മനുഷ്യന്‍ ഒഴികെ മറ്റൊരു സൃഷ്ടിയുടെ സൃഷ്ടിപ്പ് സംബന്ധിച്ചും അല്ലാഹു മറ്റാരുമായും സംസാരിച്ചതായി നമുക്കറിയില്ല. മനുഷ്യന്റെ സൃഷ്ടിപ്പിനെ കുറിച്ച് മലക്കുകള്‍ക്ക് അല്ലാഹു വിവരം നല്‍കി. അവരുടെ പ്രതികരണം അത്ര നല്ലതായിരുന്നില്ല. ആരാധന മാത്രമാണ് വിഷയമെങ്കില്‍ ഞങ്ങള്‍ നിന്നെ എപ്പോഴും പരിശുദ്ധനാക്കുന്നു, വാഴ്ത്തുന്നു പിന്നെ എന്തിനീ രക്തം ചീന്തി കുഴപ്പമുണ്ടാക്കുന്ന മനുഷ്യന്‍ എന്നതായിരുന്നു മലക്കുകളുടെ ചോദ്യം. “ നിങ്ങള്‍ക്കറിയാത്തത് എനിക്കറിയാം” എന്ന ഒരു വാക്ക് മറുപടിയില്‍ അല്ലാഹു ആ ചര്‍ച്ച അവസാനിപ്പിച്ചു.
പക്ഷെ മലക്കുകളുടെ അവകാശവാദം അധിക സമയം നീണ്ടു നിന്നില്ല. മനുഷ്യന്റെ വിജ്ഞാനത്തിനു മുന്നില്‍ അവര്‍ക്ക് അടിയറവു പറയേണ്ടി വന്നു. പിന്നെയാണു അല്ലാഹു പറഞ്ഞത് “ നിശ്ചയം ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു” . ആ ആദരവ് എല്ലാ മനുഷ്യര്‍ക്കും ലഭിക്കണം. “എല്ലാവരും ആദമില്‍ നിന്നും ആദം മണ്ണില്‍ നിന്നും” എന്നാണല്ലോ പ്രമാണം. മനുഷ്യന്‍ എന്ന പുതിയ സൃഷ്ടിയുടെ കാര്യത്തില്‍ കുഴപ്പത്തില്‍ ചാടിയത് ഇബ് ലീസാണ്. തന്നെക്കാള്‍ താഴ്ന്ന പാരമ്പര്യമുള്ള മറ്റൊരാള്‍ക്ക് നല്‍കിയ ആദരവ് അവനെ വല്ലാതെ വിഷമിപ്പിച്ചു കാണണം. പിന്നെ സംഘട്ടനം മനുഷ്യനും പിശാചും തമ്മിലായി. അതിനു അല്ലാഹു അനുമതി നല്‍കുകയും ചെയ്തു.
Also read: മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്‍
കിട്ടിയ ആദ്യ അവസരത്തില്‍ തന്നെ ഇബ് ലീസ് ഗോളടിച്ചു. അതിലപ്പുറത്തെക്ക് അതൊരു വിശദീകരണം കൂടിയായിരുന്നു. സൂക്ഷമത കൈവിട്ടാല്‍ ആരെയും പിശാചിന് വീഴ്ത്താം. സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലേക്ക് ആദവും ഹവ്വയും ( അതായത് മനുഷ്യര്‍ ) പറിച്ചുനട്ടു. വെറും കയ്യോടെയല്ല ഭൂമിയിലേക്ക് അവരെ അല്ലാഹു അയച്ചത്. അവര്‍ക്ക് അല്ലാഹു ഉറപ്പു നല്‍കി “ നിങ്ങള്‍ക്ക് എന്നില്‍ നിന്ന് സന്മാര്‍ഗം വന്നു കൊണ്ടിരിക്കും”. അല്ലാഹു ആ വാഗ്ദാനം പൂര്‍ത്തീകരിച്ചു. കാലാകാലങ്ങളില്‍ വിവിധ ജനത്തിനിടയില്‍ പ്രവാചകന്മാര്‍ വന്നു കൊണ്ടിരുന്നു. അവരുടെ കൂടെ സന്മാര്‍ഗ ദര്‍ശനവും. ഇവരെല്ലാം പറഞ്ഞത് ഒന്ന് തന്നെ . “ അല്ലാഹുവിന് ഇബാദത്തു ചെയ്യുക” . അവസാന പ്രവാചകനും പറഞ്ഞത് അത് തന്നെ.
അപ്പോള്‍ മനുഷ്യര്‍ക്ക് വേണ്ടി പ്രവാചകരെ അയക്കുക എന്നതാണ് നമുക്ക് മനസ്സിലാവുന്ന രീതി. “ സന്മാര്‍ഗം നമ്മുടെ ഉത്തരവാദിത്തമാകുന്നു” എന്നതു അല്ലാഹു ഏറ്റെടുത്ത കാര്യമാണ്. അത് കൊണ്ട് തന്നെ പ്രവാചകന്മാരെ അയക്കുക എന്നത് മനുഷ്യരോടുള്ള കടമയായി അല്ലാഹു സ്വയം ഏറ്റെടുത്തു. മറ്റുള്ള നബിമാരില്‍ നിന്നും മുഹമ്മദ് നബി വ്യത്യസ്തനാകുന്നത് അന്ത്യ പ്രവാചകന്‍ എന്നതു കൊണ്ടാണ് . ആദം നബിയില്‍ നിന്നും ആരംഭം കുറിച്ച ഇസ്ലാം ദീന്‍ അവസാനിക്കുന്നതും പൂര്‍ണത കൈവരുന്നതും മുഹമ്മദ് നബിയിലൂടെയാണ്. മുഹമ്മദ് നബി ഒരു ദീനും കൊണ്ട് വന്നില്ല. പകരം പ്രവാചകന്‍ ജനങ്ങളോട് പറഞ്ഞത് “ നിങ്ങളുടെ പിതാമഹനായ ഇബ്രാഹീമിന്റെ ദീന്‍ പിന്തുടരുക” എന്നായിരുന്നു . ഇബ്രാഹീം മില്ലതിനെ അതിനു മുമ്പും ശേഷവും മുസ്ലിം എന്ന് പേര്‍ വിളിക്കപ്പെടുന്നു എന്ന് പറഞ്ഞതും ഖുര്‍ആന്‍ തന്നെ.
Also read: പ്രവാചകന്റെ സ്വഭാവ വിശുദ്ധിയുടെ ഉദാഹരണങ്ങള്‍
ജനത്തിനു വേണ്ടി ദൂതന്മാര്‍ എന്നതല്ലാതെ ദൂതന് വേണ്ടി ലോകവും ജനവും എന്ന വ്യഖ്യാനം അടിസ്ഥാന രഹിതമാണ്. എന്തിനു ദൂതന്‍ എന്ന ചോദ്യത്തിന് ഖുര്‍ആന്‍ കൃത്യമായ ഉത്തരം നല്‍കുന്നുണ്ട്. ജനത്തിന് ദൈവിക സന്ദേശം എത്തിക്കാനും ജനത്തെ സംസ്കരിക്കാനും എന്നാകുന്നു. അത് തന്നെയാണ് എല്ലാ പ്രവാചകന്മാരും നടത്തിയത്. ആദം നബിയില്‍ നിന്നും ആരംഭിച്ച ദീന്‍ മുഹമ്മദ് നബിയിലൂടെ പൂര്‍ത്തിയാകുമ്പോള്‍ അതൊരു അനുഭവമായിരുന്നു.
മൂസാ പ്രവാചകന്‍ തന്റെ അനുയായികളെയും കൊണ്ട് ലക്ഷ്യസ്ഥാനത്തേക്ക് കടല്‍ കടന്നു പോയി. പക്ഷെ അലസരായ അനുയായികള്‍ അവസാനം മരുഭൂമിയില്‍ അലയേണ്ട അവസ്ഥ വന്നു. മുഹമ്മദ് നബി അനുയായികളെയും കൊണ്ട് മരുഭൂമി താണ്ടി വന്നു. അവര്‍ ലോകം കീഴടക്കി. അലസത അവരെ പിടികൂടിയില്ല എന്നത് തന്നെ കാരണം. പ്രവാചകന്‍ ഒപ്പമുണ്ടോ ഇല്ലെ എന്ന ചോദ്യം പോലും അവിടെ പ്രസക്തമായില്ല. “ ,മുഹമ്മദ് ദൂതന്‍ മാത്രമാണ്. അദ്ദേം മരിക്കാം, കൊല്ലപ്പെടാം……..” എന്നാണു ഖുര്‍ആന്‍ പറഞ്ഞത്. ശേഷം ആ വചനം ഇങ്ങിനെ തുടരുന്നത് കാണാം “ ……….അതിനാല്‍ നിങ്ങള്‍ പിന്തിരിഞ്ഞു പോകുകയാണോ, അങ്ങിനെ നിങ്ങള്‍ പിന്തിരിഞ്ഞു പോയാല്‍ അല്ലാഹുവിനു ഒരു ബുദ്ധിമുട്ടും സംഭവിക്കുകയില്ല”.
പ്രവാചകന്‍ മുഹമ്മദ് നബി മറ്റു പ്രവാചകന്മാരുടെ ബാക്കിയാണ്. തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തം പൂര്‍ണമായി നിറവേറ്റിയാണ് പ്രവാചകന്‍ ലോകത്തോട് വിട പറഞ്ഞത്. തന്റെ ബാധ്യത നിറവേറ്റാന്‍ പ്രവാചകന് കഠിനമായി പ്രവര്‍ത്തിക്കേണ്ടി വന്നു. അനുയായികളും അങ്ങിനെ തന്നെ ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ചു. അവരില്‍ നിന്നും ബോധപൂര്‍വം സംഭവിച്ച ചെറിയ പിശകുകള്‍ പോലും വലിയ ദുരന്തങ്ങള്‍ വിളിച്ചു വരുത്തി. അങ്ങിനെ പൂര്‍ണമായും ഒരു പച്ച മനുഷ്യനായി പ്രവാചകന്‍ ജീവിച്ചു. തന്‍റെ ചുറ്റുമുള്ള ജനത്തിന് പൂര്‍ണ മാതൃകയായി. പ്രവാചകന്‍ വിശ്വാസികള്‍ക്ക് ഒരു അനുഗ്രഹമാണ് എന്നാണു ഖുര്‍ആന്‍ പറഞ്ഞു വെക്കുന്നത്. അത് പ്രവാചകന്റെ സാമീപ്യം എന്ന രീതിയിലല്ല പകരം ജനത്തിന് യതാര്‍ത്ഥ വഴി കാണിച്ചു കൊടുക്കാന്‍ പ്രവാചകന് കഴിയുന്നു എന്ന കാരണത്താല്‍. അത് കൊണ്ട് തന്നെയാണ് മനുഷ്യര്‍ക്ക് വേണ്ടിയാണു അല്ലാഹു പ്രവാചകരെ അയക്കുന്നത് അല്ലാതെ പ്രവാചകന് വേണ്ടി ഈ ലോകം എന്നതിനു പ്രമാണത്തിന്റെ അടിസ്ഥാനമില്ലാതെ പോകുന്നതും.