പ്രവാചക നിന്ദ

പ്രവാചകനിന്ദയുടെ നാനാര്‍ഥങ്ങള്‍

Spread the love

പ്രവാചകനിന്ദയുടെ വ്യത്യസ്ത സംഭവങ്ങള്‍ ഒരു തുടര്‍ക്കഥ പോലെ ലോകത്ത് അരങ്ങേറിക്കൊണ്ടിരിക്കുകയാണല്ലോ. വര്‍ഷങ്ങള്‍ക്കുമുമ്പ് സാത്താനിക് വേഴ്‌സസിലൂടെ സല്‍മാന്‍ റുശ്ദി, കുറച്ചുകാലം മുമ്പ് ഡാനിഷ് കാര്‍ട്ടൂണിലൂടെ കുര്‍ട്ട് വെസ്റ്റ്ഗാര്‍ഡ്, ഇപ്പോഴിതാ ‘ഇന്നസെന്‍സ് ഓഫ് മുസ്‌ലിംസി’ലൂടെ ബാസില്‍ നകോല. എന്താണ് മുഹമ്മദ് നബിയെ അവഹേളിക്കുക എന്ന മെനക്കെട്ട പണി ചിലര്‍ കരാറെടുത്തിരിക്കുന്നതെന്ന കാര്യം ഗവേഷണം ചെയ്ത് കണ്ടുപിടിക്കേണ്ട വിഷയമൊന്നുമല്ല. ഭൂലോകത്ത് സാമുദായിക കാലുഷ്യം സൃഷ്ടിച്ച് ഇതര മതസ്ഥരില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തുക എന്ന ലളിതവും സുതാര്യവുമായ ലക്ഷ്യമാണ് ഇതിന്റെ പിറകിലെന്ന് കൊച്ചുകുട്ടികള്‍ക്കു പോലും ഇപ്പോഴറിയാം.

എന്നാല്‍, പ്രവാചകനിന്ദകളോട് മുഖ്യധാരാ ചിന്താസംഭരണികള്‍ പുലര്‍ത്തുന്ന നിലപാടുകള്‍ക്ക് പിറകിലുള്ള ചേതോവികാരം ഗവേഷണം ചെയ്ത് പുറത്തു കൊണ്ടുവരേണ്ടത് തന്നെയാണെന്ന് തോന്നുന്നു. പ്രവാചകനായി എന്നുവെച്ച് മുഹമ്മദ് നബിയും വിമര്‍ശനാതീതനാണോ, അതുമിതും പറഞ്ഞ് വിമര്‍ശനങ്ങള്‍ തടയുന്നത് ആവിഷ്‌കാരസ്വാതന്ത്ര്യ വിരുദ്ധമല്ലേ എന്നെല്ലാമാണവരുടെ ആധികള്‍. ഇത്തരം ആധികള്‍ പങ്കുവെക്കുന്നത് കോപ്റ്റിക് ക്രിസ്ത്യാനികളോ ഹിന്ദുത്വവാദികളോ മാത്രമാണെന്ന് കരുതരുത്. നമ്മുടെ പടിഞ്ഞാറെപ്പറമ്പിലെ അയമുട്ട്യാക്കയുടെ കൊച്ചു മകനില്ലേ, ജെ.എന്‍.യുവില്‍നിന്ന് ഡോക്ടറേറ്റ് എടുക്കുകയും പൂമുള്ളി മനക്കിലെ ചെറിയമ്പൂരിയെപ്പോലെ ആഢ്യഭാഷ സംസാരിക്കുകയും ചെയ്യുന്ന സാദത്ത് സലാം. ‘ഇന്നസെന്‍സ് ഓഫ് മുസ്‌ലിംസി’നെതിരെയും മറ്റും മുസ്‌ലിം കമ്യൂണിറ്റി നടത്തുന്ന പ്രതിഷേധപ്രകടനങ്ങള്‍ ഫ്രീഡം ഓഫ് എക്‌സ്പ്രഷന് എതിരായിപ്പോകുമോ എന്ന ബേജാറ് അവന് നല്ലവണ്ണമുണ്ട്.

ഇവിടെയാണ് ഏറ്റവും പ്രധാനപ്പെട്ടൊരു വിഷയം പര്യാലോചിക്കാനുള്ളത്. നമുക്കെതിരെയോ നമ്മുടെ മാതാപിതാക്കള്‍ക്കെതിരെയോ അവഹേളനപരമായ കാര്യങ്ങള്‍ എഴുത്തിലൂടെയോ ഫിലിമിലൂടെയോ പരത്തുന്നത് ലോകത്തെ സകല രാജ്യങ്ങളിലും നിയമവിരുദ്ധമാണ്. ഇന്ത്യയിലാണെങ്കില്‍ സിവിലായി മാത്രമല്ല, ഐ.പി.സി 295 എ വകുപ്പ് പ്രകാരം ക്രിമിനലായും നടപടികള്‍ സ്വീകരിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമാണത്. എന്റെയോ നിങ്ങളുടെയോ അഛനമ്മമാരെ നിന്ദിക്കാന്‍ ആരെങ്കിലും മുതിര്‍ന്നാല്‍ സാദത്ത് സലാമടക്കമുള്ള മുഖ്യധാരാ ചിന്തകര്‍ മുഴുവന്‍ ഡിഫേമേഷന്‍ കേസ്സില്‍ നമ്മുടെ പക്ഷത്ത് നില്‍ക്കും. എന്നാല്‍, വിശ്വാസികള്‍ക്ക് അഛനെക്കാളും അമ്മയെക്കാളും ബാപ്പയെക്കാളും ഉമ്മയെക്കാളും ആദരവുള്ള പ്രവാചകരെ അവഹേളിക്കുന്ന പ്രശ്‌നം വരുമ്പോഴാണ് ആവിഷ്‌കാരസ്വാതന്ത്ര്യാത്മകമായ സന്ദേഹങ്ങള്‍ ചിന്തകന്മാരിലെല്ലാം മുളപൊട്ടുന്നത്. അതായത് രാജ്യത്തെ പൗരന്മാരുടെ മതവിശ്വാസമെന്ന സ്വത്വത്തെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള വ്യക്തിത്വത്തെ മാത്രമേ ആധുനികമായ മതേതരത്വ ക്രമത്തിന് പരിഗണിക്കേണ്ടതുള്ളൂ എന്നര്‍ഥം. മുസ്‌ലിമാകുന്നതുകൊണ്ട് പ്രശ്‌നമില്ല, പ്രാക്ടീസിംഗ് മുസ്‌ലിമാകുമ്പോള്‍ അല്‍പം ഇടങ്ങേറുണ്ട് എന്ന് ധ്വനിപ്പിക്കുന്ന തരത്തില്‍ തന്നെ. അപ്പോള്‍ പിന്നെ നാനാമതസ്ഥര്‍ക്ക് തങ്ങളുടെ വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്താനും മതവിശ്വാസങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ തടയിടാനും ഭരണഘടനാദത്തമായ അവകാശങ്ങളോ? അതെല്ലാം അവിടെ കടലാസില്‍ കിടക്കും. മതവിശ്വാസങ്ങളെല്ലാം വെറും കളിപ്പീരുകളാണെന്നും അത് പണ്ടാറമടങ്ങിപ്പോകേണ്ടതാണെന്നുമുള്ള പാശ്ചാത്യ ആധുനികയുക്തിയുടെ അധികാരത്തിലിരുന്നു കൊണ്ടാണ് ചെറിയൊരു ന്യൂനപക്ഷം ലോകമെമ്പാടുമുള്ള മഹാഭൂരിപക്ഷത്തെ ഭരിച്ചുകൊണ്ടിരിക്കുന്നത്. ‘ഇന്നസെന്‍സ് ഓഫ് മുസ്‌ലിംസി’ന്റെ പേരില്‍ ലിബിയയില്‍ അമേരിക്കന്‍ അംബാസഡര്‍ കൊല്ലപ്പെടുകയും വിവിധ രാജ്യങ്ങളില്‍ കടുത്ത പ്രതിഷേധപ്രകടനങ്ങള്‍ നടക്കുകയും ചെയ്ത് ആഴ്ചകള്‍ക്കകം സിനിമയുടെ നിര്‍മാതാവ് അമേരിക്കയില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. സത്യത്തില്‍ ഈ അറസ്റ്റ് ലോകത്തിലെ മുസ്‌ലിം ജനതയുടെ കണ്ണില്‍ പൊടിയിടുന്ന പരിപാടിയായിരുന്നു. ഓ, എന്തോ നടപടിയെടുത്തുവെന്ന് പെട്ടെന്ന് തോന്നിക്കുക. എന്നാല്‍ നടപടി ഏതോ പഴയ കേസിന്റെ നിബന്ധനകള്‍ ലംഘിച്ചതിന്റെ പേരില്‍ മാത്രമായിരിക്കുക. അല്ലാതെ പ്രവാചകനെ നിന്ദിച്ച കാരണത്താല്‍ ഒരു ആവിഷ്‌കാരസ്വാതന്ത്ര്യക്കാരനെ അറസ്റ്റ് ചെയ്യാനൊന്നും അമേരിക്കന്‍ നിയമത്തിന് മേക്കടച്ചിലില്ല.

സാത്താനിക് വേഴ്‌സസില്‍ മുഹമ്മദ്‌നബി അവഹേളിക്കപ്പെട്ടപ്പോള്‍ ക്രിസ്തുമതത്തെ അപമാനിച്ചാല്‍ നടപടിയെടുക്കാന്‍ നിയമമുള്ള പോലെ ഇതിനെയും നേരിടാന്‍ വകുപ്പ് വേണമെന്ന ആവശ്യം ബ്രിട്ടനില്‍ ഉയര്‍ന്നിരുന്നു. പക്ഷേ, ഇസ്‌ലാംനിന്ദക്കെതിരെ നിയമനിര്‍മാണമുണ്ടായില്ല. പകരം ക്രിസ്തുമത അവഹേളന നിരോധനനിയമം പതിയെ റദ്ദാക്കപ്പെട്ടു. യേശുക്രിസ്തു പോയി തുലഞ്ഞാലും മുഹമ്മദ് നബിയെ അപമാനിക്കുന്നവരെ സംരക്ഷിക്കാതിരിക്കാന്‍ പാശ്ചാത്യ ബോധമണ്ഡലത്തിന് ആവുമായിരുന്നില്ല. അവിശ്വാസത്തോടുള്ള ഈ ആത്മാര്‍ഥത കൊണ്ടാണ് ബ്രിട്ടനിലും യൂറോപ്പിലും അമേരിക്കയിലുമെല്ലാം ക്രിസ്ത്യന്‍പള്ളികള്‍ മ്യൂസിയങ്ങളായി പരിണമിക്കുന്നത്. മുസ്‌ലിം പള്ളികളില്‍ ജനത്തിരക്കേറുന്നത് ഉപദ്രവമായി മാറുന്നുമുണ്ട്. അപ്പോള്‍ അമേരിക്കന്‍ ഭരണകൂടത്തിന് മതം വേണ്ടേ? വേണം, മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ കാണിക്കാനും ഇസ്‌ലാമിനെതിരെ വിദ്വേഷം ജനിപ്പിക്കാനും മതവികാരം അവര്‍ക്ക് അവശ്യം ആവശ്യമാണ്. ട്വിന്‍ ടവര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ കുരിശുയുദ്ധത്തിന്റെ ഭാഷയില്‍ ജോര്‍ജ് ബുഷ് എന്തെല്ലാമോ പുലമ്പിയത് നമ്മള്‍ കേട്ടതാണല്ലോ.

പുറമേക്ക് ചില ഭംഗിവാക്കുകളെല്ലാം ഉച്ചരിച്ചാലും മതങ്ങള്‍ക്കും പ്രാവാചകര്‍ക്കുമെതിരായ ആവിഷ്‌കാരങ്ങളോട് മുഖ്യധാരാ ബുദ്ധിജീവികള്‍ക്കും ചിന്തകര്‍ക്കും വലിയ പ്രതിപത്തിയാണെന്ന് മനസ്സിലാക്കണം. മുഹമ്മദ്‌നബിയെ നിന്ദിച്ചതിന്റെ പേരില്‍ വിശ്വാസികളുടെ ഹൃദയം നോവുകയാണെന്ന് പറഞ്ഞാല്‍, ആറാം നൂറ്റാണ്ടില്‍ ജീവിച്ച മുഹമ്മദ് ഇവരുടെ മൂത്താപ്പാന്റെ മോനാണോ എന്നായിരിക്കും അവരുടെ ചിന്ത. ആ ചിന്താഗതിക്ക് യാതൊരു പ്രതിവിധിയുമില്ല. മസ്തിഷ്‌കത്തിന്റെ ചില ഭാഗങ്ങളില്‍ ആള്‍പ്പാര്‍പ്പില്ലാത്തതിന്റെ പ്രശ്‌നമാണത്. മലയാള എഴുത്തുകാരില്‍ നീതിയുടെ പ്രതിരൂപമായി വാഴ്ത്തപ്പെടാറുള്ള ആനന്ദ് തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രഫസര്‍, നബിയെ പരിഹസിക്കുകയും ചില കുലംകുത്തികള്‍ അദ്ദേഹത്തിന്റെ കൈവെട്ടുകയും ചെയ്ത സംഭവത്തില്‍ കൈവെട്ടിനെതിരെ രൂക്ഷമായി പ്രതികരിക്കുകയും പ്രവാചകനിന്ദയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതിരിക്കുകയും ചെയ്തുവല്ലോ. പ്രഫസറെ ആക്രമിച്ചതിനെ അതികഠിനം ഭര്‍ത്സിച്ച ശേഷം നബിയെ പരിഹസിച്ചതും ശരിയായില്ലെന്ന് സൂചിപ്പിച്ചതിന്റെ പേരില്‍ സ്വാതന്ത്ര്യവാദികളെല്ലാം ഈ ലേഖകനെ ജനാധിപത്യവിരുദ്ധനെന്ന് മുദ്രകുത്തുകയും ചെയ്തു.

ഇതിന്റെ മറുവശത്ത് പ്രവാചകനിന്ദാ വിഷയങ്ങളില്‍ വിശ്വാസികള്‍ക്കുള്ള നിലപാടെന്താണെന്ന് പരിശോധിക്കാം. ഏറ്റവും അധിക്ഷേപിക്കപ്പെടേണ്ടതാണ് ‘ഇന്നസെന്‍സ് ഓഫ് മുസ്‌ലിംസ്’ പോലുള്ള ഏര്‍പ്പാടുകളെന്ന് ഉറപ്പുണ്ടെങ്കിലും അതിനോട് എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ വലിയ അഭിപ്രായഭേദങ്ങളുണ്ട്. അംബാസഡര്‍മാരെ കൊല്ലലും തെരുവീഥികള്‍ ചുട്ടുകരിക്കലുമെല്ലാം മുഹമ്മദ്‌നബി പഠിപ്പിക്കുകയും മാതൃക സൃഷ്ടിക്കുകയും ചെയ്ത കാരുണ്യപാഠങ്ങള്‍ക്ക് കടക വിരുദ്ധമാണെന്ന കാര്യത്തില്‍ സംശയമില്ല. പ്രവാചകനുവേണ്ടി പ്രവാചകന്റെ ആത്മവത്തയെ കശാപ്പാക്കുന്നതിന് തുല്യമായിരിക്കും അത്തരം പ്രവൃത്തികള്‍. സമാധാനപരമായ പ്രതിഷേധങ്ങളും സത്യപ്രചാരണങ്ങളും തന്നെയാണ് തീര്‍ച്ചയായും വേണ്ടതും തത്ത്വത്തില്‍ ശരിയായിട്ടുള്ളതും. പക്ഷേ, എന്തു ചെയ്യാം. രക്തം കാണാതെയും തീയ്യ് കത്താതെയും ഒരു നികേഷ് കുമാരന്മാരും പ്രശ്‌നത്തിലേക്ക് തിരിഞ്ഞുനോക്കിയില്ലല്ലോ.

പ്രതിഷേധജാഥകളും ഗുണപാഠപ്രചാരണങ്ങളും അന്തര്‍ദേശീയ മീഡിയയില്‍ പോയിട്ട് സ്ഥലത്തെ ലോക്കല്‍ പേജുകളില്‍ പോലും പ്രത്യക്ഷപ്പെടുകയില്ല. കിരാതമായ ആംഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവര്‍ ആക്ടിനെതിരെ മാനവരാശി ഇന്നോളം കണ്ടിട്ടില്ലാത്ത സമരം ഇറോം ഷര്‍മിള ദശാബ്ദത്തിലധികം നടത്തിയിട്ടും നക്‌സലൈറ്റുകളുടെ ഒരൊറ്റ ആക്ഷന്‍ പ്രോഗ്രാമിന്റെ വാര്‍ത്താശ്രദ്ധ അത് പിടിച്ചുപറ്റിയിട്ടില്ല. അപ്പോള്‍ പ്രവാചകനിന്ദകള്‍ക്കെതിരെയുള്ള മയപ്പെട്ട പ്രചാരണങ്ങള്‍ രേഖപ്പെടുത്തപ്പെടാതെ അസാന്നിധ്യപ്പെട്ട് കൂടുതല്‍ക്കൂടുതല്‍ അവഹേളാത്മകമായ ആവിഷ്‌കാരസ്വാതന്ത്ര്യങ്ങള്‍ക്ക് പ്രചോദനമാകാനും സാധ്യതയുണ്ട്. ഹിംസാത്മകമായ പ്രതിഷേധങ്ങള്‍ മതതത്ത്വങ്ങള്‍ക്കും പ്രവാചകപാഠങ്ങള്‍ക്കും വിപരീതമായതിനാല്‍ അധര്‍മം. മൃദുലമായ പ്രതികരണങ്ങള്‍ വിനാശകാരികളില്‍ സാഡിസം വളര്‍ത്തുമെന്നതിനാല്‍ അതും അധര്‍മം. എന്താണ് വിശ്വാസികള്‍ ഇവിടെ ചെയ്യുക?

പ്രവാചകനിന്ദാതുടര്‍ക്കഥകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ലളിതവും സുതാര്യവുമാണെന്ന് തുടക്കത്തില്‍ പറഞ്ഞുവല്ലോ. എന്നാല്‍, ഈ ലളിതലക്ഷ്യക്കാര്‍ക്ക് സ്വയം തിരിച്ചറിയാന്‍ കഴിയാത്തൊരു അബോധോദ്ദേശ്യവും പ്രസ്തുത പരിപാടികള്‍ക്ക് പിറകിലുണ്ട്. അവതാരങ്ങളെന്നും പ്രവാചകരെന്നും അറിയപ്പെടുന്നവര്‍ വെറും വ്യക്തികള്‍ മാത്രമല്ല, മനുഷ്യനെ മനുഷ്യനാക്കുന്ന ചില തത്ത്വപ്രഖ്യാപനങ്ങള്‍ കൂടിയാണ്. അതിനാല്‍ പ്രവാചകനിന്ദകളിലൂടെ തിരസ്‌കരിക്കപ്പെടുന്നത് ആ തത്ത്വങ്ങള്‍ കൂടിയാണെന്ന് മനസ്സിലാക്കണം. നൂറ് ശതമാനം പിടിക്കപ്പെടാത്ത കൊലപാതകം ചെയ്യുമ്പോഴും കുറ്റവാളിയുടെ നെഞ്ചില്‍ കുറുകുന്ന താപോഷ്ണമില്ലേ, കൊച്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്യുന്നവനും ഇടക്ക് പിടിപെടുന്ന കൈവിറയില്ലേ, മാതാപിതാക്കളെ വൃദ്ധസദനത്തില്‍ തള്ളുന്നവനും തിരിഞ്ഞുനടത്തത്തില്‍ സംഭവിക്കുന്ന കാല്‍കുഴച്ചിലില്ലേ, കോടികള്‍ കൊയ്യാന്‍ സഞ്ചാരമടിക്കുന്നവനും ചേരികള്‍ കടക്കുമ്പോള്‍ പുറപ്പെടുന്ന ശ്ശോ ശബ്ദമില്ലേഅതും കൂടി ഒന്ന് പോയിക്കിട്ടണമെന്ന് ലോകത്തിലെ ശൂന്യതാവാദികളായ ബുദ്ധിജീവികള്‍ക്കും പ്രഫസര്‍മാര്‍ക്കും കഠിനമായ ആഗ്രഹമുണ്ട്. എന്നാല്‍ പിന്നെ സന്തോഷമായി. യാതൊരുവിധ അര്‍ഥങ്ങളെക്കുറിച്ചോ പൊരുളുകളെക്കുറിച്ചോ വേവലാതിയില്ലാതെ കുറച്ച് കൊല്ലങ്ങള്‍ അങ്ങ് അടിച്ചുപൊളിച്ച് ഒടുക്കേണ്ട ജീവിതംഹാ, എന്തിനുമുള്ള ലൈസന്‍സ്. ഈ ലൈസന്‍സെടുക്കല്‍ വിവിധ മതപ്രവാചകരെ പുഛിച്ചും തള്ളിപ്പറഞ്ഞും തെറ്റിവായിച്ചും ജ്ഞാനോദയ കാലഘട്ടം മുതലേ തുടങ്ങിയിട്ടുണ്ട്. മറ്റൊരു ഉദാഹരണമായി ശ്രീകൃഷ്ണനെ കുറ്റപ്പെടുത്തിയും കൊലപാതകിയാക്കിയും അപമാനിച്ചുമുള്ള സ്വാതന്ത്ര്യപ്രഖ്യാപനങ്ങള്‍ ആധുനിക ഇന്ത്യന്‍ സാഹിത്യത്തിലെയും മലയാളസാഹിത്യത്തിലെയും സ്ഥിരം കാര്യപരിപാടിയായിരുന്നുവെന്ന് കാണാം. ചരിത്രാതീത യുഗത്തില്‍ ധര്‍മാധര്‍മചിന്ത വളര്‍ത്തിയ മഹാപുരുഷനെ അസ്ഥിരപ്പെടുത്തുമ്പോള്‍ കിട്ടുന്ന നെറികെട്ട സൗകര്യങ്ങള്‍ തന്നെയായിരുന്നു അത്തരം സംരംഭങ്ങള്‍ക്കുള്ള പ്രചോദനം. അസംഘടിതവും നൂറായിരം കഥാപക്ഷങ്ങള്‍ കൊണ്ട് ബഹുലവുമാണ് ഹിന്ദുസമൂഹമെന്നതിനാല്‍ എത്രയോ ശ്രീകൃഷ്ണഹത്യകള്‍ തെളിയാതെ പോയി. ‘ഞങ്ങടെ പെട്രോമാക്‌സ് ഞങ്ങള്‍ കട്ടാല്‍ നിങ്ങക്കെന്താ മാര്‍ക്‌സിസ്‌റ്റേ’ എന്ന മട്ടിലുള്ള ഹിന്ദുത്വവാദികള്‍ക്ക് പിന്നെ മുസ്‌ലിംകള്‍ തങ്ങള്‍ക്കെതിരെ തിരിയുന്നുണ്ടോ എന്ന കാര്യത്തില്‍ മാത്രമേ കണ്ണ് കഴപ്പുള്ളൂ.

ഇത്തരം ഉറക്കംതൂക്കുകളില്ലാതെ വിശ്വാസക്ഷതങ്ങള്‍ക്കും പ്രവാചകനിന്ദകള്‍ക്കുമെതിരെ ജാഗ്രത പുലര്‍ത്തുന്നു എന്നതാണ് മുസ്‌ലിംകളെ പദാര്‍ഥവാദലോകത്തിന് മുന്നില്‍ ചതുര്‍ഥികളാക്കുന്നത്. വട്ടത്താടിയോ മുഴുനീള പര്‍ദയോ അല്ല, ദുര്‍ബലമായെങ്കിലും ഉയര്‍ത്താന്‍ ശ്രമിക്കുന്ന ചില നിലപാടുകളാണ് ഇസ്‌ലാമോഫോബിയക്കുള്ള യഥാര്‍ഥ കാരണം. കോപ്റ്റിക് ക്രിസ്ത്യാനികളും ഹിന്ദുവര്‍ഗീയവാദികളും മാത്രമല്ല, മതമൂല്യങ്ങളെ ധിഷണാശക്തിയാല്‍ പകരം വെച്ചുകൊണ്ടിരിക്കുന്ന സാദത്ത് സലാമുമാരും ഇസ്‌ലാമോഫോബിയ ഉള്ളില്‍ പേറുന്നുണ്ട്.

You may also like