പ്രഭാഷണം

കാരുണ്യത്തിന്റെ പ്രവാചകന്‍

Spread the love

കാരുണ്യവും വിട്ടുവീഴ്ചയും അന്യം നില്‍ക്കുന്ന ആധുനികയുഗത്തില്‍ ആദരവായ മുത്ത് മുഹമ്മദ് മുസ്ത്വഫാ(സ)യുടെ കാരുണ്യത്തെയും വിട്ടുവീഴ്ചയെയും കുറിച്ച് സംസാരിക്കുക എന്നത് വളരെ മഹത്തരമായ ഒരു കര്‍മമായി ഞാന്‍ മനസ്സിലാക്കുന്നു. സര്‍വലോകര്‍ക്കും അനുഗ്രഹമായിട്ടാണ് താങ്കളെ ഞാന്‍ നിയോഗിച്ചത് എന്നാണല്ലോ വിശുദ്ധ ഖുര്‍ആന്‍ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്്. മനുഷ്യര്‍ക്ക് മാത്രമല്ല, സര്‍വജീവ ജാലങ്ങളോടും പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളോടും അങ്ങേയറ്റത്തെ കാരുണ്യമായിരുന്നു പ്രവാചകന്‍(സ)ക്ക്. പ്രവാചകന്‍ പഠിപ്പിച്ചു: ‘ നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക! ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും’.
കാരുണ്യത്തിന്റെ നിറകുടമായിരുന്നു പ്രവാചകന്‍. വൃദ്ധന്മാരോടും കുട്ടികളോടും സ്ത്രീകളോടും അവശരോടുമെല്ലാം ആ നിര്‍മലമായ ഹൃദയം അങ്ങേയറ്റത്തെ കാരുണ്യത്തോടെ പെരുമാറുകയുണ്ടായി. വലിയവരോട് ആദരവ് പ്രകടിപ്പിക്കാത്തവരും കുട്ടികളെ ബഹുമാനിക്കാത്തവരും നമ്മില്‍ പെട്ടവനല്ല എന്ന് റസൂല്‍ (സ) നമ്മെ ഉണര്‍ത്തുകയുണ്ടായി.
പ്രവാചക തിരുമേനി മുഹമ്മദ് നബി (സ) ഒരു ദിവസം പേരക്കുട്ടികളായ ഹസനെയും ഹുസൈനെയും ചുംബിക്കുകയും പിടിച്ചു മടിയില്‍ ഇരുത്തുകയും ചെയ്ത രംഗം തമീം ഗോത്രക്കാരനായ അല്‍ അഖ്‌റഅ് ഇബുനു ഹാബിസ് കണ്ടപ്പോള്‍ അല്‍ഭുതത്തോടെ ഇങ്ങിനെ പറഞ്ഞു: ‘എനിക്കു പത്തു മക്കളുണ്ട്. അവരിലോരാളെയും ഞാന്‍ ഇതുവരെ ചുംബിച്ചിട്ടില്ല.’
ഉടനെ പ്രവാചക ശ്രേഷ്ഠര്‍ അയാളുടെ നേര്‍ക്കു നോക്കി ഇങ്ങിനെ പ്രതിവചിച്ചു: ‘കരുണ ചെയ്യാത്തവന് കരുണ ലഭിക്കുകയുമില്ല. ‘നിങ്ങളുടെ ഹൃദയത്തില്‍ നിന്ന് അല്ലാഹു കാരുണ്യത്തെ പിഴുതെടുത്തു കളഞ്ഞെങ്കില്‍ എനിക്കതു തിരിച്ചു തരാന്‍ കഴിയുമോ? ‘. പ്രവാചകന് കുട്ടികളോടുള്ള സ്‌നേഹത്തിന്റെ ആഴം എത്രയാണെന്ന സഹോദരന്മാരെ, ഇതില്‍ നിന്നും നമുക്ക് മനസ്സിലാക്കാം.
 ഒരിക്കല്‍ ഒരു യാത്രയില്‍ തിരുനബിയുടെ അനുയായികള്‍ രണ്ടു പക്ഷിക്കുഞ്ഞുങ്ങളെ പിടിച്ചു കൊണ്ടു വന്നു, ഉടനെ തള്ളപ്പക്ഷി പറന്നു വന്ന് അവരുടെ മുമ്പില്‍ നിന്ന് ചിറകിട്ടടിക്കാന്‍ തുടങ്ങി. ഇതു കണ്ട തിരു ദൂതര്‍ അവരോടു പറഞ്ഞു: ‘ആരാണീ തള്ളപ്പക്ഷിയെ നോവിക്കുന്നത്?. അതിന്റെ കുഞ്ഞുങ്ങളെ അതിനു മടക്കിക്കൊടുക്കൂ’.
മറ്റൊരിക്കല്‍ ഒരൊട്ടകം തിരുനബിയെ കാണാനിടയായി. നിറഞ്ഞ കണ്ണുകളുമായി അത് അരുമയോടെ നബിയുടെ മുമ്പില്‍ വന്ന് നിന്നു: അവിടുന്നതിനെ തടവി സമാധാനിപ്പിച്ചു. ‘ആരുടേതാനീ ഒട്ടകം?’ അവിടുന്ന് വിളിച്ചു ചോദിച്ചു. അപ്പോള്‍ അരു അന്‍സാരി യുവാവ് ‘അല്ലാഹുവിന്റെ പ്രവാചകരേ, അതെന്റേതാണ്’ എന്നു പറഞ്ഞു കൊണ്ട് അങ്ങോട്ട് ചെന്നു. തിരുനബി അയാളെ ഇങ്ങനെ ഉപദേശിച്ചു. ‘അല്ലാഹു നിന്റെ ഉടമയിലാക്കിത്തന്ന ഈ മൃഗത്തിന്റെ കാര്യത്തില്‍ നിനക്ക് അല്ലാഹുവിനെ അനുസരിച്ചു കൂടെ?. നീ അതിനെ വേദനിപ്പിക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്യുന്നുവെന്ന് അതെന്നോട് വേവലാതി പറഞ്ഞിട്ടുണ്ട്’. എത്ര ദയാവായ്‌പോടും കാരുണ്യത്തോടുമാണ് ജീവജാലങ്ങളോടടക്കം അല്ലാഹുവിന്റെ റസൂലിന്റെ പെരുമാറ്റം.

 വിട്ടു വീഴ്ചകളുടെ മഹാ മാതൃകകള്‍ തിരുനബിയുടെ ജീവിതത്തില്‍ നിരവധിയുണ്ട്്. പിറന്നു വീണ നാട്ടില്‍ നീണ്ട പതിമൂന്നു വര്‍ഷം കടുത്ത താഢനകളും പീഡനങ്ങളും അനുഭവിക്കേണ്ടി വന്നു,  അതില്‍ തന്നെ മൂന്നു വര്‍ഷം അബൂതാലിബ് മലംചെരുവിലെ പച്ചിലകളും തോലിന്‍ കഷണങ്ങളും തിന്ന് നരക യാതനയില്‍ കഴിയേണ്ടി വന്ന് ജീവിതം. അതിനെല്ലാം ഒടുവില്‍ എല്ലാം വിട്ടെറിഞ്ഞ് മദീനയിലേക്ക് പലായനം ചെയ്യേണ്ടി വന്ന സന്ദര്‍ഭം, അവിടെയും സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കാതെയുള്ള തുടര്‍ച്ചയായ പോരാട്ടങ്ങള്‍, അവയിലൊക്കെയും പൊലിഞ്ഞു പോയ ഉറ്റവരുടെയും ഉടയവരുടെയും ജീവനുകള്‍, എല്ലാ കടമ്പകള്‍ക്കും സാഹസങ്ങള്‍ക്കുമൊടുവില്‍ വിജിഗീഷുവായി മക്കയില്‍ തിരിച്ചെത്തിയ നിമിഷങ്ങള്‍!! പ്രവാചകനോട് കടുത്ത ശത്രുത പുലര്‍ത്തിയിരുന്ന മക്കാനിവാസികള്‍ക്ക് ലോകം മൊത്തവും കുടുസ്സായി അനുഭവപ്പെടുകയും അവര്‍ എലിക്കുഞ്ഞുങ്ങളെപോലെ വിറ കൊള്ളുകയും ചെയ്ത അവസരം . അതായത് മക്കാ വിജയത്തിന്റെ ദിവസം സര്‍വ്വ ലോക കാരുണ്യത്തിന്റെ മൂര്‍ത്തീമത്ഭാവമായ നബി തിരുമേനി ചോദിച്ച ഒരു ചോദ്യമുണ്ട്; ‘ഞാന്‍ നിങ്ങളെ എന്തു ചെയ്യുമെന്നാണ് നിങ്ങള്‍ കരുതുന്നത്?’ അവര്‍ പറഞ്ഞു: ‘നല്ലതു മാത്രം… അങ്ങു മാന്യനായ സഹോദരന്‍.. മാന്യനായ സഹോദരന്റെ മകന്‍..’ അപ്പോള്‍ തിരുനബി അവരോട് പറഞ്ഞത് ‘ ഇന്നു നിങ്ങള്‍ക്കുമേല്‍ യാതൊരു പ്രതികാരവുമില്ല! പോയ്‌ക്കൊള്ളൂ, നിങ്ങള്‍ സ്വതന്ത്രരാണ്’ എന്നായിരുന്നു. ഏറ്റവും നൂതനമായ ആയുധങ്ങള്‍കൊണ്ട് സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരപരാധികളായ ആയിരക്കണക്കിന് മനുഷ്യരെ നിഷ്ഠൂരമായി കൊലചെയ്യുന്ന ആധുനിക കാലത്ത് പ്രവാചകന്‍ കാണിച്ച് മാതൃക എത്ര മഹിതകരമാണ്.
സത്യവിശ്വാസികളെന്ന നിലയില്‍ പ്രവാചക ജീവിതത്തിന്റെ മഹിതമായ മാതൃകകള്‍ ജീവിതത്തിലുടനീളം പാലിച്ചുകൊണ്ട് ലോകത്തിനു മുഴുവന്‍ കാരുണ്യമായി നിലകൊള്ളാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. അല്ലാഹു സുബഹാനഹു തആല അതിന് നമുക്ക് ഏവര്‍ക്കും തൗഫീക്ക് നല്‍കി നമ്മെ അനുഗ്രഹിക്കട്ടെ! ആമീന്‍. അസ്സലാമുഅലൈകും.
 

You may also like