്റെ വശമുണടായിരുന്ന ഈന്തപ്പന മടല്‍ സവാദിന് കൊടുത്തു. അയാളത് വാങ്ങിയതോടെ കണടുനിന്നവര്‍ക്കെല്ലാം ഉത്കണ്ഠയായി. അല്ലാഹുവിന്റെ അന്ത്യദൂതനും തങ്ങളുടെ ഭരണാധികാരിയും ന്യായാധിപനും സര്‍വസൈന്യാധിപനുമായ മുഹമ്മദ് നബിയോട് സാധാരണ അനുയായികളിലൊരാളായ സവാദ് പ്രതികാരം ചെയ്യുമോ എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു അവര്‍.
സവാദ് വടി നിലത്തിട്ട് മുന്നോട്ടുവന്ന് പ്രവാചകനെ ആശ്‌ളേഷിച്ചു. തുടര്‍ന്ന് വയറ്റത്ത് ചുംബിച്ചുകൊണടിങ്ങനെ പറഞ്ഞു: ‘ഇനി നടക്കാന്‍ പോകുന്നതെന്താണെന്ന് അങ്ങേക്കറിയാമല്ലോ. അതിനുമുമ്പ് അങ്ങയോടുള്ള എന്റെ ഉടമ്പടി ഈ ചുംബനത്തിലൂടെയാകട്ടെ എന്നതായിരുന്നു എന്റെ ആഗ്രഹം!.’