ലേഖനംവ്യക്തിത്വം

പ്രവാചക ജീവിതം നമ്മോട് ആവശ്യപ്പെടുന്നത്

Spread the love

ഉള്ളിൽ നിറയെ കരുണ. ഭൂമിയോളം ക്ഷമ. നന്മയോടുള്ള അതിരറ്റ പ്രതിബദ്ധത-ഇതൊക്കെയാണ് എന്റെ മനസിൽ പ്രവാചകൻ മുഹമ്മദിനെ കുറിച്ചുള്ള ചിത്രം. സാമൂഹിക വിപ്ലവത്തിന്റെ യഥാർഥ സൂര്യതേജസ് തന്നെയായിരുന്നു ആ മഹാനുഭാവൻ. ആ മഹിത ജീവിതത്തിൽനിന്ന് എത്രയോ അനുഭവ പാഠങ്ങളാണ് ലോകത്തിന് ലഭിച്ചത്. സാമൂഹിക ജീവിതത്തിൽ നാം കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങളെ കുറിച്ച്, നാം സ്വീകരിക്കേണ്ട സമീപനങ്ങളെ കുറിച്ച്, നാം പുലർത്തേണ്ട മര്യാദകളെ കുറിച്ച് പ്രവാചകൻ നമ്മെ ഓർമിപ്പിച്ചു. ആ ജീവിതത്തിൽ നിന്നുള്ള എത്രയോ സംഭവങ്ങൾ നമുക്കറിയാം. തികച്ചും ആദരവോടും അത്ഭുതത്തോടും കൂടിയല്ലാതെ അതൊന്നും സ്മരിക്കാനാവില്ല. അടിമവേലക്കും ബാലവേലക്കുമെതിരെ ഞാൻ ഉൾപ്പെടെയുള്ളവർ നടത്തി വരുന്ന പോരാട്ടത്തിന്റെ പ്രചോദനം പോലും പ്രവാചകൻ ഉൾപ്പെടെയുള്ളവർ കാണിച്ചുതന്ന മാതൃകകളാണ്.

നിത്യവും നടന്നു പോകുമ്പോൾ മക്കയിൽ പ്രവാചകന്റെ ശരീരത്തിൽ മാലിന്യം കൊണ്ടുതള്ളുന്ന ആ സ്ത്രീയുടെ ചിത്രം തന്നെ നോക്കൂ. ഒരു ദിവസം അവരെ കാണാനില്ലെന്നു വന്നപ്പോൾ ആ മനസ് തരളമാവുകയാണ്. അവർക്കെന്തു പറ്റിയെന്ന് പ്രവാചകൻ അനുചരന്മാരോട് തിരക്കുന്നു. ഒടുവിൽ ആ സ്ത്രീ രോഗിയാണെന്ന് അറിയുന്നു. കേട്ട പാടെ അവരുടെ കുടിൽ ലക്ഷ്യം വെച്ച് നീങ്ങുകയാണ് പ്രവാചകൻ, ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ച ഒരു വ്യക്തി. സത്യത്തിൽ അവളുടെ നിസ്സഹായതയിൽ ആഹ്ലാദിക്കുന്ന മാനസികാവസ്ഥയാണ് വേണ്ടത്. പ്രതികാരം ചെയ്യാൻ വളരെ എളുപ്പവുമായിരുന്നു. പക്ഷേ, പ്രവാചക സമീപനം മറ്റൊന്നായിരുന്നു. അവരുടെ രോഗം സുഖപ്പെടാൻ പ്രാർഥിക്കുന്ന ഒരു പ്രവാചകനെയാണ് ചരിത്രത്തിൽ നാം കണ്ടത്. കരുണയുടെ വലിയൊരു ലോകം തന്നെയായിരുന്നു പ്രവാചകൻ ഉള്ളിൽ കൊണ്ടുനടന്നത്.

ഏകദൈവം എന്ന അടിസ്ഥാന ആദർശമായിരുന്നു പ്രവാചകൻ മുഹമ്മദ് പ്രബോധനം ചെയ്തത്. ഏക ദൈവത്വം തന്നെയാണ് വേദങ്ങളും ഹൈന്ദവ പുരാണങ്ങളും ഉദ്ഘോഷിക്കുന്നത്. “വിപ്രാ ബഹുദാ വദന്തി…’ എന്ന പ്രഖ്യാപനവും ദൈവത്തിന്റെ ഏകത്വം തന്നെയാണ് വിളംബരം ചെയ്യുന്നത്. ബുദ്ധിമാന്മാർ അതിനെ പലതായി വിലയിരുത്തുകയാണെന്നും വേദം പറയുന്നു. ഏകദൈവ സാമീപ്യം ലഭിക്കാൻ ഒരു ഇടനിലക്കാരന്റെയും ആവശ്യമില്ലെന്നും പ്രവാചകൻ പഠിപ്പിച്ചു. അവതാരങ്ങൾ എന്ന പല പേരുകളിൽ അറിയപ്പെടുന്നതും ഈ ദൈവിക ചൈതന്യം തന്നെ. താൻ ഒരു സന്ദേശവാഹകൻ മാത്രമാണെന്ന് ഓരോ ഘട്ടത്തിലും പ്രവാചകൻ പറഞ്ഞുകൊണ്ടിരുന്നു. ഏക ദൈവത്തിലുള്ള വിശ്വാസത്തോടൊപ്പം തന്നെ താൻ ഒരു പ്രവാചകൻ മാത്രമാണെന്ന വിശ്വാസവും മതത്തിന്റെ അടിസ്ഥാനമായി കുറിച്ചു. ദൈവിക പരിവേഷത്തോടെ തന്നെ കാണരുതെന്ന് അനുയായികളെ നിരന്തരം അദ്ദേഹം ഓർമിപ്പിച്ചു. മരണശേഷം തന്റെ ഖബർ കെട്ടിപ്പൊക്കുകയോ അവിടെ പ്രാർഥന നടത്തുകയോ ചെയ്യാൻ പാടില്ലെന്നും പ്രവാചകൻ മുന്നറിയിപ്പ് നൽകി.

ശരിയായ വാണിജ്യവത്കരണമാണ് ഇത്തരം നടപടികൾക്കു പിന്നിൽ. മുസ്ലിംകളെ കൈയിലെടുക്കാൻ ഇത്തരം കേന്ദ്രങ്ങളിൽ ഒരു സന്ദർശനം നടത്തിയാൽ മാത്രം മതിയെന്ന് രാഷ്ട്രീയ നേതാക്കളും ധരിച്ചു വെച്ചിരിക്കുന്നു. എന്തായാലും ഇത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പ് പ്രവാചകാധ്യാപനങ്ങളുടെ നിഷേധവും ദൈവത്തോടുള്ള തികഞ്ഞ നന്ദികേടും തന്നെയാണ്.

മദ്യത്തിനെതിരെ പ്രവാചകൻ നയിച്ച വിപ്ലവമാണ് എന്നെ വല്ലാതെ ആവേശം കൊള്ളിക്കുന്നത്. ഏറ്റവും വലിയ സാമൂഹിക തിന്മ എന്നാണ് മദ്യത്തെ കുറിച്ച് പ്രവാചകൻ പറഞ്ഞത്. പ്രവാചകന്റെ ജന്മദിന വേളയിൽ ഇന്ത്യ മുഴുക്കെ മദ്യത്തിനെതിരെ ശക്തമായ പോരാട്ടം നടത്താൻ മുസ്ലിം സമൂഹം തയാറാകണം. മദ്യത്തിന്റെ ഉൽപാദനവും വിതരണവും നിർത്തിവെപ്പിക്കാൻ, സാമൂഹിക സമ്മർദം രൂപപ്പെടുത്താൻ അവർ മുന്നിൽ നിൽക്കണം. എല്ലാ മതവിഭാഗങ്ങളും സ്ത്രീകളും കുട്ടികളുമൊക്കെ ഒറ്റക്കെട്ടായി മുസ്ലിംകളെ പിന്തുണക്കാൻ മുന്നിലുണ്ടാകും. ഈ നിർദേശത്തിന് ഇന്ത്യയിലെ മുസ്ലിം സമൂഹം ചെവികൊടുക്കുമോ?

📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

You may also like