പ്രവാചക നിന്ദ

പ്രവാചകത്വ പരിസമാപ്തി ( 8– 8 )

Spread the love

നബിവചനങ്ങളുടെ സാരം

മേല്‍ പ്രസ്താവിച്ച ഹദീസുകള്‍ വായിച്ച ഏതൊരാള്‍ക്കും സ്വയം കാണാന്‍ കഴിയും, അവയില്‍ ‘വാഗ്ദത്ത മസീഹി’നെയോ ‘സദൃശ മസീഹി’നെയോ ‘അവതാര മസീഹി’നെയോ പറ്റി ഒരു പ്രതിപാദനവുമില്ലെന്ന്. ഇന്നൊരാള്‍ തന്റെ മാതാവിന്റെ ഗര്‍ഭാശയത്തില്‍നിന്നും പിതാവിന്റെ ബീജത്തില്‍നിന്നും ജന്മമെടുക്കുക, എന്നിട്ട് മുഹമ്മദ് നബി(സ) പ്രവചിച്ച ആ മസീഹ് താനാണെന്ന് വാദിക്കുക –ഇതിന് പ്രകൃത ഹദീസുകളുമായി വിദൂരബന്ധം പോലുമില്ലെന്നും ഈ വാദത്തിന് ഒരു പഴുതും അല്ലാഹുവിന്റെ റസൂല്‍ വെച്ചിട്ടില്ലെന്നും ആര്‍ക്കും ഒറ്റനോട്ടത്തില്‍ കാണാവുന്നതാണ്. രണ്ടായിരം വര്‍ഷംമുമ്പ് പിതാവിനെക്കൂടാതെ മര്‍യമിന്റെ(അ) ഗര്‍ഭാശയത്തില്‍നിന്ന് പിറന്നിട്ടുണ്ടായിരുന്ന ഈസാ(അ) ഇറങ്ങുമെന്നാണ് പ്രസ്തുത ഹദീസുകളിലെല്ലാം അസന്ദിഗ്ധമായും സ്പഷ്ടമായും പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈസാ മരിച്ചുപോയിട്ടുണ്ടോ, ഇന്നും ജീവിച്ചിരിപ്പുണ്ടോ എന്ന ചര്‍ച്ച ഇവിടെ കുത്തിപ്പൊക്കുന്നത് തീരെ നിരര്‍ഥവും നിഷ്ഫലവുമത്രെ. വാദത്തിനുവേണ്ടി അദ്ദേഹം മരണമടഞ്ഞുവെന്നുതന്നെ സങ്കല്‍പിക്കുക. എങ്കില്‍പോലും അദ്ദേഹത്തെ പുനരുജ്ജീവിപ്പിച്ച് എഴുന്നേല്‍പിച്ചുകൊണ്ടുവരാന്‍ അല്ലാഹു ശക്തനാണ്. അല്ലെങ്കില്‍ തന്റെ ഒരടിമയെ പ്രപഞ്ചത്തിലെവിടെയോ ആയിരക്കണക്കായ വര്‍ഷങ്ങള്‍ ജീവിപ്പിക്കുകയും താനുദ്ദേശിക്കുമ്പോള്‍ ദുന്‍യാവില്‍ പ്രത്യക്ഷീഭവിപ്പിക്കുകയും ചെയ്യുകയെന്നത് അല്ലാഹുവിന്റെ കഴിവിനതീതമൊന്നുമല്ല. ഏതു നിലക്കും പ്രസ്തുത ഹദീസുകളില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക്, വരാനുള്ള ഈസാ, മര്‍യമിന്റെ മകനായ ഈസാ(അ)യാണെന്നും അദ്ദേഹം ജനിക്കുകയല്ല, ഇറങ്ങുകയാണ് ചെയ്യുകയെന്നും സമ്മതിക്കാതെ ഗത്യന്തരമില്ല. പ്രസ്തുത ഹദീസുകളെ ഒരാള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ ഭാവിയില്‍ വരുന്ന ഒരു മസീഹിലും വിശ്വസിക്കുക സാധ്യമല്ല. അയാള്‍ മസീഹിന്റെ ആഗമനത്തെ പറ്റെ നിഷേധിക്കണം താനും. കാരണം, ഭാവിയില്‍ ഒരു മസീഹ് വരുമെന്നുള്ള വിശ്വാസം ഹദീസുകളെ ആസ്പദിച്ചുള്ളതാണ്. മറ്റൊരാസ്പദവും ആ വിശ്വാസത്തിനില്ല.

എന്നാല്‍, തമാശ അതല്ല. ഈസായുടെ പുനരാഗമന വിശ്വാസം ഹദീസുകളില്‍നിന്ന് സ്വീകരിക്കുക. എന്നിട്ട് ഹദീസുകളുടെ സ്പഷ്ടമായ പ്രതിപാദനങ്ങളെല്ലാം അവഗണിച്ച് അത് മര്‍യമിന്റെ മകനായ ഈസായല്ല, അദ്ദേഹത്തിന്റെ സദൃശനാണെന്ന് വാദിക്കുകയും ചെയ്യുക — എന്തൊരു തമാശ! പ്രസ്തുത നബിവചനങ്ങളില്‍നിന്ന് ഇത്രതന്നെ സുവ്യക്തവും അസന്ദിഗ്ധവുമായിട്ടുള്ള മറ്റൊരു സംഗതി ഇതാണ്: മര്‍യമിന്റെ പുത്രനായ ഈസാ നബി(അ)യുടെ പുനരാഗമനം ഒരു പുതിയ നബിയെ നിശ്ചയിക്കുകയെന്ന നിലക്കാവില്ല. അദ്ദേഹം ദൈവത്തിങ്കല്‍നിന്ന് ഒരു പുത്തന്‍ സന്ദേശമോ നവീന വിധിവിലക്കുകളോ കൊണ്ടുവരുമെന്നും മുഹമ്മദീയ ശരീഅത്തില്‍ വല്ലതും ഏറ്റുകയോ കുറക്കുകയോ ചെയ്യുമെന്നും അവയില്‍ കാണുന്നില്ല. മതനവീകരണാര്‍ഥമാണ് ഈസാ(അ) നിയുക്തനാവുകയെന്ന് അവ സൂചിപ്പിക്കുന്നില്ല. അദ്ദേഹം വന്നിട്ട് തന്റെ ദൗത്യത്തിലോ പ്രവാചകത്വത്തിലോ വിശ്വസിപ്പിക്കാനായി ഒരു ദഅ്‌വത്തും പ്രസ്ഥാനവും നടത്തുമെന്നും പ്രവചിക്കപ്പെട്ടിട്ടില്ല. അതുപോലെ അദ്ദേഹത്തില്‍ വിശ്വസിക്കുന്നവരെ നിലവിലുള്ള ഇസ്‌ലാമിക സൊസൈറ്റിയില്‍നിന്ന് തികച്ചും വ്യതിരിക്തമായ ഒരന്യ സൊസൈറ്റിയായി സംഘടിപ്പിക്കുമെന്നും പറഞ്ഞിട്ടില്ല .

ഒരു സവിശേഷകൃത്യം നിര്‍വഹിക്കാന്‍ വേണ്ടിയാണ് ഈസാ(അ) വരുക, ദജ്ജാലിന്റെ ഫിത്‌നയെ ഉന്മൂലനം വരുത്താന്‍വേണ്ടി. ഇതേ ആവശ്യാര്‍ഥം നിലവിലുള്ള മുസ്‌ലിംകള്‍ക്കിടയില്‍ അദ്ദേഹം വരുമ്പോള്‍, അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)യുടെ ദീര്‍ഘദര്‍ശനങ്ങള്‍ക്കനുസരിച്ച് കൃത്യസമയത്തുതന്നെ വന്നെത്തിയ മര്‍യമിന്റെ പുത്രനായ ഈസാ മസീഹാണ് അദ്ദേഹമെന്ന കാര്യത്തില്‍ ആ മുസ്‌ലിംകള്‍ക്ക് ഒരു സംശയവുമുണ്ടാവില്ല. അദ്ദേഹം വന്നിട്ട്, അന്ന് നിലവിലുള്ള മുസ്‌ലിംകളുടെ കൂടെ അവരുടെ ഇമാമിന്റെ പിറകില്‍നിന്നാണ് നമസ്‌കാരം നിര്‍വഹിക്കുക . മുസല്‍മാന്മാരുടെ അന്നത്തെ അമീര്‍ ആരായിരിക്കുമോ അദ്ദേഹത്തെത്തന്നെ മുമ്പില്‍ നിര്‍ത്തും. തന്റെ പൂര്‍വ പ്രവാചകത്വം പോലെ, ഇനിയും പ്രവാചകത്വത്തിന്റേതായ കര്‍ത്തവ്യം നിര്‍വഹിക്കാനാണ് താന്‍ തിരിച്ചുവന്നിട്ടുള്ളതെന്ന സംശയത്തിന് നേരിയൊരു പഴുതും അദ്ദേഹം അവശേഷിപ്പിക്കുകയില്ല. ഒരു സംഘത്തില്‍ ദൈവത്തിന്റെ പ്രവാചകനുണ്ടെങ്കില്‍ മറ്റൊരാള്‍ ഇമാമോ അമീറോ ആവുകയില്ലെന്ന കാര്യം തുലോം വ്യക്തമാണ്. അദ്ദേഹം മുസ്‌ലിംകളുടെ ജമാഅത്തില്‍ കേവലമൊരു വ്യക്തിയെന്ന നിലയില്‍ വന്നുചേരുന്നതുതന്നെ താനൊരു പ്രവാചകനെന്ന നിലയിലല്ല വന്നിട്ടുള്ളതെന്ന് സ്വയം പ്രഖ്യാപിക്കുന്നതിന് തുല്യമാണ്. ഈ അടിസ്ഥാനത്തില്‍ ഈസാ(അ)യുടെ ആഗമനത്താല്‍ പ്രവാചകത്വ പരിസമാപ്തിയുടെ സീല്‍ പൊട്ടിക്കപ്പെടുന്ന പ്രശ്‌നമേ ഉളവാകുന്നില്ല. അദ്ദേഹത്തിന്റെ പുനരാഗമനം മിക്കവാറും ഒരു രാഷ്ട്രത്തലവന്റെ കാലത്ത് പഴയൊരു രാഷ്ട്രത്തലവന്‍ വന്ന് അദ്ദേഹത്തിന്റെ കീഴില്‍ രാഷ്ട്രത്തിന് സേവനമനുഷ്ഠിക്കുന്നതിന് തുല്യമാണ്.

ഒരു പ്രസിഡന്റിന്റെ കാലത്ത് മുന്‍ പ്രസിഡന്റായിരുന്ന മറ്റൊരാള്‍ വരുന്നതുകൊണ്ടുമാത്രം ഭരണഘടന റദ്ദായിപ്പോവില്ലെന്ന് തന്റേടമുള്ള ഏത് സാമാന്യമനുഷ്യന്നും നല്ലപോലെ ഗ്രഹിക്കാവുന്നതാണ്. പക്ഷേ, രണ്ടു രൂപത്തില്‍ ഭരണഘടനാ ലംഘനം അനിവാര്യമായും സംഭവിക്കും: ഒന്ന്, മുന്‍ പ്രസിഡന്റ് വന്ന് വീണ്ടും തന്റെ പ്രസിഡന്‍ഷ്യല്‍ ചുമതലകള്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന രൂപത്തില്‍; മറ്റേത് അദ്ദേഹത്തിന്റെ മുന്‍ പ്രസിഡന്റ്ഷിപ്പിനെ വല്ലവനും നിഷേധിക്കുന്ന രൂപത്തില്‍. എന്തെന്നാല്‍, അദ്ദേഹം പ്രസിഡന്റായിരുന്ന ഘട്ടത്തില്‍ അനുഷ്ഠിച്ച കൃത്യങ്ങളുടെയെല്ലാം ന്യായതയെ ചോദ്യംചെയ്യുന്നതിന്റെ പര്യായമായിരിക്കും അത്. പ്രസ്തുത രണ്ട് രൂപങ്ങളില്‍ ഏതെങ്കിലുമൊന്നു സംഭവിക്കുന്നില്ലെങ്കില്‍ മുന്‍ പ്രസിഡന്റിന്റെ പുനരാഗമനംകൊണ്ട് ഭരണഘടനയുടെ നിലപാടില്‍ വല്ല മാറ്റവും വരാന്‍ ന്യായമില്ല. ഇതേ നിലപാടാണ് ഈസാ(അ)യുടെ പുനരാഗമനത്തിനുമുള്ളത്. അദ്ദേഹത്തിന്റെ വെറും ആഗമനംകൊണ്ട് പ്രവാചകത്വപരിസമാപ്തിക്ക് ഒരു വിഘ്‌നവും സംഭവിക്കുകയില്ല. പക്ഷേ, അദ്ദേഹം വന്നിട്ട് പ്രവാചകത്വത്തിന്റെ കര്‍ത്തവ്യങ്ങള്‍ വീണ്ടും നിര്‍വഹിക്കാന്‍ തുടങ്ങിയാല്‍, അല്ലെങ്കില്‍ വല്ലവനും അദ്ദേഹത്തിന്റെ മുന്‍ പ്രവാചകത്വത്തെ നിഷേധിച്ചാല്‍ അതുവഴി അല്ലാഹുവിന്റെ പ്രവാചകത്വ വ്യവസ്ഥക്ക് അനിവാര്യമായും ലംഘനം സംഭവിക്കുന്നു. പ്രസ്തുത ഹദീസുകള്‍ വളരെ വ്യക്തമായി ഈ രണ്ട് രൂപങ്ങളുടെയും വാതില്‍ കൊട്ടിയടച്ചിരിക്കുകയാണ്. അവ ഒരു വശത്ത് മുഹമ്മദ് നബി(സ)ക്കുശേഷം പ്രവാചകത്വമില്ലെന്ന് വ്യക്തമാക്കുന്നു. മറുവശത്ത്, ഈസാനബി ഇറങ്ങുമെന്ന് സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു. ഇതില്‍നിന്ന് നമുക്ക് വ്യക്തമായി മനസ്സിലാക്കാം, ഈസായുടെ പുനരാഗമനം പ്രവാചകത്വത്തിന്റേതായ ചുമതലകള്‍ നിര്‍വഹിക്കാനായിരിക്കുകയില്ലെന്ന്. ഇതേപ്രകാരം, ഈസാ(അ)യുടെ പുനരാഗമനംകൊണ്ട് മുസ്‌ലിംകള്‍ക്കിടയില്‍ ഈമാന്‍-കുഫ്‌റിന്റെ ഒരു പുതിയ പ്രശ്‌നം ഉളവാകുന്നതല്ല. അദ്ദേഹം മുമ്പ് നബിയായിരുന്നു എന്നതില്‍ വല്ലവരും വിശ്വസിക്കുന്നില്ലെങ്കില്‍ കാഫിറായിപ്പോവും.

മുഹമ്മദ് നബി(സ) തിരുമേനിതന്നെ അദ്ദേഹത്തിന്റെ നുബുവ്വത്തില്‍ വിശ്വസിച്ചിരുന്നു. അവിടത്തെ ഉമ്മത്ത് മുഴുവന്‍ ആദ്യമേ അദ്ദേഹത്തില്‍ വിശ്വസിച്ചവരാണ്. ഇതേ നിലയിലാണ് അദ്ദേഹം വരുന്ന സമയത്തുമുണ്ടാവുക. അന്ന് മുസ്‌ലിംകള്‍ ഒരു പുതിയ നുബുവ്വത്തില്‍ വിശ്വസിക്കുകയല്ല; പ്രത്യുത, മര്‍യമിന്റെ പുത്രന്‍ ഈസായുടെ മുന്‍ പ്രവാചകത്വത്തില്‍ വിശ്വസിക്കുകയാണ് ചെയ്യുന്നത്. ഇന്ന് വിശ്വസിക്കുന്നപോലെത്തന്നെ. ഈസാ(അ)യുടെ പ്രവാചകത്വത്തിലുള്ള വിശ്വാസം പ്രവാചകത്വ പരിസമാപ്തിക്ക് ഇന്ന് എതിരല്ലാത്തതുപോലെ അന്നും എതിരാവുകയില്ല. മുന്‍ പ്രസ്താവിച്ച ഹദീസുകളില്‍നിന്നും മറ്റനേകം ഹദീസുകളില്‍നിന്നും മനസ്സിലാവുന്ന അവസാന സംഗതി ഇതാണ്: ഏതൊരു ദജ്ജാലിന്റെ ഭയങ്കര ഫിത്‌നയെ ഉന്മൂലനം ചെയ്യാന്‍ മര്‍യമിന്റെ മകനായ ഈസാ(അ) നിയുക്തനാകുന്നുവോ ആ ദജ്ജാല്‍ യഹൂദികളില്‍പെട്ട ഒരാളായിരിക്കും. അവന്‍ മസീഹെന്ന നിലയിലാണ് സ്വയം പ്രത്യക്ഷനാവുക.

ഇതിന്റെ യാഥാര്‍ഥ്യം ഒരാള്‍ക്ക് ശരിക്കും മനസ്സിലാവണമെങ്കില്‍ യഹൂദന്മാരുടെ ചരിത്രവും മതധാരണകളും സംബന്ധിച്ച അറിവുണ്ടായിരിക്കണം. സുലൈമാന്‍ നബി(അ)യുടെ വിയോഗത്തിനുശേഷം ഇസ്‌റാഈല്‍ സമുദായം അടിക്കടി അധഃപതനത്തില്‍ ആപതിച്ചുകൊണ്ടിരുന്നപ്പോള്‍ ബാബിലോണിലെയും അസീരിയായിലെയും കോയ്മകള്‍ അവരെ അടിമകളാക്കുകയും ഭൂമിയില്‍ ഛിന്നഭിന്നമായി ചിതറിക്കുകയും ചെയ്തപ്പോള്‍ ബനൂഇസ്‌റാഈലില്‍ വന്ന പ്രവാചകന്മാര്‍ അവര്‍ക്ക് ഒരു മസീഹിനെക്കുറിച്ച, തങ്ങളെ പരാധീനതയില്‍നിന്നും അധഃപതനത്തില്‍നിന്നും വിമോചിപ്പിക്കാനായി ദൈവത്തിങ്കല്‍നിന്ന് വരുന്ന ഒരു മസീഹിനെക്കുറിച്ച സുവിശേഷം അറിയിക്കുകയുണ്ടായി. ഈ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ രാജാവായി, നാടിനെ യുദ്ധംചെയ്തു പിടിച്ചടക്കി, തങ്ങളെ വിവിധ രാജ്യങ്ങളില്‍നിന്നു കൊണ്ടുവന്ന് ഫലസ്ത്വീനില്‍ ഒരു മഹാരാഷ്ട്രം സ്ഥാപിക്കുന്ന ഒരു മസീഹിനെ യഹൂദികള്‍ പ്രതീക്ഷിച്ചുകൊണ്ടിരുന്നു. എന്നാല്‍, തങ്ങളുടെ പ്രസ്തുത പ്രതീക്ഷക്ക് വിരുദ്ധമായി മര്‍യമിന്റെ പുത്രനായ ഈസാ മസീഹ് (അ) ദൈവത്താല്‍ നിയുക്തനായപ്പോള്‍ യഹൂദികള്‍ അദ്ദേഹത്തിന്റെ മസീഹിയ്യത്തിനെ (മസീഹ് പദവിയെ) അംഗീകരിക്കാന്‍ കൂട്ടാക്കാതിരിക്കുകയാണ് ചെയ്തത്. അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചു. അന്നുമുതല്‍ ഇന്നോളം ലോകത്തെങ്ങുമുള്ള യഹൂദികള്‍ വാഗ്ദത്ത മസീഹി(Promised Messiah)നെ പ്രതീക്ഷിക്കുകയാണ്. അവരുടെ സാഹിത്യങ്ങള്‍ വരാനിരിക്കുന്ന ആ സുവര്‍ണ കാലഘട്ടത്തിന്റെ മധുരസ്വപ്നങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു.

തല്‍മൂദിലും റിബ്ബി(പുരോഹിതര്‍)കളുടെ സാഹിത്യങ്ങളിലും വര്‍ണിക്കപ്പെട്ട ആ കാലഘട്ടത്തിന്റെ സുമോഹന സ്വപ്നങ്ങളിലാണ് നൂറ്റാണ്ടുകളായി ജൂതന്മാര്‍ ജീവിച്ചുപോരുന്നത്. വാഗ്ദത്ത മസീഹ് ഒരദൃശ്യനായ രാഷ്ട്രീയ നേതാവും യുദ്ധനായകനുമായിരിക്കുമെന്നും അദ്ദേഹം നൈല്‍ നദി മുതല്‍ യൂഫ്രട്ടീസ് നദിവരെയുള്ള സകല ഭൂപ്രദേശങ്ങളും–സ്വന്തം പൈതൃകസ്വത്താണെന്ന് യഹൂദികള്‍ വിശ്വസിക്കുന്നു–തങ്ങള്‍ക്ക് തിരികെ പിടിച്ചുകൊടുക്കുമെന്നും ലോകത്തെങ്ങുമുള്ള യഹൂദികളെയെല്ലാം അവിടെ കൊണ്ടുവന്ന് ഏകോപിപ്പിക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. ഇനി ഇന്നത്തെ മധ്യപൂര്‍വരാജ്യങ്ങളിലെ സ്ഥിതിഗതികള്‍ കൂടി നബി(സ) തിരുമേനിയുടെ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുക. എങ്കില്‍ തിരുനബിയുടെ പ്രവചനത്തില്‍ പ്രസ്താവ്യമായ വൃത്താന്തങ്ങള്‍ക്കനുസൃതം, യഹൂദന്മാരുടെ വാഗ്ദത്തമസീഹായി എഴുന്നേല്‍ക്കാനിരിക്കുന്ന ആ ഭയങ്കര ദജ്ജാലിന്റെ രംഗപ്രവേശനത്തിന് അവിടങ്ങളില്‍ സ്റ്റേജ് തയ്യാറായിക്കൊണ്ടിരിക്കയാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഫലസ്ത്വീനിന്റെ വലിയൊരു ഭാഗത്തുനിന്നും മുസ്‌ലിംകളെ പുറത്താക്കിക്കഴിഞ്ഞു. ഇസ്രായേല്‍ എന്ന നാമധേയത്തില്‍ ഒരു രാഷ്ട്രം അവിടെ പ്രതിഷ്ഠിതമായി. ലോകത്തെങ്ങുമുള്ള യഹൂദന്മാര്‍ അതില്‍ തുരുതുരെ വന്നുകൂടുന്നു. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ വന്‍ കോയ്മകള്‍ ഇസ്രായേല്‍ രാഷ്ട്രത്തെ വമ്പിച്ച യുദ്ധശക്തിയാക്കി മാറ്റിയിരിക്കുന്നു. ജൂതന്മാരുടെ ശാസ്ത്രകാരന്മാരും സാങ്കേതിക വിദഗ്ധന്മാരും യഹൂദി മൂലധനത്തിന്റെ സഹായത്തോടെ ഇസ്രായേല്‍ രാഷ്ട്രത്തെ അഭിവൃദ്ധിയില്‍നിന്ന് അഭിവൃദ്ധിയിലേക്കും പുരോഗതിയില്‍നിന്ന് പുരോഗതിയിലേക്കും വളര്‍ത്തിക്കൊണ്ടിരിക്കുന്നു. യഹൂദന്മാരുടെ വളര്‍ന്നുവരുന്ന ഈ ശക്തി ചുറ്റുമുള്ള മുസ്‌ലിം ജനതയെ സംബന്ധിച്ചേടത്തോളം കടുത്ത ഭീഷണിയും മഹാവിപത്തുമായി ഭവിച്ചിരിക്കുകയാണ്. യഹൂദി നേതാക്കള്‍ തങ്ങളുടെ ഉദ്ദേശ്യത്തെ, സ്വന്തം പൈതൃകസ്വത്ത് പിടിച്ചടക്കാനുള്ള ഉദ്ദേശ്യത്തെ, മറച്ചുവെക്കുന്നില്ല.

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രസിദ്ധം ചെയ്ത ഒരു യഹൂദിരാഷ്ട്ര ഭൂപടത്തില്‍നിന്നുതന്നെ ഈ ഉദ്ദേശ്യം സുതരാം വ്യക്തമാണ് (ഭൂപടം കാണുക). അതില്‍ സിറിയ, ലബനാന്‍, ജോര്‍ദാന്‍ എന്നീ രാഷ്ട്രങ്ങള്‍ മുഴുവനും ഇറാഖ് മിക്കവാറും തുര്‍ക്കിയില്‍നിന്ന് ഇസ്‌കന്തറൂനും ഈജിപ്തില്‍നിന്ന് സീനായ് പ്രദേശവും സുഊദി അറേബ്യയില്‍നിന്ന് ഹിജാസിന്റെയും നജ്ദിന്റെയും ഉയര്‍ന്ന പ്രദേശങ്ങളും — ഇക്കൂട്ടത്തില്‍ പവിത്ര മദീനയും ഉള്‍പ്പെടും– പിടിച്ചെടുത്ത്, തങ്ങളുടെ പൈതൃക സ്വത്തെന്ന നിലയില്‍ കൈവശപ്പെടുത്താനുള്ള പ്ലാന്‍ ആസൂത്രണം ചെയ്യപ്പെട്ടതായി കാണിച്ചിട്ടുണ്ട്. ഈ സ്ഥിതിവിശേഷങ്ങളെല്ലാം ശരിക്കും ഗ്രഹിക്കുന്ന ഒരാള്‍ക്ക് വരാനിരിക്കുന്ന ഏതെങ്കിലുമൊരാഗോള യുദ്ധത്തിന്റെ അടിയന്തരാവസ്ഥയെ ഉപയോഗപ്പെടുത്തിക്കൊണ്ട് യഹൂദികള്‍ ആ ഭൂപ്രദേശങ്ങളെല്ലാം പിടിച്ചടക്കുകയും ആയവസരത്തില്‍ അവര്‍ക്കൊരു മഹാനേതാവ്– തിരുമേനി ഹദീസില്‍ പ്രവചിച്ച ഭയങ്കരനായ ദജ്ജാല്‍– വാഗ്ദത്ത മസീഹെന്ന വ്യാജേന പ്രത്യക്ഷപ്പെടുകയും അപ്രകാരം യഹൂദികളെ വിശ്വസിപ്പിക്കുകയും ചെയ്യുന്നതാണെന്ന് മനസ്സിലാക്കാന്‍ വിഷമമില്ല.

വ്യാജ മസീഹായ ദജ്ജാല്‍ പ്രത്യക്ഷനാവുമെന്ന് മാത്രമല്ല തിരുമേനി അരുളിയിട്ടുള്ളത്. അവന്റെ കാലത്ത് മുസല്‍മാന്മാരുടെ മേല്‍ വിപത്തുകളുടെ മല ഇടിഞ്ഞുവീഴുക വഴി, അവര്‍ക്ക് ഒരു ദിവസം ഒരു കൊല്ലത്തിന് സമമായിരിക്കുമെന്നുകൂടി അവിടുന്ന് പ്രവചിച്ചിട്ടുണ്ട്. ഇതേകാരണംകൊണ്ടാണ് വ്യാജ മസീഹായ ദജ്ജാലിന്റെ ഫിത്‌നയില്‍നിന്ന് തിരുമേനി അല്ലാഹുവോട് അഭയം തേടിക്കൊണ്ടിരുന്നതും സമുദായത്തോട് അഭയാര്‍ഥന നടത്തിക്കൊണ്ടിരിക്കാന്‍ ഉദ്‌ബോധിപ്പിച്ചതും. പ്രസ്തുത വ്യാജമസീഹിനെ നേരിടാന്‍ വേണ്ടി മറ്റൊരു കൃത്രിമ മസീഹിനെയല്ല, അഥവാ ‘മസീലുല്‍ മസീഹി’നെയല്ല, മര്‍യമിന്റെ പുത്രനായ മസീഹിനെ, രണ്ടായിരം കൊല്ലം മുമ്പ് യഹൂദികള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുകയും അവരുടെ ധാരണപ്രകാരം കുരിശിലേറി ‘ശാപമൃത്യു’ വരിക്കുകയും ചെയ്ത സാക്ഷാല്‍ മസീഹിനെത്തന്നെയാണ് അല്ലാഹു അയക്കുക. യഥാര്‍ഥ മസീഹിന്റെ ആവിര്‍ഭാവം ഇന്ത്യയിലോ ആഫ്രിക്കയിലോ അമേരിക്കയിലോ മറ്റോ ആവില്ല; ഡമസ്‌കസിലായിരിക്കും. എന്തെന്നാല്‍, ആയവസരത്തില്‍ അതായിരിക്കും ശരിയായ യുദ്ധരംഗം. ഇസ്രായേല്‍ രാഷ്ട്രത്തിന്റെ അതിര്‍ത്തിയില്‍നിന്ന് ഡമസ്‌കസിലേക്ക് ഏതാണ്ട് 50-60 മൈല്‍ ദൂരമേയുള്ളൂ. നാമുദ്ധരിച്ച ഹദീസുകളിലെ ഉള്ളടക്കം നിങ്ങള്‍ ഓര്‍മിക്കുന്നുവെങ്കില്‍ വ്യാജമസീഹ് തന്റെ കൂടെയുള്ള 70,000 യഹൂദി സൈന്യത്തോടൊപ്പം സിറിയയില്‍ നുഴഞ്ഞുകയറുമെന്നും ഡമസ്‌കസിന്റെ സമീപംവരെ എത്തുമെന്നും മനസ്സിലാക്കാന്‍ ഒരു വിഷമവുമില്ല.

ഈ സന്ദിഗ്ധ ഘട്ടത്തിലാണ് ഡമസ്‌കസിന്റെ പൂര്‍വഭാഗത്ത് സ്ഥിതിചെയ്യുന്ന ധവളമിനാരത്തിനടുത്ത് (ഈ ധവളമിനാരം ഇപ്പോഴും അവിടെ സ്ഥിതിചെയ്യുന്നുണ്ട്) ഈസാ, മര്‍യമിന്റെ പുത്രനായ സാക്ഷാല്‍ ഈസാ(അ) പ്രഭാതവേളയില്‍ ഇറങ്ങിവരുക. പ്രഭാത നമസ്‌കാരാനന്തരം ദജ്ജാലിനെ നേരിടാനായി മുസ്‌ലിംകളെ അദ്ദേഹം നയിക്കും. മുസല്‍മാന്മാരുടെ ആക്രമണത്തിന്റെ ശക്തിയാല്‍ ദജ്ജാല്‍ പരാജയപ്പെട്ട് ‘അഫീഖി'(Fiq) ലെ ഗിരിമാര്‍ഗത്തിലൂടെ (20-ാം നമ്പര്‍ ഹദീസ് നോക്കുക) ഇസ്രായേലിലേക്ക് മടങ്ങും. ഈസാ (അ) അവനെ പിന്തുടരും. അവസാനം ‘ലുദ്ദി'(Lydda) വിമാനത്താവളത്തിലെത്തുമ്പോള്‍ അവനെ അദ്ദേഹം സ്വകരത്താല്‍ വെട്ടിക്കൊല്ലും (10, 13, 14 നമ്പര്‍ ഹദീസുകള്‍ നോക്കുക). അതിനുശേഷം യഹൂദികളെ ഓരോരുത്തരെയായി തിരഞ്ഞുപിടിച്ച് കൊലചെയ്യും. അങ്ങനെ യഹൂദി സമുദായത്തെ പറ്റെ അവസാനിപ്പിക്കും (9, 14, 20 നമ്പര്‍ ഹദീസുകള്‍ നോക്കുക). ഈസായുടെ ഭാഗത്തുനിന്ന് യാഥാര്‍ഥ്യം പ്രത്യക്ഷപ്പെടുന്നതോടെ ക്രിസ്ത്യാനിസം അവസാനിച്ചുപോകും (1, 2, 4, 6 നമ്പര്‍ ഹദീസുകള്‍ നോക്കുക). എല്ലാ സമുദായങ്ങളും ഏക മുസ്‌ലിംസമുദായത്തില്‍ ലയിക്കും (6, 14 ഹദീസുകള്‍ നോക്കുക). ഇതത്രെ പ്രസ്തുത ഹദീസുകളില്‍ അസന്ദിഗ്ധമായി പ്രസ്താവിച്ച യാഥാര്‍ഥ്യം.

എന്നാല്‍, ‘മസീഹു മൗഊദി'(വാഗ്ദത്തമസീഹി)ന്റെ പേരില്‍ നമ്മുടെ നാട്ടില്‍ പ്രചരിപ്പിക്കപ്പെടുന്ന ബിസിനസ് ഒരു കടുത്ത വഞ്ചനയല്ലാതെ മറ്റൊന്നുമല്ല! ഈ വഞ്ചനയുടെ ഏറ്റവും അപഹാസ്യമായ വശം നോക്കുക: തിരുനബിയുടെ പ്രവചനങ്ങളുടെ പുലര്‍ച്ചയാണ് താനെന്ന് സ്വയം അവകാശപ്പെടുന്ന മനുഷ്യന്‍ ഈസബ്‌നു മര്‍യമായത് എങ്ങനെ എന്നതിന് രസകരമായ ഒരു വ്യാഖ്യാനം നല്‍കിയിട്ടുണ്ട്. അതിതാ, നോക്കൂ: ”അവന്‍ (അല്ലാഹു) ബറാഹീനെ അഹ്മദിയ്യയുടെ മൂന്നാം ഭാഗത്തില്‍ എനിക്ക് മര്‍യം എന്ന് പേര്‍ വെച്ചു. ബറാഹീനെ അഹ്മദിയ്യയില്‍നിന്ന് വ്യക്തമാവുംപോലെ രണ്ടുവര്‍ഷത്തോളം ഞാന്‍ ‘മര്‍യമിയ്യത്തി’ന്റെ സവിശേഷതയില്‍ വളര്‍ച്ച പ്രാപിച്ചു… പിന്നെ, മര്‍യമിലെന്ന പോലെ എന്നിലും ഈസായുടെ ആത്മാവ് ഊതപ്പെട്ടു. ഉപമാലങ്കാരത്തിന്റെ വര്‍ണത്തില്‍ ഞാന്‍ ഗര്‍ഭിണിയായി. കുറെ മാസങ്ങള്‍ക്കുശേഷം — പത്തുമാസത്തില്‍ കൂടുതലില്ല — ബറാഹീനെ അഹ്മദിയ്യയുടെ നാലാം ഭാഗത്തില്‍ കൊടുത്ത ‘ഇല്‍ഹാം’ (വെളിപാട്) മുഖേന ഞാന്‍ മര്‍യമില്‍നിന്ന് ഈസായായി രൂപാന്തരപ്പെട്ടു. അങ്ങനെയാണ് ഞാന്‍ ഇബ്‌നുമര്‍യം (മര്‍യമിന്റെ പുത്രന്‍) ആക്കപ്പെട്ടത്.” (കിശ്ത്തിയെ നൂഹ്, പേജ് 87-89) അതായത്, ആദ്യം മര്‍യമായി. പിന്നെ സ്വയം ഗര്‍ഭിണിയായി. അനന്തരം തന്റെ വയറ്റില്‍നിന്ന് മര്‍യമിന്റെ പുത്രന്‍ ഈസയായി തന്നത്താന്‍ ജന്മമെടുത്തു. ഇതിനുശേഷം ഒരു വിഷമം നേരിട്ടു: ഹദീസുകളില്‍ പറഞ്ഞപ്രകാരം ദിമശ്ഖിലാണല്ലോ ഈസബ്‌നുമര്‍യം ഇറങ്ങേണ്ടിയിരുന്നത്. അനേകമായിരം വര്‍ഷം മുതല്‍ക്കേ സിറിയയിലെ സുവിദിതവും സുപ്രസിദ്ധവുമായ ഒരു നഗരമാണ് ദിമശ്ഖ്.

ഇന്നും ഭൂപടത്തില്‍ ദിമശ്ഖ് എന്ന പേരില്‍ത്തന്നെയാണ് അത് സ്ഥിതിചെയ്യുന്നതും. മേല്‍ പ്രസ്താവിച്ചതിലും രസാവഹമായ മറ്റൊരു വ്യാഖ്യാനത്തിലൂടെ ആ വിഷമവും ദൂരീകരിക്കപ്പെട്ടു. ”ദിമശ്ഖ് എന്ന പദത്തിന്റെ വ്യാഖ്യാനം എനിക്ക് അല്ലാഹുവില്‍നിന്ന് പ്രത്യക്ഷമാക്കപ്പെട്ടിരിക്കുന്നുവെന്നത് വ്യക്തമാണ്: അവിടെ ‘ദിമശ്ഖ്’ എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത് യസീദ്പ്രകൃതക്കാരുടെയും യസീദ് പ്രേതങ്ങളുടെയും സമ്പ്രദായങ്ങളെയും അഭിപ്രായങ്ങളെയും പിന്‍പറ്റിയ ആളുകള്‍ താമസിക്കുന്ന നാട്ടിനാണ്….. യസീദ് പ്രകൃതക്കാരായ ജനങ്ങള്‍ അധികം താമസിക്കുന്നതുകൊണ്ട് ഈ ‘ഖാദിയാന്‍’ രാജ്യത്തിന് ദിമശ്ഖിനോട് സാദൃശ്യവും യോജിപ്പുമുണ്ട്.” (ഹാശിയെ ഇസാലയെ ഔഹാം, പേജ് 63-73) എന്നിട്ടും മറ്റൊരു സങ്കീര്‍ണത അവശേഷിച്ചു. ഹദീസുകളില്‍ പറഞ്ഞപ്രകാരം ഇബ്‌നുമര്‍യം ഒരു വെള്ളമിനാരത്തിന്റെ അടുത്ത് ഇറങ്ങേണ്ടിയിരുന്നു. ഈ സങ്കീര്‍ണതയും പരിഹരിച്ചു. എങ്ങനെയെന്നോ? മസീഹ് സാഹിബ് വന്നിട്ട് തന്റെ മിനാരം താന്‍തന്നെ അങ്ങ് പണിയിച്ചു. മിനാരം, ഹദീസുകളില്‍ പറഞ്ഞപ്രകാരം ഇബ്‌നുമര്‍യമിന്റെ ഇറക്കത്തിന് മുമ്പുതന്നെ ഉണ്ടാവേണ്ടിയിരുന്നു. ദിമശ്ഖിലതുണ്ടുതാനും. ഖാദിയാനിലാവട്ടെ, മസീഹിന്റെ തിരുവാഗമനത്തിന്റെ വളരെ ശേഷമാണ് മിനാരം കെട്ടിപ്പടുത്തുണ്ടാക്കിയത്. അതിപ്പോള്‍ ആര് നോക്കാന്‍?!

അവസാനമുണ്ടായിരുന്ന വലിയ വൈതരണി ഇതായിരുന്നു: ഹദീസുകളനുസരിച്ച്, ഈസബ്‌നുമര്‍യം ലുദ്ദീവാതില്‍ക്കല്‍വെച്ച് ദജ്ജാലിന്റെ കഥ കഴിക്കേണ്ടതുണ്ട്. ഈ വൈഷമ്യം തരണം ചെയ്യുന്നതിന് നേരത്തേ ബഹുവിധ വ്യാഖ്യാനങ്ങളവതരിപ്പിച്ചു. ലുദ്ദ് ബൈതുല്‍മഖ്ദിസിലെ ഗ്രാമങ്ങളിലൊന്നിന്റെ പേരാണെന്ന് ചിലപ്പോള്‍ സമ്മതിക്കും (ഇസാലയെ ഔഹാം അന്‍ജുമന്‍ അഹ്മദിയ്യ, ലാഹോര്‍ പേജ് 220). പിന്നെ പറഞ്ഞു: ”അസ്ഥാനത്ത് യുദ്ധംചെയ്യുന്നവരെയാണ് ലുദ്ദ് എന്ന് വിളിക്കുക….. ദജ്ജാലിന്റെ വൃഥായുദ്ധം മൂര്‍ച്ഛിക്കുമ്പോള്‍ വാഗ്ദത്ത മസീഹ് പ്രത്യക്ഷനാവുകയും അവന്റെ എല്ലാ യുദ്ധങ്ങള്‍ക്കും അന്ത്യം കുറിക്കുകയും ചെയ്യും” (ഇസാലയെ ഔഹാം, പേജ് 730). പക്ഷേ, ഈ വ്യാഖ്യാനത്തിലും തൃപ്തി പോരാതായപ്പോള്‍ പിന്നെ തട്ടിവിട്ടു: ”ലുദ്ദ് എന്നതുകൊണ്ടുദ്ദേശിച്ചത് ലുധിയാന ആകുന്നു. അതിന്റെ കവാടത്തില്‍വെച്ച് ദജ്ജാലിനെ വധിക്കും എന്നതിന്റെ വിവക്ഷ, ദുഷ്ടന്മാരുടെ എതിര്‍പ്പുണ്ടായിട്ടും അവിടെ ആദ്യമായി മീര്‍സാ ഗുലാം അഹ്മദ് ഖാദിയാനി ബൈഅത്ത് ചെയ്യപ്പെട്ടു എന്നുമാകുന്നു.” (അല്‍ഹുദാ, പേജ് 91) ഈ വ്യാഖ്യാനക്കസര്‍ത്തുക്കളെല്ലാം തുറന്ന ദൃഷ്ടിയോടെ നോക്കുന്നവര്‍ക്ക് നിസ്സംശയം മനസ്സിലാകും, പരസ്യമായി നടത്തിയ ഒരു ആള്‍മാറാട്ടം മാത്രമാണിതെന്ന്! ( അവസാനിച്ചു )

🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5

സയ്യിദ് അബുൽ അഅ് ല മൗദൂദി
ഇരുപതാം നൂറ്റാണ്ടിന്റെ ഇസ്‌ലാമിക ചിന്തയേയും ഇസ്‌ലാമിക ആക്ടിവിസത്തേയും ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ചിന്തകന്‍, പണ്ഡിതന്‍, ഗ്രന്ഥകാരന്‍, പരിഷ്‌കര്‍ത്താവ് എന്നീ നിലകളില്‍ ലോകപ്രശസ്തനാണ് മൗദൂദി. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പാദം മുതല്‍ ഇസ്‌ലാമിക ലോകത്ത് അലയടിച്ചുതുടങ്ങിയ ഇസ്‌ലാമിക നവജാഗരണത്തിന്റെ പ്രധാന ശില്‍പിയെന്ന നിലയില്‍ നൂറ്റാണ്ടിന്റെ നവോത്ഥാന നായകന്‍ എന്ന് ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട വ്യക്തിത്വം കൂടിയാണ് സയ്യിദ് മൗദൂദി. അദ്ദേഹം ജീവിച്ചതും പ്രവര്‍ത്തിച്ചതുമെല്ലാം കഴിഞ്ഞ നൂറ്റാണ്ടിലാണെങ്കിലും പുതിയ നൂറ്റാണ്ടിലും ഇസ്‌ലാമിനെക്കുറിച്ച് ഗൗരവമായി പഠിക്കുന്ന ആര്‍ക്കും അദ്ദേഹത്തിന്റെ ചിന്തകളേയും പ്രവര്‍ത്തനങ്ങളേയും അവഗണിക്കാന്‍ കഴിയില്ല. അതിനാല്‍, പുതിയ നൂറ്റാണ്ടിലേയും ഇസ്‌ലാമിക നവജാഗരണത്തിന്റെ പ്രധാന ഊര്‍ജസ്രോതസ്സുകളിലൊരാള്‍ സയ്യിദ് മൗദൂദിയാണ്. 1903 സെപ്റ്റംബര്‍ 25-ന് ഔറംഗാബാദിലാണ് മൗദൂദി ജനിച്ചത്. ആത്മീയ പാരമ്പര്യമുള്ള സയ്യിദ് കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പിതാവ് അഹ്മദ് ഹസന്‍. മാതാവ് റുഖിയാ ബീഗം. പ്രാഥമിക വിദ്യാഭ്യാസം പിതാവില്‍നിന്നുതന്നെയായിരുന്നു. 1914-ല്‍ മൗലവി പരീക്ഷ പാസായി. ഉപരിപഠനത്തിന് ഹൈദരാബാദിലെ പ്രശസ്തമായ ദാറുല്‍ ഉലൂമില്‍ ചേര്‍ന്നെങ്കിലും പിതാവിന്റെ രോഗവും തുടര്‍ന്നുള്ള മരണവും കാരണം പഠനം തുടരാനായില്ല. എങ്കിലും സ്വന്തം നിലക്കുള്ള പഠനത്തില്‍ അദ്ദേഹം മുടക്കം വരുത്തിയില്ല. 1920-കളുടെ ആരംഭത്തോടെ മാതൃഭാഷയായ ഉര്‍ദുവിന് പുറമെ അറബി, ഇംഗ്ലീഷ്, പേര്‍ഷ്യന്‍ ഭാഷകളില്‍ പ്രാവീണ്യം നേടി. മതം, തത്ത്വചിന്ത, സാമൂഹിക ശാസ്ത്രം, രാഷ്ട്രമീമാംസ തുടങ്ങിയ ഗഹനമായ വിഷയങ്ങള്‍ സ്വന്തമായി പഠിക്കാന്‍ ഈ ഭാഷാപരിജ്ഞാനം അദ്ദേഹത്തെ സഹായിച്ചു. കൂടാതെ ദല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായിരിക്കെ അവിടത്തെ പ്രശസ്തരായ പണ്ഡിതന്മാരില്‍നിന്ന് ഹദീസ്, തഫ്‌സീര്‍, തര്‍ക്കശാസ്ത്രം, തത്ത്വചിന്ത തുടങ്ങിയ വിഷയങ്ങള്‍ നേരിട്ട് പഠിക്കാനും അദ്ദേഹത്തിന് അവസരമുണ്ടായി. മൗലാനാ അബ്ദുസ്സലാം നിയാസി, അശ്ഫാഖുര്‍റഹ്മാന്‍ കാന്ദലവി, മൗലാനാ ശരീഫുല്ലാ എന്നിവരാണ് അദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥന്മാര്‍. 1918-ല്‍ ബിജ്‌നൂരില്‍ അല്‍മദീന പത്രാധിപസമിതിയില്‍ ചേര്‍ന്ന് ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1920-ല്‍ താജ് വാരികയുടെ പത്രാധിപരായി. 1922-ല്‍ 'ജംഇയ്യതുല്‍ ഉലമായെ ഹിന്ദ്' പ്രസിദ്ധീകരിക്കുന്ന മുസ്‌ലിം പത്രത്തിന്റെ അധിപരായി. 1925-ല്‍ അവരുടെത്തന്നെ അല്‍ ജംഇയ്യത്തിന്റെ പത്രാധിപരായി. 1927-ല്‍ പ്രഥമ കൃതിയായ അല്‍ജിഹാദു ഫില്‍ ഇസ്‌ലാം രചിച്ചു. 1932-ല്‍ സ്വന്തം ഉടമസ്ഥതയില്‍ 'തര്‍ജുമാനുല്‍ ഖുര്‍ആന്‍' തുടങ്ങി. 1941 ആഗസ്റ്റില്‍ ലാഹോറില്‍ മതപണ്ഡിതന്മാരും അഭ്യസ്തവിദ്യരുമായ 75-ഓളം പ്രമുഖര്‍ പങ്കെടുത്ത യോഗത്തില്‍വെച്ച് ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസ്ഥാനങ്ങളിലൊന്നായ ജമാഅത്തെ ഇസ്‌ലാമിക്ക് രൂപംനല്‍കി. അതിന്റെ പ്രഥമ അമീറായി തെരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമാണ്. ആദര്‍ശാടിസ്ഥാനത്തിലുള്ള ഇസ്‌ലാമിക സ്വത്വം ഉയര്‍ത്തിപ്പിടിച്ച മൗദൂദി അതുകൊണ്ടുതന്നെ സാമുദായികാടിസ്ഥാനത്തിലുള്ള ഇന്ത്യാ വിഭജനത്തെ എതിര്‍ത്തു. എങ്കിലും വിഭജനം യാഥാര്‍ഥ്യമായപ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല പാകിസ്താനില്‍ ഉള്‍പ്പെട്ടതിനാല്‍ അങ്ങോട്ടു കുടിയേറി. പാകിസ്താന്റെ ജനാധിപത്യവത്കരണത്തിനും ഇസ്‌ലാമികവത്കരണത്തിനും വേണ്ടി ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. പലതവണ അറസ്റ്റ് ചെയ്യപ്പെട്ടു. ഖാദിയാനീ മസ്അല എഴുതിയതിന്റെ പേരില്‍ 1953 മാര്‍ച്ചില്‍ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് 1953 മേയ് 11-ന് സൈനിക കോടതി വധശിക്ഷ വിധിച്ചു. മുസ്‌ലിം ലോകത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് വധശിക്ഷ ജീവപര്യന്തം തടവാക്കി മാറ്റി. 1955-ല്‍ ജയില്‍മുക്തനായി. 1962-ല്‍ 'റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമി'യുടെ സ്ഥാപകസമിതിയില്‍ അംഗമായി. 1964 ജനുവരി 6-ന് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. 1972-ല്‍ തഫ്ഹീമുല്‍ ഖുര്‍ആന്റെ രചന പൂര്‍ത്തിയായി. 1972-ല്‍ പാക് ജമാഅത്തിന്റെ ഇമാറത്തില്‍നിന്ന് ഒഴിവായി. 1979-ല്‍ അന്താരാഷ്ട്രതലത്തില്‍ ഇസ്‌ലാമിക സേവനത്തിനുള്ള പ്രഥമ ഫൈസല്‍ അവാര്‍ഡ് നേടി. 1979 സെപ്റ്റംബര്‍ 22-ന് മരണപ്പെട്ടു. ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഇസ്‌ലാമിക ഗ്രന്ഥകര്‍ത്താവ് ഒരുപക്ഷേ മൗദൂദിയായിരിക്കും. 60 വര്‍ഷത്തെ പൊതു ജീവിതത്തിനിടയില്‍ 120- ഓളം ഗ്രന്ഥങ്ങള്‍ രചിച്ചു. മൗദൂദിയുടെ ഏറ്റവും മഹത്തായ കൃതി ആറു വാല്യങ്ങളിലായി വിരചിതമായ തഫ്ഹീമുല്‍ ഖുര്‍ആന്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമാണ്. രിസാലെ ദീനിയാത്ത് (ഇസ്‌ലാം മതം), ഖുതുബാത്, ഖുര്‍ആന്‍ കീ ചാര്‍ ബുന്‍യാദീ ഇസ്തിലാഹേം (ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍), അല്‍ജിഹാദു ഫില്‍ ഇസ്‌ലാം (ജിഹാദ്), സുന്നത്ത് കീ ആയീനീ ഹൈഥിയത് (സുന്നത്തിന്റെ പ്രാമാണികത), മസ്അലെ ജബ്ര്‍ വ ഖദ്ര്‍, ഇസ്‌ലാമീ തഹ്ദീബ് ഓര്‍ ഉസ്‌കെ ഉസ്വൂല്‍ വൊ മബാദി (ഇസ്‌ലാമിക സംസ്‌കാരം മൂലശിലകള്‍), ഇസ്‌ലാം ഓര്‍ ജാഹിലയത് (ഇസ്‌ലാമും ജാഹിലിയ്യതും), മുസല്‍മാന്‍ ഓര്‍ മൗജൂദെ സിയാസീ കശ്മകശ്, ഖിലാഫത് വൊ മുലൂകിയത് (ഖിലാഫതും രാജവാഴ്ചയും), ഇസ്‌ലാമീ രിയാസത്, തജ്ദീദ് വൊ ഇഹ്‌യായെ ദീന്‍, മആശിയാതെ ഇസ്‌ലാം, പര്‍ദ്ദ, സൂദ്, ഇസ്‌ലാം ഓര്‍ സബ്‌തെ വിലാദത്ത് (സന്താന നിയന്ത്രണം), ഹുഖൂഖു സൗജൈന്‍ (ദാമ്പത്യനിയമങ്ങള്‍ ഇസ്‌ലാമില്‍), തഅ്‌ലീമാത്ത്, തഫ്ഹീമാത്ത്, തന്‍കീഹാത്ത്, ശഹാദത്തെ ഹഖ് (സത്യസാക്ഷ്യം), സീറതെ സര്‍വറെ ആലം, തഹ്‌രീക് ഓര്‍ കാര്‍കുന്‍ (പ്രസ്ഥാനവും പ്രവര്‍ത്തകരും) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.

    You may also like