വ്യക്തിത്വം

പ്രവാചകൻ മുഹമ്മദ് നബിയെ ഖുര്‍ആന്‍ അവതരിപ്പിക്കുന്ന വിധം

Spread the love

പ്രവാചകൻ മുഹമ്മദ് നബിയുടെ സുഗന്ധം പരത്തുന്ന ജീവചരിത്രം വായിക്കാന്‍ പ്രവാചക പ്രേമികള്‍ക്ക് വല്ലാത്ത ആവേശമാണ്. പ്രത്യേകിച്ച്, പ്രവാചകരുടെ ജനനം കൊണ്ടനുഗ്രഹീതമായ ഈ മാസത്തില്‍ ജന്മദിനം ആഘോഷിക്കണമെന്ന് പറയുന്നവര്‍ക്കും പാടില്ലെന്ന് പറയുന്നവര്‍ക്കുമൊക്കെ നബിയുടെ തിളക്കമാര്‍ന്ന ജീവിതത്തിലെ സ്വഭാവ സവിശേഷതകള്‍ ഒരാവര്‍ത്തി അയവിറക്കല്‍ വലിയ ഉത്സാഹം പ്രദാനം ചെയ്യുന്നതാണ്. അതിന്റെ ഏറ്റവും സുപ്രധാനമായ ചേതോവികാരം, നബിയുടെ ചര്യയാണ് ഏറ്റവും ഉത്തമവും ഉന്നതവുമായ മാതൃകയെന്ന് വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു പറഞ്ഞുവെക്കുന്നത് കൊണ്ടാണ്. ആ പരാമര്‍ശം പ്രവാചകമാതൃകയെ അനശ്വരമാക്കി. പിന്തുടരപ്പെടാന്‍ ഏറ്റവും യോഗ്യന്‍ പ്രവാചകരാണെന്ന് വിശുദ്ധഖുര്‍ആന്‍ അതിലൂടെ വിശ്വാസികളെ ഉണര്‍ത്തി.

അതുകൊണ്ട്തന്നെ നബിയുടെ ഓരോ ചലനങ്ങളെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും ആദ്യകാലങ്ങളിലെയെന്നപോലെ പില്‍ക്കാലത്തെ പണ്ഡിതരും വലിയ തോതിലുള്ള ഗവേഷണങ്ങളും പഠനങ്ങളും നടത്തി. ഇസ്‌ലാമേതര ഗവേഷകര്‍ പോലും നബിയുടെ ജീവതത്തെക്കുറിച്ച് വലിയ തോതിലുള്ള അന്വേഷണങ്ങള്‍ നടത്തി. അതില്‍ നബിയെ പ്രശംസിച്ചവരും വിമര്‍ശിച്ചവരും ഉള്‍പ്പെടുന്നു.

Also read: പ്രവാചകന്റെ സ്വഭാവ വിശുദ്ധിയുടെ ഉദാഹരണങ്ങള്‍

നബിയുടെ ഉന്നതമായ പദവിയെക്കുറിച്ച് വിശുദ്ധഖുര്‍ആന്‍ പരാമര്‍ശിച്ച വചനങ്ങളെ സംഗ്രഹിക്കാന്‍ ആണ് ഈ കുറിപ്പിലൂടെ താത്പര്യപ്പെടുന്നത്. നബിയുടെ സുഗന്ധം പരത്തുന്ന ജീവിതം ഖുര്‍ആന്‍ അവതരിപ്പിക്കുന്ന വിധം പരിശോധിക്കുകയും പ്രവാകരെക്കുറിച്ച് വന്ന വിവരണങ്ങളില്‍ ആഴത്തിലുള്ള ആലോചനകളുമാണ് ഈ കുറിപ്പിലൂടെ ശ്രമിക്കുന്നത്. വ ഇന്നക ല അലാ ഖുലുകിന്‍ അളീം (പ്രവാചകരേ, അതിമഹത്തായ സ്വഭാവത്തിന്മേലാണ് താങ്കള്‍) എന്ന അല്ലാഹുവിന്റെ കലാമില്‍ നിന്നാണ് നബിയുടെ സ്വഭാവഗുണങ്ങളെക്കുറിച്ചുള്ള പഠനം ആരംഭിക്കുന്നത്.  നബിയുടെ സ്വഭാവത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരവും ആ കലാം തന്നെയാണ്.

ഖുര്‍ആനില്‍ പല സൂക്തങ്ങളിലായി നബിയുടെ ഉന്നതമായ പദവിയെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. മുഹമ്മദ് റസൂലുല്ലാഹ് എന്ന റശീദ് രിളയുടെ ഗ്രന്ഥത്തില്‍ പ്രവാചകരെക്കുറിച്ച് പരാമര്‍ശിച്ച ഖുര്‍ആന്‍ സൂക്തങ്ങളെപ്പറ്റി സവിശേഷമായ പഠനം അവതരിപ്പിക്കുന്നുണ്ട്. അതിനായി പ്രത്യേകമായ ഒരു ഭാഗം തന്നെ അദ്ദേഹം മാറ്റിവെക്കുന്നുണ്ട്. തങ്ങളുടെ നബിയെ വിശദമായി പരിചയപ്പെടാനും പ്രവാചകരെ പിന്തുടരുന്നതിന്റെ അനിവാര്യതയെ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്താനും ആ ഒരു പഠനം സഹായകമായി. പ്രവാചകത്വം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ വിശദീകരിക്കുന്നതില്‍ തികച്ചും ശാസ്ത്രീയമായ ഒരു ശൈലി അദ്ദേഹം സ്വീകരിക്കുന്നുണ്ട്. പ്രവാചകചര്യ വിശ്വാസികള്‍ മുറുകെപ്പിടിക്കേണ്ടതിന്റെ ആവശ്യകതയെ പ്രസ്തുത പഠനം ഊന്നിപ്പറയുന്നു. വിശുദ്ധ ഖുര്‍ആനിലെ വചനങ്ങള്‍ തീര്‍ച്ചയായും വിശ്വാസിയില്‍ പ്രവാചകരെക്കുറിച്ചുള്ള ഉന്നതമായ വിചാരങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുമെന്നത് തീര്‍ച്ചയാണ്. മുഹമ്മദ് റിളായുടെ മുഹമ്മദ് റസൂലുല്ലാഹ് എന്ന ഗ്രന്ഥത്തില്‍ ഖുര്‍ആനില്‍ പ്രവാചകരുടെ സ്ഥാനം എന്ന അധ്യായത്തില്‍ നിന്നും സംഗ്രഹിച്ച കാര്യങ്ങളാണ് ഇവിടെ ചേര്‍ക്കുന്നത്.

Also read: വൈവാഹിക ജീവിതം: പ്രവാചക മാതൃകകള്‍

1- അല്ലാഹുവിനോടും അവന്റെ റസൂലിനോടുമുള്ള അനുസരണ:
അല്ലാഹുവിനെ അനുസരിക്കുന്നതും പ്രവാചകരെ അനുസരിക്കുന്നതും പരസ്പരം ബന്ധിപ്പിക്കപ്പെട്ടു കിടക്കുന്നതാണ്. റസൂലിനോടുള്ള അനുസരണ അല്ലാഹുവിനോടുള്ള അനുസരണ കൂടിയാണ്. അല്ലാഹുവിന്റെ പ്രവാചകര്‍ക്കുള്ള ഉന്നതമായ സ്ഥാനത്തിന്റെ മികച്ച പ്രകാശനം ആണത്. അല്ലാഹു പറയുന്നു: ആരെങ്കിലും റസൂലിനെ അനുസരിച്ചാല്‍ അവന്‍ അല്ലാഹുവിനെ അനുസരിച്ചിരിക്കുന്നു. (അന്നിസാഅ: 80). അല്ലാഹു മറ്റൊരു സൂക്തത്തിലൂടെ പറയുന്നു: ആരെങ്കിലും അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിച്ചാല്‍ അവന് ഉന്നതമായ വിജയം കരസ്ഥമാക്കിയിരിക്കുന്നു. (അഹ്‌സാബ്- 71). അപ്പോള്‍ അല്ലാഹുവിനെ അനുസരിക്കുക എന്ന് പറഞ്ഞാല്‍ അവന്റെ റസൂലിനെ അനുസരിക്കുക എന്നതാണ് താത്പര്യം. കാരണം, പ്രവാചകരാണ് അല്ലാഹുവിന്റെ കല്‍പനകളെ സൃഷ്ടികളിലേക്ക് എത്തിച്ചുകൊടുത്തത്. അപ്പോള്‍ ആരെങ്കിലും അല്ലാഹുവിന്റെ റസൂലിനെ അനുസരിച്ചാല്‍, യഥാര്‍ഥത്തില്‍ അവന്‍ സര്‍വ്വശക്തനായ അല്ലാഹുവിനെത്തന്നെയാണ് അനുസരിക്കുന്നത്.

2- നബിയുടെ ഗുണവിശേഷണങ്ങളെ പ്രകീര്‍ത്തിക്കുക:
തീര്‍ച്ചയായും അല്ലാഹു നബിയുടെ ഗുണവിശേഷണങ്ങളെ പ്രകീര്‍ത്തിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: അതിമഹത്തായ സ്വഭാവത്തിന്മേലാണ് താങ്കള്‍. (അല്‍ ഖലം-4). ഇത് പ്രകീര്‍ത്തനത്തിന്റേ ഏറ്റവും ഉന്നതമായ മാതൃകയാണ്. അതിനേക്കാള്‍ മികച്ചൊരു പ്രകീര്‍ത്തനം മറ്റൊന്നില്ല. കാരണം, മാനുഷികമൂല്യങ്ങളില്‍ ഏറ്റവും ഉന്നതമായത് സല്‍സ്വഭാവമാണ്. സല്‍സ്വഭാവത്തില്‍ മനുഷ്യരാശിക്ക് മുഴുവന്‍ പിന്തുടരാന്‍ യോഗ്യമായ സ്വഭാവമായിരുന്നു നബിയുടെത്, ഏറ്റവും ഉന്നതമായ മാതൃക. സല്‍സ്വഭാവത്തിന്റെ പൂര്‍ണതയായിരുന്നു പ്രവാചകര്‍ (സ്വ). എല്ലാ ഗുണവിശേഷണങ്ങളും സമ്മേളിച്ച ജീവിതമായിരുന്നു നബിയുടേത്. പ്രവാചകരുടെ ഓരോ ചലനങ്ങളും ഇടപെടലുകള്‍ അനുകരണീയവും പ്രശംസനീയവുമായിരുന്നു. ഓരോ സന്ദര്‍ഭങ്ങളിലും ഓരോരുത്തരോടും എങ്ങനെയാണ് പെരുമാറേണ്ടതെന്ന് നബി നമ്മെ പഠിപ്പിച്ചു.

Also read: നബിജീവിതത്തിന്‍റെ കാലിക വായന പറയുന്ന അഞ്ചു ഗ്രന്ഥങ്ങള്‍

3- സര്‍വചരാചരങ്ങള്‍ക്കും നന്മചൊരിയുകയായിരുന്നു നബിയുടെ ദൗത്യം.
സര്‍വശക്തനായ അല്ലാഹു നബിയെ അയച്ചുകൊണ്ട് മനുഷ്യരാശിയെ അനുഗ്രഹിക്കുകയായിരുന്നു. തൗഹീദിന്റെ വചനം പ്രവാചകര്‍ ഉറക്കെ ഉദ്‌ഘോഷിക്കുകയും കുഫ്‌റിന്റെ വഞ്ചനയെക്കുറിച്ചും വഴികേടിനെക്കുറിച്ചും ജനങ്ങളെ ഉദ്‌ബോധിപ്പിക്കുയും ചെയ്തു. അല്ലാഹു പറയുന്നു:
” സ്വന്തത്തില്‍ നിന്ന് തന്നെ ഒരു റസൂലിനെ വിശ്വാസികള്‍ക്ക് നിയോഗിക്കുക വഴി വലിയ അനുഗ്രഹമാണവര്‍ക്ക് അല്ലാഹു ചെയ്തത്, അവര്‍ക്ക് അവിടന്ന് അവന്റെ ആയത്തുകള്‍ ഓതിക്കൊടുക്കുകയും സംസ്‌കാരമുണ്ടാക്കുകയും ഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു. അതിന് മുമ്പ് വ്യക്തമായ ദുര്‍മാര്‍ഗത്തില്‍ തന്നെയായിരുന്നു അവര്‍. (ആലുഇംറാന്‍-164). മനുഷ്യരാശിയെ സംസ്‌കരിക്കുക വഴി അവര്‍ക്ക് സന്തോഷവാര്‍ത്തയും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കുകയായിരുന്നു പ്രവാചകര്‍ (സ്വ). അല്ലാഹു പറയുന്നു: ” സര്‍വമനുഷ്യര്‍ക്കും ശുഭവാര്‍ത്താവാഹകനും താക്കീതുകാരനുമായി മാത്രമേ അങ്ങയെ നാം നിയോഗിച്ചിട്ടുള്ളൂ. (സബഅ്-28).

4- നബിയുടെ മേലുള്ള സ്വലാത്
അല്ലാഹുവും അവന്റെ മലക്കുകളും പ്രവാചകരുടെ മേല്‍ സ്വാലാത് ചൊല്ലുന്നു (അല്ലാഹുവിന്റെ സ്വാലത് കൊണ്ടുള്ള വിവക്ഷ അനുഗ്രഹും മലക്കുകളുടെ സ്വലാത് കൊണ്ടുള്ള വിവക്ഷ പ്രാര്‍ഥനയുമാണ്) എന്ന വചനം തീര്‍ച്ചായായും പ്രവാചകരുടെ ഉന്നതമായ പദവിയെ വിളിച്ചറിയിക്കുന്നതാണ്. ഒപ്പം, വിശ്വാസികള്‍ നബിയുടെ മേല്‍ ധാരാളമായി സ്വലാത് വര്‍ധിപ്പിക്കണമെന്ന പ്രേരണയും ആ വചനത്തിലുണ്ട്. അല്ലാഹു പറയുന്നു: ” നബിയുടെ മേല്‍ അല്ലാഹു അനുഗ്രഹം വര്‍ഷിക്കുന്നു, മലക്കുകള്‍ പ്രാര്‍ഥിക്കുന്നു; സത്യവിശ്വാസികളേ, നബിക്ക് അനുഗ്രഹ-സമാധാന വര്‍ഷത്തിനായി നിങ്ങളും പ്രാര്‍ഥിക്കുക”. (അഹ്‌സാബ്-56). ഇബ്‌നു ആശൂര്‍ പറയുന്നു: അല്ലാഹുവിന്റെ പ്രാര്‍ഥനയോടൊപ്പം മലക്കുകളുടെ പ്രാര്‍ഥന കൂടി പരാമര്‍ശിച്ചത് നമ്മള്‍ നിരന്തരം പ്രാര്‍ഥിക്കേണ്ടതിന്റെ അനിവാര്യതയെ ദ്യോതിപ്പിക്കാനും ശേഷം വരുന്ന കല്‍പനക്ക് ഊന്നല്‍ ലഭിക്കാനുമാണ്.

5- പ്രവാചക സന്നിധിയില്‍ പാലിക്കേണ്ട മര്യാദ:
പ്രവാചക സന്നിധിയില്‍ ഇടപെടുമ്പോള്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് സര്‍വശക്തനായ അല്ലാഹു പറയുന്നുണ്ട്. ” സത്യവിശ്വാസികളേ, നിങ്ങളുടെ ശബ്ദം പ്രവാചകന്റേതിനു മീതെ ഉയര്‍ത്തുകയോ അവിടത്തോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ പരസ്പരം എന്ന പോലെ ഉച്ചത്തില്‍ പറയുകയോ അരുത്. അറിയാതെ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഫലശൂന്യമാകാതിരിക്കാന്‍. (അല്‍ ഹുജറാത്- 2). നബിയുടെ ശബ്ദത്തേക്കാള്‍ അവരുടെ ശബ്ദം ഉയര്‍ത്തരുത് എന്ന് അല്ലാഹു കല്‍പ്പിക്കുന്നു. മറ്റുള്ളവരുടെ മുന്നില്‍ ശബ്ദം ഉയര്‍ത്തുന്നവര്‍ സ്വയം അമിതമായ പരിഗണനയും മഹത്വവും ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ്. ആ നിരോധനത്തിന്റെ താത്പര്യം നബിയുടെ സന്നിധിയില്‍ കൂടുതല്‍ സംസാരിക്കരുത് എന്നത് കൂടിയാണ്. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഫലശൂന്യമാകാതിരിക്കാന്‍ എന്ന പരാമര്‍ശം വിഷയത്തിന്റെ ഗൗരവം വിളിച്ചോതുന്നു. നബിയുടെ സന്നിധിയില്‍ മര്യാദ പാലിക്കാത്തവന്‍ തീര്‍ച്ചയായും ഈമാന്‍ ബലഹീനമായവരും പിഴച്ചവരുമാകുന്നു.

Also read: വാക്കും പ്രവര്‍ത്തിയും ഒന്നിക്കുന്നതാണ് പ്രവാചക ജീവിതം

6- പ്രവാചകരുടെ മദ്ധ്യസ്ഥത:
അല്ലാഹു പറയുന്നു: ‘ താങ്കളുടെ നാഥന്‍ തന്നെ സത്യം, തങ്ങള്‍ക്കിടയിലുണ്ടായിത്തീരുന്ന തര്‍ക്കങ്ങളില്‍ അങ്ങയെ വിധികര്‍ത്താവാക്കുകയും അങ്ങയുടെ വിധിയെപ്പറ്റി മനസ്സിലൊട്ടും പ്രയാസമുണ്ടാവാതിരിക്കുകയും സമ്പൂര്‍ണമായി വിധേയത്വമുള്ളവരായിത്തീരുകയും ചെയ്യുന്നതുവരെ അവര്‍ സത്യവിശ്വാസികളാകുന്നതല്ല’. (അന്നിസാഅ്- 65).
നബിയുടെ നീതിബോധത്തെ സംശയിക്കുന്ന കപടവിശ്വാസികള്‍ നബിയുടെ വിധികളെ പൂര്‍ണമായും അനുസരിക്കുന്നത് വരെ വിശ്വാസികളാവുകയില്ലെന്ന് അല്ലാഹു അടിവരയിട്ട് പറയുന്നു. നബിയുടെ വിധിയേക്കാള്‍ ന്യായവും നീതിയും നിറഞ്ഞ മറ്റൊരു വിധിയില്ലെന്ന് അല്ലാഹു ഇതിലൂടെ വിശ്വാസികളെ ഉണര്‍ത്തുന്നു. (അത്തഹ്‌രീറു വത്തന്‍വീര്‍)

7- നബിയോട് അനുസരണക്കേട് കാണിക്കാതിരിക്കുക:
അല്ലാഹു പറയുന്നു: ‘അല്ലാഹുവിനെയും അവന്റെ ദൂതനെയും ആരു ധിക്കരിക്കുകയും അവന്റെ പരിധികള്‍ മറികടക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്നിയില്‍ കടത്തുന്നതാണ്. അവനതില്‍ എന്നെന്നും കഴിഞ്ഞുകൂടും. ഹീനശിക്ഷയാണവനിലുണ്ടാവുക'(അന്നിസാഅ്-115).

ധിക്കാരത്തിന്റെ ഉദ്ദേശ്യം ബോധപൂര്‍വമായ തിരസ്‌കാരമാണ്. നബിയുടെ ചര്യകളെ ബോധപൂര്‍വം തിരസ്‌കരിക്കുന്നവര്‍ക്കുള്ള വലിയ മുന്നറിയിപ്പാണ് അല്ലാഹു ആ സൂക്തത്തിലൂടെ അറിയിക്കുന്നത്. റശീദ് റിള പറയുന്നു: ഈ ആയത് പ്രവാചകര്‍ സര്‍വ പാപങ്ങളില്‍ നിന്നും മുക്തനാണെന്ന് അറിയിക്കുന്നു. പ്രവാചകരില്‍ നിന്ന് വല്ല പാപങ്ങളും സംഭവിച്ചിട്ടുണ്ടെങ്കില്‍ എതിര് പ്രവര്‍ത്തിക്കല്‍ അനിവാര്യമാകും, പക്ഷെ, പ്രവാചകന്ന് എതിര് പ്രവര്‍ത്തിക്കല്‍ ഈ സൂക്തം കൊണ്ട് നിശിദ്ധമാക്കിയിരിക്കുന്നു. അപ്പോള്‍ പ്രവാചകരില്‍ നിന്നും ഒരു പാപവും ഉണ്ടായിട്ടില്ലെന്നത് വ്യക്തമായി. നബിയെ പൂര്‍ണമായും പിന്തുടരണം എന്ന കല്‍പന കൂടിയാണത്. നമ്മള്‍ നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ നബിയെ പിന്തുടരാതിരിക്കുമ്പോള്‍ ഒരര്‍ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ഥത്തില്‍ നബിയോട് ധിക്കാരം പ്രവര്‍ത്തിക്കുന്നവരായി മാറുന്നുണ്ട്. (മുഹമ്മദ് റസൂലുല്ലാഹ്- 402).

വിവ: അബ്ദുല്ലത്തീഫ് പാലത്തുങ്കര

You may also like