
സഹാബത്തിന്റെ ഇജ്മാഅ്
വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും ശേഷം മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന സുപ്രധാനമായ പ്രമാണം സ്വഹാബത്തിന്റെ ഇജ്മാഅ് ആണ്. നബി(സ) തിരുമേനിയുടെ വിയോഗാനന്തരം പുതിയ നുബുവ്വത്ത്‌വാദികളോടും ആ വാദം അംഗീകരിച്ചവരോടും സ്വഹാബത്ത് സമരം നടത്തുകയാണുണ്ടായത്. ഇതില്‍ അവര്‍ക്കിടയില്‍ ഒരു അഭിപ്രായഭിന്നതയുമുണ്ടായിട്ടില്ല. പ്രബലമായ എല്ലാ റിപ്പോര്‍ട്ടുകളും തെളിയിച്ചിട്ടുള്ള വസ്തുതയാണിത്. ഈ വിഷയകമായി കുപ്രസിദ്ധ നുബുവ്വത്ത്‌വാദിയായ മുസൈലിമത്തുല്‍ കദ്ദാബിനോട് സ്വഹാബത്ത് കൈക്കൊണ്ട നയം പ്രത്യേകം പ്രസ്താവ്യമാണ്. നബി(സ) തിരുമേനിയുടെ നുബുവ്വത്തിനെ നിഷേധിക്കുന്നവനല്ലായിരുന്നു അയാള്‍. പ്രത്യുത, നുബുവ്വത്തില്‍ താനും തിരുമേനിയുടെ ഒരു പങ്കാളിയാണെന്നുമാത്രമേ അയാള്‍ വാദിച്ചിരുന്നുള്ളൂ. തിരുമേനിയുടെ വിയോഗത്തിനുമുമ്പ് അവിടത്തേക്ക് മുസൈലിമത്തയച്ച കത്തിലെ വാചകം ഇതായിരുന്നു:
من مسيلمة رسول الله الى محمد رسول الله سلام عليكم فاني اشركت في الامر معك(طبرى ج 2 ص 399) (അല്ലാഹുവിന്റെ റസൂല്‍ മുസൈലിമത്തില്‍നിന്ന്, അല്ലാഹുവിന്റെ റസൂല്‍ മുഹമ്മദിന്, താങ്കള്‍ക്ക് സലാം! [പ്രവാചകത്വത്തിന്റെ] കാര്യത്തില്‍ ഞാനും താങ്കളുടെ ഒരു പങ്കാളിയായി നിയമിക്കപ്പെട്ടിരിക്കുന്നു.)
പോരെങ്കില്‍ മുസൈലിമത്തിന്റെ അനുയായികളുടെ ബാങ്കുവിളിയില്‍ أشهدُ أنّ محمدًا رسول الله എന്ന മൊഴിയുണ്ടായിരുന്നതായി പ്രസിദ്ധ ചരിത്രകാരനായ ത്വബ്‌രി റിപ്പോര്‍ട്ട് ചെയ്യുന്നു. മുഹമ്മദ് നബി(സ)യുടെ ദൗത്യത്തെ ഇങ്ങനെ അസന്ദിഗ്ധമായി സമ്മതിച്ചിരുന്നിട്ടും സ്വഹാബത്ത് മുസൈലിമത്തിനെ കാഫിറായും സമുദായ ഭ്രഷ്ടനായും കണക്കാക്കി, അയാളോട് യുദ്ധം ചെയ്യുന്നു. അയാളുടെ ദൗത്യത്തിലും പ്രവാചകത്വത്തിലും ബനൂഹനീഫ ഗോത്രം വിശ്വസിച്ചത് സദുദ്ദേശ്യത്തോടെയും ആത്മാര്‍ഥതയോടും കൂടിയായിരുന്നു. ദൗത്യത്തില്‍ അയാളെയും നബി(സ) തന്റെ പങ്കുകാരനാക്കിയിട്ടുണ്ടെന്ന തെറ്റിദ്ധാരണയില്‍ അകപ്പെട്ടവരായിരുന്നു വാസ്തവത്തില്‍ അവര്‍.
ഇതെല്ലാം ചരിത്രം തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്. മദീനയില്‍നിന്ന് ഖുര്‍ആന്‍ പഠിച്ചുവന്ന ഒരാള്‍ മുസൈലിമത്തിനവതീര്‍ണമായതെന്ന വ്യാജേന ചില ഖുര്‍ആന്‍ വാക്യങ്ങള്‍ അവരുടെ മുന്നില്‍ സമര്‍പ്പിക്കുകയുണ്ടായെന്നും ചരിത്രത്തില്‍ കാണാം (ഇബ്‌നുകസീറിന്റെ ‘അല്‍ബിദായതു വന്നിഹായ’ വാല്യം 5, പേജ് 51 നോക്കുക). എന്നിട്ടും സ്വഹാബത്ത് അവരെ മുസ്‌ലിംകളായി അംഗീകരിച്ചില്ല. അവരുടെ നേരെ സൈനിക നടപടി എടുക്കുകയും ചെയ്തു. മതപരിത്യാഗത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല, രാജ്യദ്രോഹക്കുറ്റത്തിന്റെ പേരിലായിരുന്നു സ്വഹാബത്ത് അവരോട് യുദ്ധം ചെയ്തതെന്ന് പറയാന്‍ തരമില്ല. എന്തുകൊണ്ടെന്നാല്‍, മുസ്‌ലിംകളായ രാജ്യദ്രോഹികളോട് യുദ്ധംചെയ്യേണ്ടിവന്നാല്‍ അവരുടെ കൂട്ടത്തില്‍നിന്നുള്ള ബന്ധനസ്ഥരെ അടിമകളാക്കാന്‍ ഇസ്‌ലാമിക നിയമദൃഷ്ട്യാ പാടില്ല.
മുസ്‌ലിം രാജ്യദ്രോഹികളോ പോകട്ടെ, ദിമ്മികള്‍ (ഇസ്‌ലാമിക രാഷ്ട്രത്തിലെ അമുസ്‌ലിം പൗരന്മാര്‍) രാജ്യദ്രോഹക്കുറ്റം പ്രവര്‍ത്തിച്ചാല്‍ പോലും അവരെ പിടിച്ച് അടിമകളാക്കിവെക്കുന്നത് അനുവദനീയമല്ല. എന്നാല്‍, മുസൈലിമത്തിനോടും അയാളുടെ അനുയായികളോടും പോരാട്ടമുണ്ടായ അവസരത്തില്‍ അവരുടെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും അടിമകളാക്കുമെന്ന് മഹാനായ അബൂബക്ര്‍(റ) പരസ്യമായി പ്രഖ്യാപിച്ചു. ബന്ധനസ്ഥരായപ്പോള്‍ പ്രായോഗികമായിത്തന്നെ അവര്‍ അടിമകളാക്കപ്പെടുകയും ചെയ്തു.
അവരുടെ കൂട്ടത്തില്‍പെട്ട ഒരു സ്ത്രീ അലി(റ)യുടെ ഓഹരിയില്‍ വന്നു. അവരുടെ ഗര്‍ഭത്തില്‍നിന്നാണ് ഇസ്‌ലാമിക ചരിത്രത്തില്‍ പ്രസിദ്ധിപെറ്റ മുഹമ്മദുബ്‌നു ഹനഫിയ്യ (ബനൂ ഹനീഫക്കാരിയുടെ മകന്‍) അദ്ദേഹത്തിന് ജാതനായത്. (അല്‍ബിദായതു വന്നിഹായ, വാല്യം 6, പേജ് 316, 325) അപ്പോള്‍ മുസൈലിമത്തിനോടും അയാളുടെ കക്ഷിയായ ബനൂഹനീഫാ ഗോത്രത്തോടും സ്വഹാബത്ത് യുദ്ധം നടത്തിയത് ഒരു രാജ്യദ്രോഹക്കുറ്റത്തിന്റെ പേരിലല്ലെന്നും, മുഹമ്മദ് നബി(സ)യുടെ ശേഷം ഒരാള്‍ പുറപ്പെടുവിച്ച നവീന നുബുവ്വത്ത് വാദത്തിന്റെയും അതില്‍ വിശ്വസിച്ചതിന്റെയും പേരില്‍ മാത്രമാണെന്നും സ്പഷ്ടം. തിരുമേനിയുടെ വിയോഗത്തിന് തൊട്ടുപിമ്പ് അബൂബക്ര്‍ സ്വിദ്ദീഖി(റ)ന്റെ നേതൃത്വത്തിലാണീ സൈനിക നടപടിയുണ്ടായത്. സ്വഹാബത്ത് ഒന്നടങ്കം അതിനോട് യോജിക്കുകയും ചെയ്തു. അതിനാല്‍, സ്വഹാബത്തിന്റെ ഇജ്മാഇന് ഇതിനേക്കാള്‍ വ്യക്തമായ മറ്റൊരുദാഹരണമുണ്ടോ എന്ന് സംശയമാണ്. ( തുടരും )
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5