
പ്രവാചകനെക്കുറിച്ച് എന്റെ ആദ്യത്തേതും എന്നാൽ കൂടുതൽ സമഗ്രവുമായ വായന പ്രവാചക ജീവിതത്തെക്കുറിച്ചുള്ള കരൻ ആംസ്ട്രോംഗിന്റെ ശ്രദ്ധേയ രചനയാണ്. പ്രവാചകന്റെ വിസ്മയകരമായ ജീവിതം എന്നെ നിതാന്തം അത്ഭുത പരതന്ത്രനാക്കുന്നു. മുസ്ലിമല്ലാത്ത എന്നെ സംബന്ധിച്ചേടത്തോളം പ്രവാചകനായ മുഹമ്മദ്, യേശു ക്രിസ്തുവിന്റെയും ബുദ്ധന്റെയും ഒപ്പമാണ് നിലകൊള്ളുന്നത്; ആ നിരയിലേക്ക് ഞാൻ ഗാന്ധിജിയെയും ചേർത്തുവെക്കുന്നു.
അക്രമോത്സുകനായ നേതാവ് എന്ന നിലക്കാണ് പാശ്ചാത്യരിൽ പലരും പ്രവാചകനെ ചിത്രീകരിച്ച് കാണുന്നത്. ഇതിനേക്കാൾ അസത്യമായ മറ്റൊരു പ്രസ്താവമില്ല. നിർബന്ധിതാവസ്ഥയിൽ ഒരു ബാധ്യതയായി ഏറ്റെടുക്കേണ്ടിവന്ന സന്ദർഭങ്ങളിലല്ലാതെ പ്രവാചകൻ ഒരിക്കലും ഒരു യുദ്ധവും ചെയ്തിട്ടില്ല. നോക്കൂ അദ്ദേഹത്തിന്റെ പത്തു വർഷത്തെ മക്കാ ജീവിതം. കടുത്ത പ്രതികൂലാവസ്ഥകളിൽ എങ്ങനെ വിനയവും സ്വഭാവ വിശുദ്ധിയും ആത്മീയതയും കൈവരിക്കാം എന്നതിന്റെ സാധനപാഠമാണ് ആ കാലഘട്ടം. സർവശക്തനായ ദൈവത്തിൽ പ്രവാചകൻ അർപ്പിച്ച ഇതിഹാസ സമാനമായ അടിയുറച്ച വിശ്വാസമാണ് ബില്യൻ കണക്കിന് മുസ്ലിംകളെയും അമുസ്ലിംകളെയും തലമുറകളായി പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നത്,
പ്രവാചക ജീവിതത്തിൽ എന്നെ ഏറ്റവുമധികം പ്രചോദിപ്പിച്ച സംഭവങ്ങളിലൊന്ന്, ഹുദൈബിയാ സന്ധിയിൽ കലാശിച്ച മദീനയിൽ നിന്ന് മക്കയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയാണ്. ആയുധങ്ങളൊന്നുമില്ലാതെ ആയിരം പേരാണ് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത്. മക്കയുടെ പ്രാന്തങ്ങളിൽ അവർ തമ്പടിച്ചു. ഏതു നിമിഷവും അവർ ആക്രമിക്കപ്പെടാം, കൂട്ടക്കൊലക്ക് ഇരയാക്കപ്പെടാം. വിശ്വാസത്തിന്റെയും ധീരതയുടെയും ഒരു അവിശ്വസനീയ കഥ പറയുന്നു ഈ സംഭവം. മുഹമ്മദ് തന്റെ ജീവിതത്തിലുടനീളം പാവങ്ങളുടെയും ദുരിതം പേറുന്നവ രുടെയും അഗതികളുടെയും നേതാവായിരുന്നു. ഹസ്രത്ത് ബിലാലിനെപ്പോലുള്ള കറുത്ത അടിമകളെ വിമോചിപ്പിക്കാൻ അദ്ദേഹം മുന്നിട്ടിറങ്ങിയത് നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. ബിലാലിനെ മഹാനായ പ്രവാചകൻ ഇസ്ലാമിന്റെ ആദ്യത്തെ മുഅദ്ദിൻ ആക്കി ഉയർത്തുകയായിരുന്നു. നൂറ്റാണ്ടുകൾക്ക് ശേഷം പാശ്ചാത്യ ജനവിഭാഗങ്ങൾ ആഫ്രിക്കയിലെ കറുത്ത മനുഷ്യരോട് ഭാവനാതീതമായ ക്രൂരതകൾ കാണിച്ചപ്പോൾ, അവർക്ക് സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും വഴി കാണിച്ചുകൊടുത്തത് പ്രവാചകനായിരുന്നല്ലോ. അതിനാൽ തന്നെ ആഫ്രിക്കയിലെ വലിയൊരു വിഭാഗം ജനങ്ങളിൽ ഇസ്ലാം ഇന്നും ജനകീയമായും സ്വീകാര്യമായും തുടരുന്നതിൽ ഒട്ടും അതിശയിക്കാനില്ല. ലളിതമായി ജീവിച്ചു കൊണ്ട്, ലളിത ഭക്ഷണം കഴിച്ചുകൊണ്ട്, മൺതറയിൽ കിടന്നുറങ്ങിക്കൊണ്ട് വ്യക്തിജീവിതത്തിൽ മാതൃക കാണിക്കുകയായിരുന്നു അദ്ദേഹം.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp