പ്രവാചക നിന്ദ

മുസ്‌ലിം അപരത്വ നിര്‍മാണവും പ്രവാചകനിന്ദയുടെ രാഷ്ട്രീയവും

Spread the love

‘ഇന്നസെന്‍സ് ഓഫ് മുസ്‌ലിം’, അതായത് ‘മുസ്‌ലിംകളുടെ ശുദ്ധഗതി.’ പ്രത്യക്ഷത്തില്‍ നിര്‍ദോഷമെന്നു തോന്നിക്കുന്ന ഒരു ശീര്‍ഷകത്തിനു മറവില്‍ പ്രവാചകന്‍ മുഹമ്മദിനെ നിന്ദിക്കുന്ന അമേരിക്കന്‍ വീഡിയോ ഫിലിമിനെതിരെ ലോകവ്യാപകമായി പ്രതിഷേധം കത്തിപ്പടരുകയാണ്. പാകിസ്താനില്‍ അത് ഇരുപത്തിമൂന്ന് പേരുടെ ജീവഹാനിയില്‍ വരെ എത്തിയിരിക്കുന്നു. ലോകത്തിന്റെ പല ഭാഗത്തും പ്രതിഷേധക്കാരും പോലീസുമായി നടക്കുന്ന ഏറ്റുമുട്ടലില്‍ അനേകരുടെ ജീവനും സ്വത്തിനും നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്നു. അന്യന്റെ പുര കത്തിയെരിയുമ്പോഴും കണ്ടുനിന്ന് രസിക്കുന്ന കൃസൃതികുട്ടികളുടെ ലാഘവത്തോടെ നിക്ഷ്പക്ഷതയുടെ കപടമുഖം ധരിച്ച മാധ്യമങ്ങള്‍ കൊച്ചുവര്‍ത്തമാനം പറഞ്ഞു കാലം പോക്കുന്നു. ‘ഒരു സിനിമയില്‍ എന്തിരിക്കുന്നു, ഇഷ്ടമില്ലാത്തവര്‍ കാണാതിരുന്നാല്‍ പോരെ’ എന്നുള്ള നൊടുക്കുന്യായങ്ങളാണ് ഇസ്‌ലാമിന് അപരത്വം ബോധപൂര്‍വം സൃഷ്ടിച്ച് മുസ്‌ലിം ലോകത്തിന്റെ പ്രതിഛായ കളങ്കപ്പെടുത്തുന്നതില്‍ തല്‍പരരായ പാശ്ചാത്യാനുകൂല ബുദ്ധിജീവികളും മാധ്യമങ്ങളും ഈ വിഷയത്തില്‍ കൈക്കൊണ്ട സമീപനം. ബോധപൂര്‍വമുള്ള ഈ അപകീര്‍ത്തിപ്പെടുത്തലിന്റെ ആദ്യ എപ്പിസോഡല്ല ‘ഇന്നസെന്‍സ് ഓഫ് മുസ്‌ലിം’ എന്ന സിനിമ.

 
എരിയുന്ന തീയില്‍ എണ്ണ പകരുന്ന സമീപനമാണ് യൂറോപ്യന്‍ മാധ്യമങ്ങള്‍ തുടരുന്നത്. ഏറ്റവും ഒടുവിലായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ട പ്രവാചകനിന്ദ പാരീസിലെ ചാര്‍ലി ഹെബ്‌ഡോ (Charlie Hebdo) എന്ന ആക്ഷേപഹാസ്യ വാരികയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണാണ്. ലോകത്തിലെ വിപുലമായ ഇന്റര്‍നെറ്റ് ശൃംഖലകള്‍, ഈ  മൂന്നാംകിട സിനിമ എന്നതുപോലെ പ്രവാചകനെ  ആക്ഷേപിക്കുന്ന കാര്‍ട്ടൂണും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. വില്‍പന സാധ്യതയുണ്ടെങ്കില്‍ എന്തും ഏതും വിറ്റു പണമാക്കാന്‍ കണ്ണും തുറന്നു പറന്നുനടക്കുന്ന ആഗോള കഴുകന്മാരുടെ വികാരഭൂമിയാണല്ലോ ഇത്. വെബ്‌സൈറ്റുകള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ അത്യന്താധുനിക ആശയവിനിമയ മേഖല. മനുഷ്യത്വവും മാനവിക മൂല്യങ്ങളുമൊക്കെ പടിയിറങ്ങിപ്പോയ ഇത്തരം മേഖലകളെ ഒരു യുദ്ധഭൂമിയായിട്ടുതന്നെയാണ് മുതലാളിത്തലോകം ഉപയോഗിക്കുന്നത്. നേരിട്ടുള്ള അങ്കംവെട്ടിന്റെ കാലം കഴിഞ്ഞുപോയിരിക്കുന്നു. മനുഷ്യന്റെ കഴുത്തുവെട്ടുന്നതിലും എളുപ്പം അവന്റെ തലച്ചോറിനെ ഒന്നടങ്കം അവനറിയാതെ അപഹരിച്ചെടുത്ത് കഴുകിപ്പിഴിഞ്ഞ് അവനുതന്നെ തിരികെ കൊടുക്കുന്നതാണ്. ഇതാണ് ആധുനിക മുതലാളിത്തം പയറ്റുന്നത്. സോഷ്യലിസ്റ്റ്  ലോകത്തിന്റെ തിരോധാനത്തോടെ പാശ്ചാത്യ മുതലാളിത്തത്തിന്  എതിരെ ഒരു ഇസ്‌ലാമിക ബദല്‍ ഉയര്‍ന്നുവരാനുള്ള സാധ്യതകളെ മുളയിലെ നുള്ളിക്കളയും എന്ന ലക്ഷ്യമാണ് ഇത്തരം സിനിമകളുടെയും കാര്‍ട്ടൂണുകളുടെയുമൊക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
 
മുസ്‌ലിം രാജ്യങ്ങളിലെ തങ്ങളുടെ പാവ ഭരണാധികാരികള്‍ക്കെതിരെ അതത് രാജ്യങ്ങളിലെ ജനത പ്രക്ഷോഭ സമരങ്ങളിലേര്‍പ്പെട്ടു തുടങ്ങിയതിനെയാണല്ലോ അറബ് വസന്തമെന്നും മുല്ലപ്പൂവിപ്ലവം എന്നുമൊക്കെ നമ്മള്‍ വിശേഷിപ്പിച്ചത്. ഇത്തരം ജനകീയ മുന്നേറ്റങ്ങള്‍ക്ക് തടയിടാന്‍ വൈകാരികമായ ചില നുള്ളിനോവിക്കലുകള്‍ക്കു കഴിയുമെന്ന് അവര്‍ക്കറിയാം. ഇസ്‌ലാമിന്റെ  പ്രതികരണശേഷി സാമ്പത്തിക വിഷയങ്ങളില്‍നിന്നും സാംസ്‌കാരിക വിഷയങ്ങളിലേക്കു  വഴി തിരിച്ചുവിടുക എന്ന കൗശല ബുദ്ധിയാണിതിന് പിന്നില്‍.  ‘ഇസ്‌ലാം പൊതുധാരയുമായി ഒത്തുപോവുകയില്ല, അവര്‍ അക്രമകാരികളാണ്, അവരുടെ പ്രവാചകന്‍ പ്രാകൃതനായിരുന്നു, വിമര്‍ശനങ്ങളോടവര്‍ ഒട്ടും സഹിഷ്ണുത പുലര്‍ത്തുകയില്ല’ ഇത്തരം സന്ദേശങ്ങളാണ് കഴിഞ്ഞ ആറു വര്‍ഷത്തിലേറെക്കാലമായി നമ്മുടെ  മുഖ്യധാരാ മാധ്യമങ്ങള്‍ പൊതുസമൂഹത്തിലേക്കു പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നത്. 2006ല്‍ ഒരു സ്പാനിഷ് പത്രം പ്രസിദ്ധീകരിച്ച കാര്‍ട്ടൂണാണ് ഈ വിഷയത്തില്‍ ആദ്യവെടി പൊട്ടിച്ചത്. സല്‍മാന്‍ റുശ്ദി, തസ്‌ലീമ നസ്‌റിന്‍ തുടങ്ങിയ ശുദ്ധ അരാജകത്വം മുഖമുദ്രയാക്കിയ എഴുത്തുകാരുടെ ചില വിവാദ രചനകളെ ആയുധമാക്കിക്കൊണ്ട് ഈ നൂറ്റാണ്ടിന്റെ തുടക്കം മുതലേ ഇസ്‌ലാമിക ലോകത്തിനെതിരെ ഒരു മാധ്യമപ്പട ഒളിയുദ്ധം നടത്തി തുടങ്ങിയതാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും സയണിസ്റ്റ് താല്‍പര്യങ്ങളുടെയും അവിഹിത കൂട്ടുകെട്ടിന്റെ ഉല്‍പന്നമാണിത്തരം നിഷ്പക്ഷതാ നാട്യമുള്ള വിമര്‍ശനങ്ങള്‍.
 
പ്രത്യുല്‍പാദനശേഷി നഷ്ടപ്പെട്ട ക്രിസ്തുമതം
 
അന്യനെ അമര്‍ച്ച ചെയ്തുകൊണ്ടു സ്വയം വളരുക എന്ന മുതലാളിത്ത തന്ത്രത്തിനു ഏതു തരത്തിലുള്ള മതബോധവും അക്കില്ലസിന്റെ ഉപ്പൂറ്റിയിലെ മുള്ളാണ് (Achilles’ heel). ഈ മുള്ളെടുത്തുകളയാതെ മുന്നോട്ടുള്ള ഓട്ടവും വെട്ടിപ്പിടുത്തവും അനായാസം ആവുകയില്ലെന്നവര്‍ക്കറിയാം. അതിനാല്‍ അവര്‍ ആദ്യം സ്വന്തം മതമായികൊണ്ടുനടന്ന ക്രിസ്തുമതത്തിന്റെ വരിയുടച്ചു (Castration). മറ്റേതു രംഗവും പോലെ മതവും ഒരു വ്യാപാര രംഗമാണെന്ന ബോധ്യം ജനങ്ങളില്‍ പടിപടിയായി വളര്‍ത്തിക്കൊണ്ടു വന്നു. ക്രിസ്തുമതത്തില്‍ അവശേഷിച്ചിരുന്ന പ്രവാചകധാരയെ നിര്‍വീര്യമാക്കുകയും തല്‍സ്ഥാനത്തെ പുരോഹിതധാരയെ വളര്‍ത്തിക്കൊണ്ടുവരുകയും ആയിരുന്നു ആദ്യനീക്കം. ഇഹലോകപുണ്യം മാത്രമല്ല പരലോകപുണ്യവും പണം കൊടുത്തു വാങ്ങാവുന്നതിലപ്പുറം മറ്റൊന്നുമല്ലാതെ വന്നപ്പോള്‍ യുവതലമുറ പള്ളികളോട് സലാം പറഞ്ഞു. പുരാതന പള്ളികള്‍ പലതും പുരാവസ്തു പ്രദര്‍ശനശാലകളാക്കി. ആളെത്താത്ത പള്ളികള്‍ അടച്ചുപൂട്ടി. വിശുദ്ധ ബലിയര്‍പ്പിച്ച ആള്‍ത്താരകളില്‍ നിശാ നര്‍ത്തകികള്‍ മാംസകേളി നടത്തി. മനുഷ്യപുത്രന്റെ രക്തവും മാംസവും വിളമ്പിയിരുന്ന അലങ്കാരപ്പണി ചെയ്തു മോടിപിടിപ്പിച്ച  ലോഹപാത്രങ്ങളില്‍ മദ്യം വിളമ്പി. ഇതിലൊന്നും ആരും യാതൊരസ്വാഭാവികതയും ദര്‍ശിച്ചില്ല.
 
ക്രിസ്തുമതത്തോടു വിടപറഞ്ഞ ഒട്ടേറെ യൂറോപ്യന്മാരില്‍ തങ്ങള്‍ക്കു ഒരു മതം കൂടിയേ കഴിയൂ എന്ന ബോധ്യപ്പെട്ടവര്‍ ഇസ്‌ലാമിനെ ആലിംഗനം ചെയ്തു. ഒരു കാലത്തു ക്രിസ്ത്യന്‍ പള്ളികള്‍ മാത്രം തലയുയര്‍ത്തി നിന്നിരുന്ന പാശ്ചാത്യ പട്ടണങ്ങളില്‍ മുസ്‌ലിം പള്ളികളുടെ മിനാരങ്ങള്‍ ഉയര്‍ന്നുവന്നു. നിലച്ചുപോയ മണിനാദത്തിന്റെ സ്ഥാനത്ത് ബാങ്കു വിളികള്‍ മുഴങ്ങി. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള നാടാണ് ഇന്ന് ഫ്രാന്‍സ്. ഒരുപക്ഷേ, അതുകൊണ്ട് കൂടി ആയിരിക്കാം ഇസ്‌ലാം വിരുദ്ധ കാര്‍ട്ടൂണുകളുടെയും ദുഷ്പ്രചാരണങ്ങളുടെയും  മുഖ്യ ഗര്‍ഭഗൃഹമായി ഫ്രാന്‍സ് മാറുന്നത്. ഫ്രാന്‍സ് മാത്രമല്ല യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും യു.എസ്.എ ഉള്‍പ്പെടെയുള്ള അമേരിക്കയിലും ആഫ്രിക്കയിലും  ആസ്‌ട്രേലിയയിലുമൊക്കെ ഇസ്‌ലാം ഇന്ന് സജീവമായ മതസാന്നിധ്യമാണ്. ഗ്ലോബല്‍ ഇസ്‌ലാം, യൂറോഅമേരിക്കന്‍ ഗ്ലോബലൈസേഷന് ബദലായി ഉയരുമോ എന്ന ഭയം ലോക കോര്‍പറേറ്റ് ഭീമന്മാരെ അലട്ടുന്നു.
 
ബ്ലാസ്‌ഫെമി ലോ  അഥവാ ദൈവനിന്ദക്കെതിരെയുള്ള നിയമം
 
സ്വന്തം മതത്തിലെ ദൈവസങ്കല്‍പങ്ങളെ തങ്ങള്‍ ആക്ഷേപിക്കുന്നതുപോലെ ഇസ്‌ലാമിന്റെ വിശുദ്ധസങ്കല്‍പങ്ങളെയും അപകീര്‍ത്തിപ്പെടുത്തണം എന്ന ദുര്‍വാശി ഈ മാനസികാവസ്ഥയുടെ പ്രതിഫലനം ആയിരിക്കണം . ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ദൈവനിന്ദക്കെതിരായി കൃത്യമായ  നിയമങ്ങളുണ്ട്. ബ്ലാസ്‌െഫമി നിയമം (Blasphemy law) എന്നാണിതറിയപ്പെടുന്നത്. ഈ നിയമത്തിനു മനുഷ്യസംസ്‌കാരത്തോളം തന്നെ പഴക്കമുണ്ട്. ദൈവത്തെയും, ദൈവികമെന്നു കരുതപ്പെടുന്ന ഏതൊന്നിനെയും അവഹേളിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യാതിരിക്കുക എന്നതാണ് ഈ നിയമം ലക്ഷ്യമാക്കുന്നത്. ദൈവനാമം വൃഥാ ഉച്ചരിക്കുന്നതുപോലും നിയമലംഘനമായി പുരാതന ഇസ്രാഈല്യര്‍ കണക്കാക്കിയിരുന്നു. ദൈവം മോശക്കു നല്‍കിയ പത്ത് പ്രമാണങ്ങളിലൊന്ന് ഇതായിരുന്നു (പുറപ്പാട് 20:7).
 
ഭൗതിക പുരോഗതി അതിന്റെ പാരമ്യത്തിലെത്തിയതോടെ പാശ്ചാത്യലോകം അവരുടെ ആത്മീയ അധോഗതിയിലേക്കു നിലംപതിക്കുകയായിരുന്നു എന്നവര്‍ അറിഞ്ഞില്ല. അവരുടെ മതപുരോഹിതന്മാര്‍ അതിനെല്ലാം മേലൊപ്പു ചാര്‍ത്തി. മതനിന്ദ അവര്‍ക്കൊരു വിനോദ ഉപാധിയായി. ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട അവര്‍ അവരുടെ സ്വരൂപത്തിലും സാദൃശ്യത്തിലും ദൈവത്തെ സങ്കല്‍പിച്ചു. സ്വന്തം മനസ്സിന്റെ ഇരുണ്ട കോണുകളില്‍ സുഖശയനം നടത്തിയിരുന്ന ക്ഷുദ്രകീടങ്ങളെ അവര്‍ പുറം ലോകത്തേക്കു തുറന്നുവിട്ടു. യേശുവും കന്യാമറിയവും ഒന്നും ആക്ഷേപിക്കപ്പെടാതെ പോയില്ല. നിലവിലുള്ള ബ്ലാസ്‌ഫെമി നിയമങ്ങള്‍ പ്രകാരം ഇത്തരം കുറ്റകൃത്യങ്ങളെ  വിചാരണ ചെയ്ത് ശിക്ഷിക്കാനുള്ള ശ്രമങ്ങളൊന്നും സഫലമായില്ല. ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന സുരക്ഷാവലയം അത്തരക്കാരുടെ രക്ഷക്കെത്തി. ചില ഉദാഹരണങ്ങള്‍ നോക്കുക:
 
കാലം 1969, സ്ഥലം ഫിന്‍ലാന്‍ഡ്. അവരുടെ ക്രിമിനല്‍ കോഡ്  അധ്യായം 17 സെക്ഷന്‍ 10, ബ്ലാസ്‌ഫെമിയെ ശിക്ഷാര്‍ഹമായ കുറ്റകൃത്യമായി നിര്‍വചിച്ചിരിക്കുന്നു. പക്ഷേ ഹാരോകോസ്‌ക്കിനന്‍ (Harrokoskinen) എന്ന ഒരു ചിത്രകാരന്‍ കുരിശില്‍ തറയ്ക്കപ്പെട്ട യേശുവിന്റെ സ്ഥാനത്ത് ഒരു പന്നിയുടെ ചിത്രം വരച്ചുചേര്‍ത്തു അതിനൊരു പേരും നല്‍കി. പിഗ്മിശിഹാ (Pigmessiah). കേസ് കോടതിയിലെത്തി. നാമമത്രമായ ഒരു പിഴയൊടുക്കി പ്രതി പുറത്തുവന്ന് അത്തരം ചിത്രങ്ങള്‍ തുടര്‍ന്നും വരച്ചുകൊണ്ടിരുന്നു. മറ്റൊരു സംഭവം ഗ്രീസിലായിരുന്നു. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയാണ് അവിടത്തെ ഒദ്യോഗിക മതം. 2000 ഡിസംബറില്‍ ജറാര്‍ഡ്ഹാര്‍ഡറര്‍ (Gerharad Haderer)എന്ന ഓസ്ട്രിയന്‍ എഴുത്തുകാരന്‍ ‘യേശുവിന്റെ ജീവിതം’ (The Life of Jesus) എന്ന പേരില്‍ ഒരു സചിത്രകഥ, ഹാസ്യകഥ രചിച്ചു. ഗ്രീസിലെ ഒരു പ്രമുഖ പ്രസാധകന്‍ പുറത്തിറക്കിയ പ്രസ്തുത പുസ്തകത്തില്‍ യേശുവിനെ  ഒരു ഹിപ്പിയായി അവതരിപ്പിച്ചു. ഗ്രീസിലെ നിലവിലുള്ള ബ്ലാസ്‌ഫെമി നിയമപ്രകാരം ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭ എഴുത്തുകാരനും പ്രസാധകനും എതിരെ കോടതികയറി. ഏതാനും ദിവസത്തെ വിചാരണ നാടകത്തിനുശേഷം കോടതി കുറ്റാരോപിതരെ നിരുപാധികം വിട്ടയച്ചു.
 
നെതര്‍ലന്റിലാണ് മറ്റൊരു സംഭവം. അവിടെയും ദൈവനിന്ദക്കെതിരായ നിയമം കര്‍ശനമാണ്. 1930ല്‍ അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി ക്രിസ്തുമസ് പൊതു ഒഴിവുദിനങ്ങളുടെ ലിസ്റ്റില്‍നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യവുമായി പ്രക്ഷോഭരംഗത്തു വന്നു. അവിടത്തെ ഗവണ്‍മെന്റ് നിലവിലുള്ള ബ്ലാസ്‌ഫെമി ആക്ട് പ്രകാരം കമ്യൂണിസ്റ്റ് പ്രക്ഷോഭകാരികള്‍ക്കെതിരെ കേസെടുത്തു. 1966ല്‍ ജെറാര്‍ഡ്‌റീവ് എന്ന ഗ്രന്ഥകാരന്‍ ‘നിയറര്‍ ടു ദി’ (Nearer to Thee) എന്ന പേരില്‍ ഒരു നോവലുമായി രംഗത്തുവന്നു. പ്രസ്തുത നോവലില്‍ ആഖ്യായികാകാരന്‍ ദൈവം ഒരു കഴുതയില്‍ ആവേശിക്കുകയും നോവലിലെ കഥപറച്ചിലുകാരന്‍ ആ കഴുതയുമായി സംഭോഗം നടത്തുകയും ചെയ്യുന്ന രംഗം ചിത്രീകരിച്ചു. അവിടെയും കഥാകൃത്തിന്റെ പേരില്‍ കേസും വിചാരണയുമൊക്കെ ഉണ്ടായെങ്കിലും കോടതി ഇതൊക്കെ നിസ്സാരമായി കണ്ടു മാപ്പു കൊടുക്കുകയാണുണ്ടായത്. ഇത്തരം അയവുള്ള നിയമവ്യവസ്ഥ നിലവിലുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ മതനിന്ദ ഒരു പകര്‍ച്ചവ്യാധിപോലെ പടര്‍ന്നുപിടിക്കുന്നതില്‍ അത്ഭുതമില്ല. ‘ഇസ്‌ലാം ഒരു വ്രണമാണ്. അതിനെ മുറിച്ചുമാറ്റൂ’ എന്ന പോസ്റ്റര്‍ പ്രചാരണം നടന്നത് നെതര്‍ലന്റിലാണെങ്കില്‍ ‘ക്രിസ്ത്യാനിറ്റി പത്താമത്തെ ബാധയാണ്’ (Christiantiy the tenth plague) എന്ന് പ്രസംഗിച്ച് നടന്ന പ്രസിദ്ധ എഴുത്തുകാരന്‍ ആര്‍നള്‍ഫ്‌വെര്‍ലാന്‍ഡ് (Arnulfverland) ജീവിച്ചിരുന്നത് നോര്‍വേയിലാണ്.
 
യു.കെയിലെ ബ്ലാസ്‌ഫെമി വിരുദ്ധനിയമം ക്രിസ്തുമതത്തിനെതിരായ പ്രചാരണത്തിന് മാത്രമാണ്  ബാധകമാക്കിയിരിക്കുന്നത് എന്നതു പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. മധ്യകാലങ്ങളില്‍ ബ്രിട്ടനില്‍  മാത്രമല്ല െ്രെകസ്തവ യൂറോപ്പിലെമ്പാടും പ്രത്യേക മതദ്രോഹ വിചാരണാകോടതികള്‍ തന്നെ ഉണ്ടായിരുന്നല്ലോ. തങ്ങള്‍ക്കിഷ്ടമില്ലാത്ത ആരെയും  ദുര്‍മന്ത്രവാദിനി, പിശാച് ബാധിച്ചവര്‍  എന്നൊക്ക മുദ്രകുത്തി ചുട്ടുകൊല്ലുന്നതിനു യാതൊരു െ്രെകസ്തവബോധ്യവും അക്കാലത്തെ ഭരണാധികാരികള്‍ക്കു തടസ്സമായിരുന്നില്ല. ഡസ്റ്റയോവസ്‌ക്കിയുടെ ഗ്രാന്റ് ഇന്‍ക്വസിറ്ററുടെ പിടിയില്‍ ഒരിക്കല്‍ സാക്ഷാല്‍ യേശുക്രിസ്തുതന്നെ അകപ്പെടുന്നതും അദ്ദേഹത്തെ വിചാരണ ചെയ്തു നാടുകടത്തുന്നതുമായ രംഗം കാരമസോവ് സഹോദരങ്ങളെന്ന നോവലിലെ ഒരു പ്രധാന എപ്പിസോഡാണല്ലോ. ബ്രിട്ടനില്‍ ഏറ്റവും ഒടുവിലായി മതനിന്ദാ നിയമപ്രകാരം ഒരു വിചാരണ നടന്നത് 2007ലാണ്. ക്രിസ്ത്യന്‍  വോയ്‌സ് എന്ന പേരുള്ള ഒരു ഫണ്ടമെന്റലിസ്റ്റ്  ഗ്രൂപ്പിന്റെ പരാതി പ്രകാരം യേശുവിനെ ഒരു സ്വവര്‍ഗഭോഗിയായി ചിത്രീകരിക്കുന്ന ഓപ്പ്‌റെ (Opera) പ്രക്ഷേപണം ചെയ്തതിന് ബി.ബി.സിക്കെതിരെ കേസെടുക്കുകയുണ്ടായി. വിചാരണാകോടതി സ്‌റ്റേജ് പരിപാടികള്‍ക്കും നിലവിലുള്ള തിയേറ്റര്‍ നിയമങ്ങള്‍ക്കും ബ്ലാസ്‌ഫെമി നിയമം ബാധകമില്ലെന്നു പ്രഖ്യാപിച്ചു പരാതി തള്ളുകയായിരുന്നു. പുസ്തകനിരോധനത്തിനും ഫിലിം നിരോധത്തിനുമൊക്കെ എതിരായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മുറവിളികൂട്ടുന്ന യു.കെ 1989ല്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചു എക്സ്റ്റസി (Ecstsay) എന്ന സിനിമ നിരോധിക്കുകയുണ്ടായി.
 
മതനിന്ദയുടെ ഏതു തരത്തിലുള്ള ആവിഷ്‌കാരത്തിനെതിരെയും  യാതൊന്നും ചെയ്യാനാകാത്തവിധം നിയമത്തിന്റെ കരങ്ങളെ യു.എസ്.എയുടെ ഭരണഘടന ബന്ധിച്ചിരിക്കുന്നു. എന്നാല്‍, ഇത്തരം കുറ്റകൃത്യങ്ങളെ ഒരു വ്യക്തിക്കു തങ്ങള്‍ ഉള്‍പ്പെട്ട മതവിഭാഗത്തെ ആക്ഷേപിക്കുകവഴി വ്യക്തിപരമായി താന്‍ ആക്ഷേപിക്കപ്പെട്ടിരിക്കുന്നു എന്ന പരാതിയുടെ സങ്കടപരിഹാരാര്‍ഥം നീതിന്യായ കോടതിയെ സമീപിക്കാവുന്നതാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ബ്ലാസ്‌ഫെമി നിയമം അതീവ കര്‍ക്കശമാണ്. എന്നാല്‍, ഇരുപതാം നൂറ്റാണ്ടുതൊട്ട് ഈ നിയമപ്രകാരമുള്ള വിചാരണകള്‍ ഇവിടെ വളരെ അപൂര്‍വമായേ നടന്നിട്ടുള്ളൂ. 1934ല്‍ ഒരു കന്യാസ്ത്രീക്ക് താന്‍ യേശുവുമായി സംഭോഗത്തിലേര്‍പ്പെടുന്ന ദര്‍ശനം ലഭിച്ചു എന്ന് വിവരിക്കുന്ന ഒരു കഥ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഒരു  പത്രാധിപരെ ആഫ്രിക്കന്‍ ബ്ലാസ്‌ഫെമി നിയമപ്രകാരം ശിക്ഷിക്കുകയുണ്ടായി. 1960ല്‍ ഹാരോള്‍ഡ് റോബിന്‍ എന്ന ചിത്രകാരന്‍ കുരിശില്‍ തൂക്കപ്പെട്ട യേശുവിനെ നഗ്‌നനായി ചിത്രീകരിച്ചതിന്റെ പേരില്‍ പ്രോസിക്യൂട്ട് ചെയ്യപ്പെടുകയുണ്ടായി. അപ്പീല്‍കോടതി ചിത്രകാരന് മാപ്പു നല്‍കി മോചിപ്പിച്ചു. ദൈവം മരിച്ചോ എന്ന വിഷയത്തെക്കുറിച്ച് നടത്തിയ ഒരു സിമ്പോസിയത്തിന്റെ റിപ്പോര്‍ട്ടു പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ 1968ല്‍ വാഴ്‌സിറ്റി എന്ന പത്രത്തിന്റെ പത്രാധിപരെ കുറ്റാരോപിതനായി വിചാരണ ചെയ്തു. ഒടുവല്‍ ശിക്ഷ താക്കീതിലും പരസ്യശാസനത്തിലും ഒതുക്കി വിട്ടയച്ചു.
 
ഇതില്‍ നിന്നൊക്കെ വ്യത്യസ്തമാണ് മുസ്‌ലിം രാജ്യങ്ങളിലെ നിയമവ്യവസ്ഥ. അവര്‍ക്കു മതം കേവലം ഒരു വിനോദ ഉപാധിയല്ല. അതവര്‍ക്ക് അവരുടെ ജീവന്‍ തന്നെയാണ്. പാകിസ്താന്റെ നിയമങ്ങളാണ് മതത്തിനെതിരായ ഏതു നിന്ദയും കഠിനമായ ശിക്ഷകള്‍ ഏര്‍പ്പെടുത്തി പ്രതിരോധം സൃഷ്ടിച്ചിരിക്കുന്നത്. ബ്ലാസ്‌ഫെമിക്കെതിരായി ഒരു അന്തര്‍ദേശീയ നിയമം തന്നെ വേണമെന്ന ശക്തമായ പ്രചാരണം പാകിസ്താനില്‍ കൊണ്ടുപിടിച്ചുനടക്കുന്നുണ്ട്. ഇപ്പോഴത്തെ സിനിമക്കെതിരെയും കാര്‍ട്ടൂണിനെതിരെയും ഏറെ ഒച്ചപ്പാടുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നത് പാകിസ്താനില്‍നിന്നാണ്. മറ്റു ഇസ്‌ലാമിക രാജ്യങ്ങളില്‍ പൊതുവെ ശരീഅത്ത് വ്യവസ്ഥകളാണ് ഈ വിഷയത്തിലും ബാധകമാക്കിയിരിക്കുന്നത്.
 
മനുഷ്യസംസ്‌കാരത്തില്‍ നിന്ന് മണ്‍മറഞ്ഞുപോയ മതബോധവും  ഈശ്വരാന്വേഷണ തൃഷ്ണയും ഇസ്‌ലാമിന്റെ രൂപത്തില്‍ മടങ്ങിവരുമോ എന്ന ആശങ്ക, പാശ്ചാത്യ ഉപഭോഗ സംസ്‌കൃതിയെ നന്നായി വേട്ടയാടുന്നുണ്ട്. ഇതു കണക്കിലെടുത്തുകൊണ്ടുള്ള വ്യാജപ്രചാരണമാണ് ഇസ്‌ലാമിനെതിരെ  അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. ഇതില്‍ ഇസ്‌ലാമിലെ തന്നെ ചില വിഭാഗങ്ങളെ കരുവാക്കാനും അമേരിക്കക്കും മറ്റും കഴിയുന്നുണ്ട്.  അപ്രധാന വിഷയങ്ങളിലേക്കു ശ്രദ്ധ തിരിച്ചുവിട്ട് പ്രധാന വിഷയങ്ങളെ ജനശ്രദ്ധയില്‍ നിന്നുമറച്ചു പിടിക്കുക. ഇസ്‌ലാം തീവ്രവാദമാണെന്നും മുസ്‌ലിംകള്‍  ഭീകരപ്രവര്‍ത്തകരാണെന്നുമുള്ള ഭീതി പരത്തുക. അതാണ് ഇസ്‌ലാമോഫോബിയാ അഥവാ ഇസ്‌ലാമിനെക്കുറിച്ച ഭയം എന്ന സങ്കല്‍പത്തിനു പിന്നില്‍. ഇസ്‌ലാമിക ദര്‍ശനങ്ങളെക്കുറിച്ചുള്ള വിപുലമായ അജ്ഞത, അതിന്റെ അടിസ്ഥാനത്തില്‍ സൃഷ്ടിക്കുന്ന പുകമറ അതാണ് രണ്ടാമത്തെ അടവ്. സിനിമകളും കാര്‍ട്ടൂണുമൊക്കെ അതിന്റെ ഭാഗമാണ്.
 
സത്യത്തില്‍ പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ന് ഇസ്‌ലാമിനെതിരെ നടത്തിക്കൊണ്ടിരിക്കുന്നത് ഇങ്ങനെയൊരു നിഴല്‍ യുദ്ധമാണ്. മുസ്‌ലിമാണെങ്കില്‍  വീടുവാടകയ്ക്കു നല്‍കാന്‍ പോലും മടിക്കുന്ന കെട്ടിടമുടമകള്‍ നമ്മുടെ തെക്കെ ഇന്ത്യന്‍ നഗരങ്ങളില്‍ പോലും ഉണ്ട്. ഒരിക്കല്‍ കമ്യൂണിസ്‌റ്റെന്ന ബ്രാന്‍ഡ് ചെയ്യപ്പെട്ടവര്‍ക്കെതിരെ ആയിരുന്നു ഇത്തരം മാറ്റിനിര്‍ത്തലും വേര്‍തിരിവുകളും. ഇന്നു കമ്യൂണിസ്റ്റുകാര്‍ ഇവിടത്തെ ആഢ്യസമൂഹത്തിന്റെ ഭാഗമായിരിക്കുന്നു. ചരിത്രം അവസാനിച്ചിരിക്കുന്നു, ഇനി ബാക്കിയുള്ളത് സംസ്‌കാരങ്ങളുടെ  സംഘര്‍ഷമാണെന്നുമുള്ള സാമുവല്‍ ഹണ്ടിംഗ്ടന്റെ കണ്ടെത്തല്‍ ഇവിടെ ഓര്‍ക്കുക! ഇസ്‌ലാം ഒരു സംസ്‌കാരമാണ്, അതൊരു വിശ്വാസപ്രമാണമാണ്, അതൊരു ജീവിത ശൈലിയാണ്. ഒത്തുതീര്‍പ്പുകളുടെയും സന്ധിയാകലിന്റേതുമായ നമ്മുടെ ഈ കാലത്ത്  സംസ്‌കാരത്തിന്റെ പ്രഛന്ന വേഷം ധരിച്ചെത്തുന്ന പാശ്ചാത്യനാഗരികതക്കു മുമ്പില്‍ മുട്ടുമടക്കാന്‍ സ്വന്തം മൂക്കിനു താഴെയുള്ള മുസ്‌ലിംകള്‍ പോലും തയാറാകാതെ വരുമ്പോള്‍ ‘ഇന്നസെന്‍സ്  ഓഫ് മുസ്‌ലിംസ്’ പോലെയുള്ള പ്രവാചക നിന്ദ പരത്തുന്ന കൊഞ്ഞനം കുത്തലുകള്‍ കൊണ്ട് ലോകമാകെയുള്ള മുസ്‌ലിംകളെ പ്രകോപിപ്പിക്കാമെന്നാണവര്‍ കണക്കുകൂട്ടുന്നത്. പ്രകോപിപ്പിക്കുന്നതും പ്രതികരിക്കുന്നതും നല്ല തുതന്നെ. പക്ഷേ, അതൊരിക്കലും നിഴലുകള്‍ക്കെതിരെ ആയി പരിമിതപ്പെടരുത്. നിഴലുകള്‍ക്കു പിന്നിലെ യാഥാര്‍ഥ്യങ്ങള്‍ക്കെതിരെ ആയിരിക്കണം പ്രക്ഷോഭം. സിനിമയും കാര്‍ട്ടൂണുമൊക്കെ വെറും നിഴലുകള്‍  മാത്രം.

You may also like