വ്യക്തിത്വം

സമയപാലനം

Spread the love

മുഹമ്മദ് നബി സമയത്തിന്റെ വലിയൊരു പങ്ക് യുദ്ധരംഗത്ത് ചെലവിട്ടു എന്ന് കരുതുന്നവര്‍ ഏറെയുണ്ട്. ഇത് ശരിയല്ല. പൊതു രാഷ്ട്രീയ രംഗത്തും അദ്ദേഹം നാം ധരിച്ചയത്ര സമയം ചെലവഴിച്ചിട്ടില്ല. ദിനചര്യയെന്ന നിലക്ക് നോക്കിയാല്‍ ആരാധന കര്‍മങ്ങള്‍ക്കും പ്രാര്‍ഥനകള്‍ക്കുമാണ് ഏറെ സമയം എടുത്തത്. പിന്നെ കുടുംബ, പൊതു കാര്യങ്ങള്‍ക്കും. സമയനിഷ്ഠയില്‍ ബദ്ധശ്രദ്ധനായിരുന്നു അദ്ദേഹം. ടൈം മാനേജ്‌മെന്റുമായി ബന്ധപ്പെട്ട നാല് തത്ത്വങ്ങള്‍ അവിടുന്ന് ജീവിതത്തില്‍ പകര്‍ത്തി; ഏറ്റവും പുതിയ ടൈം മാനേജ്‌മെന്റ് ഗവേഷകരും (ടെയ്‌ലര്‍, ജാസ്പര്‍, കോവേ, മോര്‍ഗന്‍ സ്‌റ്റേണ്‍) ഇവ നാലുമാണ് ഊന്നിപ്പറയുന്നത് എന്നത് കൗതുകകരമല്ലേ?

1. സമയത്തിന്റെ വില അറിയുക, ലഭ്യമായ സമയം ഏറ്റവും നന്നായി ഉപയോഗിക്കുക.
 
2. ഓരോ കര്‍മം ആസൂത്രണം ചെയ്യുമ്പോഴും മൗലിക ആദര്‍ശത്തിന്റെ, മൂല്യങ്ങളുടെ, മുന്‍ഗണനകളുടെ അടിസ്ഥാനത്തിലായിരിക്കുക.
 
3. സമയ നയവും സമയബജറ്റും ഉണ്ടായിരിക്കുക.
 
4. ജോലികള്‍ നിശ്ചയിച്ച സമയത്തുതന്നെ ചെയ്തുതീര്‍ക്കുക
 
സമയത്തിന്റെ വില: ഖുര്‍ആനിലും നബിവചനങ്ങളിലും പലകുറി ആവര്‍ത്തിക്കുന്നതാണിത്. സൂറ അസ്‌റിലും സൂറ അദ്ദുഹായിലും ഇത്തരം സൂചനകള്‍ കാണാം.
 
ദിനചര്യയുടെ ഓരോ ഭാഗത്തിനും (ഉണരല്‍, പ്രഭാതകൃത്യങ്ങള്‍, പ്രാര്‍ഥന, ഭക്ഷണം….) വ്യത്യസ്ത പ്രാര്‍ഥനകള്‍ നബിചര്യയില്‍ കാണം. ഓരോന്നിനും കൃത്യമായ സമയക്രമം ഉണ്ടായിരുന്നതായി ഇത് സൂചിപ്പിക്കുന്നുണ്ട്. കര്‍മമോ പ്രാര്‍ഥനയോ ഇല്ലാത്ത വേളകള്‍ അവിടുത്തെ ദിനചര്യയില്‍ ഇല്ലായിരുന്നു. വെറുതെ ഇരിക്കുന്ന ഒരാളെ നബി അഭിവാദ്യം ചെയ്യാതിരുന്ന സംഭവം പോലും ഉണ്ടായി. തിരിച്ചുവരുമ്പോള്‍ അയാള്‍ എന്തോ ജോലി ചെയ്യുന്നത് കണ്ടപ്പോള്‍ സന്തോഷത്തോടെ സലാം പറയുകയും ചെയ്തു. ഒരു നബിവചനം: ”ദൈവത്തിന്റെ രണ്ട് ദാനങ്ങളുടെ വില അറിയാത്തതിനാല്‍ നഷ്ടം പറ്റുന്നവരാണ് അധികം പേരും: ആരോഗ്യത്തിന്റെയും സമയത്തിന്റെയും” (ബുഖാരി).
 
വിവിധ ജോലികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കല്‍
 
പ്രവാചക ദൗത്യം ഏല്‍പ്പിക്കപ്പെട്ടതു മുതല്‍ മുഹമ്മദ്(സ) ഏറ്റെടുത്ത സകല പ്രവര്‍ത്തനങ്ങള്‍ക്കും മാര്‍ഗ ദര്‍ശകമായത് ദിവ്യബോധനങ്ങളും ആദര്‍ശവുമായിരുന്നു. വിടവാങ്ങല്‍ പ്രസംഗത്തില്‍ അനുയായികളോടദ്ദേഹം ചോദിച്ചതും അതാണ്: ഞാനെന്റെ ദൗത്യം പൂര്‍ത്തീകരിച്ചതിന് നിങ്ങള്‍ സാക്ഷിയല്ലേ?
 
ആഴ്ചയിലെ ഓരോരോ ദിവസം ഓരോരോ കാര്യങ്ങള്‍ക്ക് (വിത്തു പാകലും നിര്‍മാണവും ഞായറാഴ്ച; തിങ്കളാഴ്ച യാത്ര..) എന്ന രീതിയില്‍ നബി സമയക്രമം പാലിച്ചിരുന്നതായി അദ്ദേഹത്തിന്റെ ബന്ധു ഇബ്‌നു അബ്ബാസിനെ ഉദ്ധരിച്ച് ദുര്‍ബലമായ ഹദീസുണ്ട്. ഇതിന്റെ ആധികാരികത സംശയാസ്പദമാണ്. എങ്കിലും സമയം ഏറ്റവും പ്രയോജനകരമായ ക്രമത്തില്‍ ചിട്ടപ്പെടുത്തുന്നതില്‍ നബി ശ്രദ്ധ വെച്ചിരുന്നു. ”എല്ലാ തിങ്കളാഴ്ചയുംജ്ഞാനം തേടുക” എന്ന മറ്റൊരു ഹദീസും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് (ഫയ്‌സുല്‍ ഖദ്ര്!). വെള്ളിയാഴ്ചത്തെ കര്‍മങ്ങളെ പ്രത്യേകമായി ഉണര്‍ത്തുന്ന നബിവാക്യങ്ങളുമുണ്ടല്ലോ. തിങ്കളും വ്യാഴവും നോമ്പ് നോല്‍ക്കുക എന്ന നബിയുടെ ഉപദേശവും ഓര്‍ക്കുക.
ദിനചര്യ
 
ദിനംതോറും രണ്ടുതരം ജോലികളാണ് നബിയുടെ സമയം കവര്‍ന്നത്. മുന്‍കൂട്ടി കരുതാത്ത, അപ്പപ്പോഴത്തെ ആവശ്യമനുസരിച്ച് ചെയ്യേണ്ടിവന്നവ, പിന്നെ മുന്‍കൂട്ടി നിശ്ചയിച്ചവ. സന്ദര്‍ശകരെ കാണുക, അടിയന്തരാവശ്യങ്ങള്‍ നിറവേറ്റുക, അടിയന്തര സഹായങ്ങള്‍ക്ക് ഏര്‍പ്പാട് ചെയ്യുക തുടങ്ങിയവയാണ് ആദ്യത്തേതില്‍ പെടുന്നവ. പൂര്‍വ നിശ്ചിത പ്രവൃത്തികള്‍ക്കിടയിലെ ഇടവേളകളിലും അവ അല്‍പം മാറ്റിയുമൊക്കെയാണ് ഇവ നിറവേറ്റിയത്. ഒരു സന്ദര്‍ശക സംഘം കണ്ട് സംസാരിക്കാന്‍ അനുവാദം ചോദിച്ചാല്‍ അതിനായി ഏതെങ്കിലും സമയം കണ്ടുവെക്കും. അവര്‍ കുറച്ചു നാള്‍ മദീനയില്‍ താമസിക്കാന്‍ കൂടി വരുന്നവരെങ്കില്‍ അവരുമായുള്ള കൂടിക്കാഴ്ചകള്‍ ദിനചര്യയില്‍ പെടുത്തും. സഖീഫ് ഗോത്രക്കാര്‍ വന്നപ്പോള്‍ ഓരോ ദിവസവും രാത്രി നമസ്‌കാരത്തിനു ശേഷം അവരെ കാണാറുണ്ടായിരുന്നു പ്രവാചകന്‍.
 
നിശ്ചയിച്ചുവെച്ച ദിന കര്‍മങ്ങള്‍
 
ദിനകര്‍മങ്ങള്‍ക്കുള്ള ചട്ടക്കൂടു കൂടിയാണ് അഞ്ചു നേരത്തെ നമസ്‌കാരം. നബിയുടെ ചര്യകള്‍ക്ക് രണ്ട് പ്രത്യേകതകളുണ്ടായിരുന്നതായി കാണാം. ഒന്ന്, ഒരേതരം ജോലികള്‍ ദിവസത്തിലെ ഒരേ വേളകളിലേക്കാണ് കരുതിവെക്കുക. രണ്ട്, ഓരോ പ്രവൃത്തിക്കും സമയപരിധി നിര്‍ണയിച്ചിരിക്കും.”ദൈവത്തിന്റെ കണ്ണില്‍ ഏറ്റവും ശ്രേഷ്ഠമായ പ്രവൃത്തി കൃത്യസമയത്ത് നിര്‍വഹിക്കപ്പെടുന്ന നമസ്‌കാരമാണ്” എന്ന് നബി(സ) പറഞ്ഞു (ബുഖാരി, മുസ്‌ലിം). സമയനിഷ്ഠയുടെ ശക്തമായ ചട്ടക്കൂടാണ് നമസ്‌കാരങ്ങള്‍ നിശ്ചിത സമയത്തിനകം നിര്‍വഹിക്കാതിരുന്നാല്‍ അത് നഷ്ടപ്പെട്ടു. സമയബോധം ഉണ്ടാക്കാന്‍ ഇതുതന്നെ മതിയല്ലോ.
 
നബിയുടെ ദിനചര്യയില്‍ ചെറിയ മാറ്റം വന്നാല്‍ പോലും ജനങ്ങള്‍ അത് ശ്രദ്ധിക്കുകയും അതില്‍ അസ്വസ്ഥപ്പെടുകയും ചെയ്യുമായിരുന്നു എന്ന് ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം.
രാത്രികര്‍മങ്ങള്‍
രാത്രി മൂന്നാക്കി വിഭജിച്ചാണ് നബി(സ) ചെലവഴിച്ചിരുന്നതെന്ന് അനുയായികള്‍ പറയുന്നു. ഒരു ഭാഗം ആരാധനക്ക്; മറ്റൊന്ന് കുടുംബത്തിന്; മൂന്നാമത്തേത് സ്വന്തം കാര്യങ്ങള്‍ക്ക്. പലപ്പോഴും ഈ ‘സ്വന്തം സമയം’ പോലും പൊതുകാര്യങ്ങള്‍ക്കായി നല്‍കാറുണ്ടായിരുന്നു. പകല്‍ കര്‍മങ്ങള്‍ സന്ധ്യയോടെ അവസാനിപ്പിച്ചിരുന്നു; പക്ഷേ ചിലപ്പോള്‍ രാത്രി നമസ്‌കാരത്തിനു (ഇശാ) ശേഷവും ചര്‍ച്ചകളില്‍ മുഴുകും. ഇശാ നമസ്‌കാരത്തിനു മുമ്പ് ഉറങ്ങുന്നതും അതിനു ശേഷം വര്‍ത്തമാനത്തിനിരിക്കുന്നതും നബിക്ക് പൊതുവെ ഇഷ്ടമല്ലായിരുന്നു (ബുഖാരി).
രാത്രിയുടെ മൂന്നില്‍ രണ്ടോ നാലില്‍ മൂന്നോ ഭാഗം പ്രാര്‍ഥനക്ക് നീക്കിവെച്ചിരുന്നു (നാലു മുതല്‍ ഏഴുവരെ മണിക്കൂര്‍).
 
പകല്‍ കര്‍മങ്ങള്‍
 
പ്രഭാത നമസ്‌കാരം കഴിഞ്ഞ് ഉറങ്ങരുതെന്ന് നബി(സ) ഉപദേശിക്കാറുണ്ടായിരുന്നു. സൂര്യോദയം വരെ പള്ളിയില്‍ ഇരുന്ന് അനുചരരുമായി സംഭാഷണത്തിലായിരിക്കും. മതകാര്യങ്ങളാവും വിഷയം. ഒപ്പം രസകരവുമായിരിക്കും. ചിലപ്പോള്‍ ചിലര്‍ കവിത വായിക്കും. രാത്രി കണ്ട സ്വപ്നത്തെപ്പറ്റി പറയും. തികഞ്ഞ ഉത്സാഹത്തോടെയായിരുന്നു ഈ വേളകളില്‍ എല്ലാവരും. അനുചരന്മാര്‍ കൂടെക്കൂടെ പൊട്ടിച്ചിരിക്കും; നബി പുഞ്ചിരിക്കും. പുണ്യ യുദ്ധത്തേക്കാള്‍ താന്‍ ഈ വേളകളെ വിലമതിക്കുന്നുവെന്ന് നബി ഒരിക്കല്‍ പറഞ്ഞു (ഉസ്ദുല്‍ ഗാബ).
 
ഇതിനു ശേഷം കുടുംബത്തോടൊപ്പം നബി കുറച്ചു സമയം ചെലവഴിക്കും. നോമ്പില്ലെങ്കില്‍ പ്രാതല്‍ കഴിക്കും. ദിവസം രണ്ട് നേരമാണ് ഭക്ഷണം രാവിലെയും വൈകീട്ടും. ഉച്ചയോടടുത്ത് ഒരു മയക്കം രാത്രി ഉണര്‍ന്ന് പ്രാര്‍ഥിക്കാന്‍ ഇത് ആവശ്യമാണ്.
 
ഉച്ച നമസ്‌കാരത്തിനു ശേഷം പൊതു കാര്യങ്ങള്‍. അസ്ര്! നമസ്‌കാരം കഴിഞ്ഞ് വീണ്ടും കുടുംബത്തോടൊപ്പം.
 
വൈവിധ്യമാര്‍ന്ന കര്‍മങ്ങള്‍ ഇടകലര്‍ത്തി, ഒന്നിലും മടുപ്പുണ്ടാക്കാത്ത വിധത്തിലായിരുന്നു ദിനകര്‍മങ്ങളുടെ ക്രമീകരണം. ഉല്ലാസത്തിനും വിശ്രമത്തിനുമടക്കം അര്‍ഹിക്കുന്ന അളവില്‍ ഇടം നല്‍കിയ പ്രവാചകന്റെ സമയക്രമം ഓരോ നിമിഷത്തെയും ക്രിയാത്മകമായി പ്രയോജനപ്പെടുത്തുകയായിരുന്നു.
 
(സമാഹരണം: യാസീന്‍ അശ്‌റഫ്)

You may also like