പ്രവാചക നിന്ദ

പ്രവാചകനിന്ദയുടെ കാണാപുറങ്ങള്‍

Spread the love

പ്രവാചകന്‍ മുഹമ്മദ് നബി(സ)യെ അധിക്ഷേപിച്ചുകൊണ്ടുള്ള സംസാരങ്ങളും തര്‍ക്കങ്ങളും നടന്നുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ എന്റെ മനസ്സില്‍ പറഞ്ഞു: ഇസ്‌ലാമിന്റെ ഉദയം മുതല്‍ക്ക് തന്നെ ഇത്തരം ആരോപണങ്ങളും അധിക്ഷേപങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ ആക്ഷേപങ്ങളോ അപഹാസങ്ങളോ തമസ്‌കരണമോ പരിഹാസമോ ഒന്നും പ്രവാചകന്റെ വ്യക്തിത്വത്തെയോ സ്വഭാവത്തെയോ ഒട്ടും ബാധിച്ചിട്ടില്ല. തിരുമേനിയുടെ പ്രബോധനത്തിന്റെ മക്കാകാലഘട്ടത്തില്‍ തന്നെ പ്രവാചകനെതിരായ പ്രവര്‍ത്തനങ്ങളും തുടങ്ങിയിരുന്നു.

പ്രവാചകന്‍ ഉന്നതമായ മനോദാര്‍ഢ്യത്തിനുടമയായിരുന്നു. മഹത്തായ ലക്ഷ്യത്തിന് വേണ്ടിയാണ് അദ്ദേഹം നിയോഗിക്കപ്പെട്ടത്. പ്രസ്തുത ഉത്തരവാദിത്വത്തെക്കുറിച്ച് ഉത്തമ ബോധ്യമുള്ളവനായിരുന്നു പ്രവാചകന്‍. അതിനാല്‍ തന്നെ ശത്രുക്കളുടെ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ക്ക് അദ്ദേഹം ഒരു പരിഗണനയും നല്‍കിയില്ല. സധീരം തന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് അദ്ദേഹം ചെയ്തത്. അങ്ങനെ അല്ലാഹു പ്രവാചക വചനങ്ങള്‍കൊണ്ട് കാഴ്ച്ചയില്ലാത്ത കണ്ണുകള്‍ക്ക് കാഴ്ച്ച നല്‍കി. ബധിരമായ കാതുകളെ അത് തുറപ്പിച്ചു. അടപ്പിട്ട ഹൃദയങ്ങളില്‍ അത് തിരയിളക്കമുണ്ടാക്കി.

പരിഹാസങ്ങളും ആക്ഷേപങ്ങളും പ്രവാചകന്റെ മനസ്സില്‍ ഒരു സ്വാധീനവും ഉണ്ടാക്കിയില്ലെന്നല്ല ഇതിന്റെ അര്‍ത്ഥം. മറിച്ച് ഈ പരിഹാസവും ആക്ഷേപവും നടത്തുന്ന ആളുകള്‍ തന്റെ പ്രബോധനവും സത്യവും സ്വീകരിക്കുന്നില്ലല്ലോ എന്നതായിരുന്നു പ്രവാചകന്റെ സങ്കടവും ദുഖവും. അവരുടെ ശത്രുതക്ക് പകരം പ്രവാചകന്‍ തിരിച്ച് കൊടുത്തത് തികഞ്ഞ ഗുണകാംക്ഷയായിരുന്നു. തന്റെ ശത്രുക്കള്‍ക്ക് പോലും നന്മ വരണമെന്ന് അദമ്യമായ ആഗ്രഹമായിരുന്നു പ്രവാചകനെ നയിച്ചിരുന്നത്.
ശത്രുക്കളുടെയും പ്രവാചകന്റെയും നിലപാടുകളെകുറിച്ച് അല്ലാഹു പറയുന്നു: ‘അതിനാല്‍ നിന്നോടാവശ്യപ്പെട്ടതെന്തോ, അത് ഉറക്കെ പ്രഖ്യാപിക്കുക. ബഹുദൈവവാദികളെ തീര്‍ത്തും അവഗണിക്കുക. കളിയാക്കുന്നവരില്‍നിന്ന് നിന്നെ കാക്കാന്‍ നാം തന്നെ മതി. അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളെ സങ്കല്‍പിക്കുന്നവരാണവര്‍. അതിന്റെ ഫലം അടുത്തുതന്നെ അവരറിയും. അവര്‍ പറഞ്ഞുപരത്തുന്നതു കാരണം നിന്റെ മനസ്സ് തിടുങ്ങുന്നുണ്ടെന്ന് നാം അറിയുന്നു. അതിനാല്‍ നീ നിന്റെ നാഥനെ കീര്‍ത്തിച്ച് അവന്റെ വിശുദ്ധി വാഴ്ത്തുക. അവന് പ്രണാമമര്‍പ്പിക്കുന്നവരില്‍ പെടുകയും ചെയ്യുക. നീ നിന്റെ നാഥന്ന് വഴിപ്പെടുക. ആ ഉറപ്പായ കാര്യം നിനക്കു വന്നെത്തുംവരെ.’ ശത്രുക്കളുടെ അക്രമം ശക്തിപ്പെടുമ്പോള്‍ പ്രവാചകന്‍ അഭയം തേടിയിരുന്നത് ദൈവസ്മരണയിലായിരുന്നു. പേടിയോ സങ്കടമോ ഉണ്ടാകുമ്പോള്‍ പ്രവാചകന്‍ സുന്നത്ത് നമസ്‌കാരങ്ങള്‍ അധികരിപ്പിക്കാറുണ്ടായിരുന്നു.

ആക്ഷേപങ്ങള്‍ പ്രവാചകത്വത്തെ ബാധിക്കുമോ?
തുടക്കം മുതലുള്ള എല്ലാ ആക്ഷേപങ്ങളെയും പരിഹാസങ്ങളെയും മറികടന്ന് ഈ പ്രവാചക സന്ദേശം ഇതുവരെ എല്ലാ തിളക്കത്തോടും പൊലിമയോടും കൂടി നിലനിന്നു എന്നത് ഇതിന്റെ അജയ്യതയെയാണ് സൂചിപ്പിക്കുന്നത്. ഇതിന്റെ ശത്രുക്കള്‍ എന്നും ഈ സന്ദേശത്തെ അടിച്ചൊതുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ പൂര്‍വ്വാധികം ശക്തിയോടെ എല്ലാ ഇരുട്ടിനെയും ചൂഴ്ന്ന് നില്‍ക്കുന്നതാണ് ഈ പ്രകാശമെന്നാണ് നാം ചരിത്രത്തില്‍ കാണുന്നത്. ഏതാനും പേര്‍ നടന്നതുകൊണ്ടുണ്ടായ പൊടിപടലം സൂര്യനെ മറക്കില്ലല്ലോ.

ശത്രുക്കള്‍ പലതരത്തില്‍ ഈ യാത്രാസംഘത്തെ തടുക്കാന്‍ നോക്കുന്നുണ്ട്. എന്നാല്‍ ഈ യാത്രാ സംഘത്തിന്റെ പാഥേയം ഒരിക്കലും നശിക്കാത്തതാണ്. ഒരു ശത്രുവിനും കയ്യേറാനാവാത്തതാണ് ഈ സംഘത്തിന്റെ കരുത്ത്. ക്ഷീണവും മടിയുമില്ലാത്തവരാണ് ഈ യാത്രാ സംഘത്തിലുള്ളത്. അതുകൊണ്ട് ശത്രുക്കളുടെ ഏത് ആക്ഷേപത്തെയും പരിഹാസത്തെയും കാര്യമാക്കാതെ ജനഹൃദയങ്ങളിലേക്കും ജനമനസ്സുകളിലേക്കും ഇസ്‌ലാം പടനയിക്കും. ശരീരങ്ങളെ മുറിപ്പെടുത്തുന്ന ഒരായുധവും അതിന്റെ അനുയായികളുടെ കൈകളില്ലെങ്കിലും അവര്‍ ലോകം അതിജയിക്കും. എല്ലാ പകയെയും വിദ്വേഷത്തെയും അത് സ്‌നേഹവും സത്യവും കൊണ്ട് മറികടക്കും. ചിന്താലോകത്ത് യാതൊരു വിലയുമില്ലാത്ത ചെറുസംഘത്തിന്റെ ആരോപണങ്ങളുടെ മുനയൊടിക്കും.

പ്രവാചകനിന്ദയുടെ പ്രേരകങ്ങള്‍
പ്രവാചകനെ നിന്ദിച്ചുകൊണ്ടുള്ള ഇക്കാലത്തെ അധിക്ഷേപങ്ങളുടെ പ്രേരകങ്ങള്‍ എന്താണെന്ന് അന്വേഷിക്കുമ്പോള്‍ പല ഉത്തരങ്ങളാണ് നമുക്ക് ലഭിക്കുക. മുസ്‌ലിങ്ങളെ പ്രകോപിപ്പിച്ച് അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിക്കുകയും തുടര്‍ന്ന് സെപ്റ്റംബര്‍ 11 സംഭവം പോലെ ഇസ്‌ലാമോഫോബിയ വര്‍ദ്ധിപ്പിക്കാനുമുള്ള തന്ത്രമാണിതെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

ഇത്തരം ആക്ഷേപങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ പെട്ടെന്നുള്ള പണവും പ്രശസ്തിയുമാകാം ആഗ്രഹിക്കുന്നത്. സിനിമയോ ലേഖനങ്ങളോ വിവാദമാകുന്നതോടെ പ്രത്യേകിച്ചും അത് ഇസ്‌ലാമുമായി ബന്ധമുള്ളതാണെങ്കില്‍ നല്ല വിപണനമൂല്യമാണ് ഇക്കാലത്തുള്ളത്. ഇത്തരം വിപണന സാധ്യത ലക്ഷ്യം വെച്ചാകാം ചിലരുടെ പ്രവാചകവിരുദ്ധ പ്രകടനങ്ങള്‍.

മറ്റൊരു വിഭാഗം പ്രവാചകന്റെ സ്വഭാവവും ചര്യയും ലോകത്തെ സകല മനുഷ്യരെയും ആകര്‍ഷിക്കാന്‍ കഴിയുമെന്നതിനാല്‍ അതിനെ ഇകഴ്ത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍കൊണ്ട് പ്രായോഗികമായി സംഭവിക്കുന്നത് പ്രവാചകന്റെ പേരും പ്രശസ്തിയും വര്‍ദ്ധിക്കുകയാണ്. അദ്ദേഹത്തെക്കുറിച്ച് പഠിക്കാന്‍ കൂടുതല്‍ പേരെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുക. ഇസ്‌ലാമിന്റെ പ്രചാരണത്തില്‍ അസൂയയുള്ള സയണിസ്റ്റുകളെപോലുള്ള ചില ശത്രു വിഭാഗങ്ങളും ഈ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകാം.

മുസ്‌ലിം ജനതക്കുള്ള സന്ദേശം
പ്രവാചകന്‍ മുഹമ്മദ്(സ)യുടെ വ്യക്തിത്വമെന്നത് ആരുടെയെങ്കിലും ചില പൊള്ള വാദങ്ങള്‍കൊണ്ട് തകരുന്നതല്ല. പാശ്ചാത്യര്‍ അടുത്തകാലത്ത് നടത്തിയിട്ടുള്ള ഇസ്‌ലാമിനെതിരെയുള്ള എല്ലാ പ്രചാരവേലകളും ഇസ്‌ലാമിനും മുസ്‌ലിങ്ങള്‍ക്കും ഉപകാരമാവുകയാണ് ചെയ്തത്. സെപ്റ്റംബര്‍ 11 സംഭവത്തിന് ശേഷം ലോകത്ത് ഇസ്‌ലാമിന്റെ പ്രചാരം വര്‍ദ്ധിക്കുകയാണ് ചെയ്തതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്.

പ്രവാചകന്‍ ജീവിതത്തിന്റെ ആരംഭം മുതല്‍ തന്നെ ആരോപണങ്ങളും പരിഹാസങ്ങളും നേരിട്ടിട്ടുണ്ട്. എന്നാല്‍ തിന്മയെ തിന്മകൊണ്ട് നേരിടുകയെന്നത് പ്രവാചക മാതൃകയായിരുന്നില്ല. ‘അവിവേകികള്‍ വാദകോലാഹലത്തിനുവന്നാല്‍ ‘നിങ്ങള്‍ക്കു സമാധാനം’ എന്നുമാത്രം പറഞ്ഞൊഴിയുന്നവരാണവര്‍. ‘എന്നാണ് അല്ലാഹു പഠിപ്പിച്ചിരിക്കുന്നത്.

ദുഷ്പ്രചരണങ്ങളുടെ സല്‍ഫലങ്ങള്‍
പ്രവാചകനും ഇസ്‌ലാമിനും നേരെയുള്ള പാശ്ചാത്യരുടെ ഇത്തരം അക്രമങ്ങള്‍ക്ക് ചില സല്‍ഫലങ്ങളും സമുദായത്തില്‍ ഉണ്ടാക്കാന്‍ സാധിക്കുന്നുണ്ട്. അവയില്‍ ഏറ്റവും പ്രാധാനപ്പെട്ടത് മുസ്‌ലിങ്ങളില്‍ ഐക്യബോധം വര്‍ദ്ധിക്കുകയും പ്രതികരണ ശേഷി ഉണര്‍ത്തുകയും ചെയ്യുന്നുവെന്നതാണ്. ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ മാത്രമാണ് സമുദായം ഇത്ര ഐക്യത്തോടെ പ്രശ്‌നങ്ങളോട് പ്രതികരിക്കാറുള്ളത്. ഈ ഐക്യബോധം വളര്‍ത്തി അത് ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുക എന്നതാണ് മുസ്‌ലിങ്ങള്‍ ചെയ്യേണ്ടത്.

പ്രവാചകനെതിരെ അപവാദപ്രചരണങ്ങള്‍ നടക്കുന്നത് ആധുനിക മീഡിയകള്‍ വഴിയാണ്. അതുകൊണ്ടുതന്നെ ആധുനിക മീഡിയകള്‍ പ്രത്യേകിച്ചും സിനിമയും മറ്റ് സോഷ്യല്‍ നെറ്റുവര്‍ക്കുകളും ശ്രദ്ധിക്കലും അവയിലൂടെ ഇതിന് മറുപടി നല്‍കലും അനിവാര്യമാണെന്ന് മുസ്‌ലിങ്ങള്‍ക്ക് ബോധ്യപ്പെടാനിത് സഹായകമായിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ അനുവദനീയമോ അല്ലയോ എന്ന ചര്‍ച്ചകള്‍ക്കപ്പുറത്ത് യാഥാര്‍ത്ഥ്യത്തിലേക്ക് ചുവടുവെക്കാന്‍ മുസ്‌ലിങ്ങളെ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്.
സാധാരണ വളരെ നിഷ്‌ക്രിയരായ അറബ് ജനതയും അറബ് സര്‍ക്കാറുകളും ഉണരാനും ഇത് കാരണമായിട്ടുണ്ട്. സൗദി അറേബ്യയെ പോലുള്ള രാഷ്ട്രങ്ങള്‍ നയതന്ത്രതലത്തില്‍ തന്നെ ചില നടപടികള്‍ എടുക്കുകയുണ്ടായി. മറ്റ് മിക്ക രാഷ്ട്രങ്ങളിലും യുവാക്കള്‍ തെരുവിലിറങ്ങാനും ഇത് കാരണമായിട്ടുണ്ട്. അതിരുവിട്ട അക്രമങ്ങളിലേക്ക് എത്തുന്നില്ലെങ്കില്‍ ഇത്തരം പ്രതിഷേധ പ്രകടനങ്ങള്‍ ക്രിയാത്മകമാണ്.

ഇസ്‌ലാമിനെ കുറിച്ച് ചില സംശയങ്ങള്‍ ഇത്തരം പ്രചരണങ്ങള്‍ ഉണ്ടാക്കുമെന്നത് ശരിതന്നെ. പക്ഷെ നമുക്ക് ജനങ്ങളിലേക്ക് കൂടുതല്‍ ഇസ്‌ലാമിനെ പ്രചരിപ്പിക്കാനുള്ള അവസരമാണിത്. അതുകൊണ്ടുതന്നെ ഈ അവസരത്തെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് നാം ചെയ്യേണ്ടത്. യൂറോപ്യരില്‍ വലിയൊരു വിഭാഗം പ്രവാചകനെയോ ഇസ്‌ലാമിനെയോ കുറിച്ച് ഇത്തരം മുന്‍ധാരണകളുള്ളവരല്ല. അതുകൊണ്ട് അവര്‍ക്ക് സത്യം പെട്ടെന്ന് മനസ്സിലാക്കാനാവും.

വിവ: ജുമൈല്‍ കൊടിഞ്ഞി

You may also like