പ്രവാചക നിന്ദ

മുഹമ്മദ് നബിയെ ആര്‍ക്ക് നിന്ദനീയനാക്കാനാവും?

Spread the love

‘തുല്യ നിന്ദാ സ്തുതിര്‍ മൗനി’ എന്നാണ് ഭഗവദ്ഗീത ജ്ഞാനിയെ വിശേഷിപ്പിക്കുന്നത്. നിന്ദയും സ്തുതിയും സമബുദ്ധിയോടെ സഹിക്കുന്നവനാണ് യോഗി. പ്രലോഭനങ്ങളെയും പ്രകോപനങ്ങളെയും മറികടക്കാവുന്നവിധം മനോബലമുള്ളവനാണ് ഭാരതീയ ധര്‍മശാസ്ത്രങ്ങള്‍ പ്രഖ്യാപനം ചെയ്യുന്ന പ്രബുദ്ധ പുരുഷന്‍. അത്തരമൊരു പ്രബുദ്ധ പുരുഷനായിരുന്നു മുഹമ്മദ് നബി. അതിനാലാണ് നബിതിരുമേനി പറഞ്ഞത്: ”നിങ്ങളില്‍ വെച്ചേറ്റവും ശക്തനായവന്‍ ദേഷ്യം വരുമ്പോള്‍ തന്റെ ശരീരത്തെ കീഴടക്കുന്നവനാണ്, നിങ്ങളില്‍ വെച്ചേറ്റവും ക്ഷമയുള്ളവന്‍ പ്രതികാരം ചെയ്യാന്‍ കഴിവുള്ളപ്പോള്‍ മാപ്പു നല്‍കുന്നവനാണ്.” മുഹമ്മദ് നബി ഇത്തരം പ്രസ്താവനകള്‍ നടത്തുക മാത്രമല്ല, മക്കാ നഗരം കീഴടക്കിയതിനു ശേഷം തനിക്കും തന്റെ പ്രബോധനങ്ങള്‍ക്കും നാനാവിധത്തില്‍ ദ്രോഹം ചെയ്തവരോടെല്ലാം സ്‌നേഹോഷ്മളമായ പെരുമാറ്റത്തിലൂടെ പൊറുത്തുകൊണ്ട്, പറയുന്നതുതന്നെ ചെയ്യുന്നവനാണെന്ന് തെളിയിക്കുകയും ചെയ്തു. നബി ശത്രുക്കളോടു പോലും ‘പൊറുമ’ കാണിച്ചതുകൊണ്ടാണ് ഇസ്‌ലാം ലോകമെമ്പാടും പടര്‍ന്നതും വളര്‍ന്നതും. ചരിത്രപരമായ ഈ വസ്തുത വിസ്മരിച്ചുകൊണ്ട് പ്രവാചകനിന്ദക്കെതിരെ ആക്രോശിക്കുന്നവര്‍ ആരായാലും അവര്‍ വേണ്ടത്ര നബിചര്യയെ മാനിക്കാത്തവരാണ്.

അമേരിക്കക്കാരനായ ബാസ്‌ലി നകോല (Nakoula Baseley Nakoula) എന്നൊരു െ്രെകസ്തവ മതവിശ്വാസി നിര്‍മിച്ചു സംവിധാനം ചെയ്ത ‘ഇന്നസെന്‍സ് ഓഫ് മുസ്‌ലിംസ്’ എന്ന ചലിച്ചിത്രം ലോകമെമ്പാടുമുള്ള ഇസ്‌ലാം മതവിശ്വാസികളെ മുറിപ്പെടുത്തുകയുണ്ടായി. ചലച്ചിത്രത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് നിരവധിയാളുകള്‍ മരണമടഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൂക്ഷ്മമായി ചിന്തിച്ചാല്‍ നകോല ബാസ്‌ലി നകോല ഒരു ക്രിസ്തുമത വിശ്വാസിയല്ല. കാരണം, ശത്രുവിനെ പോലും സ്‌നേഹിക്കാനുള്ള സന്മനസ്സിന്റെ സമാധാനത്തില്‍ ആയിരിക്കുന്നവനാണ് യഥാര്‍ഥത്തില്‍ ക്രിസ്തുമത വിശ്വാസിയായ മനുഷ്യന്‍. അത്തരത്തിലൊരു മനുഷ്യനാണ് നകോല ബാസ്‌ലി എങ്കില്‍ അദ്ദേഹം ശത്രുക്കളായ മുസ്‌ലിംകളോടും സ്‌നേഹത്തോടെ പെരുമാറിയേനെ. സ്‌നേഹമുള്ളിടത്ത് ഒരിക്കലും നിന്ദ ഉണ്ടായിരിക്കില്ല. നകോല ബാസ്‌ലിയില്‍ പരമതനിന്ദയല്ലാതെ സ്‌നേഹം തരിമ്പും ഇല്ല. അതിനാലാണ് അയാള്‍ക്ക് ഇബ്‌റാഹീം നബിയും മൂസാ നബിയും ഈസാ നബിയും ഉള്‍പ്പെടെയുള്ള പ്രവാചകന്മാരില്‍ ഭേദബുദ്ധി കാണിക്കാത്ത മുഹമ്മദ് നബിയെയും അവിടുത്ത പ്രബോധനങ്ങളെയും ജീവിതത്തെയും വഷളായ രീതിയില്‍ ചിത്രീകരിക്കുന്ന ഒരു സിനിമ സംവിധാനം ചെയ്യാനായത്. ഇവ്വിധം സ്‌നേഹദരിദ്രനായ നകോല ബാസ്‌ലിയെ മറ്റാരൊക്കെ ക്രിസ്ത്യാനി എന്നു വിളിച്ചാലും യേശുക്രിസ്തു ക്രിസ്ത്യാനിയായി അംഗീകരിക്കില്ല. ഇക്കാര്യം തീര്‍ച്ചയുള്ളതിനാലാണ് വത്തിക്കാന്‍ നകോല ബാസ്‌ലിയുടെ ചലചിത്രത്തെ തള്ളിപ്പറഞ്ഞത്.

നകോല ബാസ്‌ലിയുടെ ചലചിത്രത്തെ പ്രതി പ്രകോപിതരായി ലോകമെമ്പാടും മനുഷ്യക്കുരുതിക്ക് നേതൃത്വം നല്‍കിയ മുസ്‌ലിം നാമധാരികളും യഥാര്‍ഥത്തില്‍ ഇസ്‌ലാമിന്റെ നേര്‍വഴിയേ ഹൃദയസഞ്ചാരം ചെയ്യുന്നവരല്ല. ഇത്തരക്കാരിലൂടെ ഇസ്‌ലാം എന്നാല്‍ ഭീകരതയാണെന്ന് സ്ഥാപിക്കാന്‍ വ്യഗ്രതപ്പെട്ടു കഴിയുന്ന നവ സാമ്രാജ്യത്വശക്തികള്‍ക്ക് മാത്രമേ നേട്ടമുണ്ടാവൂ. എങ്ങനെയും ഇസ്‌ലാമിനെ ഭീകരതയാക്കി ചിത്രീകരിച്ച് ഇസ്‌ലാമിനു ലോകസമക്ഷം ലഭിച്ചുവരുന്ന നൂതനമായ ആദരവുകളെല്ലാം ഇല്ലായ്മ ചെയ്യണം എന്നതാണ് നവ സാമ്രാജ്യവാദികളുടെ ഒളിയജണ്ട. അറബ് വസന്തത്തിനു കാരണമായ ജനകീയ വിപ്ലവങ്ങളെ ഭയപ്പെടുന്ന നവസാമ്രാജ്യത്വം ഇസ്‌ലാമിന്റെ പ്രതിഛായ തകര്‍ക്കാന്‍ പൂര്‍വാധികം ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ഈജിപ്തില്‍ നടന്ന ഏകാധിപത്യത്തിനെതിരായ ജനകീയ പോരാട്ടത്തില്‍ മുസ്‌ലിംകളും െ്രെകസ്തവരും ഏകോദര സഹോദരങ്ങളെപ്പോലെ അണിനിരന്നത് ഇസ്‌ലാമും െ്രെകസ്തവരും തമ്മിലുള്ള യുദ്ധം അനിവാര്യമാണെന്ന് സിദ്ധാന്തിക്കുന്ന സാമുവല്‍ ഹണ്ടിംഗ്ടണ്‍മാരുടെ തലച്ചോറുകൊണ്ട് ഭരണചക്രം തിരിക്കുന്ന നവ സാമ്രാജ്യത്വത്തിന് സഹിക്കാനായിട്ടില്ല. അതിനാലവര്‍ ഇസ്‌ലാമിനെയും െ്രെകസ്തവരെയും തമ്മിലടിപ്പിക്കാന്‍ കാരണങ്ങള്‍ സൃഷ്ടിക്കാനുള്ള പരിശ്രമത്തിലാണ്. ആ പരിശ്രമത്തില്‍ നകോല ബാസ്‌ലി ഒരു വൃത്തികെട്ട ചലചിത്രാഭാസ സൃഷ്ടിയിലൂടെ തന്റെ പങ്കുവഹിച്ചു. അതിനെതിരെ അക്രമാസക്തമായി പ്രതികരിച്ചുകൊണ്ട് മുസ്‌ലിം നാമധാരികള്‍ അവരുടേതായ പങ്കും വഹിച്ചു. രണ്ടു കൂട്ടരും നവ സാമ്രാജ്യത്വത്തിന്റെ ഒളിയജണ്ടയുടെ കരുക്കളായി തീര്‍ന്നു.

സാമ്രാജ്യത്വത്തിന്റെ കരുക്കളായിത്തീരുന്നവരെ മുസ്‌ലിം എന്നു വിളിച്ചാല്‍, അല്ലാഹുവിന്റെ കരുക്കളായി തീരാന്‍ വേണ്ടി ഉള്ളുരുകി ജീവിച്ചിരിക്കുന്നവരെ എന്തു വിളിക്കും? ലോകമെമ്പാടുമുള്ള ബഹുഭൂരിപക്ഷം മുസ്‌ലിംകളും അല്ലാഹുവിന്റെ കരുക്കളായിത്തീരാന്‍ ഉള്ളുരുകി കഴിയുന്നവരാണ്. അവരുടെ സമര്‍പ്പണവും സമചിത്തതയുമാണ് ഇസ്‌ലാമിനെ നിലനിര്‍ത്തുന്നത്. ഈ മഹത്തരമായ മാനവീയ കൂട്ടായ്മയെ താറടിക്കുന്നതിനു മാത്രമേ സാമ്രാജ്യത്വത്തിന്റെ കരുക്കളായി പെരുമാറുന്ന മുസ്‌ലിം നാമധാരികളുടെ അതിക്രമ പ്രതികരണങ്ങള്‍ വഴിവെക്കൂ. ഇക്കാര്യം ഇസ്‌ലാംമത വിശ്വാസികളില്‍ ഭൂരിപക്ഷവും തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ നകോല ബാസ്‌ലിയുടെ ആഭാസ ചലചിത്രത്തിനെതിരെ വളരെ സര്‍ഗാത്മകമായ വിധത്തിലാണ് വിദ്യാസമ്പന്നരായ ഇസ്‌ലാംമതസ്ഥര്‍ പ്രതികരിച്ചത്. നകോല ബാസ്‌ലി എന്നൊരാളുടെ ചലചിത്ര വികൃതികൊണ്ട് തകരാവുന്നതല്ല പരമശക്തനും പരമദയാലുവുമായ അല്ലാഹുവിന്റെ തിരുദൂരുടെ വ്യക്തിത്വം എന്നാണ് ഇസ്‌ലാംമതവിശ്വാസികള്‍ പ്രഖ്യാപിച്ചത്. ദൈവം വന്ദനീയനാക്കിയ മനുഷ്യനെ നകോല ബാസ്‌ലിയെപ്പോലൊരു കുറിയ വ്യക്തി വിചാരിച്ചാല്‍ നിന്ദനീയനാക്കാനാകുമെന്ന് കരുതുന്നില്‍പരം വിശ്വാസദൗര്‍ബല്യം മറ്റൊന്നില്ലല്ലോ.

ആദ്യത്തെ മനുഷ്യനായ ആദം നബിയോടൊപ്പം തന്നെ മനുഷ്യ ഹൃദയങ്ങളെ വഴിപിഴപ്പിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചെകുത്താന്റെ പല കെണികളും ലോകത്ത് ഉണ്ടായിട്ടുണ്ട്. അതില്‍ വീണുപോകാതെ കാക്കണമേ എന്നതാണ് വിശുദ്ധ ഖുര്‍ആനിലെ അല്‍ ഫാത്തിഹ എന്ന ഒന്നാം അധ്യായത്തിലെ പ്രാര്‍ഥനയുടെ സാരം. ഇതുപോലെ മുഹമ്മദ് നബി അവിടുത്തെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച നാള്‍ മുതല്‍ തന്നെ പ്രവാചകനിന്ദയും ആരംഭിച്ചിട്ടുണ്ട്. തൗറാത്ത്, ഇഞ്ചീല്‍ എന്നീ മഹദ് ഗ്രന്ഥങ്ങളില്‍ പറഞ്ഞ കാര്യങ്ങളെ തന്നിഷ്ടത്തിനു പെറുക്കിയെടുത്ത് അവതരിപ്പിക്കുക മാത്രമാണ് മുഹമ്മദ് നബി ചെയ്യുന്നതെന്ന് അക്കാലത്തുതന്നെ പലരും അധിക്ഷേപം പറഞ്ഞിരുന്നു. ഇത്തരം അധിക്ഷേപങ്ങളാല്‍ മുഹമ്മദ് നബിയുടെ ഹൃദയം നോവാന്‍ തുടങ്ങിയപ്പോള്‍ അല്ലാഹു അധിക്ഷേപകരെ വെല്ലുവിളിച്ചുകൊണ്ട് വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞു: ‘ഇതുപോലൊരധ്യായമെങ്കിലും നിങ്ങള്‍ തയാറാക്കുക’. ഇതാണ് സര്‍ഗാത്മകമായ വെല്ലുവിളി. അറേബ്യയില്‍ ജീവിച്ചിരുന്ന പണ്ഡിതന്മാര്‍ക്കോ കവികള്‍ക്കോ ഒന്നും തന്നെ വിശുദ്ധ ഖുര്‍ആനെപ്പോലെ ശബ്ദസുന്ദരവും അര്‍ഥഗാംഭീര്യവുമുള്ള ഒരു ഗ്രന്ഥം പുറപ്പെടുവിക്കാനായില്ലെന്നത് ചരിത്ര സത്യമാണ്. അതുതന്നെയാണ് ആകാശഭൂമികള്‍ക്ക് കാരണമായ ശക്തിയില്‍നിന്നുതന്നെ അവതീര്‍ണമായതാണ് മുഹമ്മദ് നബിയാല്‍ പ്രബോധനം ചെയ്യപ്പെട്ട വിശുദ്ധ ഖുര്‍ആന്‍ എന്നതിനു തെളിവ്. ഇവ്വിധം സര്‍ഗാത്മകമായ രീതിയില്‍ പ്രവാചകനിന്ദക്കെതിരെ പ്രതികരിക്കാന്‍ വഴികള്‍ തേടുന്നവര്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ തന്നെ വഴികാണിക്കും.

നകോല ബാസ്‌ലിയുടെ ചലചിത്രത്തില്‍ നബി സ്ത്രീലമ്പടനാണെന്ന് കാണിക്കാനുള്ള ശ്രമവും ഉള്‍ക്കാമ്പില്ലാത്ത പരദൂഷണം മാത്രമാണ്. മുഹമ്മദ് നബിയുടെ ആദ്യത്തെ ഭാര്യ ഖദീജയാണ്. മുഹമ്മദ് നബിയേക്കാള്‍ പതിനഞ്ചു വയസ്സ് കൂടുതല്‍ ഖദീജക്ക് ഉണ്ടായിരുന്നു. വെറും കാമാസക്തി മാത്രമാണ് നബിയെ ഇത്തരം ഒരു വിവാഹബന്ധത്തിലേക്ക് നയിച്ചതെന്നു പറയാന്‍ മനോരോഗികള്‍ക്ക് മാത്രമേ കഴിയൂ. പ്രാര്‍ഥന, സംവാദം, പ്രതിഷേധങ്ങളെ പ്രതിരോധിക്കല്‍, പ്രബോധനം എന്നിവയുമായി നിരന്തര കര്‍മങ്ങളില്‍ ഏര്‍പ്പെട്ട് കഴിഞ്ഞിരുന്ന മുഹമ്മദ് നബിയില്‍ കാമാസക്തി ആരോപിക്കുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് അവിടുത്ത മഹദ് ചരിത്രത്തിലൂടെ ഒരു തവണ കണ്ണോടിച്ചാല്‍ തന്നെ ഏവര്‍ക്കും മനസ്സിലാകും. ഇത്തരം കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം ഹൃദയങ്ങള്‍ മുദ്രവെക്കപ്പെട്ടവര്‍ എക്കാലത്തും എവിടെയും ഉണ്ടാകും. അത്തരക്കാര്‍ കാറിത്തുപ്പി ആകാശ സമാനരായ മഹദ് വ്യക്തികളെ അപമാനപ്പെടുത്താന്‍ മൂഢാഹങ്കാരത്തോടെ ശ്രമിക്കുകയും ചെയ്യും. ചെറുപ്പക്കാരാല്‍ ചുറ്റപ്പെട്ട ശ്രീരാമകൃഷ്ണ പരമഹംസന്‍ അത്തരക്കാര്‍ക്ക് സ്വവര്‍ഗഭോഗിയായ ലൈംഗിക മനോരോഗിയാകും. ഇത്തരം രോഗങ്ങള്‍ ഉള്ളവര്‍ അര്‍ഹിക്കുന്നത് അവഗണന മാത്രമാണ്. നകോലയും അര്‍ഹിക്കുന്ന പ്രതികരണം അവഗണന മാത്രമാണ്. പ്രതിഷേധം കൊണ്ടുപോലും അയാളുടെ പേര്‍ നാം ലോകസമക്ഷം വാര്‍ത്താ പ്രാധാന്യമുള്ളതാക്കിക്കൂടാ. അങ്ങനെ ചെയ്താല്‍ സല്‍മാന്‍ റുഷ്ദിയെയും തസ്‌ലിമാ നസ്‌റീനെയും പോലുള്ള അഞ്ചാംതരം എഴുത്തുകാര്‍ വിശ്വോത്തര സാഹിത്യകാരന്മാരായി വാഴ്ത്തപ്പെട്ട പോലെ നകോല ബാസ്‌ലി എന്ന ചലചിത്ര കലയെന്തന്നറിയാത്ത മതഭ്രാന്തന്‍ ലോകസിനിമയുടെ തലതൊട്ടപ്പനായി വാഴ്ത്തപ്പെടുന്നതു കാണേണ്ടിവരും. നകോല ബാസ്‌ലിക്ക് അത്തരം അവസരം ഉണ്ടാകരുത്. അതിനാല്‍ നബിയുടെ വലിയ വ്യക്തിത്വത്തെ മനസ്സില്‍ നിറച്ച് നകോല ബാസ്‌ലിയെ അവഗണിക്കുക. അങ്ങനെയൊരാള്‍ ഭൂമിയില്‍ ജീവിച്ചിട്ടേ ഇല്ലെന്ന മട്ടില്‍ നബിചര്യയില്‍ ഉണര്‍ന്നും ഉയര്‍ന്നും ജീവിക്കുക.

You may also like