ധാര്‍മിക മൂല്യങ്ങളും ഉന്നത സ്വഭാവ ചര്യകളും അന്യം നില്‍ക്കുന്ന ആധുനിക കാലത്ത് വളരെ ശ്രദ്ധേയ വിഷയമാണ് പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ സ്വഭാവ പെരുമാറ്റങ്ങള്‍ എന്നത്. പ്രവാചകത്വത്തിന് മുമ്പ് തന്നെ അദ്ദേഹം സവിശേഷവും മഹനീയവുമായ ജീവിതമാതൃകക്ക് ഉടമയായിരുന്നു. അശ്ലീലതയും ആഭാസവും നിറഞ്ഞ ജീവിത ശൈലി സ്വീകരിച്ചിരുന്ന സമൂഹമായിരുന്നു മക്കയില്‍ അന്നുണ്ടായിരുന്നത്. സാംസ്‌കാരിക ജീര്‍ണതയില്‍ ആപതിച്ച ആ സമൂഹത്തിലേക്കായിരുന്നു പ്രവാചക നിയോഗം. പ്രവാചകന്റെ യൗവനവും യുവത്വവും ചെലവഴിച്ചത് ഈ സമൂഹത്തിലായിരുന്നു. എന്നിട്ടും ഉന്നതമായ ജീവിത ശൈലിയില്‍ നിന്ന് തെന്നിമാറിയില്ല. യുവത്വത്തില്‍ ജാഹിലിയ്യത്തിന്റെ നെറികേടില്‍ നിന്നും എല്ലാവിധ മാലിന്യങ്ങളില്‍ നിന്നും അല്ലാഹു അവന്റെ പ്രത്യേകമായ സംരക്ഷണം നല്‍കി. എത്രത്തോളമെന്നാല്‍ സമൂഹത്തില്‍ ഉന്നതമായ മൂല്യവും സല്‍സ്വഭാവവും ആദരണീയമായ വ്യക്തിത്വവും അദ്ദേഹത്തിനുണ്ടാക്കിക്കൊടുത്തു. അയല്‍ക്കാരോടുള്ള നല്ല പെരുമാറ്റത്തിലും പക്വതയിലും സത്യസന്ധമായ സംസാരത്തിലുമെല്ലാം അദ്ദേഹം മികച്ചു നിന്നു. എല്ലാവരും അദ്ദേഹത്തെ അല്‍ അമീന്‍(വിശ്വസ്തന്‍) എന്നാണ് വിളിച്ചിരുന്നത്.
കല്ല് കരട് കാഞ്ഞിരക്കുറ്റി മുതല്‍ മുള്ള് മുരട് മൂര്‍ക്കന്‍ പാമ്പ് വരെയുള്ള എല്ലാറ്റിനെയും ആരാധിച്ചിരുന്ന സമൂഹത്തിലാണ് അദ്ദേഹം ജനിച്ചതും ജീവിച്ചതും. പക്ഷെ
വിഗ്രഹത്തിനെ പൂജിക്കുക, തലോടുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ നിന്നുമെല്ലാം ചെറുപ്പം മുതലേ അദ്ദേഹം വിട്ടുനിന്നു. നര്‍ത്തകിമാരെ കൊണ്ടുവന്നു നടത്തിയ അശ്ലീല ഗാനാലാപനങ്ങളോടും നൃത്തസദസ്സുകളോടെല്ലാം അദ്ദേഹത്തിന് അമര്‍ഷവും വെറുപ്പുമാണ് ഉണ്ടായിരുന്നത്.
പ്രവാചകന്‍(സ) ജീവിത്തിലൊരിക്കലും മദ്യപിച്ചിട്ടില്ല. ഒരു മ്ലേഛതയോടും അടുക്കുക പോലും ചെയ്തില്ല. അവിടെയുണ്ടായിരുന്ന അനാവശ്യമായ വിനോദങ്ങളിലോ കളികളിലോ ചൂതാട്ടത്തിലോ മുഴുകിയിരുന്നില്ല. മോശമായ കൂട്ടുകെട്ട് അദ്ദേഹത്തിനുണ്ടായിരുന്നില്ല. എല്ലാവരാലും മക്കയിലെ അറിയപ്പെട്ട ഗോത്രത്തിലെ കൂലീനകുടുംബത്തിലായിരുന്നു പ്രവാചന്‍(സ) പിറന്നത്. അതു കൊണ്ട് തന്നെ സമൂഹത്തില്‍ പ്രതാപവും അന്തസ്സും വിശ്വാസ്യതയും അദ്ദേഹത്തിനുണ്ടായിരുന്നു.
നിങ്ങള്‍ക്ക് അല്ലാഹുവിന്റെ തിരുദൂതരില്‍ ഉത്തമമായ മാതൃകയുണ്ട് എന്നാണ് ഖുര്‍ആന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഉത്തമ സ്വഭാവ മഹിമകളുടെ പൂര്‍ത്തീകരണത്തിനാണ് ഞാന്‍ നിയോഗിക്കപ്പെട്ടത് എ്ന്ന് പ്രവാചന്‍ തന്റെ നിയോഗത്തെ കുറിച്ച് വിവരിക്കുന്നുണ്ട്.
നേതൃപരമായ യോഗ്യതകള്‍ ചെറുപ്രായത്തില്‍ തന്നെ അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി. മുഹമ്മദ് നബിക്ക് 35 വയസ്സായപ്പോള്‍ കഅ്ബയിലെ പ്രധാന ശിലയായ ഹജറുല്‍ അസ്‌വദ് ആര് എടുത്തുവെക്കണമെന്ന വിഷയത്തില്‍ തര്‍ക്കമുണ്ടായി. ഓരോ ഗോത്രവും ഞങ്ങള്‍ അത് എടുത്തുവെക്കാമെന്നും ഞങ്ങളാണ് അതിന് കൂടുതല്‍ യോഗ്യരെന്നും വാദിച്ചു കൊണ്ടിരുന്നു. ഒടുവില്‍ അവര്‍ ഒരു തീരുമാനത്തിലെത്തി. അവിടേക്ക് ആദ്യമായി കയറിവരുന്നതാരോ അദ്ദേഹം കല്ല് എടുത്തു വെക്കട്ടെ എന്ന് തീരുമാനിച്ചു. അങ്ങനെ അല്‍ അമീനായ പ്രവാചകന്‍(സ) അവിടേക്ക് കയറിവരികയും അയാളില്‍ സംതൃപ്തരാവുകയും ചെയ്തു. അങ്ങനെ ഒരു തുണി കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും എല്ലാവരും ഒരോരുത്തരോടും ഓരോ ഭാഗത്തായി പിടിച്ച് വെക്കാന്‍ ആവശ്യപ്പെടുകയും അവസാനം മുഹമ്മദ്(സ) തന്നെ അതെടുത്ത് തല്‍സ്ഥാനത്ത് വെക്കുകയും ചെയ്തു. അദ്ദേഹം സമൂഹത്തിലും കുടുംബത്തിലും സര്‍വസമ്മതനായിരുന്നുവെന്നതിന് ഇപ്രകാരം ഒട്ടനേകം ഉദാഹരണങ്ങള്‍ കാണാം.
തന്റെ സമുദായത്തോടുള്ള പ്രവാചകന്റെ ഗുണകാംക്ഷയെകുറിച്ച് ഇപ്രകാരം ഹദീസില്‍ വന്നിരിക്കുന്നു. ‘ഒരാള്‍ തീകൂട്ടുകയും ആ തീകുണ്ഡാരത്തിനു ചുറ്റും അതിന്റെ ഒളിപരക്കുകയും ഈയാംപാറ്റകള്‍ അതിനടുത്തേക്ക് പറന്നടുക്കുകയും അതില്‍ ചെന്ന് പതിക്കുകയും ചെയ്യുന്നു. അപ്പോള്‍ മറ്റൊരാള്‍ ഈയാംപാറ്റകളെ വീഴുന്നതില്‍ നിന്നും തടയാന്‍ ശ്രമിക്കുന്നു. ഇപ്രകാരം ചെയ്യുന്ന വ്യക്തിയെ പോലെയാണ് എന്റെ ഉപമ. അപ്രകാരം തീയില്‍ നിന്ന് ഞാനൊരു മറപിടിക്കുന്നു.’
മറ്റൊന്ന് പ്രവാചകന്റെ കച്ചവടമാണ്. പ്രവാചകന്‍ പത്‌നിയായി വരിച്ച ഖദീജ (റ) അിറയപ്പെട്ട വ്യാപരനിപുണയായിരുന്നു. ശാമിലേക്ക് കച്ചവടത്തിനായി പുറപ്പെടുകയും ആളുകളുമായി വ്യപാരബന്ധത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു. വ്യാപാരരംഗത്തുള്ള കൃത്രിമത്വങ്ങളെയും ഊഹവ്യാപാരത്തെയും തുറന്നെതിര്‍ക്കുകയും ചെയ്തിരുന്നു.
പ്രവാചകന്‍ (സ) ഇരുപതാം വയസ്സില്‍ തന്നെ കച്ചവടരംഗത്ത് മികച്ചു നിന്നിരുന്നു. കരുത്തുറ്റ ശരീരവൈശിഷ്ട്യവും സല്‍പെരുമറ്റവും ഉത്തരവാദിത്വബോധവും അദ്ദേഹത്തിന്റെ യുവത്വത്തിന് തിളക്കം കൂട്ടി. സംസാരത്തിലെ സത്യന്ധതയും ജീവിത വിശുദ്ധിയും പാലിച്ചിരുന്ന അദ്ദേഹം യുവാക്കളില്‍ പൊതുവെയുണ്ടായിരുന്ന ശീലങ്ങളില്‍ നിന്നെല്ലാം മുക്തമായിരുന്നു. അദ്ദേഹത്തെയാണ് ഖദീജ തന്റെ വ്യാപരസംഘത്തെ ഏറ്റെടുക്കാന്‍ തെരഞ്ഞെടുത്തത്. ഇത്തരത്തില്‍ ഉന്നതമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ). ഈ മഹിത മാതൃകകള്‍ പിന്‍പറ്റി ഉന്നത സ്വഭാവശുദ്ധിയുള്ളവരായി വളരാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.