പ്രഭാഷണം

രാജ്യസ്‌നേഹത്തിന്റെ പ്രവാചക മാതൃക

Spread the love

ആദരവായ മുഹമ്മദ് മുസ്തഫാ (സ)യുടെ ജീവിതം പൂര്‍ണമായും ലോകത്തുള്ള വിശ്വാസിസമൂഹത്തിന് മാതൃകയാണ്. ആധുനിക ലോകത്ത് നാം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണേണ്ടത് അതിനാല്‍ തന്നെ വിശുദ്ധ ഖുര്‍ആനും തിരുമേനിയുടെ മാതൃകയുമനുസരിച്ചുമായിരിക്കണം.
മാതൃരാജ്യത്തെ സ്‌നേഹിക്കുന്നവരാണ് നാം. എന്നാല്‍ യഥാര്‍ഥത്തില്‍ മുസ്‌ലിംകളായ നമുക്ക് എന്താണ് അതിനുളള പ്രചോദനം എന്നത് നാം പഠിക്കേണ്ടതുണ്ട്. രാജ്യസ്‌നേഹത്തിന്റെ ഉത്തമ മാതൃക അല്ലാഹുവിന്റെ റസൂലിന്റെ ജീവിതത്തില്‍ നമുക്ക് ദര്‍ശിക്കാം. പ്രവാചകന്‍ തിരുമേനി(സ) അതിരറ്റു സ്‌നേഹിച്ച മണ്ണായിരുന്നു മക്ക. തന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ പ്രഭവ കേന്ദ്രവും, ദൈവിക സന്ദേശത്തിന്റെ ഉറവയും പരിശുദ്ധ മക്കയാവണമെന്നത് അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു. ഇസ്‌ലാം ദീനിന്റെ സംരക്ഷകരും, കാവല്‍ക്കാരും, പ്രതിനിധികളും മക്കാവാസികളായിരിക്കണമെന്നും പ്രവാചക മനസ്സ് അതിയായി കൊതിച്ചു.

ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ കാരണം ശത്രുക്കള്‍ അദ്ദേഹത്തെ സ്വന്തം നാട്ടില്‍ നിന്ന് പുറത്താക്കിയപ്പോള്‍  നിര്‍മലമായ ആ ഹൃദയം വേദന കൊണ്ട് വിങ്ങുകയുണ്ടായി. മക്കവിട്ട് മറ്റൊരു രാഷ്ട്രത്തിലേക്ക് ഹിജ്‌റ ചെയ്യേണ്ടി വന്നപ്പോള്‍ കടുത്ത മാനസിക സംഘര്‍ഷമാണ് പ്രവാചകന്‍ അനുഭവിച്ചത്. താന്‍ ജനിച്ച് വളര്‍ന്ന
പരിപാവനമായ മക്കാമണ്ണിനെ അഭിസംബോധന ചെയ്ത് പ്രവാചകന്‍ മൊഴിഞ്ഞ വചനങ്ങള്‍ ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. ‘മക്കയില്‍ നിന്നും യാത്രയായപ്പോള്‍ റസൂല്‍(സ) ഇപ്രകാരം അരുളി. ‘ അല്ലാഹുവാണ, ഞാന്‍ നിന്നില്‍ നിന്നും വിടവാങ്ങുകയാണ്. എനിക്കറിയാം, അല്ലാഹുവിന്റെ രാഷ്ട്രങ്ങളില്‍ എനിക്ക് ഏറ്റവും പ്രിയങ്കരം നീ തന്നെയാണ്. അല്ലാഹു ആദരിച്ച നാടാണ് നീ. നിന്റെ നാട്ടുകാര്‍ എന്നെ പുറത്താക്കിയിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെവിട്ട്് പോകുമായിരുന്നില്ല.’

രാജ്യസ്‌നേഹം മനുഷ്യ പ്രകൃതമാണ്. പിറന്നുവീണ മണ്ണിനെ എല്ലാവരും സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നത് അതിനാലാണ്. രണ്ടാം ഖലീഫ ഉമര്‍(റ) ഇപ്രകാരം പറയുകയുണ്ടായി. ‘രാജ്യസ്‌നേഹം കൊണ്ടാണ് അല്ലാഹു വിവിധ പ്രദേശങ്ങളെ പരിപാലിച്ചിരിക്കുന്നത്’.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലും ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ഐതിഹാസിക പോരാട്ടത്തിലെല്ലാം മുസ്‌ലിങ്ങള്‍ പങ്കാളിത്തം വഹിച്ചത് ഇക്കാരണത്താലാണ്. ജന്മനാടിന്റെ വിമോചനത്തിനായുള്ള പോരാട്ടത്തെ ജിഹാദായിട്ടാണ് അവര്‍ മനസ്സിലാക്കിയിരുന്നത്. ഇന്ത്യയിലും കേരളത്തിലും നടന്ന സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്ക്  മതപണ്ഡിതന്‍മാരായിരുന്നു നേതൃത്വം നല്‍കിയത്. മഹാനായ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂമും ഉമര്‍ ഖാദിയും മമ്പുറം തങ്ങന്മാരും ആലിമുസ്‌ലിയാരുമെല്ലാം ഖിലാഫത്ത് പ്രക്ഷോഭത്തിനും അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ക്കും നേതൃത്വം നല്‍കിയത് രാജ്യസ്‌നേഹത്തിന്റെ പ്രവാചക പാഠങ്ങള്‍ ഉള്‍ക്കൊണ്ടതിനാലാണെന്ന്  നാം മനസ്സിലാക്കണം.

മക്കയോടുള്ള പ്രണയം പ്രവാചകനെ വിടാതെ പിന്തുടര്‍ന്നു. മക്കയില്‍ നിന്ന് വരുന്ന ആരെ കണ്ടാലും അവിടത്തെ സ്ഥിതിഗതികള്‍ അന്വേഷിച്ചു. അതിലേക്ക് മടങ്ങുവാന്‍ അങ്ങേയറ്റത്തെ കൊതിയോടെ ജീവിച്ചു. മക്കയിലേക്ക് മടങ്ങാന്‍ കൊതിയോടെ കാത്തിരിക്കുന്ന സഖാക്കളുടെ വര്‍ത്തമാനങ്ങള്‍ പ്രവാചകന്‍ തിരുമേനി(സ) ശ്രദ്ധയോടെ ശ്രവിക്കാറുണ്ടായിരുന്നു. അവരോട് അദ്ദേഹത്തിന് സഹതാപം തോന്നുകയും, അവരുടെ വികാരങ്ങളെ മാനിക്കുകയും ചെയ്യാറുണ്ടായിരുന്നു. നിര്‍ഭയമായ നാട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. തന്റെ നാടിനെ നിര്‍ഭയത്വമായ നാടായി നീ പരിവര്‍ത്തിപ്പിക്കേണമേ എന്ന് ഇബ്രാഹീം നബിയുടെ പ്രാര്‍ഥന വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നതും അതുകൊണ്ടാണ്.

പ്രവാചകന്‍(സ) ഇപ്രകാരം പ്രാര്‍ഥിക്കുകയുണ്ടായി. ‘അല്ലാഹുവേ, നീ ശൈബയെയും, ഉത്ബയെയും, ഉമയ്യയെയും ശപിക്കുക. അവരാണ് ഞങ്ങളുടെ നാട്ടില്‍ നിന്നും രോഗമുള്ള ഈ ഭൂമിയിലേക്ക് ഞങ്ങളെ പുറത്താക്കിയത്.’എത്രവികാരത്തോടെയാണ് പ്രവാചകന്‍ തന്റെ ജന്മനാടിനോടുളള സ്‌നേഹം പ്രകടിപ്പിച്ചത്. താന്‍ വിട്ടേച്ച് പോയ നാടിനോട് പോലും പ്രവാചകന്‍ തിരുമേനി(സ) സ്വീകരിച്ച നിലപാട് വിശ്വാസികള്‍ക്ക് വളരെ ഉദാത്തമായ മാതൃകയാണ്. അതിനാലാണ് ജന്മനാടിന്റെ മോചനത്തിനായുള്ള പോരാട്ടങ്ങളെ നാം പിന്തുണക്കുന്നതും സഹായിക്കുന്നതും. രാജ്യസ്‌നേഹത്തിന്റെ എല്ലാ വികാരവും ഉള്‍ക്കൊണ്ട് സുരക്ഷിതമായി ജീവിക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ

You may also like