ഈ യുഗത്തില്‍ പുത്തന്‍ നുബുവ്വത്ത്‌വാദമാകുന്ന ‘മഹാഫിത്‌ന’ സൃഷ്ടിച്ചുവിട്ടിട്ടുള്ള കക്ഷി ( മീർസ ഗുലാം അഹ്മദ് ഖാദിയാനി) , ‘ഖാതമുന്നബിയ്യീന്‍’ എന്ന പദത്തിന് ‘പ്രവാചകന്മാരുടെ മുദ്ര’ എന്ന അര്‍ഥമാണ് കൊടുത്തിരിക്കുന്നത്. അതായത്, മുഹമ്മദ്‌നബി(സ)യുടെ ശേഷം വരുന്ന പ്രവാചകന്മാര്‍ അവിടത്തെ മുദ്ര പതിച്ചിട്ടാണ് പ്രവാചകരാവുക. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, ഏതൊരാളുടെ പ്രവാചകത്വത്തിന്മേല്‍ അവിടത്തെ മുദ്ര പതിഞ്ഞിട്ടില്ലയോ, അയാള്‍ക്ക് നബിയാവാന്‍ സാധിക്കുകയില്ല. ഇതാണുപോലും ഖാതമുന്നബിയ്യീന്റെ വിവക്ഷിതം!
എന്നാല്‍, مَّا كَانَ مُحَمَّدٌ أَبَا أَحَدٍ مِّن رِّجَالِكُمْ وَلَٰكِن رَّسُولَ اللَّهِ وَخَاتَمَ النَّبِيِّينَۗ وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيمًا ﴿٤٠﴾ എന്ന അഹ്സാബ് സൂറത്തിലെ 40ആം ആയത്തിന്റെ സന്ദര്‍ഭം പരിഗണിക്കുമ്പോള്‍ ആ പദത്തിന് ഈ വിവക്ഷ നല്‍കാന്‍ തീരെ പഴുത് കാണുന്നില്ല. മാത്രമല്ല, ഇതാണ് വിവക്ഷയെങ്കില്‍ ആ പദം അസ്ഥാനത്തും വാക്കിന്റെ ഉദ്ദേശ്യത്തിന് വിപരീതവുമായിത്തീരുന്നതാണ്. സൈനബി(റ)ന്റെ വിവാഹം സംബന്ധിച്ച എതിര്‍പക്ഷത്തിന്റെ ആക്ഷേപങ്ങള്‍ക്കും അവര്‍ സൃഷ്ടിച്ചുവിട്ട ആശയക്കുഴപ്പങ്ങള്‍ക്കും മറുപടിയായിട്ടാണല്ലോ മുകളിലെ പ്രസ്താവന വന്നിട്ടുള്ളത്. ഇടക്കുവെച്ച് മുഹമ്മദ്, നബിമാരുടെ മുദ്രയാണെന്നും അദ്ദേഹത്തിന്റെ മുദ്ര പതിഞ്ഞിട്ടാണ് ഏതൊരു ഭാവി പ്രവാചകനും നബിയാവുകയെന്നും പറഞ്ഞാല്‍ അത് ഈ പശ്ചാത്തലവുമായി എങ്ങനെ യോജിക്കും? പശ്ചാത്തലവുമായി അത് തീരെ യോജിക്കുകയില്ലെന്ന് മാത്രമല്ല, ആക്ഷേപകര്‍ക്കു മറുപടിയായി മുകളില്‍നിന്നേ സ്ഥാപിച്ചുപോന്ന ന്യായവാദത്തിന് ഗണ്യമായ കോട്ടം വരുത്തുകയും ചെയ്യും. അതെ, ആക്ഷേപകര്‍ക്ക് ഇങ്ങനെ പറയാന്‍ സന്ദര്‍ഭം കിട്ടും: ‘ഈ പ്രവൃത്തി ഇപ്പോള്‍ ചെയ്തിരുന്നില്ലെങ്കില്‍ അപകടമൊന്നുമുണ്ടാകുമായിരുന്നില്ല. ഈ ആചാരത്തെ നിഷ്‌കാസനം ചെയ്യേണ്ടത് അത്ര വലിയ ഒരാവശ്യമാണെങ്കില്‍ത്തന്നെ മുഹമ്മദിന്റെ മുദ്ര പതിച്ചു പിന്നീട് വരുന്ന പ്രവാചകന്മാരാരെങ്കിലും അത് ചെയ്തുകൊള്ളുമല്ലോ.’
‘ഖാതമുന്നബിയ്യീന്‍’ എന്നതിന് ‘അഫ്ദലുന്നബിയ്യീന്‍’ (നബിമാരില്‍ ശ്രേഷ്ഠന്‍) എന്ന മറ്റൊരു വ്യാഖ്യാനവും പ്രസ്തുത കക്ഷി കല്‍പിച്ചുവരുന്നുണ്ട്. അതായത്, പ്രവാചകത്വത്തിന്റെ കവാടം തുറന്നുതന്നെ കിടക്കുന്നു. പക്ഷേ, അതിന്റെ പൂര്‍ണതകള്‍ തിരുനബിയില്‍ അവസാനിച്ചിരിക്കുന്നു എന്ന്. എന്നാല്‍, നാം മുമ്പുപറഞ്ഞ ദൂഷ്യം ഈ അര്‍ഥജല്‍പനത്തിനുമുണ്ട്. വാചകങ്ങളുടെ പൂര്‍വാപരഘടനക്ക് വിയോജിക്കുന്നുവെന്ന് മാത്രമല്ല, അതിന്റെ ഉദ്ദേശ്യത്തിനുതന്നെ വിരുദ്ധവുമാണിത്. അപ്പോഴും കാഫിറുകള്‍ക്കും മുനാഫിഖുകള്‍ക്കും പറയാന്‍ കഴിയും: ‘ഹുസൂര്‍! താണതരക്കാരെങ്കിലും, പ്രവാചകന്മാര്‍ അങ്ങേക്ക് ശേഷവും വന്നുകൊണ്ടിരിക്കുമല്ലോ. എന്നിരിക്കെ അങ്ങുതന്നെ പ്രസ്തുത സമ്പ്രദായം അവസാനിപ്പിച്ചുകൊള്ളണമെന്ന് എന്താണിത്ര തിടുക്കം?’ ( തുടരും )
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5