വ്യക്തിത്വം

വാക്കും പ്രവര്‍ത്തിയും ഒന്നിക്കുന്നതാണ് പ്രവാചക ജീവിതം

“പറയുക: ‘അല്ലാഹു ഇച്ഛിച്ചിരുന്നുവെങ്കില്‍ ഈ ഖുര്‍ആന്‍ ഞാന്‍ നിങ്ങള്‍ക്ക്ഓ തിത്തരുമായിരുന്നില്ല. ഇതിനെ സംബന്ധിച്ച് നിങ്ങളെ അറിയിക്കുകയുമില്ലായിരുന്നു. ഇതിനുമുമ്പ് കുറെ കൊല്ലങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കിടയില്‍ കഴിച്ചുകൂട്ടിയിട്ടുണ്ടല്ലോ. നിങ്ങള്‍ ബുദ്ധി ഉപയോഗിക്കുന്നില്ലേ?”

ഈ ഖുര്‍ആന്‍ വചനം ഇങ്ങിനെ വിശദീകരിക്കപ്പെട്ടുന്നു  “ പ്രവാചകന്‍ തന്റെ പ്രബോധനം ആരംഭിച്ചു. മക്കക്കാരുടെ മുന്നില്‍ ഒരു പാട് തെളിവുകള്‍ കൊണ്ട് വന്നു.  മറ്റെല്ലാ തെളിവുകളും അവരെ സംബന്ധിച്ചേടത്തോളം അപരിചിതമാവാം. എന്നാല്‍, മുഹമ്മദ് നബി(സ)യുടെ ജീവിതം അവരുടെ മുമ്പിലുള്ള ഒരു വസ്തുതയാണ്– പ്രവാചകത്വത്തിനു മുമ്പ് നാല്‍പതു വര്‍ഷം അവിടുന്ന് അവര്‍ക്കിടയില്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്. അവരുടെ നഗരത്തില്‍ ജനിച്ചു; അവരുടെ കണ്‍മുന്നില്‍ ശൈശവകാലം കഴിച്ചു;  യുവാവായി, മധ്യവയസ്‌കനായി;  കൊള്ളക്കൊടുക്ക, പെരുമാറ്റം, വിവാഹം എന്നുവേണ്ട എല്ലാ സാമൂഹികബന്ധവും അവരുമായിട്ടായിരുന്നു. തിരുമേനിയുടെ ജീവിതത്തിന്റെ ഒരു വശവും അവര്‍ക്ക് അവ്യക്തമായിരുന്നില്ല. ഇതിനേക്കാള്‍ സുവ്യക്തമായ സാക്ഷ്യം മറ്റെന്താണുണ്ടാവുക?   തിരുമേനിയുടെ പൂര്‍വജീവിതത്തില്‍നിന്ന് പ്രകടമാവുന്ന   സ്വഭാവത്തില്‍ കളവ്, ചതി, കാപട്യം ആദിയായവയുടെയോ അതുപോലുള്ള മറ്റ് ദുര്‍ഗുണങ്ങളുടെയോ നേരിയ ലാഞ്ഛനപോലും കാണപ്പെട്ടിരുന്നില്ല എന്നതാണ്. നാല്‍പത് വര്‍ഷത്തെ ജീവിതത്തില്‍ അത്തരം ഏതെങ്കിലുമൊരു സ്വഭാവം തിരുമേനിയില്‍നിന്ന് അനുഭവപ്പെട്ടുവെന്ന് പറയാന്‍ ആ സമൂഹത്തില്‍ ഒറ്റ കുട്ടിയുമുണ്ടായിരുന്നില്ല. മറിച്ച്, തിരുമേനിയുമായി നേരിട്ടു ബന്ധപ്പെട്ട ആരും അവിടത്തെ ഗണിച്ചിരുന്നത് അങ്ങേയറ്റം സത്യസന്ധനും നിഷ്‌കളങ്കനും വിശ്വസ്തനും (അമീന്‍) ആയിട്ടാണ്.  മക്കക്കാരുടെ  നിരര്‍ഥകമായ ആരോപണത്തിന് മറുപടിയായി അവരോട് പറയാന്‍ അല്ലാഹു കല്പ്പിക്കുകയാണ് : മനുഷ്യരേ! കുറച്ചൊന്ന് ബുദ്ധി ഉപയോഗിക്കരുതോ? ഞാന്‍ പുറത്ത് എവിടെനിന്നോ വന്ന വിദേശിയല്ല, നിങ്ങളുടെ ഇടയിലാണ് ഞാന്‍ ജീവിക്കുന്നത്. എന്റെ പൂര്‍വകാല ജീവിതത്തെക്കുറിച്ചറിയുന്ന നിങ്ങള്‍ക്കെങ്ങനെയാണ് സങ്കല്‍പിക്കാന്‍ കഴിയുക”

Also read: ഹിജ്‌റക്ക് പശ്ചാത്തലമൊരുക്കിയ പ്രതിജ്ഞ

മുഹമ്മദ്‌ നബി തന്റെ ജീവിതം തന്നെയാണ് സന്ദേശമായി സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചത് . മറ്റെല്ലാ കാര്യത്തിലും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന സമൂഹം മുഹമ്മദ്‌ എന്ന നാട്ടുകാരനില്‍ എടുത്തു പറയാന്‍ കഴിയുന്ന ഒരു തിന്മയും കണ്ടില്ല. മറ്റൊരു സംഭവം ഇങ്ങിനെ വായിക്കാം. മദീന കാലത്ത് ഇസ്ലാമും ജാഹിലിയ്യത്തും തമ്മില്‍ പലവട്ടം സംഘട്ടനം നടത്തിയിട്ടുണ്ട്. ആ സംഘട്ടനത്തില്‍ മക്കയിലെ പല പ്രമുഖരും കൊല്ലപ്പെട്ടിട്ടുണ്ട്. ഹിജ്ര ആറാം വര്‍ഷം ഉംറ നിര്‍വഹിക്കാന്‍ പ്രവാചകനും കൂട്ടരും മക്കയിലേക്ക് പോകുന്നു. അവസാനം ഹുദൈബിയ്യ എന്നിടത്തു വെച്ച് മുസ്ലിംകളും മക്കക്കാരും തമ്മില്‍ ഒരു കരാര്‍ ഒപ്പിടുന്നു. മുഹമ്മദിനെ അബ്ദുള്ളയുടെ മകനായി അംഗീകരിക്കാന്‍ അപ്പോഴും അവര്‍ തയ്യാറായിരുന്നു. അവരുടെ വിഷയം പ്രവാചകനായ മുഹമ്മദ്‌ മാത്രമായിരുന്നു.

വ്യക്തിത്വം അടിയറവ് വെക്കാതെ പൊതു പ്രവര്‍ത്തനം നടത്താന്‍ പലപ്പോഴും പലര്‍ക്കും കഴിഞ്ഞെന്നു വരില്ല. താന്‍ ആരാണെന്ന് തന്റെ വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയുമാണ് തെളിയിക്കേണ്ടത്. തന്നിലെ ഒരു ചെറിയ അനക്കം പോലും ഒപ്പിയെടുക്കാന്‍ ചുറ്റും ശത്രുക്കള്‍ ഭൂതക്കണ്ണാടിയുമായി കാത്തിരുന്ന അവസ്ഥയിലാണ് പ്രവാചകന്‍ ജീവിച്ചത്. നാമിന്നു കാണുന്ന രീതിയിലുള്ള പരിമിത ദീനീ പ്രവര്‍ത്തനമല്ല പ്രവാചകന്‍ നടത്തിയത്. തനിക്കു ചുറ്റുമുള്ള എല്ലാ അനീതിയേയും അക്രമത്തേയും പ്രവാചകന്‍ നിശിതമായി വിമര്‍ശിച്ചു. ജനങ്ങളുടെ സാമ്പത്തിക ധാര്‍മ്മിക മേഖലകളില്‍ പ്രവാചകന്‍ ഇടപെട്ടു. പലപ്പോഴും മിത്രങ്ങള്‍ ശത്രുക്കളായി മാറുന അവസ്ഥയാണു നമുക്ക് പരിചിതം. പക്ഷെ പ്രവാചകന്റെ ജീവിതത്തില്‍ നാം കാണുന്നതു ദിനേനയെന്നോളം വര്‍ധിച്ചു വരുന്ന അനുയായി വൃത്തത്തെയാണ്‌.  “ …………..നീ പരുഷ പ്രകൃതിക്കാരനായിരുന്നുവെങ്കില്‍ജനം നിന്റെ ചുറ്റില്‍ നിന്നും പിരിഞ്ഞു പോയേനെ” എന്ന് ഖുര്‍ആന്‍ പറയുന്നു.

Also read: നബിയുടെ ജനനം

വിശ്വാസികള്‍ കൃത്യമായ നിലപാടുകളോടെ ജീവിക്കണം എന്നതാണ് പ്രവാചകന്‍ നല്‍കുന്ന പാഠം. ഇസ്ലാം പറയുന്ന ഉന്നത മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. വാക്കും പ്രവര്‍ത്തിയു തമ്മിലുള്ള ബന്ധമാണ് ഒരാളുടെ വിശ്വാസത്തിന്റെ അളവുകോല്‍. ദൂരെ ദിക്കില്‍ നിന്നും പലരും പ്രവാചകനെ കുറിച്ച് കിംവദന്തികള്‍ കേട്ടറിഞ്ഞു വന്നിരുന്നു. പ്രവാചകനുമായി അവുടെ ആദ്യത്തെ ഇടപെടലില്‍ തന്നെ അവരുടെ സന്ദേഹം മാറിപ്പോകാന്‍ കാരണമായിരുന്നു. ഇസ്ലാം കേവലം വാക്കുകള്‍ക്ക് കൊണ്ടുള്ള കളിയല്ല. അത് ജീവിതം തന്നെയാണ്. “ നിങ്ങള്‍ക്ക് മുന്നില്‍ ജീവിക്കുന്ന പ്രവാചകന്‍” എന്നതാണ് ആ സമൂഹത്തിലെ മുഹമ്മദ്‌ നബി. പ്രവാചകന്‍ അനുയായികള്‍ക്ക് തനിക്കു അവതീര്‍ണമായ ഖുര്‍ആനും മറ്റു ബോധാനങ്ങളും വിവരിച്ചു കൊടുക്കുമ്പോള്‍ ഒരിക്കല്‍ പോലും അവര്‍ക്ക് പ്രവാചക മുഖത്തേക്ക് സംശയത്തോടെ നോക്കേണ്ടി വന്നില്ല.

വിശ്വാസവും വിശ്വസ്തതയും ചേര്‍ത്താണ് പ്രവാചകന്‍ പറഞ്ഞത്. അത് പറയാനുള്ള പ്രവാചകന്റെ അവകാശത്തിനു ശത്രുക്കള്‍ പോലും സാക്ഷിയായി. നീതി തേടി ശത്രുക്കള്‍ പോലും പ്രവാചകനെ സമീപിച്ചു. അത് കൊണ്ട് തന്നെയാണ് തന്നെ എതിര്‍ക്കുന്നവരുടെ മുന്നില്‍ എഴുനേറ്റു നിന്ന് ഞാന്‍ നിങ്ങളുടെ കൂടെ ഒരു പാട് കാലം ജീവിക്കുന്നവനല്ലയോ എന്ന് പ്രവാചകന് ചോദിയ്ക്കാന്‍ കഴിഞ്ഞത്. പ്രവാചകനാണ്‌ തന്റെ മാതൃക എന്ന് കൊട്ടിഘോഷിക്കുന്ന എത്രപേര്‍ക്ക് സ്വന്തം നാട്ടില്‍ ഈ ചോദ്യം ആവര്‍ത്തിക്കാന്‍ കഴിയും എന്നിടത്താണ് പ്രവാചകനും വിശ്വാസിയും തമ്മിലുള്ള അന്തരം നിലകൊള്ളുന്നത്. പ്രവാചക ജീവിതം ഖുര്‍ആനായിരുന്നു എന്ന ആയിഷ (റ) യുടെ ഉത്തരം പ്രവാചകന്‍ എപ്പോഴും ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ടിരുന്നു എന്ന് മാത്രമാവില്ല. അത് ആത്മാവ് നഷ്ടമായ ചില വചനങ്ങള്‍ ഉരുവിടുക എന്നതിലപ്പുറം ഒരു ഉറച്ച ജീവിത സന്ദേശമായിരുന്നു. നമ്മുടെ ഭാഷയില്‍ അറുനൂറോളം പേജുകളില്‍ നീണ്ടു കിടക്കുന്ന ലിഖിതങ്ങളും സമൂഹത്തിന്റെ മുന്നില്‍ പച്ചയായി ജീവിക്കുന്ന പ്രവാചകനും ഒരിടത്തു പോലും വ്യത്യാസം കണ്ടില്ല. അപ്പോള്‍  മാത്രമേ ആദ്യത്തെ ചോദ്യം ആവര്‍ത്തിക്കാന്‍ കഴിയൂ. അത് കൊണ്ട് തന്നെയാണ് പ്രവാചക പത്നി പ്രവാചക സ്വഭാവത്തെ ഖുര്‍ആന്‍ എന്ന് വിശേഷിപ്പിച്ചതും.

You may also like

Leave a reply

Your email address will not be published. Required fields are marked *