മതപണ്ഡിതന്മാരുടെ ഇജ്മാഅ്
ദീനീ വിഷയങ്ങളില്‍ സ്വഹാബത്തിന്റെ ഇജ്മാഇനുശേഷം നാലാം സ്ഥാനമുള്ള മൂലപ്രമാണം പില്‍ക്കാല പണ്ഡിതന്മാരുടെ ഇജ്മാഅ് ആകുന്നു. മുഹമ്മദ് നബി(സ)ക്കുശേഷം ഒരു നബിയുണ്ടാവുക സാധ്യമല്ലെന്നും വല്ലവനും നുബുവ്വത്ത് സ്ഥാനം അവകാശപ്പെടുകയോ, അതില്‍ വിശ്വസിക്കുകയോ ചെയ്യുന്നുവെങ്കില്‍ അവന്‍ കാഫിറും ഇസ്‌ലാമിക വൃത്തത്തിന് പുറത്തുപോയവനുമാണെന്നുള്ള വിശ്വാസത്തില്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്കിടയില്‍ നാളിതുവരെ ഒരഭിപ്രായഭിന്നതയും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാണ്. ഹിജ്‌റ ഒന്നാം നൂറ്റാണ്ടുമുതല്‍ക്കിങ്ങോട്ട് ഓരോ ഇസ്‌ലാമിക രാജ്യത്തുമുണ്ടായിട്ടുള്ള സകല പണ്ഡിതന്മാരും ഈ വിഷയത്തില്‍ ഏകോപിച്ചിരിക്കുന്നു.
ചില സാക്ഷ്യങ്ങള്‍ നോക്കുക: 1. ഇമാം അബൂഹനീഫ(ഹി. 80-150)യുടെ കാലത്ത് ഒരാള്‍ പ്രവാചകത്വം അവകാശപ്പെട്ടുകൊണ്ട് പറഞ്ഞു: ‘എന്റെ പ്രവാചകത്വം തെളിയിക്കേണ്ടതിന് ദിവ്യാടയാളങ്ങള്‍ കാണിപ്പാന്‍ എനിക്കവസരം നല്‍കൂ!’ ഇതിനെക്കുറിച്ച് ഇമാമുല്‍ അഅ്‌ളമി(റ)ന്റെ വിധി ഇതായിരുന്നു: ‘അയാളോട് പ്രവാചകത്വ ദൃഷ്ടാന്തം ആവശ്യപ്പെടുന്നവന്‍ കാഫിറാകും. കാരണം, അല്ലാഹുവിന്റെ റസൂല്‍(സ) لا نبي بعدي (എന്റെ ശേഷം ഒരു പ്രവാചകനില്ല) എന്ന് തീര്‍ത്തുപറഞ്ഞിരിക്കുന്നു (ഇബ്‌നു അഹ്മദില്‍ മക്കിയുടെ മനാഖിബുല്‍ ഇമാമില്‍ അഅ്‌ളം അബീഹനീഫ വാല്യം 1, പേജ് 161, ഹി. 1321, ഹൈദരാബാദ്).
2. അല്ലാമാ ഇബ്‌നുജരീരിത്ത്വബ്‌രി (ഹി. 224-310) അദ്ദേഹത്തിന്റെ വിശ്വവിഖ്യാതമായ തഫ്‌സീറില്‍ ولكن رسول الله وخاتم النبيين എന്ന സൂക്തത്തിന് ഇപ്രകാരമാണ് അര്‍ഥം വിവരിച്ചിട്ടുള്ളത്: الذي ختم النبوة فطُبـع عليها فلا تُفتحُ لاحدٍ بعده الى قيام الساعة(ج22 ص12) (പ്രവാചകത്വത്തെ അവസാനിപ്പിച്ച് അതിന്മേല്‍ സീല്‍വെച്ച നബി. അദ്ദേഹത്തിനു ശേഷം ഖിയാമത്ത് നാള്‍വരെ ആര്‍ക്കും ഇനി ആ കവാടം തുറക്കപ്പെടുന്നതല്ല).
3. ഇമാം ത്വഹാവി (ഹി. 239-321) അദ്ദേഹത്തിന്റെ ‘അല്‍അഖീദത്തുസ്സലഫിയ്യ’ എന്ന കൃതിയില്‍ സലഫുസ്സ്വാലിഹുകളുടെ, വിശിഷ്യാ ഇമാം അബൂഹനീഫ, ഇമാം അബൂയൂസുഫ്, ഇമാം മുഹമ്മദ് (റ) എന്നിവരുടെ അഖീദ വിവരിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ പ്രവാചകത്വത്തെപ്പറ്റിയുള്ള അഖീദ ഇപ്രകാരം വിവരിച്ചിരിക്കുന്നു: ‘അല്ലാഹുവിന്റെ ശ്രേഷ്ഠദാസനും തെരഞ്ഞെടുത്ത പ്രവാചകനും ഇഷ്ടദൂതനും പ്രവാചകന്മാരില്‍ അന്തിമനും ഭക്തന്മാരുടെ നേതാവും ദൂതന്മാരുടെ നായകനും ലോകനാഥന്റെ പ്രേമഭാജനവുമാകുന്നു മുഹമ്മദ് (സ) തിരുമേനി. അദ്ദേഹത്തിന് ശേഷമുള്ള എല്ലാ പ്രവാചകത്വവാദവും മാര്‍ഗഭ്രംശവും സ്വേച്ഛാടിമത്തവുമത്രെ! (ശര്‍ഹുത്തഹാവിയ്യ ഫില്‍ അഖീദത്തിസ്സലഫിയ്യ [ദാറുല്‍ മആരിഫ്, മിസ്വ്‌ര്‍], പേജ്: 15, 87, 96, 97, 100, 102)
4. അല്ലാമാ ഇബ്‌നുഹസ്മില്‍ അന്‍ദലൂസി(ഹി. 384-456) എഴുതുന്നു: തിരുനബി(സ)യുടെ വിയോഗത്തോടെ വഹ്‌യിന്റെ പരമ്പര പറ്റെ നിലച്ചുകഴിഞ്ഞിരിക്കുന്നു. നബിക്കല്ലാതെ വഹ്‌യുണ്ടാവുന്നതല്ല എന്നുള്ളതുതന്നെയാണ് ഇതിന് തെളിവ്. തിരുനബി(സ)യെക്കുറിച്ച് അല്ലാഹു തീര്‍ത്തുപറഞ്ഞു: ‘നിങ്ങളുടെ കൂട്ടത്തില്‍ ഒരു പുരുഷന്റെയും പിതാവല്ല മുഹമ്മദ്. എന്നാല്‍, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരുടെ ഖാതമുമാകുന്നു.’ (അല്‍മുഹല്ലാ, വാല്യം 1, പേജ് 26)H439
5. ഇമാം ഗസ്സാലി (ഹിജ്‌റ 450-505) പറയുന്നു: لو فتح هذا الباب ( اى باب انكار كون الاجماع حجة) انجز الى امور شنيعة وهو ان قائلا لو قال يجوز ان يبعث رسول بعد نبينا محمد صلى الله عليه وسلم فيبعد التوقف في تكفيره ويستند استحالة ذلك عند البحث يستمدّ من الاجتماع لا محالة، فان العقل لا يحيله، وما نقل فيه من قوله ` لانبي بعدي` ومن قوله تعالي ` خاتم النبيين` فلا يعجز هذا القائل عن تأويله فيقول خاتم النبيين اراد به اولى العزم من الرسل. فان قالوا النبيين عام فلا يبعد تخصيص العام وقوله ` لا نبي بعدي` لم يرد به الرسول وفرق بين النبي والرسول والنبي اعلى مرتبة من الرسول الى غير ذلك من انواع الهذيان فهذا وأمثاله لا يمكن ان ندعي استحالته من حيث مجرد اللفظ فانا فى تأويل ظواهر التشبيه قضينا باحتمالات ابعد من هذه. ولم يكن ذلك مبطلا للنصوص ولكن الرد على هذا القائل ان الامة فهمت بالاجماع من هذا اللفظ ومن قرائن احواله انه افهم عدم نبي بعده ابدا وعدم رسول الله ابدا وانه ليس فيه تأويل ولا تخصيص فمنكر هذا لا يكون الا منكر الاجماع ( الاقتصاد في الاعتقاد المطبعة الادبية، مصر، ص 114) (ഈ വാതില്‍ അതായത്, ഇജ്മാഅ് തെളിവാണെന്ന സംഗതി നിഷേധിക്കുകയെന്ന വാതില്‍ തുറക്കപ്പെടുന്ന പക്ഷം വളരെ മോശമായ ഫലങ്ങളായിരിക്കും അതുളവാക്കുക. ഒരുദാഹരണം പറയാം: ഒരാള്‍ നമ്മുടെ നബി മുഹമ്മദ് (സ) തിരുമേനിക്കു ശേഷവും ഒരു ദൈവദൂതന്‍ നിയുക്തനാവുന്നതിന് വിരോധമില്ലെന്ന് വാദിച്ചുവെന്ന് വരട്ടെ. അയാള്‍ക്ക് മതഭ്രഷ്ട് കല്‍പിക്കുന്നതില്‍ അമാന്തം കാണിക്കാവതല്ലല്ലോ. ചര്‍ച്ചാവേളയില്‍ അത് പാടില്ലെന്ന് തെളിയിക്കുന്നവര്‍ ഇജ്മാഇന്റെ സഹായത്തോടെയാണങ്ങനെ ചെയ്യുന്നത്. സംശയമില്ല. എന്തെന്നാല്‍, യുക്തി അതില്‍ അസംഭവ്യത കാണുന്നില്ല. ഈ വിഷയകമായി ഉദ്ധരിക്കപ്പെടുന്ന ‘ലാ നബിയ്യ ബഅ്ദീ’ എന്ന തിരുവചനവും ‘ഖാതമുന്നബിയ്യീന്‍’ എന്ന ദൈവവചനവും അവയെ തെറ്റായി വ്യാഖ്യാനിക്കുന്നതില്‍നിന്ന് പ്രസ്തുത വാദക്കാരനെ അശക്തനാക്കുന്നില്ല. അവന്‍ പറഞ്ഞേക്കാം: ‘ഖാതമുന്നബിയ്യീന്‍’ എന്നതുകൊണ്ട് വിവക്ഷിച്ചിട്ടുള്ളത് ‘ഉലുല്‍ അസ്മാ’യ ദൂതന്മാരില്‍ അവസാനത്തെ ആള്‍ എന്നാണ്.’ ‘അന്നബിയ്യീന്‍’ എന്നത് ഒരു സാമാന്യ പ്രയോഗമാണെന്നും അതിനാല്‍, എല്ലാ നബിമാരിലുംവെച്ച് ഏറ്റവും അവസാനത്തെ നബിയെന്നാണര്‍ഥമെന്നും വല്ലവരും പറയുന്നപക്ഷം അയാള്‍ക്ക് പറയാം: സാമാന്യ വാക്യത്തെ പരിമിതമായ അര്‍ഥത്തില്‍ പ്രസ്താവിക്കുക എന്നത് അത്ര വിദൂരമൊന്നുമല്ല. ‘ലാ നബിയ്യ ബഅ്ദീ’ എന്ന തിരുമൊഴികൊണ്ട് എനിക്കുശേഷം റസൂലില്ല എന്നാണുദ്ദേശ്യമെന്നും നബിയും റസൂലും തമ്മില്‍ വ്യത്യാസമുണ്ടെന്നും നബി റസൂലിനേക്കാള്‍ പദവി കൂടിയ ആളാണെന്നും മറ്റുമുള്ള പല ദുര്‍ന്യായങ്ങള്‍ അയാള്‍ക്ക് ജല്‍പിക്കാം. ഏതായാലും ഇമ്മാതിരി അര്‍ഥ സാധ്യതകളെ കേവലം പദത്തെ അടിസ്ഥാനപ്പെടുത്തി നിഷേധിക്കാന്‍ നമുക്ക് സാധ്യമല്ല. കാരണം, ഉപമകളുടെ ബാഹ്യാര്‍ഥ വ്യാഖ്യാനത്തില്‍ ഇതിലേറെ ബാലിശമായ അര്‍ഥസാധ്യതകള്‍ നാം അംഗീകരിച്ചുപോന്നിട്ടുണ്ട്. എന്നിട്ടും നസ്സിനെ നിഷേധിക്കലാണതെന്ന് നാം കരുതിയിട്ടില്ല (ആകയാല്‍, വാക്കില്‍ മാത്രം ഊന്നിയല്ല നാം നവീന നുബുവ്വത്ത് വാദിയെ ഖണ്ഡിക്കുന്നത്. പിന്നെയോ, ഉമ്മത്തിന്റെ ഇജ്മാഇല്‍ ഊന്നിയാണ്). പ്രസ്തുത ഖുര്‍ആന്‍ വചനത്തില്‍നിന്നും നബിവചനത്തില്‍നിന്നും സമുദായം ഐകകണ്‌ഠ്യേന മനസ്സിലാക്കിയ അര്‍ഥം നവീന നുബുവ്വത്തു വാദത്തിന് ഖണ്ഡനമായിത്തീരുന്നു. നബിതിരുമേനിയുടെ സ്ഥിതിഗതികള്‍ നല്‍കുന്ന സാഹചര്യത്തെളിവുകളും അതാണ് കുറിക്കുന്നത്. തനിക്കുശേഷം ഒരു ദൈവദൂതനോ പ്രവാചകനോ ഇല്ലെന്നും ഈ തത്ത്വത്തില്‍ വ്യാഖ്യാനത്തിനോ തഖ്‌സീസിനോ പഴുതില്ലെന്നും തിരുമേനി മനസ്സിലാക്കിത്തന്നിട്ടുണ്ട്. അതിനാല്‍, ഈ തത്ത്വത്തെ നഷേധിച്ചവന്‍ ഇജ്മാഇനെ നിഷേധിച്ചവനാകാതെ തരമില്ല).
6. ഹി. 510-ആം ആണ്ടില്‍ ചരമമടഞ്ഞ മുഹ്‌യിസ്സുന്ന ബഗവി അദ്ദേഹത്തിന്റെ ‘മആലിമുത്തന്‍സീല്‍’ എന്ന തഫ്‌സീറില്‍ പറയുന്നു: ‘മുഹമ്മദ് നബി(സ)യെക്കൊണ്ട് നുബുവ്വത്ത് പരമ്പരക്ക് അല്ലാഹു വിരാമമിട്ടിരിക്കുന്നു. പ്രവാചകന്മാരുടെ ഖാതമും അന്ത്യനുമാകുന്നു തിരുമേനി…. അവിടത്തേക്കു ശേഷം ഒരു നബിയുണ്ടാവുന്നതല്ലെന്നുള്ള ഖണ്ഡിതമായ തീരുമാനത്തെയാണ് (ഈ ഖുര്‍ആന്‍ വാക്യത്തിലൂടെ) അല്ലാഹു പ്രഖ്യാപിച്ചിട്ടുള്ളത് എന്ന് ഇബ്‌നു അബ്ബാസ് (റ) പറഞ്ഞിരിക്കുന്നു.’ (വാല്യം 3, പേജ് 158)
7. അല്ലാമ സമഖ്ശരി (ഹി. 467-538) തന്റെ ‘തഫ്‌സീറുല്‍ കശ്ശാഫി’ല്‍ എഴുതുന്നു: ‘അവസാന കാലം ഈസാ(അ) ഇറങ്ങുന്ന സ്ഥിതിക്ക് എങ്ങനെയാണ് മുഹമ്മദ് (സ) അന്ത്യപ്രവാചകനാകുന്നത് എന്ന് ചോദിക്കുകയാണെങ്കില്‍ ഞാന്‍ പറയും: തിരുമേനി അന്ത്യപ്രവാചകനാണെന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ഥം അവിടത്തേക്കു ശേഷം ഒരാള്‍ നബിയായി നിയോഗിക്കപ്പെടുന്നതല്ല എന്നാകുന്നു. ഈസാ നബി(അ)യാകട്ടെ തിരുനബിക്കു മുമ്പായി നുബുവ്വത്ത് നല്‍കപ്പെട്ടിട്ടുള്ള ആളാണ്. കൂടാതെ മുഹമ്മദീ ശരീഅത്തിനെ പിന്‍പറ്റുന്നവനും മുഹമ്മദീ ഖിബ്‌ലയുടെ നേരെ തിരിഞ്ഞു നമസ്‌കരിക്കുന്നവനുമെന്ന നിലയിലാണ് അദ്ദേഹം വരുക. തദ്വാരാ തിരുമേനിയുടെ ഉമ്മത്തില്‍പെട്ട ഒരു വ്യക്തിയെപ്പോലെയായിരിക്കും ഈസാനബി.’ (വാല്യം 2, പേജ് 215)
8. ഹി. 544-ല്‍ ചരമം പ്രാപിച്ച ഖാദി ഇയാദ് എഴുതുന്നു: ‘ചില തത്ത്വശാസ്ത്രകാരന്മാരും തീവ്രവാദികളായ സ്വൂഫികളും അവകാശപ്പെടുംപോലെ, അധ്വാനംകൊണ്ടോ ഹൃദയശുദ്ധികൊണ്ടോ ആര്‍ജിക്കാവുന്ന ഒരു പദവിയാണ് നുബുവ്വത്ത് എന്ന് വാദിക്കുന്നവനും, സ്വയം പ്രവാചകത്വവാദിയും, നുബുവ്വത്ത് വാദിച്ചില്ലെങ്കിലും തനിക്ക് വഹ്‌യ് ഇറങ്ങുന്നുണ്ടെന്ന് വാദിക്കുന്നവനും ഇങ്ങനെയുള്ള എല്ലാവരും അവിശ്വാസികളും നബി(സ)യെ കള്ളവാദിയാക്കിത്തള്ളുന്നവരുമാണ്. എന്തെന്നാല്‍, താന്‍ ‘ഖാതമുന്നബിയ്യീന്‍’ ആണെന്നും തനിക്കുശേഷം ഒരു പ്രവാചകന്‍ വരുന്നതല്ലെന്നും മുഹമ്മദ് നബി(സ) പ്രവചിച്ചിരിക്കുന്നു. കൂടാതെ അവിടുന്ന് അല്ലാഹുവിനെ ഉദ്ധരിച്ചുകൊണ്ട് അറിയിച്ചിരിക്കുന്നു; താന്‍ പ്രവാചകത്വസമാപകനും അഖില മനുഷ്യരാശിക്കായി നിയോഗിക്കപ്പെട്ടവനുമാണെന്ന്. ഈ വാക്യം അതിന്റെ ബാഹ്യാര്‍ഥത്തില്‍ത്തന്നെയാണ് പ്രയോഗിച്ചതെന്നും വല്ല തഅ്‌വീലിനോ (വ്യാഖ്യാനം), തഖ്‌സീസിനോ ഇവിടെ പഴുതില്ലെന്നും ഉമ്മത്താകമാനം ഏകോപിച്ചിട്ടുണ്ട്. അതുകൊണ്ട് പ്രസ്തുത വിഭാഗങ്ങളെല്ലാം കാഫിറുകളാണെന്നുള്ളതില്‍ സംശയമേയില്ല. ഇജ്മാഇന്റെ അടിസ്ഥാനത്തിലും പ്രമാണങ്ങളുടെ അടിസ്ഥാനത്തിലും!’ (അശ്ശിഫാ, വാല്യം 2, പേജ് 270, 271.)
9. ഹി. 548-ല്‍ ചരമംപ്രാപിച്ച അല്ലാമാ മുഹമ്മദ് ശഹ്‌റസ്താനി തന്റെ പ്രസിദ്ധമായ ‘കിതാബുല്‍ മിലലി വന്നിഹലി’ല്‍ എഴുതുന്നു: ‘ഇതേപ്രകാരം മുഹമ്മദ് നബി(സ)ക്കുശേഷം ഒരു നബി (ഈസാ നബിയൊഴികെ) വരാനുണ്ടെന്നു പറയുന്നവനും…. കാഫിറാണെന്നുള്ളതില്‍ രണ്ടു പക്ഷമില്ല.’ (വാല്യം 3, പേജ് 249)
10. ഇമാം റാസി (ഹി. 543-606) അദ്ദേഹത്തിന്റെ ‘അത്തഫ്‌സീറുല്‍ കബീറി’ല്‍ ‘ഖാതമുന്നബിയ്യീന്‍’ എന്ന വാക്കിന്റെ വ്യാഖ്യാനത്തില്‍ പറയുന്നു: ഈ പ്രതിപാദനത്തില്‍ ‘വ ഖാതമുന്നബിയ്യീന്‍’ എന്നു പറഞ്ഞതിന്റെ ആവശ്യമിതാകുന്നു: ഒരു പ്രവാചകന്റെ ശേഷം വേറൊരു പ്രവാചകന്‍ വരാനുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം ഉപദേശത്തിലും ദൈവികവിധിവിലക്കുകള്‍ വിശദീകരിക്കുന്നതിലും വല്ല വിടവും വരുത്തിയാല്‍ത്തന്നെ അനന്തരഗാമിയായ പ്രവാചകന്‍ അത് നികത്തിക്കൊള്ളുമെന്ന് വെക്കാമായിരുന്നു. എന്നാല്‍, അനന്തരം മറ്റൊരു പ്രവാചകന്‍ വരാനില്ലാതിരിക്കുമ്പോള്‍ അദ്ദേഹം ഉമ്മത്തിനോട് കൂടുതല്‍ കനിവുള്ളവനും അവര്‍ക്ക് ഏറ്റവും വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കുന്നവനുമായിത്തീരേണ്ടിയിരിക്കുന്നു. തനിക്കുശേഷം സ്വസന്താനങ്ങളെ സംരക്ഷിക്കാനും പരിപാലിക്കാനും മറ്റൊരു രക്ഷാകര്‍ത്താവില്ല എന്നറിയുന്ന പിതാവിനെപ്പോലെയാണദ്ദേഹം. അതാണിവിടെ ‘അന്ത്യപ്രവാചകനാണ്’ എന്നു പറഞ്ഞതിന്റെ പൊരുള്‍ (വാല്യം 6, പേജ് 581).
11. ഹി. 685-ല്‍ ചരമം പ്രാപിച്ച അല്ലാമാ ബൈദാവി അദ്ദേഹത്തിന്റെ ‘അന്‍വാറുത്തന്‍സീല്‍’ എന്ന തഫ്‌സീറില്‍ എഴുതുന്നു: തിരുമേനി ഏറ്റവും ഒടുവില്‍വന്ന പ്രവാചകനാണെന്നര്‍ഥം. പ്രവാചകന്മാരുടെ പരമ്പര അവിടുന്ന് അവസാനിപ്പിച്ചിരിക്കുന്നു. അഥവാ പ്രവാചകത്വ പരമ്പരക്ക് തിരുമേനിയെക്കൊണ്ട് സീല്‍ വെക്കപ്പെട്ടിരിക്കുന്നു. പ്രവാചകത്വ സമാപ്തിക്ക് പോറലേല്‍പിക്കുന്നതല്ല ഈസാ(അ)യുടെ പുനരാഗമനം. കാരണം, അദ്ദേഹം വരുമ്പോള്‍ തിരുമേനിയുടെ ദീനായിരിക്കും ആചരിക്കുക. (വാല്യം 4, പേജ് 164)
12. ഹി. 710-ല്‍ മരിച്ച അല്ലാമാ ഹാഫിളുദ്ദീനിന്നസഫി ‘മദാരികുത്തന്‍സീലി’ല്‍ രേഖപ്പെടുത്തിയിരിക്കുന്നു: ‘മുഹമ്മദ് നബി(സ) ‘ഖാതമുന്നബിയ്യീനാ’ണ്…….. എന്നുവെച്ചാല്‍ നബിമാരില്‍ ഏറ്റവും അവസാനത്തെ പ്രവാചകന്‍. അവിടത്തേക്കുശേഷം ഇനിയൊരാള്‍ക്കും നബിത്വപദം നല്‍കപ്പെടുന്നതല്ല. ഈസാ(അ)യാകട്ടെ, തിരുനബിക്കുമുമ്പായി പ്രവാചകത്വം സിദ്ധിച്ചിട്ടുള്ള നബിയാണ്. അദ്ദേഹത്തിന്റെ ആഗമനമോ, തിരുനബിയുടെ ശരീഅത്തിനെ പിന്തുടരുന്ന ഒരാളായിട്ടും. അതിനാല്‍, ഈ ഉമ്മത്തില്‍പെട്ട ഒരു വ്യക്തിയെപ്പോലെയായി ഈസാനബി! (പേജ് 471)
13. ഹി. 725-ല്‍ മൃതിയടഞ്ഞ അല്ലാമാ അലാഉദ്ദീനില്‍ ബഗ്ദാദി, ‘തഫ്‌സീറുല്‍ ഖാസിനി’ല്‍ എഴുതുന്നു: വഖാതമുന്നബിയ്യീന്‍ –അതായത്, തിരുനബി മുഖേന അല്ലാഹു പ്രവാചകത്വം അവസാനിപ്പിച്ചു. അവിടത്തേക്കുശേഷം ഇനി ഒരു പ്രവാചകനില്ല. അവിടത്തോടൊന്നിച്ചു പ്രവാചകത്വത്തില്‍ ഒരു പങ്കാളിയുമില്ല… ‘വകാനല്ലാഹു ബികുല്ലിശൈഇന്‍ അലീമന്‍’ — അതെ, അവിടത്തേക്ക് ശേഷം ഒരു പ്രവാചകനില്ലെന്നതും അല്ലാഹുവിന്റെ ജ്ഞാനത്തില്‍ പെട്ടതാകുന്നു. (പേജ് 471, 472)
14. ഹി. 774-ല്‍ ചരമം പ്രാപിച്ച അല്ലാമാ ഇബ്‌നുകസീര്‍, തന്റെ വിശ്വവിഖ്യാതമായ തഫ്‌സീറില്‍ രേഖപ്പെടുത്തുന്നു: ……..അപ്പോള്‍ തിരുമേനിക്കു ശേഷം ഒരു പ്രവാചകനില്ല എന്ന വിഷയത്തില്‍ സുവ്യക്തമായ ഒരു ‘നസ്സ്’ (ഖണ്ഡിതപ്രമാണം) ആകുന്നു പ്രകൃത സൂക്തം. തിരുമേനിക്കുശേഷം ഒരു നബിയില്ലെന്ന് വരുമ്പോള്‍ റസൂലില്ലെന്ന് പറയേണ്ടതില്ല. എന്തെന്നാല്‍, റസൂലിനേക്കാള്‍ സാമാന്യനാണ് നബി. എല്ലാ റസൂലും നബിയാണ്. എന്നാല്‍, എല്ലാ നബിയും റസൂലല്ല…. തിരുനബിക്കുശേഷം ആ പദവി അവകാശപ്പെടുന്നവന്‍ കള്ളവാദിയാണ്. കൃത്രിമക്കാരനാണ്; ദജ്ജാലാണ്; വഴിപിഴച്ചവനും വഴി പിഴപ്പിക്കുന്നവനുമാണ്. അവന്‍ എന്തുമാത്രം അസാധാരണ സംഭവങ്ങളും ജാലവിദ്യകളും അദ്ഭുതസിദ്ധികളും കണ്‍കെട്ടുകളും കാട്ടിക്കൂട്ടിയാലും ശരി… ഖിയാമത്തുനാള്‍വരെ ഈ പദവി അവകാശപ്പെടുന്ന ഏതൊരു വ്യക്തിയുടെയും സ്ഥിതി അതത്രെ. (വാല്യം 3, പേജ് 493, 494)
15. അല്ലാമാ ജലാലുദ്ദീന്‍ സുയൂത്വി (ചരമം ഹി. 911) ‘തഫ്‌സീറുല്‍ ജലാലൈനി’യില്‍ എഴുതുന്നു: `وَكَانَ اللهُ بِكُلِّ شِيْئٍ عَلِيمًا എന്നുവെച്ചാല്‍ തിരുമേനിക്കുശേഷം ഒരു പ്രവാചകനില്ല എന്ന വസ്തുത അല്ലാഹുവിനറിയാമെന്നര്‍ഥം. ഈസാനബി (അ) ഇറങ്ങുമ്പോള്‍ അദ്ദേഹം തിരുമേനിയുടെ ശരീഅത്തിനൊത്താണ് വിധി കല്‍പിക്കുക.` (പേജ് 768)
16. ഹി. 970-ല്‍ മരണപ്പെട്ട അല്ലാമാ ഇബ്‌നു നുജൈം, തന്റെ ‘ഉസ്വൂലുല്‍ ഫിഖ്ഹി'(കര്‍മശാസ്ത്ര തത്ത്വങ്ങള്‍)ലെ ഒരു പ്രശസ്ത ഗ്രന്ഥമായ ‘കിതാബുല്‍ അശ്ബാഹി വന്നളാഇറി’ലും ‘കിതാബുസ്സിയര്‍’ ബാബുര്‍രിദ്ദത്തിലും എഴുതുന്നു: മുഹമ്മദ് (സ) തിരുമേനിയെ ഏറ്റവും അവസാനത്തെ നബിയായി വിശ്വസിക്കാത്തവന്‍ മുസ്‌ലിമാവുകയില്ല. എന്തെന്നാല്‍, അനിവാര്യമായി അറിയുകയും വിശ്വസിക്കുകയും ചെയ്യേണ്ട ദീന്‍കാര്യങ്ങളിലൊന്നാണത്.’ (കിതാബുസ്സിയര്‍, ബാബുര്‍രിദ്ദ, പേജ് 179)
17. ഹി. 1016-ല്‍ ചരമം പ്രാപിച്ച മുല്ലാ അലിയ്യുല്‍ ഖാരി, ‘അല്‍ഫിഖ്ഹുല്‍ അക്ബറി’ന്റെ വ്യാഖ്യാനത്തില്‍ പറയുന്നു: നമ്മുടെ നബി(സ)ക്കുശേഷം ഏത് പ്രവാചകത്വവാദവും സമുദായത്തിന്റെ ഏകകണ്ഠമായ തീരുമാനപ്രകാരം അവിശ്വാസം (കുഫ്ര്‍) ആണ്. (പേജ് 202)
18. ഹി. 1137-ല്‍ മൃതിയടഞ്ഞ ശൈഖ് ഇസ്മാഈലുല്‍ഹഖി തന്റെ ‘റൂഹുല്‍ ബയാന്‍’ എന്ന ഖുര്‍ആന്‍ ഭാഷ്യത്തില്‍ രേഖപ്പെടുത്തുന്നു: ‘ഖാതം’ എന്ന ശബ്ദത്തിലെ ‘താ’ക്ക് അകാരമായാണ് ആസ്വിമിന്റെ പാഠം. സീല്‍വെക്കുന്ന ഉപകരണമെന്നാകുന്നു അതിന്റെ അര്‍ഥം. മുദ്രയടിക്കാനുള്ള ഉപകരണത്തിന് ‘ത്വാബഅ്’ എന്ന് പറയുംപോലെ. ഇവിടെ പ്രവാചകന്മാരില്‍ ഏറ്റവും അവസാനത്തെ ആള്‍ എന്നാണ് അതുകൊണ്ട് വിവക്ഷിതം. അതേ മുഹമ്മദ് (സ) തിരുമേനിയെക്കൊണ്ട് പ്രവാചകപരമ്പരക്ക് സീല്‍വെക്കപ്പെട്ടിരിക്കുന്നു. പേര്‍ഷ്യനില്‍ ‘മുഹ്‌റെപൈഗംബറാന്‍’ എന്നാണ് ഈ വാക്കിനുള്ള തര്‍ജമ. അതായത്, തിരുമേനിയാല്‍ പ്രവാചകത്വകവാടം അടച്ചു സീല്‍വെക്കപ്പെടുകയും നബിമാരുടെ പരമ്പര സമാപിക്കുകയും ചെയ്തു. (ആസ്വിം ഒഴിച്ചുള്ള) ഇതര ഖുര്‍ആന്‍ പാഠകന്മാരെല്ലാം ‘താ’ക്കു ഇകാരമായി ‘ഖാതിം’ എന്നാണ് ഉദ്ധരിച്ചിട്ടുള്ളത്. അതായത്, സീല്‍വെക്കുന്ന ആള്‍ എന്നര്‍ഥം. പേര്‍ഷ്യനില്‍ മുഹ്‌റ് കുനിന്‍ദയെ പൈഗംബറാന്‍ എന്ന് തര്‍ജമ. ഈ പാഠാന്തര പ്രകാരവും ഖാതമിന്റെ പര്യായംതന്നെയാണത്… ഇനി തിരുമേനിയില്‍നിന്ന് വെറും വിലായത്തേ (വലിയ്യിന്റെ പദവി) ഉമ്മത്തിലെ പണ്ഡിതന്‍മാര്‍ക്ക് പൈതൃകമായി സിദ്ധിക്കുകയുള്ളൂ. നുബുവ്വത്തിന്റെ പൈതൃകം തിരുമേനിയെക്കൊണ്ട് അവസാനിച്ചിരിക്കുന്നു. ഈസാ (അ) അവിടത്തേക്കുശേഷം ഇറങ്ങുന്നതുകൊണ്ട് തിരുനബി അന്ത്യപ്രവാചകനാണെന്ന വസ്തുതക്ക് ഊനം തട്ടുന്നില്ല. എന്തെന്നാല്‍ ‘ഖാതമുന്നബിയ്യീന്‍’ എന്നതിന്റെ അര്‍ഥം അവിടത്തേക്കുശേഷം ആരെയും നബിയാക്കപ്പെടുന്നതല്ല എന്നാണ്……. ഈസാ(അ)ക്കാകട്ടെ തിരുമേനിയുടെ മുമ്പുതന്നെ പ്രവാചകത്വം നല്‍കപ്പെട്ടുകഴിഞ്ഞതാണല്ലോ. കൂടാതെ അദ്ദേഹം ഇറങ്ങിയാല്‍ മുഹമ്മദീ ശരീഅത്തിന്റെ ഒരനുയായി എന്ന നിലയിലായിരിക്കും വര്‍ത്തിക്കുക. അദ്ദേഹം തിരുമേനിയുടെ ഖിബ്‌ലക്ക് നേരെ തിരിഞ്ഞു നമസ്‌കരിക്കും. അതിനാല്‍, തിരുമേനിയുടെ സമുദായത്തിലെ ഒരു വ്യക്തിയെപ്പോലെയാകുന്നു അദ്ദേഹം. അദ്ദേഹത്തിന് വഹ്‌യുണ്ടാകുന്നതല്ല; അദ്ദേഹം പുതിയ നിയമങ്ങളൊന്നും ആവിഷ്‌കരിക്കുന്നതുമല്ല. പിന്നെയോ മുഹമ്മദുര്‍റസൂലി(സ)ന്റെ ‘ഖലീഫ’ (പ്രതിനിധി) മാത്രമായിരിക്കും അദ്ദേഹം… നമ്മുടെ നബിക്കുശേഷം ഒരു നബിയില്ലെന്നതാണ് ‘അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തി’ന്റെ പക്ഷം. ولكن رَّسولَ اللهِ وخاتم النبيين, (പക്ഷേ, അല്ലാഹുവിന്റെ ദൂതനും അന്ത്യപ്രവാചകനുമാകുന്നു അദ്ദേഹം) എന്ന അല്ലാഹുവിന്റെ വാക്യവും لا نبي بعدي (എന്റെ ശേഷം നബിയില്ല) എന്ന റസൂലിന്റെ അരുളപ്പാടുമാണ് അതിലേക്ക് തെളിവ്. നമ്മുടെ നബിക്കുശേഷം ഒരു നബിയുണ്ടാവാമെന്ന് പറയുന്നവന്‍ അവിശ്വാസി(കാഫിര്‍)യായി ഗണിക്കപ്പെടും. കാരണം, അവന്‍ ആ വാദം വഴി ഒരു നസ്സിനെ (ഖണ്ഡിത തീരുമാനത്തെ) നിഷേധിച്ചിരിക്കുന്നു. അതേപ്രകാരം, ഈ കാര്യത്തില്‍ സംശയിക്കുന്നവനെയും അവിശ്വാസിയായി കരുതപ്പെടും. കാരണം, ഹുജ്ജത്ത് (തെളിവ്) കൊണ്ട് അസത്യത്തില്‍നിന്ന് സത്യം തികച്ചും വ്യതിരിക്തമായിരിക്കുന്നു. ആയതിനാല്‍, മുഹമ്മദ് (സ) തിരുമേനിക്കു ശേഷം പ്രവാചകത്വം അവകാശപ്പെടുന്നവന്റെ വാദം കേവലം വ്യാജമല്ലാതെ മറ്റൊന്നാവാന്‍ സാധ്യമല്ല.’ (വാല്യം 22, പേജ് 188)
19. ഹി. പന്ത്രണ്ടാം ശതകത്തില്‍ ഔറന്‍ഗസീബ് ആലംഗീറിന്റെ ആജ്ഞാനുസാരം ഇന്ത്യയിലെ അനേകം മഹാപണ്ഡിതന്മാര്‍ ചേര്‍ന്ന് ക്രോഡീകരിച്ച ‘ഫതാവ’യില്‍ എഴുതിയിരിക്കുന്നു: മുഹമ്മദ് നബി(സ) അന്ത്യപ്രവാചകനാണെന്ന് വിശ്വസിക്കാത്തവര്‍ മുസ്‌ലിമല്ല. തിരുമേനിയുടെ ശേഷം വല്ലവനും ദൈവദൂതനെന്നോ പ്രവാചകനെന്നോ പറയുന്ന പക്ഷം അവന്‍ കാഫിറാണെന്ന് വിധിക്കപ്പെടും. (വാല്യം 2, പേജ് 263)
20. ഹി. 1255-ല്‍ മരണമടഞ്ഞ അല്ലാമാ മുഹമ്മദ് ശൗകാനി തന്റെ ‘ഫത്ഹുല്‍ ഖദീര്‍’ എന്ന തഫ്‌സീറില്‍ എഴുതുന്നു: ഭൂരിപക്ഷം ഖുര്‍ആന്‍ പാഠകരും (ഖുര്‍റാഅ്) ഇവിടെ ‘താ’ക്ക് ഇകാരമായി ‘ഖാതിം’ എന്നാണ് നിവേദനം ചെയ്തിട്ടുള്ളത്. ആസ്വിമാകട്ടെ, ‘താ’ക്ക് അകാരമായി ‘ഖാതം’ എന്നും. ആദ്യത്തെ പാഠപ്രകാരം പ്രവാചകന്മാരുടെ പരമ്പര അവസാനിപ്പിച്ച ആളെന്നാണ് അര്‍ഥം. അതായത്, എല്ലാവരിലും ഒടുക്കം നിയുക്തനായ നബിയെന്ന്. രണ്ടാമത്തെ പാഠപ്രകാരം പ്രവാചകന്മാര്‍ക്കുള്ള സീല്‍ പോലെയായിട്ടുണ്ട് തിരുനബിയെന്ന് വിവക്ഷ. അതേ, തിരുമേനിയെക്കൊണ്ട് പ്രവാചക പരമ്പരക്ക് സീല്‍വെക്കപ്പെട്ടു. തിരുമേനിയുള്‍ക്കൊള്ളുകമൂലം പ്രവാചക സമൂഹം അലങ്കരിക്കപ്പെട്ടു. (വാല്യം 4, പേജ് 275)
21. ഹി. 1270-ല്‍ ചരമം പ്രാപിച്ച അല്ലാമാ ആലൂസി തന്റെ ‘റൂഹുല്‍ മആനി’ എന്ന തഫ്‌സീറില്‍ രേഖപ്പെടുത്തുന്നു: ‘റസൂലി’നെക്കാള്‍ സാമാന്യമായ പദമാണ് ‘നബി’ എന്ന ശബ്ദം. അതിനാല്‍, അവിടുന്ന് ‘ഖാതിമുന്നബിയ്യീന്‍’ ആയിരിക്കയാല്‍ അനിവാര്യമായും ‘ഖാതിമുല്‍ മുര്‍സലീന്‍’ (അന്ത്യദൂതന്‍) ആയിരിക്കുന്നു. തിരുനബി അന്ത്യപ്രവാചകനും അന്ത്യദൂതനുമാണെന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ഥം ഇതത്രെ: തനിക്ക് പ്രവാചകത്വഗുണം ലഭിച്ച ശേഷം മനുഷ്യവര്‍ഗത്തിലോ ജിന്നുവര്‍ഗത്തിലോ പെട്ട ആര്‍ക്കും ആ ഗുണം ലഭിക്കുകയില്ല’ (വാല്യം 22, പേജ്, 32). ‘മുഹമ്മദ് നബി(സ)യുടെ ശേഷം പ്രവാചകത്വപരമായ വെളിപാട് വാദിക്കുന്നവര്‍ കാഫിറായി പരിഗണിക്കപ്പെടും. ഇക്കാര്യത്തില്‍ മുസ്‌ലിംകളുടെ ഇടയില്‍ രണ്ടു പക്ഷമില്ല.’ (വാല്യം 22, പേജ് 38) അല്ലാഹുവിന്റെ ഗ്രന്ഥം അസന്ദിഗ്ധമായി പ്രസ്താവിച്ചതും റസൂലിന്റെ സുന്നത്ത് സ്പഷ്ടമാക്കിയതും സമുദായം ഒന്നടങ്കം ഏകോപിച്ചതുമായ ഒരു തത്ത്വമത്രെ മുഹമ്മദ് (സ) അന്ത്യപ്രവാചകനാണെന്നുള്ളത്. അതിനാല്‍, ഇതിനെതിരായി വല്ല വാദവും പുറപ്പെടുവിക്കുന്ന ആരും കാഫിറായി ഗണിക്കപ്പെടുന്നതാണ്. (വാല്യം 22, പേജ് 39).
ഇന്ത്യ മുതല്‍ മൊറോക്കോവും സ്‌പെയിനും വരെയും തുര്‍ക്കി മുതല്‍ യമന്‍ വരെയുമുള്ള മുസ്‌ലിം രാജ്യങ്ങളിലെ മഹാ പണ്ഡിതന്മാരുടെയും കര്‍മശാസ്ത്ര പടുക്കളുടെയും ഹദീസ് വിദഗ്ധന്മാരുടെയും ഖുര്‍ആന്‍ ഭാഷ്യകാരന്മാരുടെയും പ്രസ്താവനകളത്രെ ഇത്. അവരുടെ നാമങ്ങളോടൊന്നിച്ച് ജനന-മരണ കാലവും കൊടുത്തിട്ടുണ്ട്. ഇതില്‍നിന്ന് ഏതൊരു വ്യക്തിക്കും ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാന്‍ കഴിയും, ഹി. ഒന്നുമുതല്‍ പതിമൂന്ന് വരെയുള്ള ഓരോരോ ശതകത്തിലെയും ഇസ്‌ലാമിക ചരിത്രപുരുഷന്മാര്‍ അതിലുണ്ടെന്ന്. പതിനാലാം ശതകത്തിലെ ഇസ്‌ലാമിക പണ്ഡിതന്മാരുടെ പ്രസ്താവനകള്‍ കൂടി നമുക്കുദ്ധരിക്കാമായിരുന്നു. പക്ഷേ, അവരുടെ വ്യാഖ്യാനം മനഃപൂര്‍വം വിട്ടുകളഞ്ഞത്, ഈ യുഗത്തിലെ പ്രവാചകത്വവാദിക്കെതിരായി ഖാതമുന്നുബുവ്വത്തിനു പുതിയ വ്യാഖ്യാനം നല്‍കിയതാണിതെന്ന് കുതര്‍ക്കമുന്നയിക്കാന്‍ പഴുതുണ്ടാവാതിരിക്കാന്‍ മാത്രമാകുന്നു. അതുകൊണ്ട് നാം മുന്‍കഴിഞ്ഞ പണ്ഡിതന്മാരുടെ രേഖകള്‍ മാത്രമാണ് ഉദ്ധരിച്ചിട്ടുള്ളത്. അവ ഈ നൂറ്റാണ്ടിലെ ഏതെങ്കിലുമൊരു വ്യക്തിയോടുള്ള പകകൊണ്ട് എഴുതിച്ചേര്‍ത്തതല്ല എന്നത് വളരെ വ്യക്തമാണ്. ഈ രേഖകളില്‍നിന്നെല്ലാം ഒരു വസ്തുത അസന്ദിഗ്ധമായി തെളിയുന്നുണ്ട്; ‘ഖാതിമുന്നബിയ്യീന്‍’ എന്ന ഖുര്‍ആന്‍ വാക്കിന് അന്ത്യപ്രവാചകന്‍ എന്നാണ് ആദ്യകാലം മുതല്‍ നാളിതുവരെ ഇസ്‌ലാമിക ലോകമാകമാനം ഏകകണ്ഠമായി മനസ്സിലാക്കിയിട്ടുള്ളത്. തിരുനബി(സ)യുടെ പിറകെ പ്രവാചകത്വകവാടം എന്നേക്കുമായി അടച്ചു ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്ന വിശ്വാസം ഏത് കാലത്തും മുസ്‌ലിംകളുടെ ഏകോപിതമായ വിശ്വാസമാണ്.
മുഹമ്മദ് (സ) തിരുമേനിയുടെ ശേഷം വല്ലവനും റസൂലെന്നോ നബിയെന്നോ വാദിക്കുകയോ ആ വാദം അംഗീകരിക്കുകയോ ചെയ്താല്‍ അവന്‍ കാഫിറും ഇസ്‌ലാമിക വൃത്തത്തില്‍നിന്ന് പുറത്തുപോയവനുമാണെന്നുള്ള സംഗതിയില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഇന്നോളം രണ്ട് പക്ഷമുണ്ടായിട്ടില്ല. നിഘണ്ടുക്കളില്‍നിന്നു തെളിഞ്ഞുകഴിഞ്ഞതും ഖുര്‍ആനിക വാചകങ്ങളുടെ പശ്ചാത്തലം വ്യക്തമാക്കിയതും നബി(സ) തിരുമേനിതന്നെ വിശദീകരിച്ചുതന്നതും പരിശുദ്ധ സ്വഹാബത്ത്(റ) ഏകോപിച്ച് തീരുമാനിച്ചതും സ്വഹാബത്തിന്റെ കാലംതൊട്ട് നാളിതുവരെ മുസ്‌ലിംലോകം ഐകകണ്‌ഠ്യേന ഗ്രഹിച്ചുവന്നതും ആയ ഈ അര്‍ഥത്തിനെതിരായി ‘ഖാതമുന്നബിയ്യീന്‍’ എന്ന ശബ്ദത്തിന് മറ്റൊരര്‍ഥം കല്‍പിക്കാനോ ഒരു പുത്തന്‍ പ്രവാചകത്വവാദത്തിന്റെ കവാടം തുറക്കാനോ എത്രത്തോളം സാധ്യതയുണ്ടെന്നും പ്രവാചകത്വകവാടം തുറന്നുകിടപ്പുണ്ടെന്നുള്ള അഭിപ്രായം പ്രകടിപ്പിക്കുക മാത്രമല്ല, ആ വിടവില്‍കൂടി ഒരാള്‍ നുബുവ്വത്തിന്റെ മണ്ഡപത്തിലേക്ക് പ്രവേശിക്കുകയും മറ്റു ചിലര്‍ അയാളുടെ നുബുവ്വത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ അവര്‍ക്ക് ഇസ്‌ലാമിക വൃത്തത്തില്‍ എത്രത്തോളം സ്ഥാനമുണ്ടെന്നും നോക്കേണ്ടത് ഓരോ ബുദ്ധിമാന്റെയും കര്‍ത്തവ്യമാണ്.
ഈ വിഷയകമായി മൂന്ന് സംഗതികള്‍ കൂടുതല്‍ ശ്രദ്ധേയമത്രെ: അല്ലാഹുവിന് നമ്മുടെ ഈമാനോട് വിരോധമോ? ഒന്ന്, നുബുവ്വത്തിന്റെ കാര്യം വളരെ ഗുരുതരമാകുന്നു. വിശുദ്ധ ഖുര്‍ആന്റെ ശിക്ഷണപ്രകാരം അത് ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളില്‍പെട്ടതാണ്. അതില്‍ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യുന്നതിനെ ആശ്രയിച്ചാണ് മനുഷ്യന്റെ ഈമാനും കുഫ്‌റും നിലകൊള്ളുന്നത്. ഒരാള്‍ നബിയായിരിക്കെ വല്ലവനും അയാളില്‍ വിശ്വസിച്ചില്ലെങ്കില്‍ അവന്‍ കാഫിറാവും; അതുപോലെ നബിയല്ലാത്ത ഒരാളില്‍ വിശ്വസിച്ചാലും കാഫിറായിത്തീരും. ഇത്രയും ഗുരുതരമായ ഒരു പ്രശ്‌നത്തില്‍ വല്ല അനവധാനതയും അല്ലാഹുവില്‍നിന്നുണ്ടാവുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാവതല്ല. മുഹമ്മദ് നബി(സ)ക്കു ശേഷം ഒരു നബിയോ റസൂലോ വരാനുണ്ടെങ്കില്‍ അത് അല്ലാഹുതന്നെ വിശുദ്ധ ഖുര്‍ആനില്‍ സംശയാതീതമായി വ്യക്തമാക്കേണ്ടതും തിരുമേനിയെക്കൊണ്ട് പ്രഖ്യാപിപ്പിക്കേണ്ടതുമായിരുന്നു. ‘എനിക്കുശേഷം ഇനിയും പ്രവാചകന്മാര്‍ വരും; അവരിലും നിങ്ങള്‍ വിശ്വസിക്കണം’ എന്ന് സമുദായത്തെ പ്രത്യേകം ഉണര്‍ത്തിയിട്ടല്ലാതെ തിരുനബി(സ) ഈ ലോകത്തുനിന്ന് വിടവാങ്ങുകയില്ലായിരുന്നു.
ആലോചിച്ചു നോക്കണം: തിരുനബിക്കു ശേഷം പ്രവാചകത്വ കവാടം തുറന്നുകിടക്കുകയും ഇനിയും പ്രവാചകന്മാര്‍ വരാനുണ്ടാവുകയും ചെയ്യുക; ആ പ്രവാചന്മാരില്‍ വിശ്വസിച്ചാലല്ലാതെ നാം മുസ്‌ലിംകളായിത്തീരുന്നതല്ലതാനും. എന്നിട്ടും അതേപ്പറ്റി അവിടുന്ന് യാതൊരറിയിപ്പും തന്നില്ല. മാത്രമല്ല, സമുദായം മുഴുവന്‍ പതിമൂന്ന് നൂറ്റാണ്ടുകാലമത്രയും തിരുനബിക്കുശേഷം ഒരു പ്രവാചകനില്ലെന്ന് വിശ്വസിച്ചു വരുകയും ഇന്നും വിശ്വസിച്ചുകൊണ്ടിരിക്കുകയും ചെയ്യാന്‍ തക്കവിധം അല്ലാഹുവും റസൂലും നമുക്ക് ശിക്ഷണം നല്‍കുകയും ചെയ്യുക — എന്ത്! അവര്‍ക്ക് നമ്മുടെ ദീനിനോടും ഈമാനിനോടും വല്ല വിരോധവുമുണ്ടോ? ഇരിക്കട്ടെ, പ്രവാചകത്വകവാടം തുറന്നുകിടക്കുകയാണെന്നും തിരുനബിക്കു ശേഷം ഒരു നബി വരുകതന്നെ ചെയ്യുമെന്നും നാം സമ്മതിക്കുക. എങ്കില്‍ത്തന്നെ യാതൊരു ഭീതിയും കൂടാതെ ആ പ്രവാചകനെ നമുക്ക് പരസ്യമായി നിഷേധിക്കാവുന്നതാണ്. ഭീതിയുണ്ടാവുന്നത് അല്ലാഹുവിന്റെ ചോദ്യം ചെയ്യലിനെക്കുറിച്ച് ശങ്കിക്കുമ്പോഴാണ്.
ഖിയാമത്തുനാളില്‍ അല്ലാഹു നമ്മെ ഇതേപ്പറ്റി ചോദ്യം ചെയ്യുന്നപക്ഷം മുകളില്‍ പ്രസ്താവിച്ച റിക്കാര്‍ഡുകളെല്ലാം നിരത്തിവെച്ച് നമുക്ക് നിസ്സങ്കോചം പറയാം: ‘നാഥാ! ഈ പുത്തന്‍ നബിയെ നിഷേധിക്കാന്‍, ഈ അവിശ്വാസത്തില്‍ ഞങ്ങള്‍ അകപ്പെടാനിടവരുത്തിയത് – മആദല്ലാഹ് – നിന്റെ കിതാബും നിന്റെ നബിയുടെ സുന്നത്തുമാണ്.’ പ്രസ്തുത റിക്കാര്‍ഡുകള്‍ പരിശോധിച്ചിട്ട്, ഒരു പുത്തന്‍ നബിയില്‍ വിശ്വസിക്കാത്തതിന്റെ പേരില്‍ അല്ലാഹു നമ്മെ ശിക്ഷിക്കുമെന്ന ആശങ്കക്ക് ഒട്ടും അവകാശമില്ല. എന്നാല്‍, നബിത്വത്തിന്റെ വാതില്‍ യഥാര്‍ഥത്തില്‍ അടയ്ക്കപ്പെട്ടിരിക്കയാണെങ്കില്‍, ഇനി ഒരു പുത്തന്‍ പ്രവാചകനും വരാനില്ലെങ്കില്‍ വല്ലവനും ഒരു നുബുവ്വത്തുവാദിയെ അംഗീകരിക്കുന്നപക്ഷം അവന്‍ ചിന്തിക്കേണ്ടതുണ്ട്, ആ കുഫ്‌റാകുന്ന മഹാപാതകത്തിന്റെ ശിക്ഷയില്‍നിന്നുതന്നെ രക്ഷപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാവുന്ന എന്തൊരു റിക്കാര്‍ഡാണ് തനിക്ക് ദൈവിക കോടതിയില്‍ ബോധിപ്പിക്കാനുള്ളതെന്ന്. കോടതിയില്‍ ബോധിപ്പിക്കുന്നതിന് മുമ്പായി, ഇവിടെവെച്ചുതന്നെ അവന്‍ തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ന്യായങ്ങളെപ്പറ്റി വിശകലനം നടത്തേണ്ടതുണ്ട്. നാം മുകളില്‍ വിസ്തരിച്ച റിക്കാര്‍ഡുകളുമായി താരതമ്യപ്പെടുത്തി സ്വയം പരിശോധിച്ചുനോക്കുക, ഏതൊരു തെളിവിനെ ആസ്പദമാക്കി താനിത് ചെയ്യുന്നുവോ അതിന്റെ അടിസ്ഥാനത്തില്‍ ഈ കുഫ്‌റാകുന്ന മഹാപാതകത്തിന്റെ ശിക്ഷയെ ബുദ്ധിയുള്ളവരാരെങ്കിലും വിലയ്ക്ക് വാങ്ങുമോ എന്ന്. ഒരു നബിയുടെ ആവശ്യമെന്താണ്? രണ്ട്, ഒരു സംഗതികൂടി ഇവിടെ ചിന്തിക്കാനുണ്ട്. ഇബാദത്തിലും സല്‍ക്കര്‍മാനുഷ്ഠാനത്തിലും പുരോഗമിച്ചുകൊണ്ട് ഏതൊരാള്‍ക്കും സ്വയം നേടാവുന്ന, അല്ലെങ്കില്‍ ചില സേവനങ്ങള്‍ക്കുള്ള പാരിതോഷികമായി ദൈവം നല്‍കുന്ന പദവിയല്ല പ്രവാചകത്വം. പിന്നെയോ, ഒരു പ്രത്യേകാവശ്യാര്‍ഥം ഒരു വ്യക്തിക്ക് അല്ലാഹു കല്‍പിച്ചരുളുന്നതാണ് ആ പദവി. ഒരു നബിയുടെ ആവശ്യം നേരിടുമ്പോള്‍ ഒരാളെ അല്ലാഹു തെരഞ്ഞെടുത്തയക്കുന്നു.
ആവശ്യമില്ലാതിരിക്കുമ്പോള്‍ അഥവാ ആവശ്യം അവശേഷിക്കാതിരിക്കുമ്പോള്‍ കണ്ടമാനം മീതക്കുമീതെ നബിമാരെ അയക്കുകയെന്ന സമ്പ്രദായം അല്ലാഹുവിനില്ല. ഏതേത് പരിതഃസ്ഥിതികളിലാണ് പ്രവാചകനിയമനത്തിന്റെ ആവശ്യകത നേരിടുകയെന്ന് വിശുദ്ധ ഖുര്‍ആനില്‍നിന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക് നാല് പരിതഃസ്ഥിതികളില്‍ മാത്രമേ പ്രവാചകന്മാര്‍ നിയുക്തരായിട്ടുള്ളൂ എന്ന് കാണാവുന്നതാണ്:
1. ഒരു ജനവിഭാഗത്തിനു മുമ്പൊരു പ്രവാചകന്‍ വരുകയോ, മറ്റൊരു ജനതക്ക് വന്ന പ്രവാചകന്റെ സന്ദേശം എത്തുകയോ ചെയ്യാത്തതിനാല്‍ ആ ജനവിഭാഗത്തില്‍ ഒരു പ്രവാചകനിയോഗത്തിന്റെ ആവശ്യം നേരിടുക.
2. മുന്‍കഴിഞ്ഞ പ്രവാചകന്റെ ശിക്ഷണം തീരെ വിസ്മരിക്കപ്പെടുകയോ, അലങ്കോലപ്പെടുകയോ ചെയ്തതിനാല്‍ അദ്ദേഹത്തിന്റെ കാല്‍പ്പാടുകള്‍ പിന്തുടരാന്‍ അസാധ്യമായതുകൊണ്ട് വേറൊരു പ്രവാചകന്റെ നിയോഗം ആവശ്യമായിത്തീരുക.
3. പൂര്‍വ പ്രവാചകന്മാര്‍ മുഖേന ജനങ്ങള്‍ക്ക് സമ്പൂര്‍ണമായ ദൈവിക ശിക്ഷണത്തിന്റെയും മാര്‍ഗദര്‍ശനത്തിന്റെയും വിവിധ ഭാഗങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ദീനിന്റെ പൂര്‍ത്തീകരണത്തിനായി കൂടുതല്‍ പ്രവാചകന്മാരുടെ ആവശ്യം നേരിടുക.
4. ഒരു പ്രവാചകനെ സഹായിക്കാനായി മറ്റൊരു പ്രവാചകന്റെ ആവശ്യമുണ്ടാവുക. എന്നാല്‍ മുഹമ്മദ് നബി(സ)ക്കു ശേഷം മേല്‍പറഞ്ഞ ആവശ്യങ്ങളൊന്നും അവശേഷിക്കുന്നില്ലെന്നുള്ളത് വളരെ വ്യക്തമാണ്. ലോകത്തിനാകമാനം മാര്‍ഗദര്‍ശനത്തിനുവേണ്ടിയാണ് തിരുമേനി നിയുക്തനായിട്ടുള്ളതെന്ന് ഖുര്‍ആന്‍തന്നെ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. തിരുമേനിയുടെ നിയോഗകാലം മുതല്‍ അവിടത്തെ പ്രബോധനം സകല ജനസമുദായങ്ങള്‍ക്കും എത്തിക്കാന്‍ സാധിക്കുന്ന പരിതഃസ്ഥിതികളാണ് നിരന്തരം ഉളവായിക്കൊണ്ടിരിക്കുന്നത് എന്ന് ലോകനാഗരികതയുടെ ചരിത്രത്താളുകള്‍ വിളിച്ചോതുന്നുമുണ്ട്. അതിനാല്‍, അവിടത്തേക്കുശേഷം വിവിധ ജനതതികള്‍ക്ക് വെവ്വേറെ പ്രവാചകന്മാരെ നിയോഗിക്കേണ്ട ഒരാവശ്യവും അവശേഷിക്കുന്നില്ല.
മുഹമ്മദ് നബി(സ) നല്‍കിയ ശിക്ഷണം അതിന്റെ ശരിയായ രൂപത്തില്‍ത്തന്നെ തികച്ചും സുരക്ഷിതമായി ഇന്നും ലോകത്ത് സ്ഥിതിചെയ്യുന്നു. ഖുര്‍ആനും ഹദീസും ചരിത്രത്തിന്റെ ഭണ്ഡാരങ്ങള്‍ മുഴുവനും ഇതിന് സാക്ഷ്യം വഹിക്കുന്നുണ്ട്. തിരുനബിയുടെ ശിക്ഷണത്തില്‍ ഇതഃപര്യന്തം ഒരു കൈയേറ്റമോ മാറ്റത്തിരുത്തലോ നടന്നിട്ടില്ല. തിരുമേനി ലോകത്തിന്റെ മുമ്പില്‍ അവതരിപ്പിച്ച പരിശുദ്ധ ഗ്രന്ഥത്തിലെ ഒരു പദംപോലും ഏറ്റുകയോ കുറക്കുകയോ ചെയ്തിട്ടില്ല. ഖിയാമത്തുനാള്‍വരെ അതിനൊട്ടു സാധ്യവുമല്ല. തിരുമേനിയുടെ വാക്കും പ്രവൃത്തിയും മുഖേന നമുക്ക് ലഭ്യമായ ഹിദായത്തും അതിന്റെ സകല രേഖകളും അവിടത്തെ ജീവിതകാലത്തെന്നപോലെ ഇന്നും നിലനില്‍ക്കുകയാണ്. ഇക്കാരണത്താല്‍ രണ്ടാമത്തെ ആവശ്യവും അവശേഷിക്കുന്നില്ല.
മുഹമ്മദ് നബി(സ) വഴി ദീനിന്റെ പൂര്‍ത്തീകരണം സാധിച്ചുകഴിഞ്ഞു. ഈ സംഗതി അസന്ദിഗ്ധമായി വിശുദ്ധ ഖുര്‍ആന്‍തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. അതിനാല്‍, ദീന്‍ പൂര്‍ത്തീകരിക്കേണ്ടതിനായി ഇനിയൊരു പ്രവാചകന്‍ വരേണ്ട ആവശ്യവും നിലനില്‍ക്കുന്നില്ല. നാലാമത്തെ ആവശ്യത്തെപ്പറ്റിയാണ് ഇനി പരിശോധിക്കാനുള്ളത്. തിരുമേനിയുടെ ദൗത്യത്തെ സഹായിക്കാന്‍ ഒരു നബികൂടി ആവശ്യമായിരുന്നുവെങ്കില്‍ അവിടത്തെ ജീവിതകാലത്തുതന്നെ മറ്റൊരാളെക്കൂടി പ്രവാചകനായി നിയമിക്കുമായിരുന്നു. അതുണ്ടായില്ല. അതിനാല്‍, അക്കാരണവും ഇന്ന് നിലവിലില്ല.
മുഹമ്മദ് (സ) തിരുമേനിക്കുശേഷം വേറൊരു പ്രവാചക നിയോഗത്തെ ആവശ്യപ്പെടുന്ന അഞ്ചാമത്തെ കാരണമെന്താണെന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു. ജനങ്ങള്‍ ദുഷിച്ചുപോയതിനാല്‍ അവരെ സംസ്‌കരിക്കാനായി ഒരു നബിയുടെ ആവശ്യം ഇന്നുണ്ടെന്നാണ് വാദമെങ്കില്‍ ഞാന്‍ ചോദിച്ചുകൊള്ളട്ടെ, കേവലം സംസ്‌കരണത്തിനുവേണ്ടി ലോകത്തെപ്പോഴെങ്കിലും ഒരു നബി നിയുക്തനായിട്ടുണ്ടോ? എങ്കിലല്ലേ, അതേ ആവശ്യാര്‍ഥം ഇന്നൊരു പ്രവാചകന്‍ വരേണ്ടതുള്ളൂ? വാസ്തവത്തില്‍ വഹ്‌യ് അവതരിപ്പിക്കേണ്ടതിനായിട്ടാണ് നബിമാരെ നിയോഗിക്കുന്നത്. വഹ്‌യോ, ഒന്നുകില്‍ വല്ല പുതിയ സന്ദേശവും ലോകത്തിന് നല്‍കാനായിരിക്കും; അല്ലെങ്കില്‍ മുമ്പുള്ളതിനെ പൂര്‍ത്തീകരിക്കാനായിരിക്കും; അതുമല്ലെങ്കില്‍ പൂര്‍വ സന്ദേശത്തെ ജനങ്ങളുടെ കൈയേറ്റങ്ങളില്‍നിന്ന് പരിശുദ്ധമാക്കി പുനഃപ്രകാശനം ചെയ്യാനായിരിക്കും. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും സുരക്ഷിതങ്ങളായിരിക്കുകയും ദൈവിക ദീന്‍ പരിപൂര്‍ണമായി നിലനില്‍ക്കുകയും ചെയ്യുന്നതിനാല്‍ വഹ്‌യിന്റെ എല്ലാ ആവശ്യങ്ങളും അവസാനിച്ചുകഴിഞ്ഞിരിക്കുകയാണ്. ഇനി പരിഷ്‌കര്‍ത്താക്കളുടെ ആവശ്യമേ അവശേഷിക്കുന്നുള്ളൂ. പ്രവാചകന്മാരുടെ ഒരാവശ്യവും ബാക്കിനില്‍ക്കുന്നില്ല.
പുതിയ നുബുവ്വത്ത് ‘റഹ്മത്ത’ല്ല ‘ലഅ്നത്താ’ണ് ശ്രദ്ധേയമായ മൂന്നാമത്തെ സംഗതി ഇതാണ്: ഒരു സമുദായത്തില്‍ നബി വരുന്നതോടെ അവിടെ കുഫ്‌റിന്റെയും ഈമാനിന്റെയും പ്രശ്‌നം ഉടലെടുക്കുകയായി. ആ നബിയെ അംഗീകരിക്കുന്നവര്‍ ഒരു പ്രത്യേക സമുദായമായിപ്പിരിയുന്നു. അയാളെ അംഗീകരിക്കാത്തവരോ, നിസ്സംശയം വേറൊരു സമുദായവുമായിരിക്കും. രണ്ടു സമുദായങ്ങളും തമ്മിലുള്ള ഭിന്നിപ്പ് കേവലം ശാഖാപരമായിരിക്കയില്ല; ഒരു നബിയില്‍ വിശ്വസിക്കുകയും അവിശ്വസിക്കുകയും ചെയ്യുകയെന്ന അടിസ്ഥാനപരമായ ഭിന്നിപ്പായിരിക്കും. ഏതെങ്കിലുമൊരു സമുദായം അതിന്റെ വിശ്വാസം പറ്റെ കൈവെടിഞ്ഞ് മറ്റെ സമുദായത്തിന്റെ വിശ്വാസം അംഗീകരിക്കാതിരിക്കുന്ന കാലത്തോളം ആ രണ്ട് സമുദായങ്ങളെ പരസ്പരം ഏകീകരിക്കുക സാധ്യമല്ല. രണ്ടിന്റെയും കര്‍മരീതികള്‍ പ്രായോഗികമായി രണ്ടായിരിക്കും.
ഹിദായത്തി(മാര്‍ഗദര്‍ശനം)ന്റെയും നിയമത്തിന്റെയും അടിസ്ഥാനപ്രമാണവും വെവ്വേറെയായിരിക്കും. എന്തെന്നാല്‍, ഒരു സമുദായം തങ്ങളുടെ അംഗീകൃത പ്രവാചകന് അവതീര്‍ണമായ വഹ്‌യില്‍നിന്നും അദ്ദേഹത്തിന്റെ ചര്യയില്‍നിന്നുമാണ് നിയമം സ്വീകരിക്കുന്നതെങ്കില്‍ മറ്റേ സമുദായം അവയെ നിയമപ്രമാണമായി അംഗീകരിക്കുകതന്നെയില്ല. അവയുടെ പ്രാമാണികത്വത്തെ തീരെ നിഷേധിക്കുകയാണ് ചെയ്യുക. അതിനാല്‍, അവരിരുവരും ഉള്‍ക്കൊള്ളുന്ന ഒരു സംയുക്ത സമുദായം രൂപംകൊള്ളുക ഒരു വിധത്തിലും സാധ്യമല്ല. പ്രസ്തുത യാഥാര്‍ഥ്യങ്ങളില്‍ ദൃഷ്ടി പതിക്കുന്ന ഏതൊരാള്‍ക്കും ഒരു സംഗതി സുവ്യക്തമായി മനസ്സിലാവുന്നതാണ്. മുസ്‌ലിം സമുദായത്തിന് അല്ലാഹു നല്‍കിയ ഏറ്റവും വലിയ ഒരനുഗ്രഹമാണ് പ്രവാചകത്വ പരിസമാപ്തി. അതുകൊണ്ട് മാത്രമാണ് അവര്‍ക്ക് സാര്‍വകാലികവും സാര്‍വലൗകികവുമായ ഏകസമുദായമായി നിലകൊള്ളാന്‍ കഴിയുന്നത്. അനുസ്യൂതമായ സമുദായവിഭജനത്തിനു കാരണമാക്കുന്ന എല്ലാ മൗലികഭിന്നിപ്പുകളില്‍നിന്നും മുസ്‌ലിംകളെ കാത്തുസൂക്ഷിക്കുന്നത് പ്രവാചകത്വ പരിസമാപ്തി ഒന്ന് മാത്രമാകുന്നു. ഏതൊരാള്‍ മുഹമ്മദ് നബി(സ)യെ തന്റെ മാര്‍ഗദര്‍ശിയും ഗുരുവുമായി അംഗീകരിച്ച് അവിടുന്ന് നല്‍കിയ ശിക്ഷണത്തെ മാത്രം ഹിദായത്തിന്റെ അടിസ്ഥാനപ്രമാണമായി സമ്മതിക്കുന്നുവോ അവന്‍ ഈ സമുദായത്തിലെ ഒരു വ്യക്തിയാണ്. സദാ അങ്ങനെയാവുകയും ചെയ്യും. നുബുവ്വത്തിന്റെ കവാടം അടച്ച് ബന്ധിക്കപ്പെട്ടില്ലെങ്കില്‍ ഈ ഐക്യം സമുദായത്തിന് ഒരിക്കലും ലബ്ധമാകുമായിരുന്നില്ല. കാരണം, ഓരോ പുത്തന്‍ നബി വരുംതോറും സമുദായം തുണ്ടംതുണ്ടമായി വിഭജിക്കപ്പെട്ടുകൊണ്ടിരിക്കും.
അപ്പോള്‍ മനുഷ്യന്‍ ചിന്തിക്കുന്നപക്ഷം അവന്റെ യുക്തിതന്നെ സമ്മതിക്കും, അഖിലലോകത്തേക്കുമായി ഒരു പ്രവാചകന്‍ നിയുക്തനായിരിക്കുമ്പോള്‍, അദ്ദേഹം വഴിക്ക് ദീന്‍ മുഴുമിക്കപ്പെട്ടിരിക്കുമ്പോള്‍, അദ്ദേഹത്തിന്റെ ശിക്ഷണശീലങ്ങള്‍ പൂര്‍ണമായും സുരക്ഷിതമായിരിക്കുമ്പോള്‍ പ്രവാചകത്വ കവാടം എന്നേക്കുമായി ബന്ധിക്കപ്പെട്ടിരിക്കേണ്ടതാണെന്ന്. എങ്കില്‍ മാത്രമേ ആ അന്ത്യപ്രവാചകനെ പിന്തുടരുന്നതില്‍ ഏകോപിച്ചുകൊണ്ട് സത്യവിശ്വാസികള്‍ക്ക് ലോകത്ത് ഒരേയൊരു സമുദായമായി സദാ വര്‍ത്തിക്കാനൊക്കൂ. ആവശ്യമില്ലാതെ പുതിയ പുതിയ പ്രവാചകന്മാര്‍ ആഗമിക്കുന്നതുകൊണ്ട് ഈ ഉമ്മത്തില്‍ കൂടക്കൂടെ സമുദായവിഭജനവും ഭിന്നിപ്പും പിളര്‍പ്പും പൊട്ടിപ്പുറപ്പെടുന്നത് തടയണമെങ്കിലും അത് അനിവാര്യമാണ്. ‘ളില്ലി’യായാലും ശരി, ‘ബുറൂസി’യായാലും ശരി, ‘ഉമ്മത്തി’യായാലും ശരി, ശരീഅത്തുള്ളവനായാലും ശരി, വേദമുള്ളവനായാലും ശരി, ഏതു നിലക്കും ഒരു നബിയെ അല്ലാഹു അയക്കുമ്പോള്‍ അയാളെ അംഗീകരിക്കുന്നവര്‍ ഒരു പ്രത്യേക സമുദായവും അംഗീകരിക്കാത്തവര്‍ കാഫിറും ആവുകയെന്നത് അനിവാര്യമാണ്. ഒരു നബിയുടെ നിയോഗം യഥാര്‍ഥത്തിലാവശ്യമാണെങ്കില്‍ പ്രസ്തുത സമുദായ വിഭജനവും ഭിന്നിപ്പും അനുപേക്ഷ്യമാണെന്ന് സമാധാനിക്കാമായിരുന്നു.
എന്നാല്‍, അങ്ങനെ ഒരാവശ്യം അവശേഷിക്കുന്നില്ലെങ്കില്‍ പിന്നെ കരുണാവാരിധിയായ ദൈവം കണ്ടമാനം നബിമാരെ അയച്ച്, തന്റെ ദാസന്മാരെ കുഫ്‌റിന്റെയും ഈമാനിന്റെയും വടംവലിയില്‍ പെടുത്തി, അവര്‍ ഒരു ഉമ്മത്തായി നിലകൊള്ളുന്നത് തടയുക എന്നുള്ളത് ദൈവത്തിന്റെ യുക്തിദീക്ഷക്കും കാരുണ്യത്തിനും ഒരിക്കലും നിരക്കാത്തതാണ്. അങ്ങനെ അവന്‍ ചെയ്യുമെന്ന് വിചാരിക്കാന്‍ പാടുള്ളതല്ല. ആകയാല്‍ ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും തെളിഞ്ഞിട്ടുള്ള ഇജ്മാഉകൊണ്ട് സ്ഥിരീകരിച്ചിട്ടുള്ള, മനുഷ്യന്റെ ബുദ്ധിയും ശക്തിയും ശരിയെന്ന് സമ്മതിച്ചിട്ടുള്ള ഒന്നാണ് മുഹമ്മദ് (സ) തിരുമേനിക്കുശേഷം പ്രവാചകത്വത്തിന്റെ കവാടം എന്നേക്കുമായി കൊട്ടിയടക്കപ്പെട്ടിരിക്കുന്നുവെന്ന പച്ചപ്പരമാര്‍ഥം! ( തുടരും )
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5