ഖാതമുന്നബിയ്യീന്റെ അര്‍ഥം
ഖാതമുന്നബിയ്യീന്റെ അര്‍ഥം പ്രവാചകത്വപരമ്പര അവസാനിപ്പിച്ചവന്‍ എന്നായിരിക്കണമെന്നും തിരുമേനിക്ക് ശേഷം മറ്റൊരു നബിയും വരാന്‍ പോവുന്നില്ലെന്ന് മനസ്സിലാക്കണമെന്നുമാണ് വാക്കിന്റെ പശ്ചാത്തലം ഇവിടെ കണിശമായും ഖണ്ഡിതമായും ആവശ്യപ്പെടുന്നതെന്ന് തെളിഞ്ഞുവല്ലോ. എന്നാല്‍, പശ്ചാത്തലത്തിന്റെ താല്‍പര്യം മാത്രമല്ല അത്. ഭാഷാനിഘണ്ടുക്കളും അതേ അര്‍ഥമാണ് കുറിക്കുന്നത്. അറബി ശൈലിയിലും നിഘണ്ടുവിലും ‘ഖത്മ്’ എന്ന ധാതുവിന് സീല്‍വെക്കുക, അടച്ചുപൂട്ടുക, അവസാനത്തോളം എത്തുക, ഒരു പ്രവൃത്തി പൂര്‍ത്തീകരിച്ചു വിരമിക്കുക എന്നെല്ലാമാണര്‍ഥം കാണുന്നത്.
خَتَمَ العَمَلَ اى فَرَغَ مِنَ العَمَل (പ്രവൃത്തിയില്‍നിന്ന് വിരമിച്ചു.) خَتَم الإناءَ (പാത്രത്തിന്റെ വായ അടച്ചുമൂടി; വല്ലതും അതില്‍ പ്രവേശിക്കുകയോ അതില്‍നിന്നൊന്ന് പുറത്തുപോവുകയോ ചെയ്യാതിരിക്കാന്‍ വേണ്ടി.) خَتَمَ الكِتابَ (കത്ത് കവറിലിട്ട് അടച്ച് സീല്‍വെച്ചു; അത് സുരക്ഷിതമായിരിക്കാന്‍വേണ്ടി.) خَتَمَ علىَ القَلْبِ (ഹൃദയത്തിന് സീല്‍വെച്ചു. അതെ, ഹൃദയത്തില്‍ മൂടുറച്ചുപോയ ഒന്നും പുറത്തുപോവുകയോ പുതുതായി വല്ലതും ഗ്രഹിക്കുകയോ ചെയ്യാന്‍ സാധിക്കാതായി.) ختَامُ كلّ مَشْرُوب (ഒരു പാനീയം കുടിച്ചിട്ട് അവസാനം അനുഭവപ്പെടുന്ന രുചി.) خاتِمةُ كلّ شَيء، عاقبتُه، وآخرته(ഏത് വസ്തുവിന്റെയും ‘ഖാതിമ’ എന്നുവെച്ചാല്‍ അതിന്റെ അന്ത്യവും പര്യവസാനവും എന്നര്‍ഥം.) خَتَمَ الشَّيْءُ، بَلغَ آخره (ഒന്നിനെ ‘ഖത്തം’ ചെയ്തു എന്നുവെച്ചാല്‍ അതിനെ അതിന്റെ അന്ത്യംവരെ എത്തിച്ചു എന്നര്‍ഥം). ഇതേ അര്‍ഥത്തിലാണ് നാം ‘ഖത്മുല്‍ ഖുര്‍ആന്‍’ എന്നു പറയുന്നത്.
സൂറത്തുകളുടെ അവസാന സൂക്തങ്ങള്‍ക്ക് ‘ഖവാതീം’ എന്നു പേര്‍ വന്നതും ഈ അര്‍ഥത്തില്‍ തന്നെ. خَاتَمُ القوْم، آخِرُهُم (ജനങ്ങളുടെ ‘ഖാതം’ എന്നാല്‍ ഗോത്രത്തിലെ അവസാനമനുഷ്യന്‍ എന്നര്‍ഥം.) (ലിസാനുല്‍അറബ്, ഖാമൂസ്, അഖ്‌റബുല്‍ മവാരിദ് മുതലായ നിഘണ്ടുക്കള്‍ നോക്കുക. ഈ അടിസ്ഥാനത്തില്‍ സകല നിഘണ്ടുകര്‍ത്താക്കളും ഖുര്‍ആന്‍ ഭാഷ്യകാരന്മാരും ഏകകണ്ഠമായി പറഞ്ഞിരിക്കുന്നു, ‘ഖാതമുന്നബിയ്യീന്‍’ എന്ന വാക്കിന് ‘ആഖിറുന്നബിയ്യീന്‍’ (പ്രവാചകന്മാരില്‍ അവസാനത്തെ ആള്‍) എന്നാണ് അര്‍ഥമെന്ന്. അറബിഭാഷയിലും അറബി ശൈലിയിലും ‘ഖാതമി’ന്റെ വിവക്ഷ. കത്തുകളയക്കുമ്പോള്‍ കവറിന്മേല്‍ പതിക്കുന്ന തപാല്‍മുദ്ര എന്നല്ല; പ്രത്യുത, കവറിന്റെ പുറത്തുള്ള സീലെന്നാണ്. ഉള്ളില്‍നിന്നൊന്നും പുറത്തു പോവാതിരിക്കാനും പുറമെനിന്നൊന്നും അകത്തുകടക്കാതിരിക്കാനും വേണ്ടി അടിക്കപ്പെടുന്ന സീല്‍. ( തുടരും )
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5