
അഴകുള്ള വസ്ത്രം:
അഴകുള്ള വസ്ത്രധാരണത്തിന് ഇസ്ലാം സവിശേഷമായ പരിഗണന നല്‍കുന്നുണ്ട്. അത് ധരിക്കുന്നവര്‍ക്കും അവരുമായി സഹവസിക്കുന്നവര്‍ക്കും അത് അഴക് നല്കുന്നു. വസ്ത്രത്തെ ഒരനുഗ്രഹമായി ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നു. നഗ്നത മറക്കുന്നതോടൊപ്പം വസ്ത്രം ഒരലങ്കാരവുമാണ്.
മറ്റു ജീവജാലങ്ങളില്‍ നിന്ന് ഭിന്നമായി നഗ്നത മറക്കുക എന്നത് മനുഷ്യപ്രകൃതത്തില്‍ പെട്ടതാണ്. പ്രകൃതിപരമായതിനാല്‍ തന്നെ അതിന് സൗന്ദര്യവുമുണ്ട്. ആദമും ഹവ്വയും സ്വര്‍ഗീയാരാമത്തിലെ വിലക്കപ്പെട്ട കനി ഭക്ഷിച്ചപ്പോള്‍ അവരുടെ നഗ്നത വെളിവാകുകയുണ്ടായി. ‘ആ തോട്ടത്തിലെ ഇലകള്‍ ചേര്‍ത്തുവെച്ച് അവര്‍ തങ്ങളുടെ ശരീരം മറയ്ക്കാന്‍ തുടങ്ങി.’ (അല്‍ അഅ്റാഫ് :22).
നഗ്നത മറക്കുക എന്നത് മനുഷ്യപ്രകൃതത്തില്‍ പെട്ടതിനാലാണ് അത് വെളിവാകുമ്പോള്‍ മനുഷ്യന് ലജ്ജിക്കുന്നത്. പ്രകൃതിവിരുദ്ധമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമ്പോഴാണ് നഗ്നത വെളിവാകുന്നത്.(സയ്യിദ് ഖുതുബ്)
വസ്ത്രം മനുഷ്യപ്രകൃതിയില്‍ അന്തര്‍ലീനമായ ഒന്നാണ്. അത് അല്ലാഹുവിങ്കല്‍ നിന്നുള്ള സവിശേഷമായ ഒരനുഗ്രഹം കൂടിയാണ്. ആന്തരികമായ അലങ്കാരത്തിന് മുമ്പേ ബാഹ്യമായ അലങ്കാരത്തെ ഖുര്‍ആന്‍ വിവരിക്കുന്നതായി കാണാം. ‘ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗുഹ്യസ്ഥാനം മറയ്ക്കാനും ശരീരം അലങ്കരിക്കാനും പറ്റിയ വസ്ത്രങ്ങളുല്‍പാദിപ്പിച്ചു തന്നിരിക്കുന്നു. എന്നാല്‍ ഭക്തിയുടെ വസ്ത്രമാണ് ഏറ്റം ഉത്തമം. ‘ (അല്‍ അഅ്റാഫ്: 26)
ഖുര്‍ആനില്‍ പ്രഥമ ഘട്ടത്തില്‍ അവതരിച്ച സൂക്തത്തില്‍ വസ്ത്ര വിശുദ്ധിയെ കുറിച്ച് പ്രതിപാദിക്കുന്നത് കാണാം. ‘നിന്റെ വസ്ത്രങ്ങള്‍ വൃത്തിയാക്കുക.’ (അല്‍ മുദ്ദസിര്: 4) ഇസ്ലാം അതിന്റെ ഒന്നാം നാള്‍തന്നെ ആന്തരിക വിശുദ്ധിയോടൊപ്പം ബാഹ്യമോടിക്കും പ്രാധാന്യം നല്‍കിയതായി കാണാം. ഏകദൈവത്വത്തോടൊപ്പം ചേര്‍ത്തുകൊണ്ട് തന്നെ മനുഷ്യന്റെ വൃത്തിയെ ഖുര്‍ആന്‍ ചേര്‍ത്തു പറഞ്ഞത് ഈയര്ത്ഥത്തലാണ്. (അല്‍ മുദ്ദസിര് 3,4). വിശുദ്ധി കൊണ്ടുള്ള ആന്തരിക അര്‍ഥം പാപങ്ങളില്‍ നിന്നും കുറ്റങ്ങളില്‍ നിന്നുമുള്ള ശുദ്ധീകരണമാണ്. ബാഹ്യവും ആന്തരികവുമായ അര്‍ഥം ഈ സൂക്തത്തിലടങ്ങിയതായി ഇമാം ഇബ്നുകസീര്‍ വിവരിക്കുന്നു.
അലങ്കാരത്തിന് ഇസ്ലാം നല്കിയ പ്രാധാന്യം
ഭംഗിയും അലങ്കാരവുമുള്ള വസ്ത്രം ധരിക്കാന്‍ അല്ലാഹു നമ്മോട് നിര്‍ദ്ദേശിക്കുന്നു. ‘ആദം സന്തതികളേ, എല്ലാ ആരാധനകളിലും നിങ്ങള്‍ നിങ്ങളുടെ അലങ്കാരങ്ങളണിയുക. തിന്നുകയും കുടിക്കുകയും ചെയ്യുക. എന്നാല്‍ അമിതമാവരുത് ‘(അഅ്റാഫ്: 31). തദനുസാരം പ്രവര്‍ത്തിക്കാത്തവരെ അടുത്ത സൂക്തത്തില്‍ ഖുര്‍ആന്‍ ആക്ഷേപിക്കുന്നുണ്ട്. ‘ചോദിക്കുക: അല്ലാഹു തന്റെ ദാസന്മാര്ക്കായുണ്ടാക്കിയ അലങ്കാരങ്ങളും ഉത്തമമായ ആഹാരപദാര്‍ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? (അഅ്റാഫ്:32).
ഈ സൂക്തത്തെ അതിശയോക്തി തോന്നുന്ന രീതിയില്‍ വിവരിച്ച ഖുര്‍ആന്‍ വ്യാഖ്യാതാക്കളുണ്ട്. ഇമാം റാസി വിശദീകരിക്കുന്നു. ‘നമസ്കാരത്തിനു വേണ്ടി പുറപ്പെടല്‍ നിര്‍ബന്ധമാണ്. നമസ്കാരത്തിന്റെ സ്വീകാര്യതക്ക് നഗ്നത മറക്കേണ്ടതുണ്ട്. അലങ്കാരമുളള വസ്ത്രം ധരിക്കുക എന്നതില്‍ പനിനീരില്‍ കഴുകിയ വസ്ത്രം വരെ ഉള്‍പ്പെടും. നമസ്കാരത്തിന്റെ സ്വീകാര്യതയുടെ പൂര്‍ത്തീകരണത്തിന് അലങ്കാരമുണ്ടായിരിക്കണം’.
ചെളിപുരണ്ട വസ്ത്രവുമായി ഒരാളെ കണ്ടപ്പോള്‍ പ്രവാചകന്(സ) ഇത് കഴുകാനുള്ള വെള്ളം എവിടെ നിന്നും ലഭിച്ചിട്ടില്ലേ എന്നു ചോദിക്കുകയുണ്ടായി. (അബൂദാവൂദ്)
വെള്ളവസ്ത്രം ധരിക്കുന്നത് തിരുമേനി ഇഷ്ടപ്പെടുകയും അത് ധരിക്കുന്നതിനായി ഉപദേശിക്കുകയും ചെയ്യുകയുണ്ടായി. ‘നിങ്ങള്‍ വെള്ളവസ്ത്രം ധരിക്കുക. അത് ഏറ്റവും പരിശുദ്ധവും നിര്‍മലവുമാണ് ‘.(അഹമദ്)
പ്രവാചക ജീവിത്തില്‍ അലങ്കാരം ഇഷ്ടപ്പെടുകയും അതിലൂടെ അഹങ്കാരത്തിന്റെ അവസ്ഥ എത്തിപ്പെടുമോ എന്ന് ആശങ്കയുമായെത്തിയ ഒരാളുടെ ചിത്രവും സൗന്ദര്യബോധമില്ലാതെ അതിനോട് പുറംതിരിഞ്ഞു നിന്നയാളുടെ ചിത്രവും വായിക്കാന്‍ സാധിക്കും.
ഇബ്നു മസ്ഊദില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. ‘മനസ്സില്‍ അഹങ്കാരത്തിന്റെ അംശമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. ഒരാള്‍ ചോദിച്ചു. ഒരു വ്യക്തി തന്റെ വസ്ത്രവും ചെരുപ്പും ഭംഗിയുള്ളതാകാന്‍ ഇഷ്ടപ്പെടുന്നതോ? പ്രവാചകന് മറുപടി പറഞ്ഞു. അല്ലാഹു സുന്ദരനാണ്, സൗന്ദര്യത്തെ അവന് ഇഷ്ടപ്പെടുന്നു, അഹങ്കാരമെന്നത് സത്യത്തെ ധിക്കരിക്കലും ജനങ്ങളെ നിന്ദിക്കലുമാണ് ‘.(മുസ്ലിം)
ഇതാണ് ഇസ്ലാം മുന്നോട്ട് വെക്കുന്ന സന്തുലിതമായ സൗന്ദര്യ സങ്കല്പം. വസ്ത്രവും മറ്റും സൗന്ദര്യവും അലങ്കാരവുമുള്ളതാകണം. പക്ഷെ, അത് അഹങ്കാരത്തിന് വഴിയൊരുക്കരുത്. ജനങ്ങളെ നിസ്സാരന്മാരായി കാണലും സ്വന്തത്തെ മറ്റുള്ളവരേക്കാള്‍ ഉയര്‍ത്തിക്കാട്ടലുമാണ് അഹങ്കാരം. നിനക്ക് എത്രയും സുന്ദരനാവാം. കാരണം അല്ലാഹു സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു. പക്ഷെ, നിന്റെ സ്വര്‍ഗപ്രവേശത്തിന് വിഘാതമാകുന്ന അഹങ്കാരം നിന്നെ പിടികൂടുന്നതിനെകുറിച്ച് നിതാന്ത ജാഗ്രത പുലര്‍ത്തുകയും ചെയ്യുക.
എന്നാല്‍ സൗന്ദര്യത്തെ പൂര്‍ണമായും അവഗണിക്കുന്നതില്‍ ഒരു സൂക്ഷമതാ ബോധവുമില്ല. അബുല്‍ അഹ്വസ് നിവേദനം ചെയ്യുന്നു. ‘നിലവാരം കുറഞ്ഞ വസ്ത്രവുമായി പ്രവാചകന്റെയടുത്ത് ഞാന്‍ ചെന്നു. പ്രവാചകന് ചോദിച്ചു. നിന്റെയരികില്‍ സമ്പാദ്യമൊന്നുമില്ലേ? ഞാന്‍ ഉണ്ടെന്ന് പറഞ്ഞു. ഏത് ഇനം സമ്പാദ്യമാണ്് നിന്റെയരികില്‍ ഉള്ളതെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. എനിക്ക് അല്ലാഹു ആട്, മാട്, ഒട്ടകങ്ങളില്‍ നിന്നുമുള്ള സമ്പാദ്യം നല്കുകയുണ്ടായി. അപ്പോള്‍ പ്രവാചകന് പ്രതിവചിച്ചു. നിനക്ക് അല്ലാഹു നല്കിയ അനുഗ്രഹത്തെ നീ പ്രകടിപ്പിക്കുക (നസാഈ).
തീവ്രതയ്ക്കും ജീര്‍ണതക്കും മധ്യേയുള്ള നിലപാട് ആണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്. അഹങ്കാരത്തിനും നിന്ദ്യതക്കുമിടയിലുള്ള നിലപാടാണത്. സൗന്ദര്യത്തെ അല്ലാഹു ഇഷ്ടപ്പെടുന്നു. തന്റെ അനുഗ്രഹങ്ങള്‍ അടിമകളില്‍ കാണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. അതോടൊപ്പം അഹങ്കാരത്തിന്റെ അംശം കലരുന്നതിനെ വിലക്കുകയും ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.
പ്രവാചകന്(സ) മനോഹരമായ വസ്ത്രം ധരിച്ചിരുന്നു. ഇബ്നു അബ്ബാസിനെ അലി(റ) ഖവാരിജുകളുമായി സംവാദത്തിന് അയച്ചപ്പോള്‍ അദ്ദേഹത്തിനുണ്ടായിരുന്ന ഏറ്റവും നല്ല യമനീ വസ്ത്രം അദ്ദേഹം ധരിക്കുകയുണ്ടായി. അങ്ങനെ അവരുടെയരികില്‍ എത്തിയപ്പോള്‍ അവര്‍ പറഞ്ഞു. ഇബ്നു അബ്ബാസ്, താങ്കള്‍ക്ക് സ്വാഗതം. ഇതെന്തൊരു വസ്ത്രമാണ് താങ്കള്‍ ധരിച്ചിട്ടുള്ളത്!.നിങ്ങള്‍ എന്താണ് ഇതിലൊരു കുഴപ്പം കാണുന്നത്. പ്രവാചകന്(സ) ഇതിലും മനോഹരമായ വസ്ത്രം ധരിച്ചിരുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്.(അബൂദാവൂദ്)
വസ്ത്ര വിശുദ്ധിക്ക് ഇസ്ലാം നല്കിയ പരിഗണന
അഴുക്കുളള വസ്ത്രവുമായി നമസ്കാരത്തിന് /ജുമുഅക്ക് വരുന്നത് പ്രവാചകന് (സ) വെറുത്തിരുന്നു. അത്തരത്തിലുള്ള ജോലി ചെയ്യുന്നവരോട് ജുമുഅക്ക് വരുമ്പോള്‍ വൃത്തിയുള്ള വസ്ത്രം ധരിച്ചുവരാന്‍ പ്രത്യേകം ഉപദേശിച്ചിരുന്നു. പ്രവാചകന്(സ) ചോദിച്ചു. ‘ജുമുഅ ദിവസം ജോലിക്കുപയോഗിക്കുന്ന വസ്ത്രത്തിനു പുറമെ മറ്റൊരു വസ്ത്രം കരുതിയിരുന്നതിനെന്താണ് തടസ്സം’.(അബൂദാവൂദ്)
ഇസ്ലാമിക കര്‍മശാസ്ത്രമനുസരിച്ച് വസ്ത്രത്തില്‍ മൂത്രം, രക്തം പോലുള്ള മാലിന്യത്തിന്റെ അംശം കലര്‍ന്നാല്‍ അത് നീക്കം ചെയ്യാതെ നമസ്കാരം സ്വീകാര്യമാകുകയില്ല. മാലിന്യം ചെറിയ തോതിലാണ് എങ്കില്‍ പോലും അത് കലര്‍ന്ന വസ്ത്രമുപയോഗിച്ചുള്ള നമസ്കാരം മാറ്റി നിര്‍വഹിക്കണമെന്ന് ഇമാം ഇബ്നു ഹമ്പല്‍ വിവരിച്ചിട്ടുണ്ട്.
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്