
പ്രവാചകൻ പ്രബോധനം ചെയ്ത കാതലായ കൽപനകളിൽ അദ്ൽ (നീതി), ഇഹാൻ (ഗുണകാംക്ഷ), റഹ്മത്ത് (കാരുണ്യം) എന്നിവ പ്രാധാന്യമർഹിക്കു ന്നു. കലഹം മൂലം ഛിന്നഭിന്നമാകുന്ന സമൂഹത്തിൽ സമാധാനം കൊണ്ടുവരലായിരുന്നു അതുകൊണ്ടുദ്ദേശിച്ചത്. ലൗകികമായ പ്രശ്നങ്ങളെച്ചൊല്ലി നിരന്തരം കലഹിച്ചുകൊണ്ടിരുന്ന ഗോത്രങ്ങൾ അനേകം ദൈവങ്ങളെ വെച്ചുപുലർത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ പ്രവാചകൻ അവരോട് ഒരേയൊരു ദൈവമേയുള്ളൂ എന്ന് ഊന്നിപ്പറഞ്ഞു; സാഹോദര്യം സമൂഹത്തിന്റെ മുഖമുദ്രയാക്കേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ടു. അല്ലാഹുവിനു മുന്നിൽ സർവസ്വം സമർപ്പിക്കുന്നതിലൂടെ സമാധാനം കൈവരുത്തേണ്ടതെങ്ങനെയെന്ന് പഠിപ്പിച്ചു. എല്ലാവർക്കും നീതി, എല്ലാവർക്കും ശാന്തി; അതിനു വേണ്ടിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ എല്ലാ കൽപനകളും. അതാകട്ടെ, സ്ത്രീകളെ മാറ്റിനിർത്തിക്കൊണ്ടുള്ളതായിരുന്നില്ല. അങ്ങനെയാണ്, അതുകൊണ്ടാണ് അദ്ദേഹം ദൈവദൂതനാവുന്നത് അദ്ദേഹം ചെയ്തതെല്ലാം ഒരു ദൈവദൂതനേ ചെയ്യാൻ കഴിയൂ എന്നതുകൊണ്ട്.
അനീതിക്കും അതിക്രമങ്ങൾക്കും എതിരെ പോരാടാൻ അദ്ദേഹം ആഹ്വാനം ചെയ്തു. സമൂഹത്തിൽ കലഹം കുത്തിപ്പൊക്കുന്നത് അജ്ഞതയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം എല്ലാവരും അറിവ് നേടണമെന്ന് ആവശ്യപ്പെട്ടു. അതിനു വേണ്ടിയാണ്, അറിവ് നേടിക്കൊണ്ടുള്ള സാമൂഹിക ഉന്നമനത്തിനു വേണ്ടിയാണ് പോരാടേണ്ടത്. അവനവന്റെ തന്നെ തെറ്റുകുറ്റങ്ങൾക്കെതിരായുള്ള പോരാട്ടമാണത്; സമൂഹത്തിലെ തിന്മകൾക്കെതിരായുള്ള പോരാട്ടവും.
മനുഷ്യ ചരിത്രത്തിൽ മഹത്തായ ഒരതിരടയാളമിടുന്നുണ്ട് മുഹമ്മദ് നബിയുടെ അധ്യാപനങ്ങൾ, സ്ത്രീകളെ സംബന്ധിച്ചുള്ള പല പ്രശ്നങ്ങളിലും ഉത്കണ്ഠകളിലും ഊന്നൽ നിൽകിക്കൊണ്ടുള്ള വ്യത്യസ്തമായ മൂല്യബോധങ്ങൾ, ആലംബഹീനരെയും പാവങ്ങളെയും കൈപിടിച്ചുയർത്താൻ ഇസ്ലാമിനുള്ള താൽപര്യം ഒരു മതമെന്ന നിലയിൽ അതിനെ ഉന്നതമാക്കുന്നു.
ബഹുഭാര്യാത്വമാണ് (മുസ്ലിം പുരുഷന് നാല് ഭാര്യമാരാവാം എന്നാണ് ഏറെ തെറ്റിദ്ധാരണ വളർത്തുന്ന വേറൊരു കാര്യം. ഗോത്രങ്ങൾ തമ്മിൽ നടത്തിയിരുന്ന യുദ്ധങ്ങൾ കാരണം വിധവകളും അനാഥ സന്താനങ്ങളും പെരുകിയ ഒരു കാലത്താണ് ബഹുഭാര്യാത്വം പ്രോത്സാഹിപ്പിക്കപ്പെട്ടത്. അതുമാത്രമല്ല, ഫ്യൂഡൽ സമൂഹത്തിൽ ഒരു പുരുഷന് യഥേഷ്ടം എത്ര സ്ത്രീകളെ വേണമെങ്കിലും ഭാര്യമാരാക്കാമായിരുന്നു. അതുകൊണ്ട് സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കാനും മാന്യമായ ഒരു കുടുംബജീവിതം ഉറപ്പുവരുത്താനും വേണ്ടി ഭാര്യമാരുടെ എണ്ണം നാലിൽ കൂടരുതെന്ന് നിഷ്കർഷിക്കുകയായിരുന്നു. അതോടൊപ്പം ഓരോ ഭാര്യയോടും സമഭാവനയോടെ വേണം പെരുമാറാൻ എന്ന് അനുശാസിക്കപ്പെട്ടിരുന്നു. ഈ ഇടപാടാകട്ടെ എക്കാലവും തുടരണമെന്ന് ഉദ്ദേശിച്ചിരുന്നുമില്ല. മുസ്ലിം സ്ത്രീകൾക്ക് നിർഭയം ജീവിക്കാൻ അവസരമൊരുക്കിയിട്ടുള്ള മുസ്ലിം നാടുകളിൽ ബഹുഭാര്യാത്വത്തിനെതിരെ കഠിനവിമർശനം ഉയരുന്നുമുണ്ട്.
പ്രവാചകന്റെ അധ്യാപനങ്ങൾ ഏറ്റവും വെറുക്കപ്പെട്ടവിധം വികൃതമാക്കപ്പെടുന്നത് അമേരിക്ക ആക്രമിക്കപ്പെട്ട സെപ്റ്റംബർ പതിനൊന്നിനു ശേഷമാണ്. അതോടെ ഇസ്ലാമിക ഭീകരാക്രമണം എന്ന പദാവലി എല്ലാവരും ഏറ്റുപാടി തുടങ്ങി. അനേകം നിരപരാധർ കൊല്ലപ്പെടുന്ന പ്രവൃത്തിയാണല്ലോ ഭീകരാക്രമണം. ഖുർആനാകട്ടെ, അപരാധം ചെയ്യാത്ത ഒരാളെ കൊല്ലുന്നത് മാനുഷ്യകത്ത മുഴുവൻ കൊല്ലുന്നതിനു സമമാണെന്നാണ് പഠിപ്പിക്കുന്നത്.
സമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന ഇസ്ലാം, ആക്രമണം അഴിച്ചു വിടുന്ന പൈശാചികതയാണെന്ന് വരുത്തിത്തീർക്കലുണ്ടല്ലോ, ചരിത്രത്തിലെ വലുതായ ഒരു വിരോധാഭാസമാണ്. ഔന്നത്യമാർന്ന ഒരു മാനവികതക്കു വേണ്ടി നിലകൊണ്ട മഹാനുഭാവനാണ് മുഹമ്മദ്. അദ്ദേഹത്തെപ്പോലുള്ള പ്രവാചകന്മാരുടെയും ഭഗവാൻ മഹാവീരന്റെയും ഗൗതമ ബുദ്ധന്റെയും യേശുക്രിസ്തുവിന്റെയും ഗുരു നാനാക്കിന്റെയും അവരെപ്പോലുള്ള മറ്റു മഹാത്മാക്കളുടെയും അധ്യാപനങ്ങളാണ് മാനവിക മൂല്യങ്ങളുടെ ശ്രേയസ്സുയർത്തിയത്. ഇന്ന് ആഗോള സാഹചര്യം ഐശ്വ ര്യപൂർണമാവണമെങ്കിൽ മുഹമ്മദ് നബിയെക്കുറിച്ച് ശരിയായ അറിവ് ലഭിക്കേണ്ടത് അനിവാര്യം.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp