
ഖത്മുന്നുബുവ്വത്ത് സംബന്ധിച്ച നബിവചനങ്ങള്‍
അറബി ഭാഷാശൈലിയുടെയും ഖുര്‍ആനിലെ പശ്ചാത്തലത്തിന്റെയും അടിസ്ഥാനത്തില്‍ ‘ഖാതമുന്നബിയ്യീന്‍’ എന്ന പ്രയോഗത്തിനുള്ളത് ഏതൊരര്‍ഥമാണോ, അതേ അര്‍ഥത്തിനുപോദ്ബലകമായിട്ടാണ് തിരുനബി(സ)യുടെ വിശദീകരണങ്ങള്‍ വന്നിട്ടുള്ളത്. ഉദാഹരണമായി, ചില സ്വഹീഹായ ഹദീസുകള്‍ ചുവടെ ഉദ്ധരിക്കുന്നു:
1) قال النبي صلى الله عليه وسلم كانت بنو إسرائيل تسوسهم الأنبياء كلما هلك نبي خلفه نبي، وإنه لا نبي بعدي وسيكون خلفاء (بخاري، كتاب المناقب، باب ماذكر عن بني إسرائيل) (നബി(സ) തിരുമേനി അരുള്‍ചെയ്തു: ‘ഇസ്‌റാഈല്‍ സമുദായത്തെ പ്രവാചകന്മാരാണ് ഭരിച്ചിരുന്നത്. ഓരോ പ്രവാചകനും മരിക്കുമ്പോള്‍ തല്‍സ്ഥാനത്ത് മറ്റൊരു പ്രവാചകന്‍ പ്രതിനിധിയായി വരും. എന്നാല്‍, എന്റെ ശേഷം പ്രവാചകനില്ലതന്നെ. ഖലീഫമാര്‍ [പ്രതിപുരുഷന്മാര്‍] ഉണ്ടായിരിക്കും.’)
2) قال النبي صلى الله عليه وسلم إن مثلي ومثل الأنبياء من قبلي كمثل رجل بنى بيتا فأحسنه وأجمله إلا موضع لبنة من زاوية فجعل الناس يطوفون به ويعجبون له ويقولون هلاّ وضعت هذه اللبنة. فأنا اللبنة وأنا خاتم النبيين (بخاري، كتاب المناقب، باب خاتم النبيين) (നബി(സ) തിരുമേനി അരുളി: ‘എന്റെയും എനിക്കുമുമ്പുള്ള പ്രവാചകന്മാരുടെയും ഉപമ ഇതാണ്: ഒരാള്‍ ഒരു മന്ദിരം നിര്‍മിച്ചു. അതിനെ വളരെ സുന്ദരവും സുഭഗവുമാക്കി. പക്ഷേ, ഒരു മൂലക്കല്ലിന്റെ സ്ഥാനം ഒഴിവാക്കിവെച്ചു. ജനങ്ങള്‍ അതിനെ പ്രദക്ഷിണം വെക്കുകയും അതിന്റെ ഭംഗികണ്ട് വിസ്മയപരതന്ത്രരാവുകയും ചെയ്തു. ‘എന്തുകൊണ്ട് ഈ കല്ലുകൂടി വെച്ചില്ല’ എന്ന് അവര്‍ പറയുകയുണ്ടായി. ഞാനത്രെ ആ കല്ല്. ഞാനത്രെ അന്ത്യപ്രവാചകന്‍.)
അതായത്, ഇനിയതില്‍ മറ്റൊരു പ്രവാചകന്‍ വന്ന് പൂരിപ്പിക്കേണ്ടതായി ഒരു വിടവും അവശേഷിക്കുന്നില്ല. ‘സ്വഹീഹുമുസ്‌ലിമി’ല്‍ ‘കിതാബുല്‍ ഫദാഇലി’ല്‍ ‘ബാബു ഖാതമിന്നബിയ്യീന്‍’ എന്ന അധ്യായത്തില്‍ ഈ വിഷയത്തെ പുരസ്‌കരിച്ച് നാല് ഹദീസുകള്‍ വന്നിട്ടുണ്ട്. അവയില്‍ അവസാനത്തേതില്‍ ഒരു വാചകംകൂടി കാണാം: فجئت فختمت الانبياء (അങ്ങനെ ഞാന്‍ വന്ന് പ്രവാചക പരമ്പര മുഴുമിച്ചു). പ്രസ്തുത ഹദീസുകള്‍ അതേ വാക്കുകളില്‍ തിര്‍മിദി ‘കിതാബുല്‍ മനാഖിബ്,’ ‘ബാബു ഫദ്‌ലിന്നബി’യിലും ‘കിതാബുല്‍ ആദാബ്’, ‘ബാബുല്‍ അംസാലി’ലും ഉദ്ധരിച്ചിട്ടുണ്ട്. ഇതേ ഹദീസ് അബൂദാവൂദുത്ത്വയാലിസിയുടെ മുസ്‌നദില്‍ നിവേദനം ചെയ്തിട്ടുള്ളത് ജാബിറുബ്‌നു അബ്ദില്ല(റ)യില്‍നിന്നാണ്. അതിന്റെ അവസാനത്തില്‍ പറയുന്നു: ختم بي الانبياء(എന്നെക്കൊണ്ട് പ്രവാചകപരമ്പര മുഴുമിച്ചു.) ഇമാം അഹ്മദിന്റെ മുസ്‌നദില്‍, അല്‍പം പാഠഭേദങ്ങളോടെ ഇതേ ആശയം ഉബയ്യുബ്‌നുകഅ്ബ്, അബൂസഈദില്‍ ഖുദ്‌രി, അബൂഹുറയ്‌റ(റ) എന്നീ സ്വഹാബികളില്‍നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.
3) ان رسول الله صلى الله عليه وسلم قال فضلت على الانبياء بستّ. اعطيت جوامع الكلم، ونصرت بالرعب، واحلّت لي الغنائم، وجُعلت لي الارض مسجدا وطهورا، وأُرسلتُ الى الخلق كافة وخُتم بي النبيون( مسلم، ترمذي، ابن ماجه) (റസൂല്‍ കരീം(സ) പറഞ്ഞിരിക്കുന്നു: ‘ഇതര പ്രവാചകന്മാരേക്കാള്‍ ആറു സംഗതികൊണ്ട് എനിക്ക് മഹത്ത്വം ലഭിച്ചിരിക്കുന്നു:
(1) എനിക്ക് സര്‍വസാരസമ്പൂര്‍ണമായ വചനങ്ങള്‍ നല്‍കപ്പെട്ടു. (2) ശത്രുക്കള്‍ക്കുള്ള ഭീതികൊണ്ട് എനിക്ക് വിജയസഹായം പ്രദാനം ചെയ്യപ്പെട്ടു. (3) യുദ്ധമുതലുകള്‍ എനിക്ക് അനുവദിക്കപ്പെട്ടു. (4) ഭൂമി എനിക്ക് പള്ളിയും ശുചീകരണവസ്തുവുമാക്കപ്പെട്ടു. അതായത്, ചില പ്രത്യേക ദേവാലയങ്ങളില്‍ വെച്ച് മാത്രമല്ല, ഭൂതലത്തെവിടെവെച്ചും നമസ്‌കാരമനുഷ്ഠിക്കാനും വെള്ളം ലഭിക്കാതിരിക്കുമ്പോള്‍ മണ്ണെടുത്ത് തയമ്മും ചെയ്ത് വുദൂഇന്റെയും കുളിയുടെയും ആവശ്യം പൂര്‍ത്തീകരിക്കാനും എന്റെ ശരീഅത്തില്‍ അനുവാദം ലഭിച്ചിരിക്കുന്നു. (5) സമസ്ത സൃഷ്ടികള്‍ക്കും ദൂതനായി ഞാന്‍ നിയോഗിക്കപ്പെട്ടു. (6) എന്നെക്കൊണ്ട് പ്രവാചകന്മാരുടെ പരമ്പര അവസാനിപ്പിക്കപ്പെട്ടു.)
4) قال رسول الله صلى الله عليه وسلم ان الرسالة والنبوة قد انقطعت فلا رسول بعدي ولا نبي (ترمذي، كتاب الرؤيا، باب ذهاب النبوة، مسند أحمد مرويات انس بن مالك) (റസൂല്‍ (സ) തിരുമേനി പ്രസ്താവിച്ചു: ദൗത്യവും പ്രവാചകത്വവും നിലച്ചു. അതുകൊണ്ട് എന്റെ ശേഷം റസൂലുമില്ല; നബിയുമില്ല.)
5) قال النبي صلى الله عليه وسلم انا محمد وانا احمد وانا الماحي الذي يمحي بي الكفر، وانا الحاشر الذي يحشر الناس على عقبي، وانا العاقب الذي ليس بعده نبي(بخاري، ومسلم، كتاب الفضائل، باب اسماء النبي، ترمذي كتاب الاداب، باب كتاب أسماء النبي، مؤطأ كتاب أسماء النبي، المستدرك للحاكم، كتاب التاريخ باب أسماء النبي) (നബി(സ) അരുളി: ഞാന്‍ മുഹമ്മദാണ്; അഹ്മദാണ്; ഞാന്‍ പരിച്ഛേദകനാണ്; ഞാന്‍ വഴി അവിശ്വാസം പരിച്ഛേദം ചെയ്യപ്പെടുന്നു. ഞാന്‍ ഒരുമിച്ചുകൂട്ടുന്നവനാണ്. എന്റെ പിറകിലാണ് ജനങ്ങള്‍ [നാളെ] ഒരുമിച്ചുകൂട്ടപ്പെടുക. ശേഷം ഒരു പ്രവാചകനില്ലാത്ത അന്ത്യനാണ് ഞാന്‍.)
6) قال رسول الله صلى الله عليه وسلم ان الله لم يبعث نبيا الا حذّر امته الدجال وأنا آخر الانبياء وانتم آخر الامم وهو خارج فيكم لا محالة(ابن ماجه، كتاب الفتن، باب الدجال) (റസൂല്‍ (സ) തിരുമേനി പറഞ്ഞു: ദജ്ജാലിനെപ്പറ്റി സ്വസമുദായത്തെ താക്കീതുചെയ്യാത്ത ഒരൊറ്റ പ്രവാചകനെയും അല്ലാഹു നിയോഗിച്ചിട്ടില്ല. ഞാനാകട്ടെ അന്ത്യപ്രവാചകനാകുന്നു. നിങ്ങളോ അന്തിമസമുദായവും. ദജ്ജാല്‍ നിങ്ങളില്‍ പുറപ്പെടുകതന്നെ ചെയ്യും; സംശയമില്ല.)
7) عن عبد الرحمن بن جبير قال سمعت عبد الله بن عمرو بن العاص يقول خرج علينا رسول الله صلى الله عليه وسلم يوما كالمودع فقال انا محمد النبي الامي ثلاثا ولا نبي بعدي(مسند احمد مرويات عبدالله بن عمرو بن العاص) (അബ്ദുല്ലാഹിബ്‌നു അംരിബ്‌നില്‍ ആസ്വ് പറയുന്നതുകേട്ടുവെന്ന് അബ്ദുര്‍റഹ്മാനുബ്‌നു ജുബൈര്‍ പ്രസ്താവിച്ചു: റസൂല്‍(സ) തിരുമേനി ഒരു ദിവസം [അവിടത്തെ വസതിയില്‍നിന്നും] പുറത്തുവന്നത് ഒരു വിടവാങ്ങുന്ന ആളെപ്പോലെയാണ്. എന്നിട്ട് അവിടുന്ന് മൂന്നുപ്രാവശ്യം പറഞ്ഞു: ഞാന്‍ നിരക്ഷരനായ പ്രവാചകന്‍ മുഹമ്മദാണ്. എനിക്കുശേഷം പ്രവാചകനേയില്ല.)
8) قال رسول الله صلى الله عليه وسلم لا نبوة بعدي الا المبشرات قيل وما المبشرات يا رسول الله؟ قال الرؤيا الحسنة او قال الرؤيا الصالحة(مسند احمد مرويات ابو الطفيل، نسائي، ابوداود) (റസൂല്‍(സ) തിരുമേനി പറഞ്ഞു: ‘എനിക്കുശേഷം ‘മുബശ്ശിറാത്ത’ല്ലാതെ, ‘നുബുവ്വത്ത്’ [ദിവ്യപ്രവചനം] ഇല്ല.’ ആരോ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ! എന്താണ് മുബശ്ശിറാത്ത്?’ അവിടുന്ന് അരുളി: ‘നല്ല സ്വപ്നങ്ങള്‍!’) അതായത്, ഇനി വഹ്‌യിന് ഒരു സാധ്യതയുമില്ല. കവിഞ്ഞാല്‍ സ്വപ്നദര്‍ശനം മുഖേന വല്ലവര്‍ക്കും വല്ല സൂചനയും ലഭിച്ചെന്നുവരാം.
9) قال النبي صلى الله عليه وسلم لو كان بعدي نبي لكان عمر بن الخطاب (ترمذي كتاب المناقب) (നബി(സ) തിരുമേനി പറഞ്ഞു: എന്റെ ശേഷം ഒരു പ്രവാചകനുണ്ടാകുമായിരുന്നെങ്കില്‍ അത് ഖത്ത്വാബിന്റെ മകന്‍ ഉമറായേനേ!)
10) قال رسول الله صلى الله عليه وسلم لِعَلِيٍ انت مني بمنزلة هارون من موسى الا انه لا نبي بعدي( بخاري ومسلم كتاب فضائل الصحابة) (റസൂല്‍(സ) തിരുമേനി അലിയോട് പറയുകയുണ്ടായി: മൂസായെ സംബന്ധിച്ചേടത്തേളം ഹാറൂന്റെ സ്ഥാനത്താണ്, എന്നെ സംബന്ധിച്ചേടത്തോളം താങ്കള്‍. പക്ഷേ, എന്റെ ശേഷം ഒരു നബിയുമില്ലതന്നെ!) ബുഖാരിയും മുസ്‌ലിമും ഈ വചനം തബൂക്ക് യുദ്ധത്തിന്റെ അധ്യായത്തിലും ഉദ്ധരിച്ചിട്ടുണ്ട്. ഇമാം അഹ്മദിന്റെ മുസ്‌നദില്‍, സഅ്ദുബ്‌നു അബീവഖാസ്വി(റ)ല്‍നിന്നും ഈ ആശയമുള്‍ക്കൊള്ളുന്ന രണ്ടു റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നു. അവയിലൊന്നിന്റെ അവസാന വാചകം الا أنه لا نبوّة بعدي (പക്ഷേ, എനിക്കുശേഷം നുബുവ്വത്തില്ല) എന്നത്രെ. അബൂദാവൂദ് ത്വയാലിസി, അഹ്മദ്, മുഹമ്മദുബ്‌നു ഇസ്ഹാഖ് എന്നിവര്‍ ഈ വിഷയകമായി ഉദ്ധരിച്ച സവിസ്തരമായ റിപ്പോര്‍ട്ടുകളില്‍നിന്ന് മനസ്സിലാവുന്നത് ഇതാണ്: തിരുമേനി തബൂക്ക് യുദ്ധത്തിന് പോവുമ്പോള്‍, തന്റെ അസാന്നിധ്യത്തില്‍ മദീനയുടെ മേല്‍നോട്ടത്തിന് അലിയെ നിശ്ചയിക്കാന്‍ തീര്‍ച്ചപ്പെടുത്തി. ഇതിനെപ്പറ്റി കപടവിശ്വാസികള്‍ വിവിധ ആക്ഷേപങ്ങള്‍ ഉന്നയിച്ചു. അലി തിരുസന്നിധിയില്‍ ബോധിപ്പിച്ചു: ‘അല്ലാഹുവിന്റെ റസൂലേ! സ്ത്രീകളുടെയും കുട്ടികളുടെയും കൂടെ എന്നെ വിട്ടേച്ച് പോവുകയാണോ?’ തദവസരം അദ്ദേഹത്തെ സാന്ത്വനപ്പെടുത്തിക്കൊണ്ട് തിരുമേനി പ്രതിവചിച്ചു: ‘മൂസായെ സംബന്ധിച്ചേടത്തോളം ഹാറൂന്നുള്ള പദവിയിലാണ്, എന്നെ സംബന്ധിച്ചേടത്തോളം താങ്കള്‍!’ അതായത്, മൂസാ(അ) സീനായിലെ ത്വൂര്‍ പര്‍വതത്തിലേക്ക് പോയപ്പോള്‍ ബനൂ ഇസ്‌റാഈലിന്റെ മേല്‍നോട്ടത്തിന് ഹാറൂനെ(അ) പ്രതിപുരുഷനായി നിശ്ചയിച്ചപോലെ എന്റെ അസാന്നിധ്യത്തില്‍ മദീനയുടെ സംരക്ഷണത്തിന് താങ്കളെ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. എന്നാല്‍, ഹാറൂനോ(അ)ട് അലി(റ)യെ താരതമ്യപ്പെടുത്തിയിട്ടുള്ളത് ഭാവിയില്‍ വല്ല ഫിത്‌നക്കും ഇടവരുത്തിയേക്കുമോ എന്ന് തിരുമേനി ശങ്കിച്ചു. തന്മൂലം ഉടനെത്തന്നെ അസന്ദിഗ്ധമായ ഭാഷയില്‍ അവിടുന്നു പ്രഖ്യാപിച്ചു: ‘പക്ഷേ എന്റെ പിറകെ ഒരു നബിയില്ല!’
11) عن ثوبان قال قال رسول الله صلى الله عليه وسلم … وانه سيكون في أمتي كذابون ثلاثون كلهم يزعم انه نبي وأنا خاتم النبيين لا نبي بعدي( ابوداود، كتاب الفتن) (സൗബാന്‍ പറയുന്നു: റസൂല്‍(സ) അരുളി: ‘തീര്‍ച്ചയായും മുപ്പത് കള്ളവാദികള്‍ എന്റെ സമുദായത്തിലുണ്ടാവും. ഓരോരുത്തനും വാദിക്കും, താന്‍ പ്രവാചകനെന്ന്. ഞാനാകട്ടെ, അന്ത്യപ്രവാചകനാണ്. എന്റെ പിറകെ ഒരു പ്രവാചകനില്ല.) ഇതേ വിഷയകമായി അബൂദാവൂദ്, ‘കിതാബുല്‍ മലാഹിം’ എന്ന ശീര്‍ഷകത്തില്‍ അബൂഹുറയ്‌റ(റ)യില്‍നിന്ന് മറ്റൊരു ഹദീസുകൂടി ഉദ്ധരിച്ചിട്ടുണ്ട്. തിര്‍മിദി സൗബാന്റെയും അബൂഹുറയ്‌റയുടെയും നിവേദനങ്ങള്‍ രണ്ടും രേഖപ്പെടുത്തിയിരിക്കുന്നു. രണ്ടാമത്തേതിലെ വാചകം ഇപ്രകാരമാണ്: …. حتى يُبعث دجالون كذابون قريب من ثلاثين كلهم يزعم انه رسول الله (എന്തിനധികം? ഏതാണ്ട് മുപ്പത് കള്ളവാദികളായ ദജ്ജാലുകള്‍ എഴുന്നള്ളിക്കപ്പെടും; താന്‍ ദൈവദൂതനെന്ന് ഓരോരുത്തനും വാദിക്കും.)
12) قال النبي صلى الله عليه وسلم لقد كان فيمن كان قبلكم من بني اسرائيل رجال يكلمون من غير ان يكونوا أنبياء فان يكون من امتي احد فعمر (بخاري، كتاب المناقب) (നബി(സ) തിരുമേനി പറഞ്ഞു: ‘പ്രവാചകന്മാരാവാതെത്തന്നെ ദിവ്യ സംഭാഷണ ബഹുമതി സിദ്ധിച്ചിട്ടുള്ള പലരും നിങ്ങള്‍ക്കുമുമ്പ് ഇസ്‌റാഈല്‍ സമുദായത്തിലുണ്ടായിട്ടുണ്ട്. എന്റെ സമുദായത്തില്‍ അങ്ങനെ ഒരാളുണ്ടെങ്കില്‍ അത് ഉമറത്രെ.) ഈ വിഷയകമായി സ്വഹീഹുമുസ്‌ലിമില്‍ ഉദ്ധരിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ ‘യുകല്ലമൂന’ക്ക് പകരം ‘മുഹദ്ദസൂന’ എന്നാണുള്ളത്. അര്‍ഥത്തില്‍ രണ്ടും ഒന്നുതന്നെ. അതായത്, ദിവ്യസംബോധനം കൊണ്ടനുഗ്രഹിക്കപ്പെട്ടവര്‍, അഥവാ അദൃശ്യമാര്‍ഗത്തിലൂടെയുള്ള ദിവ്യസംബോധനാ ബഹുമതി സിദ്ധിച്ചവര്‍ എന്നാണ് രണ്ടിന്റെയും വിവക്ഷ എന്ന് ഇതില്‍നിന്ന് നമുക്ക് മനസ്സിലാവുന്നുണ്ട്. നുബുവ്വത്ത് പദം ലഭിക്കാതെത്തന്നെ ദിവ്യസംബോധനാനുഗ്രഹത്തിന് പാത്രമാവുന്ന ചിലരുണ്ടാവാമെന്നും അങ്ങനെയുള്ള വല്ലവരും ഈ സമുദായത്തിലുണ്ടെങ്കില്‍ അത് ഹ. ഉമറുബ്‌നുല്‍ഖത്ത്വാബാണ് എന്നും.
13) قال رسول الله صلى الله عليه وسلم لا نبي بعدي ولا امة بعد امتي (بيهقي، كتاب الرؤيا، طبراني) (റസൂല്‍ കരീം(സ) അരുള്‍ ചെയ്തിരിക്കുന്നു: എന്റെ ശേഷം ഒരു നബിയില്ല. എന്റെ സമുദായത്തിനുശേഷം ഒരു സമുദായവുമില്ല.) അതായത്, ഇനിയൊരു പുതിയ നബിയുടെയോ, അതുവഴി ഒരുപുതിയ സമുദായത്തിന്റെയോ ആഗമനത്തിന് ഒരു സാധ്യതയുമില്ല.
14) قال رسول الله صلى الله عليه وسلم فإني آخر الانبياء وان مسجدي آخر المساجد (നബി(സ) തിരുമേനി പ്രഖ്യാപിച്ചിരിക്കുന്നു: ‘തീര്‍ച്ചയായും പ്രവാചകന്മാരില്‍ അന്തിമനാകുന്നു ഞാന്‍. തീര്‍ച്ചയായും പള്ളികളില്‍ അവസാനത്തേതാകുന്നു എന്റെ പള്ളി.) റസൂല്‍(സ) തിരുമേനിയില്‍നിന്ന് നേരിട്ടുതന്നെ പ്രസ്തുത ഹദീസുകള്‍ ഒട്ടനേകം സ്വഹാബികള്‍ നിവേദനം ചെയ്തിട്ടുണ്ട്. അവയെ വിശ്വാസയോഗ്യമായ പരമ്പരയിലൂടെ നിരവധി മുഹദ്ദിസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. പ്രവാചകന്മാരില്‍ അവസാനത്തെ ദേഹമാണ് മുഹമ്മദ് (സ) തിരുമേനി എന്നും അവിടത്തേക്കുശേഷം ഇനിയൊരു പ്രവാചകന്റെ ആഗമനത്തിന് തീരെ സാധ്യതയില്ലെന്നും അവിടത്തെക്കൊണ്ട് പ്രവാചകത്വപരമ്പര പറ്റെ അവസാനിച്ചുവെന്നും അതിനാല്‍, ഇനിയാരെങ്കിലും വല്ല നുബുവ്വത്ത് വാദമോ രിസാലത്ത് വാദമോ പുറപ്പെടുവിക്കുന്നുവെങ്കില്‍ അവന്‍ കള്ളവാദിയും ദജ്ജാലുമാണെന്നും ഉള്ള വസ്തുത ഒരു സംശയത്തിനും ഇടം നല്‍കാത്തവിധത്തില്‍, വിവിധ രീതിയിലും ശൈലിയിലും പല സന്ദര്‍ഭങ്ങളിലായി തിരുനബി പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ടെന്ന് പ്രസ്തുത നബിവചനങ്ങള്‍ ഒരാവൃത്തി പാരായണം ചെയ്യുന്ന ഏതൊരു ശുദ്ധഹൃദയന്നും നിഷ്പ്രയാസം ഗ്രഹിക്കാവുന്നതാണ്.
പരിശുദ്ധ ഖുര്‍ആനിലെ ‘ഖാതമുന്നബിയ്യീന്‍’ എന്ന ശബ്ദത്തിന് ഇതിലും പ്രബലവും പ്രാമാണികവും ഖണ്ഡിതവുമായ ഒരു വ്യാഖ്യാനം മറ്റെന്താണുള്ളത്? നബിയുടെ തിരുവചനംതന്നെ സ്വയമൊരു തെളിവാണ്. എന്നാല്‍, ഖുര്‍ആന്റെ ഒരു മൂലപ്രമാണത്തിന് വിശദീകരണം കൂടിയാവുമ്പോള്‍ അത് കൂടുതല്‍ പ്രബലമായ തെളിവായിത്തീരുന്നു. മുഹമ്മദുര്‍റസൂലിനെക്കാള്‍ ഖുര്‍ആന്‍ ഗ്രഹിക്കുകയും വ്യാഖ്യാനാവകാശം സിദ്ധിക്കുകയും ചെയ്തിട്ടുള്ളത് മറ്റാരാണ്? ഖത്മുന്നുബുവ്വത്തിന് മറ്റൊരര്‍ഥം കല്‍പിക്കുന്നതും അതംഗീകരിക്കുന്നതും ഇരിക്കട്ടെ. അത് ശ്രദ്ധിക്കുന്നതുപോലും ഒരു ഭീമാബദ്ധം മാത്രമാണ്. ( തുടരും)
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5