പ്രഭാഷണം

പ്രവാചക സ്‌നേഹം

Spread the love

കാലികമായ ലോകത്ത് വളരെ പ്രാധാന്യമുളള വിഷയമാണ് പ്രവാചക സ്‌നേഹം എന്നത്. ചരിത്രത്തിലേറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്ത മഹദ് വ്യക്തിത്വമാണ് മുഹമ്മദ് നബി(സ)യുടേത്. അത് കാര്‍ട്ടൂണുകളും സിനിമയുമായിക്കൊണ്ട് ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. മറുഭാഗത്ത് അനുചരന്മാരാലും അനുയായികളാലും ഇത്രയധികം സ്‌നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും മാതൃകയാക്കപ്പെടുകയും ചെയ്ത മറ്റൊരു നേതാവും ജേതാവും ആചാര്യനും പ്രവാചകനും മുഹമ്മദ് നബി(സ)യല്ലാതെ വേറെയാരുമില്ല എന്നതാണ് യാഥാര്‍ഥ്യം. നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉദാത്തമായ മാതൃകയുണ്ട് എന്ന ഖുര്‍ആന്റെ ആഹ്വാനമനുസരിച്ച്  ലോകത്തിന്റെ നാനാ ഭാഗത്തുള്ള വിശ്വാസികള്‍ ഊണിലും ഉറക്കിലും അനക്കത്തിലും അടക്കത്തിലും പതിനാല് നൂറ്റാണ്ടുകള്‍ക്ക് ശേഷവും നബി(സ)യെ മാതൃകയാക്കിക്കൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ അനുയായികളാല്‍ സ്വാധീനിക്കപ്പെടുകയും അനുകരിക്കപ്പെടുകയും ചെയ്യുന്ന ഏതൊരു നേതാവിനെയാണ് നമുക്ക് കാണാന്‍ കഴിയുക!

അതിനാല്‍ തന്നെ അല്ലാഹുവിനെയും മുഹമ്മദ് നബി(സ)യെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് ഇസ്‌ലാമിക വിശ്വാസത്തിന്റെ അനിവാര്യ താല്‍പര്യമാണ്. അല്ലാഹുവിന്റെ പ്രീതിയും സ്വര്‍ഗവും ലഭിക്കാനുള്ള ഉപാധിയുമാണ് ഹുബ്ബുര്‍റസൂല്‍. അല്ലാഹു പറയുന്നു: ”പറയുക: നിങ്ങളുടെ പിതാക്കളും സന്താനങ്ങളും സഹോദരന്മാരും ഭാര്യമാരും ബന്ധുജനങ്ങളും നിങ്ങളുടെ സമ്പാദ്യവും നഷ്ടം ഭയപ്പെടുന്ന കച്ചവടവും ഇഷ്ട ഭവനങ്ങളുമാണ്, അല്ലാഹുവിനേക്കാളും അവന്റെ റസൂലിനേക്കാളും നിങ്ങള്‍ക്ക് ഏറെ പ്രിയങ്കരമെങ്കില്‍ അല്ലാഹുവിന്റെ കല്‍പന(ശിക്ഷ) കാത്തിരുന്നു കൊള്ളുക. അധര്‍മകാരികള്‍ക്ക് അല്ലാഹു മാര്‍ഗദര്‍ശനമരുളുകയില്ല” (9:24).
. തിരുമേനി (സ) സത്യവിശ്വാസികള്‍ക്ക് സ്വന്തത്തെക്കാള്‍ പ്രിയങ്കരനാവണം. സ്വന്തം താല്‍പര്യങ്ങളേക്കാള്‍ തിരുമേനിയുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണനം നല്‍കണം. സ്വന്തം അവകാശത്തേക്കാള്‍ തിരുമേനിയുടെ അവകാശം വകവെച്ചുകൊടുക്കണം. സ്വന്തത്തെക്കുറിച്ച ഉത്കണ്ഠയേക്കാള്‍ തിരുമേനിയെക്കുറിച്ച ഉത്കണ്ഠ അവര്‍ക്കുണ്ടാവണം. സന്ദിഗ്ധ ഘട്ടങ്ങളില്‍ സ്വന്തത്തെത്തന്നെ അതിനു വേണ്ടി ബലി നല്‍കാനും അവര്‍ തയാറാവണം.’അപ്പോഴാണ് റസൂലിനെ നാ്ം യഥാര്‍ഥത്തില്‍ സ്‌നേഹിക്കുന്നത്.’
പ്രവാചകന്‍(സ) പഠിപ്പിച്ചു: ”എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനാണ, സ്വന്തത്തേക്കാളും സ്വന്തം ധനത്തേക്കാളും സന്താനങ്ങളെക്കാളും ഞാന്‍ നിങ്ങള്‍ക്ക് പ്രിയങ്കരനാവുന്നത് വരെ നിങ്ങളിലാരും വിശ്വാസികളാവുകയില്ല.” എന്നെ കഴിച്ച്് മറ്റാരേക്കാളും താന്‍ സ്‌നേഹിക്കുന്നത് പ്രവാചകനെയാണെന്നറിയിച്ച ഉമറി(റ)നോട് നബി(സ) പറഞ്ഞത്, സ്വന്തത്തേക്കാള്‍ പ്രവാചകനെ ഇഷ്ടപ്പെടുമ്പോള്‍ മാത്രമേ ആരും വിശ്വാസിയാവുകയുള്ളൂവെന്നാണ്.
നബി(സ)യെ സ്വന്തം ജീവനേക്കാള്‍ സ്‌നേഹിക്കാന്‍ വിശ്വാസികള്‍ ചരിത്രത്തിലുടനീളം മുന്നോട്ട് വന്നതായി നമുക്ക് കാണാം.
 
‘റജാഅ്’ സംഭവത്തില്‍ പിടികൂടപ്പെട്ട സൈദ്ബ്‌നുദ്ദസ്‌നയെന്ന സ്വഹാബിവര്യനെ ശത്രുക്കള്‍ വധിക്കാന്‍ തീരുമാനിച്ചു. വധിക്കാന്‍ നേരത്ത്  അബൂ സുഫ്‌യാന്‍ അദ്ദേഹത്തോട് ചോദിച്ചു: ”മുഹമ്മദ് താങ്കളുടെ സ്ഥാനത്ത് വധിക്കപ്പെടുകയും താങ്കള്‍ കുടുംബത്തില്‍ സ്വസ്ഥനായിരിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് എന്താണഭിപ്രായം?” അദ്ദേഹം പറഞ്ഞു: ”ഞാനെന്റെ വീട്ടില്‍ സ്വസ്ഥമായി ഇരിക്കുന്നതിനു പകരം പ്രവാചകന്റെ കാലില്‍ ഒരു മുള്ളു തറക്കുന്നത് പോലും ഞാന്‍ ഇഷ്ടപ്പെടുന്നില്ല.” ഇതു കേട്ട അബൂസുഫ്‌യാന്‍ പറഞ്ഞുപോയി: ”മുഹമ്മദിനെ അനുയായികള്‍ സ്‌നേഹിക്കുന്നത് പോലെ മറ്റാരും ആരെയും സ്‌നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.” ലോകത്ത് സ്വന്തം അനുയായികളാല്‍ ഇത്രയേറെ സ്‌നേഹിക്കപ്പെട്ട മറ്റൊരു വ്യക്തിയെ നമുക്ക് കാണാന്‍ കഴിയില്ല..സഹോദരന്മാരെ പ്രവാചക സ്‌നേഹത്തിന്റെ എത്ര മഹിതമായ മാതൃകയാണിത്! മറ്റൊരു സംഭവത്തിലേക്കുകൂടി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.  
ഉഹുദ് യുദ്ധത്തില്‍ പ്രവാചകന്‍ വധിക്കപ്പെട്ടെന്ന വിവരമറിഞ്ഞ് ഓടിക്കിതച്ച് വരികയാണ് ഒരു സ്വഹാബി വനിത. അപ്പോഴാണ് ആരോ അവരോട് അവരുടെ ഭര്‍ത്താവും മകനും പിതാവും സഹോദരനും വധിക്കപ്പെട്ട വിവരം പറയുന്നത്. പക്ഷേ, അവര്‍ക്കറിയേണ്ടിയിരുന്നത് അല്ലാഹുവിന്റെ റസൂല്‍ ജീവിച്ചിരിപ്പുണ്ടോ , അദ്ദേഹത്തിന് വല്ല അപകടവും സംഭവിച്ചോ എന്നതിനെ കുറിച്ചായിരുന്നു. അവസാനം പ്രവാചകന്‍(സ) സുരക്ഷിതനാണെന്ന് സ്വന്തം കണ്ണു കൊണ്ട് കണ്ട് ഉറപ്പു വരുത്തിയ ശേഷം അവര്‍ പ്രഖ്യാപിച്ചു: ”പ്രവാചകരേ, അങ്ങ് സുരക്ഷിതനാണെങ്കില്‍ മറ്റെല്ലാ ദുരന്തങ്ങളും എനിക്ക് നിസ്സാരമാണ്.” താന്‍ നൊന്തുപ്രസവിച്ച സന്താനങ്ങളേക്കാളും തന്റെ എല്ലാമെല്ലാമായ ഭര്‍ത്താവിനേക്കാളും അല്ലാഹുവിന്റെ റസൂലിനെ സ്‌നേഹിച്ച മഹതിയുടെ മങ്ങാത്ത ചരിത്രമാണിത്.
 
സാധാരണ ഒരു നേതാവുമായുള്ള ഉപരിപ്ലവ ബന്ധമായിരുന്നില്ല വിശ്വാസികള്‍ക്ക് നബി(സ)യുമായിട്ടുണ്ടായിരുന്നത്. ആ ബന്ധം അതിവൈകാരികവും അത്യന്തം ഊഷ്മളവുമായിരുന്നു. ഹുദൈബിയ സന്ധിയുടെ സന്ദര്‍ഭത്തില്‍ ഖുറൈശികളുടെ പ്രതിനിധിയായി പ്രവാചകനെ സന്ദര്‍ശിച്ച ഉര്‍വത്ബ്‌നു മസ്ഊദ് തിരിച്ചുചെന്ന് ഖുറൈശികളോട് പറയുന്നതിങ്ങനെയാണ്: ”ഖുറൈശികളെ ഞാന്‍ കിസ്‌റയെയും ഖൈസറിനെയും നജ്ജാശിയെയും അവരുടെ കൊട്ടാരങ്ങളില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, മുഹമ്മദിന്റെ അനുയായികള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നത് പോലെ മറ്റാരും ആരെയും സ്‌നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.”
 
പ്രവാചകനെയും അല്ലാഹുവെയും സ്‌നേഹിക്കുക എന്നതുകൊണ്ടര്‍ഥമാക്കുന്നത് നബിയുടെ മാതൃക പിന്‍പറ്റി ഉയര്‍ന്ന മൂല്യമുള്ള ജീവിതം നയിക്കലാണ്. നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്‍പറ്റുക എന്നാണല്ലോ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്. പ്രവാചകനെ സ്‌നേഹിക്കുക എപ്രകാരമാണ് എന്ന് തങ്ങളുടെ ജീവിതത്തിലൂടെ പഠിപ്പിക്കുകയായിരുന്നു സഹാബികള്‍. പ്രവാചക ജീവിതത്തെ പൂര്‍ണമായും അനുധാവനം ചെയ്തുകൊണ്ട് ഉത്തമ മാതൃകകളായി വളരാന്‍ നമുക്കെല്ലാം കഴിയേണ്ടതുണ്ട്. അല്ലാഹുവിന്റെയും റസൂലിന്റെയും സ്‌നേഹത്തിന് അര്‍ഹരായി സ്വര്‍ഗം ലഭിക്കുന്ന യഥാര്‍ഥ വിശ്വാസികളുടെ കൂട്ടത്തില്‍ അല്ലാഹു നമ്മെ ഏവരെയും ഉള്‍പ്പെടുത്തി സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കട്ടെ…അസ്സലാമു അലൈകും.

You may also like