ലേഖനംവ്യക്തിത്വം

പ്രവാചകനിൽനിന്ന് പഠിക്കു

Spread the love

പ്രവാചകനിൽ നിന്ന് പഠിക്കുക. അദ്ദേഹം എല്ലാവരോടും സഹിഷ്ണുവും കരുണാലുവുമായിരുന്നു. അതേസമയം, മറികടക്കാൻ അസാധ്യമെന്ന് തോന്നിച്ച വെല്ലുവിളികൾക്കും പ്രതിബന്ധങ്ങൾക്കുമെതിരെ ജനങ്ങളെ അണിനിരത്താനുള്ള കാര്യശേഷിയും അദ്ദേഹം പ്രകടിപ്പിച്ചു. പക്ഷേ, യുദ്ധങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ അസ്വാഭാവികമായിരുന്നു; സമാധാനമായിരുന്നു സ്വാഭാവികവും സാധാരണവും. ജീവിതത്തിന്റെ 90 ശതമാനവും പ്രവാചകൻ സമാധാനാന്തരീക്ഷത്തിലാണ് കഴിഞ്ഞത്. മറ്റൊരു വഴിയും ഇല്ലെന്ന് ഉറപ്പായപ്പോൾ മാത്രമാണ് അദ്ദേഹം യുദ്ധ ത്തിനിറങ്ങിയത്. നമ്മുടെ കാലത്ത് മുസ്ലിംകളെന്ന് അവകാശപ്പെടുന്ന ചിലരുണ്ട്. അവർ സംഘർഷങ്ങളെയാണ് സ്വാഭാവികമായി കാണുന്നത്. സമാധാനത്തെ അവർ മാർഗഭ്രംശ(Aberration)മായി കാണുന്നു. ദൈവവചനത്തിന്റെ സൗരഭ്യം ഇത്തരമാളുകളിലേക്ക് എത്തുകയാണെങ്കിൽ തീർച്ചയായും അവർക്ക് പ്രവാചകന്റേത് പോലെ സഹിഷ്ണുതാപരവും മാനുഷികവുമായ ഒരു ലോകവീക്ഷണത്തെ സ്വാംശീകരിക്കാൻ കഴിയും.

ലോകത്തിന്റെ സങ്കീർണതകളെക്കുറിച്ച് കാര്യമായി യാതൊരു വിവരവുമില്ലാത്ത, ഇടുങ്ങിയ മനസ്സുള്ള ആളുകളുടെ വ്യാഖ്യാനങ്ങൾ ആദരവോടെ സ്വീകരിക്കപ്പെടുന്ന കാഴ്ചയാണ് പൊതുവെ കാണുന്നത്. അതും ദൈവവചനത്തിന് കൊടുക്കുന്ന അതേ ആദരവ്! നിർഭാഗ്യകരം എന്നല്ലാതെ എന്തു പറയാൻ. പ്രവാചകന്റെ മുഴു ജീവിതവും പരിശോധിച്ചു നോക്കൂ. കാലത്തിന്റെ മാറ്റങ്ങൾക്ക് അനുസൃതമായി ആ പ്രവാചക ശ്രേഷ്ഠൻ ശൈലികളും അടവുകളും പരിഷ്കരിച്ചു കൊണ്ടേയിരുന്നതായി കാണാം. പക്ഷേ, അദ്ദേഹത്തെ അനുഗമിക്കുന്നു എന്ന് അവകാശപ്പെടുന്ന പലരിലും കാണുന്നത് വീക്ഷണത്തിലെ കാർക്കശ്യവും തെല്ലും മാറാത്ത പ്രവർത്തന ശൈലിയുമാണ്. ഹിമാലയത്തിൽ കയറി സന്യസിച്ചാൽ ദൈവത്തോടടുക്കും എന്ന് വിശ്വസിച്ച സാധുക്കളുടേതിന് സമാനമായിപ്പോയി ഈ നിലപാട്.

എന്തുകൊണ്ടാണ് മുഹമ്മദ് പ്രവാചകനായി തെരഞ്ഞെടുക്കപ്പെട്ടത്? അദ്ദേഹത്തിന്റെ വ്യക്തിവൈശിഷ്ട്യങ്ങൾ പ്രപഞ്ചനാഥന് അത്രക്ക് ഇഷ്ടമായിരുന്നു എന്നതുകൊണ്ട്. പ്രവാചകന്റെ അറിവോ പാണ്ഡിത്യ ഗരിമയോ ഒന്നുമല്ല അതിന് കാരണം. വിശ്വാസത്തിലുള്ള ആർജവം, ആത്മാർഥത- അതാണ് ദൈവം പരിഗണിച്ചത്. എല്ലാ മനുഷ്യരോടും വളരെ സഹിഷ്ണുതയോടെ അദ്ദേഹം ഇടപെട്ടു. ഒരാളെക്കുറിച്ചും കടുത്ത വിധിതീർപ്പുകൾ നടത്തിയില്ല. അപൂർവം സന്ദർഭങ്ങളി ലൊഴിച്ച്, തന്റെ മുമ്പിലെത്തിയവർക്കെല്ലാം മാപ്പ് നൽകി. ഇത്തരം ഗുണവിശേഷങ്ങളും ദൈവം തമ്പുരാൻ പരിഗണിച്ചു. ഈ ഗുണവിശേഷങ്ങളൊക്കെ നമ്മിലുണ്ടോ?

ഇസ്ലാമിന് ലോകത്ത് പ്രചാരം കിട്ടിയത് അത് സമത്വവും സ്വാതന്ത്ര്യവും ഉദ്ഘോഷിച്ചതുകൊണ്ടാണ്; അറിയാനും മനസ്സിലാക്കാനും ഉദ്ബോധിപ്പിച്ചതു കൊണ്ടാണ്. ദിവ്യസന്ദേശം ഉൾക്കൊണ്ട് ഒരു ആഗോള സമൂഹത്തെപ്പറ്റി(അത് എപ്പോഴും ഒരു നിർണിത രൂപത്തിലാവണമെന്നില്ല) അത് സംസാരിച്ചു. ഇസ്ലാം പ്രചരിച്ചത് മുസ്ലിംകൾ അറിവിന്റെയും കണ്ടെത്തലിന്റെയും സ്രോതസ്സായിരുന്നതു കൊണ്ടാണ്. ഇന്ന് കണ്ടുപിടുത്തത്തിന്റെ എത്ര പേറ്റന്റുകൾ മുസ്ലിംകളുടെ പേരിലുണ്ട്. എത്ര മികച്ച കലാ സൃഷ്ടികളും ധൈഷണിക ഗ്രന്ഥങ്ങളും അവരുടെ പേരിൽ വരവുവെക്കപ്പെട്ടിട്ടുണ്ട്. അവരിൽ എത്ര പേരുണ്ട് മാതൃകാ യോഗ്യരായ അഛന്മാരും സഹോദരന്മാരും മക്കളും മാതാക്കളും സഹോദരിമാരു മായി? വാഗ്ദാനത്തിന്റെയും പ്രയോഗത്തിന്റെയും ഇടക്കുള്ള ഈ വലിയ വിടവ് തന്നെയാണ്, ദിവ്യവചനങ്ങൾ ഉൾക്കൊള്ളാതെ കാണാപാഠം പഠിക്കുന്നതിന്റെയും യുക്തിവിചാരത്തിലൂടെ അവയെ ഉൾക്കൊള്ളുന്നതിന്റെയും ഇടക്കുള്ളത്. മുസ്ലിംകൾ എന്ന് ഒരിക്കൽ കൂടി അറിവിന്റെ കാരുണ്യത്തിന്റെ അലിവിന്റെ സഹിഷ്ണുതയുടെ പ്രഭവ കേന്ദ്രമായി മാറുന്നുവോ, അന്ന് മനുഷ്യ സമൂഹം മുഴുക്കെ ഈ ദൈവവചനം പരക്കുകതന്നെ ചെയ്യും.

📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

You may also like